പൊലീസ് കസ്റ്റഡിയിലുള്ള ജിതിന്റെ സഹോദരിയുടെ മകന്‍റെ മാമ്മോദീസ ആഘോഷങ്ങൾക്കിടെയായാണ് ആദ്യം സംഘർഷമുണ്ടായത്.

കൊച്ചി: എറണാകുളം കുമ്പളങ്ങിയിൽ മാമോദീസ ചടങ്ങിനെ തുടർന്നുണ്ടായ സംഘർത്തിൽ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി അനിൽകുമാറാണ് മരിച്ചത്. സംഭവത്തിൽ കുമ്പളങ്ങി സ്വദേശി ജിതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഘർഷത്തിനിടെ കാലിന്‍ കുത്തേറ്റ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നാണ് പള്ളുരുത്തി സ്വദേശി അനിൽ കുമാർ മരിച്ചത്.

പൊലീസ് കസ്റ്റഡിയിലുള്ള ജിതിന്റെ സഹോദരിയുടെ മകന്‍റെ മാമ്മോദീസ ആഘോഷങ്ങൾക്കിടെയായാണ് ആദ്യം സംഘർഷമുണ്ടായത്. ഇന്നലെ ചടങ്ങിനിടെ അനിൽ കുമാറും സുഹൃത്തുക്കളും ജിതിന്‍റെ സുഹൃത്തുക്കളുമായി വാക്കേറ്റമുണ്ടായി. പിന്നാലെ അനിൽകുമാറും കൂട്ടരും എതിർത്തവരുടെ ബൈക്ക് തകർത്തു. ഇതോടെ നാട്ടുകാർ ഇടപെട്ട് ഇരുകൂട്ടരെയും പിരിച്ചുവിട്ടു. 

രാത്രിയിൽ വീണ്ടും സംഘടിച്ചെത്തിയ ഇരുകൂട്ടരും കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് തർക്കത്തിലേർപ്പെട്ടു. ഇതിനിടയിൽ അനിൽ കുമാറിന് കുത്തേൽക്കുകയായിരുന്നു. അനിൽ കുത്തേറ്റ വീണയുടൻ സംഘാംഗങ്ങളെല്ലാം ഓടിപ്പോയി. ഒളിവിലുള്ളവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട അനിൽ കുമാർ നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

Read More : ഫിറ്റ്നസ് കോച്ച്, വയസ് 22 ; ബോഡിഷേപ്പ് ശരിയാക്കാം, നഗ്നദൃശ്യം വേണം, ഒടുവിൽ വീഡിയോ കോളിനായി ഭീഷണി, അറസ്റ്റ്