അഗര്‍ത്തല: പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി. ത്രിപുരയിലെ സിപാഹിജല ജില്ലയിലാണ് സംഭവം. മാതിന്‍ മിയ(29) എന്ന യുവാവാണ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തിലൂടെ പശുക്കളുമായി പോകുന്നതിനിടെയാണ് യുവാവിനെ ആള്‍ക്കൂട്ടം തടഞ്ഞുവെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് സൊനമുറ സബ്ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ പറഞ്ഞു. 

ആള്‍ക്കൂട്ട മര്‍ദനത്തില്‍ മാരകമായി പരിക്കേറ്റ യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് പേര്‍ക്കെതിരെ യുവാവിന്‍റെ പിതാവ് ഷഫിഖ് മിയ പൊലീസില്‍ പരാതി നല്‍കി. തന്‍റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച പശുക്കളുമായാണ് യുവാവ് കടന്നുകളയാന്‍ ശ്രമിച്ചതെന്ന് തപന്‍ ഭൗമിക് എന്നയാളും പരാതി നല്‍കി. രണ്ട് കേസുകളിലും പൊലീസ് കേസെടുത്തു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.