ബിഹാര്‍ഷെരിഫ്: ഛാത് ആഘോഷത്തിന് ക്ഷണിക്കാത്തിനെ തുടര്‍ന്ന് യുവാവിനെ സഹോദരിയും സഹോദരനും സുഹൃത്തുക്കളും തല്ലിക്കൊന്നു. ജിതന്‍ മാഞ്ചി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ നളന്ദയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് കുറ്റകൃത്യം നടന്നത്. യുവതിയെയും സുഹൃത്തുക്കളായ എട്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. 

ഛാത് ആഘോഷത്തിന് തന്‍റെ കുടുംബത്തെ ക്ഷണിക്കാത്തതില്‍ ദേഷ്യത്തിലായ സഹോദരി രേഖ ദേവി, മറ്റൊരു സഹോദരന്‍ ഭുപേന്ദ്രയെയും സംഘത്തെയും കൂടെക്കൂട്ടി ഇളയ സഹോദരനെ മര്‍ദ്ദിക്കുകയായിരുന്നു. മുളവടി ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന് ശേഷം ബ്ലേഡുപയോഗിച്ച് ശരീരത്ത് മാരകമായ മുറിവുകളുണ്ടാക്കി. അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിതിന്‍ മരിച്ചിരുന്നു. കൊലപാതകം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.