Asianet News MalayalamAsianet News Malayalam

മെമ്മറി കാര്‍ഡ് തിരികെ നല്‍കിയില്ല; വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

അഭിലാഷിനോട് റോഡരികില്‍ നിന്നിരുന്ന പ്രതി  മെമ്മറി കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. മെമ്മറി കാര്‍‌ഡ് തിരികെ നല്‍കാത്തതിനെചൊല്ലി ഇരുവരും വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീകുമാര്‍ അഭിലാഷിനെ കൊലപ്പെടുത്തിയത് 

youth gets life in prison for murdering student for failing returning memory card
Author
Thrissur, First Published Apr 30, 2019, 9:00 PM IST

തൃശൂര്‍: മൊബൈൽ ഫോണിന്റെ മെമ്മറി കാർഡ് തിരികെ നൽകാത്ത വിരോധത്തിന് ബിരുദ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസ്സിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും. തൃശൂർ അഡീഷണൽ ജില്ലാ കോടതിയുടേതാണ് തീരുമാനം. പിഴയടക്കാത്ത പക്ഷം 6 മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നാണ് ജഡ്ജി നിസാർ അഹമ്മദ്‌ വിധിച്ചിരിക്കുന്നത്. പൂങ്കുന്നം എകെജി നഗറിൽ വയൽപ്പാടി ലക്ഷ്മണൻ മകൻ അഭിലാഷ് എന്ന കുട്ടിയെ തൃശ്ശൂര്‍ പൂങ്കുന്നം എ.കെ.ജി. നഗര്‍ പബ്ലിക്ക് റോഡില്‍ വെച്ച് കുത്തി കൊലപ്പെടുത്തിയ കേസ്സിലാണ് ശിക്ഷ വിധിച്ചത്. ബിരുദവിദ്യാര്‍ത്ഥിയായ 19 വയസുകാരനായ അഭിലാഷാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായിരുന്ന എ.കെ.ജി. നഗര്‍ തോപ്പുംപറമ്പില്‍ വീട്ടില്‍ രാമു മകന്‍ ശ്രീകുമാറാണ് അഭിലാഷിനെ കുത്തിക്കൊലപ്പെടുത്തിയത്.

2011 ഏപ്രില്‍ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീകുമാര്‍ തന്റെ മൊബൈല്‍ മെമ്മറി കാര്‍ഡ് അഭിലാഷിന് നല‍്കിയിരുന്നു. സംഭവദിവസം പൂങ്കുന്നം എ.കെ.ജി. നഗര്‍ റോഡിലൂടെ സൈക്കിളില്‍ വരികയായിരുന്ന അഭിലാഷിനോട് റോഡരികില്‍ നിന്നിരുന്ന പ്രതി ശ്രീകുമാര്‍ മെമ്മറി കാര്‍ഡ് ആവശ്യപ്പെടുകയും മെമ്മറി കാര്‍‌ഡ് തിരികെ നല്‍കാത്തതിനെചൊല്ലി ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും, പിടിവലി ഉണ്ടാവുകയും ചെയ്തിരുന്നു. 

സംഭവം കണ്ട് സമീപത്തുണ്ടായിരുന്ന പ്രദേശവാസികളായ ചെറുപ്പക്കാര്‍ ഇരുവരെയും പിടിച്ചു മാറ്റിയിരുന്നു. എന്നാല്‍ ശ്രീകുമാര്‍ അരയില്‍നിന്ന് കത്തിയെടുത്ത് അഭിലാഷിനെ നെഞ്ചില്‍ കുത്തുകയായിരുന്നു. 

അഭിലാഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.  സംഭവ സ്ഥലത്തു നിന്നും സയന്റിഫിക് അസിസ്റ്റന്റ് ടി.എ. ലാലി ശേഖരിച്ച രക്തക്കറയടക്കമുള്ള മുതലുകളും, പ്രതിയുടെയും മരണപ്പെട്ട അഭിലാഷിന്റെയും വസ്ത്രങ്ങളും രാസ പരിശോധനക്കയച്ചിരുന്നു. എന്നാല്‍ രാസപരിശോധന നടത്തുന്നതിന് കാലതാമസം നേരിട്ടത് കേസിനെ വലച്ചിരുന്നു.

അഭിലാഷിന്റെ പോസ്റ്റ് മോര്‍ട്ടം സമയത്ത് രക്തഗ്രൂപ്പ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധന നടത്തുന്നതിന് മൂന്നു വര്‍ഷത്തിലധികം കാലതാമസം സംഭവിച്ചതുകൊണ്ട് രക്തഗ്രൂപ്പ് നിര്‍ണ്ണയിച്ചതില്‍ മാറ്റം സംഭവിച്ചത് കേസിനെ സങ്കീര്‍ണ്ണമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios