എംഡിഎംഎയുടെ പ്രധാന ഡീലര്‍മാരിലൊരാളായ സവാദ് ഹനീഫ (കാലിക്കട്ട് ഗുസ്മാന്‍-27) യെ 50 ഗ്രാം എക്സ്റ്റസിയുമായി കുറച്ചുനാള്‍ മുമ്പ് ആലുവയില്‍ നിന്നും പിടികൂടിയിരുന്നു. 

മാവേലിക്കര: ഏറ്റവും വിലപിടിപ്പുള്ള മാക്സ് ജെല്ലി എക്സ്റ്റസി (എംഡിഎംഎ) എന്ന മയക്കുമരുന്നുമായി യുവാവിനെ പിടികൂടി. ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി നടയില്‍ വടക്കതില്‍ വീട്ടില്‍ മാരി എന്നു വിളിക്കുന്ന വിഷ്ണു (25) ആണ് കുറത്തികാട് എസ്ഐ എ സി വിപിന്റെയും സംഘത്തിന്റെയും പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് ഭരണിക്കാവ് ചെറുവള്ളി ക്ഷേത്രത്തിന് സമീപത്തു വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. 

പിടിക്കപ്പെടുമ്പോള്‍ ഇയാളുടെ കൈവശം 3 ഗ്രാം മയക്കുമരുന്നുണ്ടായിരുന്നു. ഈ ഇനത്തില്‍പ്പെട്ട 10 ഗ്രാം മയക്കുമരുന്നു കൈവശം വച്ചാല്‍ ഇരുപത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാമെന്നും ബാംഗ്ലൂരില്‍ നിന്നാണ് തനിക്കു മയക്കുമരുന്നു ലഭിക്കുന്നതെന്ന് വിഷ്ണു പറഞ്ഞതായും പൊലീസ് പറഞ്ഞു. ഇയാളെ റിമാന്‍ഡ് ചെയ്തു. 

എംഡിഎംഎയുടെ പ്രധാന ഡീലര്‍മാരിലൊരാളായ സവാദ് ഹനീഫ (കാലിക്കട്ട് ഗുസ്മാന്‍-27) യെ 50 ഗ്രാം എക്സ്റ്റസിയുമായി കുറച്ചുനാള്‍ മുമ്പ് ആലുവയില്‍ നിന്നും പിടികൂടിയിരുന്നു. ലഭിച്ച വിവരങ്ങളനുസരിച്ച് തെക്കേക്കര മാവേലിക്കര കായംകുളം മേഖലകളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ജില്ലയില്‍ ആദ്യമായാണ് ഈ മയക്കുമരുന്ന് പിടികൂടുന്നത്.