ലഖ്‌നോ:  ജനം നോക്കി നില്‍ക്കെ സഹോദരിയുടെ ആറു വയസ്സായ മകന്‍റെ മുന്നില്‍വച്ച് യുവാവിന് പൊലീസുകാരുടെ ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ്‍നഗറിലാണ് സംഭവം. രണ്ട് പൊലീസുകാരാണ് ജനമധ്യത്തില്‍വച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ചത്. ഇതിന്റെ വീഡിയോ സമുഹമാധ്യമങ്ങളില്‍ വൈറലായതോടെ രണ്ട് പോലീസുകാരെ സസ്പെന്‍റ് ചെയ്തു. റിങ്കുയാദവ് എന്ന യുവാവ് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് പൊലീസ് മര്‍ദ്ദിച്ചത്. കുട്ടി നോക്കിനില്‍ക്കെയായിരുന്നു പൊലീസുകാരുടെ മര്‍ദ്ദനം. 

ഇരുചക്രവാഹനത്തിലെത്തിയ റിങ്കു യാദവ് പൊലീസുമായി വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്. ഞാന്‍ തെറ്റ് ചെയ്തെങ്കില്‍ എന്നെ ജയിലിലടച്ചോളൂ എന്ന് യുവാവ് പൊലീസിനോട് പറയുന്നതും വീഡിയോയില്‍ വ്യക്തം. കുട്ടി ഇയാളെ ആശ്വസിപ്പിക്കാനെത്തുന്നുണ്ട്. സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വീരേന്ദ്ര മിശ്ര, ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര പ്രസാദ് എന്നിവരെ സസ്‌പെന്റ് ചെയ്തതായി സിദ്ധാര്‍ത്ഥനഗര്‍ എസ്പി ധരം വീര്‍ സിംഗ് പറഞ്ഞു.