ക്രിസ്തുമസ് ദിനത്തില്‍ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം

തിരുവനന്തപുരം: ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് മധ്യവയസ്കന്‍റെ കാഴ്ച പോയ സംഭവത്തിലെ പ്രതിയെ പിടികൂടി. പൊതുസ്ഥലത്തിരുന്നള്ള മദ്യപാനം ചോദ്യം ചെയ്തതിന് പിന്നാലെ നടന്ന അക്രമത്തിലാണ് പനയറവിളാകം സജി ഭവനിൽ സജി (44)ക്ക് പരിക്കേറ്റത്. കഴിഞ്ഞവർഷം ക്രിസ്മസ് ദിനം രാത്രി 9.30ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. മാറനല്ലൂർ പൊങ്ങുമ്മൂട് കൂവളശ്ശേരി നവോദയ ലൈനിൽ വിഷ്ണു എന്ന് വിളിക്കുന്ന ജോണി (26) ആണ് അറസ്റ്റിലായത്. കാട്ടുവിള റോഡിൻറെ വശത്തിരുന്ന് സംഘം ചേർന്ന് മദ്യപിക്കരുത് എന്ന് പറഞ്ഞതിനുള്ള വിരോധമായിരുന്നു ആക്രമണത്തിന് കാരണമായത്. ജോണിയുടെ ആക്രമണം തടയുന്നതിനിടെ സജിയുടെ കണ്ണിന് പരിക്കേൽക്കുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു കാട്ടാക്കട ഡിവൈഎസ്പി എസ്. അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം വിളപ്പിൽശാല പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇയാളെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

ജനുവരി ആദ്യവാരം മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് പട്ടാപ്പകല്‍ നടുറോഡില്‍ മധ്യവയസ്കനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റിലായിരുന്നു. കടയ്ക്കാവൂര്‍ സ്വദേശി സുനില്‍ കുമാറിനാണ് കുത്തേറ്റത്. കടയ്ക്കാവൂര്‍ പഴഞ്ചിറ കാട്ടുവിള വീട്ടില്‍ കുമാര്‍ എന്ന് വിളിക്കുന്ന ചപ്ര കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിനുള്ള വിരോധത്തില്‍ ഇയാള്‍ ഇടിക്കട്ട കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതിയായ ചപ്ര കുമാര്‍ ആയുധം കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തി വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. കടയ്ക്കാവൂര്‍ ചിറയിന്‍കീഴ് തുടങ്ങിയ സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. 

ബ്യൂട്ടിപാർലറിൽ ആയുധവുമായി അതിക്രമിച്ച് കയറി കട ഉടമയെ ആക്രമിച്ച പ്രതികളെ വിളപ്പിൽ ശാല പൊലീസ് അറസ്റ്റ് ചെയ്തു. കരുവിലാഞ്ചി മണ്ണാത്തിക്കോണം മുക്കംപാലമൂട് ചൈത്രത്തിൽ മനീഷ് (24), പൂവച്ചൽ പുളിങ്കോട് കിഴക്കേകര പുത്തൻവീട്ടിൽ രാജീവ് (23) എന്നിവരാണ് അറസ്റ്റിലായത്. മനീഷ് ആർ എസ് എസ് പ്രവർത്തകനാണ്. കിരൺ ലാലും സുഹൃത്തുക്കളും മനീഷുമായി തിരുമല ബാറിൽ വച്ച് സംഘർഷം നടന്നിരുന്നു. ഇതിന്‍റെ പ്രതികാരമാണ് അക്രമത്തിന് പിന്നിലെ കാരണം. പുളിയറക്കോണത്തെ കർമ്മ ബ്യൂട്ടിപാർലറിലാണ് അക്രമമുണ്ടായത്.