ജംഗ്പുര: മാസ്ക് ധരിച്ച് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ദില്ലി ജംഗ്പുരയിലാണ് സംഭവം. കഴിഞ്ഞദിവസം വീടിന്‍റെ ബാല്‍ക്കണിയില്‍ മൊബൈലില്‍ വീഡിയോ കണ്ടിരുന്ന യുവതിയെയാണ് ഇരുപത്തിമൂന്നുകാരന്‍ അക്രമിച്ചത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ സോനുവാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. 

വീട്ടില്‍ അതിക്രമിച്ച് കയറിയ മാസ്ക് ധാരി ഭീഷണിപ്പെടുത്തുകയും വീട്ടിലുള്ള പണവും സ്വര്‍ണവും എടിംഎം കാര്‍ഡും അതിന്‍റെ പിന്‍ നമ്പറും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങാതെ വന്നതോടെയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. കഴുത്ത് ഞെരിച്ച് യുവതിയെ കൊലപ്പെടുത്താനും ഇയാള്‍ ശ്രമിച്ചതായി യുവതി പൊലീസിന് മൊഴി നല്‍കി. യുവതി ശബ്ദമുണ്ടാക്കി നാട്ടുകാര്‍ ഓടിക്കൂടിയതോടെ ഇയാള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. 

ദില്ലി പൊലീസ് നാല് സംഘമായി തിരഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് സോനു പിടിയിലായത്. മാസ് ധരിച്ചിരുന്നതിനാല്‍ അക്രമിയെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ നല്‍കാന്‍ യുവതിക്ക് സാധിച്ചിരുന്നില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസില്‍ നിര്‍ണായകമായത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇയാളെ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.