ദില്ലി: ഉത്തരേന്ത്യയില്‍ വീണ്ടും ദുരഭിമാനക്കൊല. ഹരിയാനയിലെ ഹിസാറില്‍  യുവാവിനെ ഭാര്യ സഹോദരന്‍ വെടിവച്ചുകൊന്നു.  ഹിസാറിലെ ബർവാലയില്‍ ശനിയാഴ്ചയാണ് നരേന്ദ്ര എന്ന 23 കാരന്‍ വെടിയേറ്റ് മരിച്ചത്. സ്വന്തം വർക്ക്ഷോപ്പിന് മുന്നില്‍ ഭാര്യയോടൊപ്പം നില്‍ക്കുകയായിരുന്ന നരേന്ദ്രക്ക് നേരെ ഭാര്യ സഹോദരന്‍റെ നേതൃത്വത്തില്‍ നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നു. 

വെടിയേറ്റ നരേന്ദ്രയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. തന്‍റെ സഹോദരന്‍ സച്ചിന്‍റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഭർത്താവിന് നേരെ വെടിയുതിർത്തതെന്ന് നരേന്ദ്രയുടെ ഭാര്യ പൂജ പൊലീസിന് മൊഴി നല്‍കി. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. 

നരേന്ദ്രയെ വധിച്ചതിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താനായി അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് പൊലീസ് രൂപം നല്‍കിയിട്ടുണ്ട്. മകന്‍റെ മരണത്തില്‍ ഭാര്യാപിതാവിനും പങ്കുള്ളതായി നരേന്ദ്രയുടെ അച്ഛന്‍ ആരോപിച്ചു. രണ്ട് വർഷം മുമ്പാണ് നരേന്ദ്രയും പൂജയും തമ്മില്‍ വിവാഹിതരായത്. ഒരേ ഗ്രമത്തില്‍ നിന്നുള്ള ഇരുവരുടെയും വിവാഹത്തിന് പൂജയുടെ വീട്ടുകാർ എതിരായിരുന്നു.