പീഡനക്കേസില്‍ പരോളിലിറങ്ങിയ ആള്‍ 3 വയസുകാരിയെ പീഡിപ്പിച്ചുകൊന്നു. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് ഞെട്ടിക്കുന്ന സംഭവം. റായ്ഗഡിലെ പെന്‍ മേഖലയിലെ ആദിവാസി കോളനിയില്‍ കയറിയാണ് മുപ്പത്തിയഞ്ചുകാരന്‍റെ അതിക്രമം. പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത ആദേശ് പാട്ടീല്‍ എന്ന യുവാവിനെ പത്ത് ദിവസം മുന്‍പാണ് പരോളില്‍ അയച്ചത്. 

സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. ഡിസംബര്‍ 30 പുലര്‍ച്ചെയാണ് സംഭവം.  രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെയാണ് യുവാവ് തട്ടിക്കൊണ്ട് പോയത്. പെണ്‍കുട്ടിയുടെ വീടിന് വാതില്‍ ഇല്ലായിരുന്നു. പെന്നിലെ പാഡ ബഡഗോണ്‍ മേഖലയിലെ വീട്ടില്‍ നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്. കുഞ്ഞിനെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയ യുവാവ് ക്രൂരമായി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു.പീഡിപ്പിച്ച ശേഷം കുഞ്ഞിന്‍റെ മൃതദേഹം വീടിന് പിന്നില്‍ കൊണ്ടുവന്ന് ഇടുന്നതിനിടെ ആദേശ് പാട്ടീലിനെ കുഞ്ഞിന്‍റെ മുത്തശ്ശി കാണുകയായിരുന്നു. 

ഇവര്‍ ഒച്ചവച്ചതോടെ ആദേശ് പാട്ടീല്‍ മുങ്ങി. ദൃക്സാക്ഷികളുടെ മൊഴികളനുസരിച്ച് പാട്ടീലിന് വേണ്ടി തെരച്ചില്‍ ആരംഭിച്ച പൊലീസ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ കണ്ടെത്തി. പീഡനം, തട്ടിക്കൊണ്ട് പോകല്‍,കൊലപാതകം അടക്കം പോക്സോ നിയമത്തിന് കീഴിലാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. നേരത്തെ യുവാവിനെതിരെ മോഷണത്തിനും പീഡനത്തിനും അക്രമത്തിനുമാണ് കേസുള്ളത്.