കോഴിക്കോട്:  നടി പാര്‍വ്വതി തിരുവോത്തിനെ  സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ബന്ധുക്കള്‍ക്ക് മോശം സന്ദേശം അയയ്ക്കുകയും ചെയ്ത് യുവാവ് പിടിയില്‍. പാലക്കാട് സ്വദേശി കിഷോര്‍ ആണ് പിടിയിലായത്. തിരുവനന്തപുരത്ത് വച്ച് രാജ്യാന്തര ചലചിത്രമേളയുടെ വേദിക്കരികില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 

കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ  അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വേറെയും കേസുകള്‍ ഉണ്ടെന്ന് കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ  അഷ്റഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. തഹസില്‍ദാറാണെന്ന് പറഞ്ഞ് മണല് കടത്താന്‍ ശ്രമിച്ചതിന് തൃശൂരും, മജിസ്ട്രേറ്റാണെന്ന് വ്യാജരേഖ ചമച്ചതിന് കൊടുങ്ങല്ലൂരും ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ടെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ അഷ്റഫ് വ്യക്തമാക്കി. അഭിഭാഷകനും സംവിധായകനുമാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

പാര്‍വ്വതിയെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങള്‍ നടിയുടെ പിതാവിനും സഹോദരനും ഇയാള്‍ അയച്ചിരുന്നു. നടിയുടെ കോഴിക്കോടുള്ള വീട്ടിലും ഇയാള്‍ എത്തിയിരുന്നു. പാര്‍വ്വതിയുടെ സഹോദരനെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷമായിരുന്നു യുവാവ് മോശം സന്ദേശങ്ങള്‍ അയച്ചത്. 

പാര്‍വ്വതിയെക്കുറിച്ച് അത്യാവശ്യകാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ ശേഷം നടി മാഫിയ സംഘത്തിന്‍റെ കയ്യില്‍ അകപ്പെട്ട് പ്രശ്നത്തിലാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. വിദേശ സന്ദര്‍ശനത്തിലാണ് പാര്‍വ്വതിയെന്ന് പറഞ്ഞതോടെ അത് കള്ളമാണെന്നും താന്‍  പാര്‍വ്വതിയുടെ കാമുകനാണെന്നും കിഷോര്‍ വീട്ടുകാരോട് പറഞ്ഞു. ശല്യം സഹിക്കാതെ വന്നതോടെ പാര്‍വ്വതിയുടെ വീട്ടുകാര്‍ മറുപടി നല്‍കുന്നത് നിര്‍ത്തുകയായിരുന്നു. ഇവര്‍ പ്രതികരിക്കാതെയായതോടെയാണ് ഇയാള്‍ കോഴിക്കോടുള്ള നടിയുടെ വീട്ടിലെത്തിയത്.