ആംബുലന്‍സ് സേവനം ലഭ്യമാകുന്നതിലെ കാലതാമസം, യുവാവ് മരിച്ചു; ജീവനക്കാര്‍ക്കെതിരെ കൊലപാതകക്കുറ്റം
മദ്യപാനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടിന് ആംബുലന്‍സ് സേവനം തേടിയ യുവാവിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാതെ പരിഹസിച്ചതിനും അപകടകരമായ രീതിയില്‍ സ്ട്രെക്ചറില്‍ കിടത്തിയതിനും പിന്നാലെയാണ് നടപടി. ബഹളം വയ്ക്കുകയും നിലവിളിക്കുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു യുവാവ് ഉണ്ടായിരുന്നത്.

ഇല്ലിനോയിസ്: ആംബുലന്‍സ് ആവശ്യപ്പെട്ടയാള്‍ക്ക് സേവനം ലഭ്യമാക്കുന്നതില്‍ കാലതാമസം വരുത്തിയ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് ജീവനക്കാര്‍ക്കെതിരെ കൊലപാതക കേസ്. അമേരിക്കയിലെ ഇല്ലിനോയിസിലാണ് സംഭവം. ആല്‍ക്കഹോള്‍ വിത്ത്ഡ്രോവല്‍ ലക്ഷണം മൂലം ആവശ്യ ആരോഗ്യ സേവനം തേടിയ യുവാവായ ഏല്‍ മൂര്‍ മരിച്ചതിന് പിന്നാലെയാണ് സേവനം ലഭ്യമാക്കുന്നതില്‍ കാലതാമസം വരുത്തിയ രണ്ട് ജീവനക്കാര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയത്. കഴിഞ്ഞ ഡിസംബര്‍ 18ന് നടന്ന സംഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പെഗ്ഗി ഫിന്‍ലി, പീറ്റര്‍ കാഡിഗന്‍ എന്നിവര്‍ക്കെതിരെയാണ് കോടതി കൊലക്കുറ്റം ചുമത്തിയത്. ഇവരുടെ ശരീരത്തിലെ ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.
മദ്യപാനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളേ തുടര്‍ന്നാണ് യുവാവ് ആംബുലന്‍സ് സേവനം ആവശ്യപ്പെട്ടിരുന്നു. ആംബുലന്‍സുമായെത്തിയ ജീവനക്കാര്‍ ബഹളം വയ്ക്കുകയും നിലവിളിക്കുകയും ചെയ്ത യുവാവിനെ ഇവര്‍ പരിഹസിക്കുകയും ആംബുലന്‍സ് സേവനങ്ങള്‍ ഉടന്‍ ലഭ്യമാക്കാന്‍ തയ്യാറാവുകയും ചെയ്തില്ല. ഉച്ചത്തില്‍ നിലവിളിക്കുന്ന യുവാവിനോട് ആംബുലന്‍സില്‍ കയറ്റില്ലെന്നും മണ്ടനായി അഭിനയിക്കുന്നത് നിര്‍ത്താനും പറഞ്ഞ് ജീവനക്കാര്‍ പരിഹസിക്കുന്നത് ബോഡി ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഇത്തരം കോമാളിത്തരം കണ്ട് നിക്കാനുള്ള സമയമില്ലെന്നും ആംബുല്‍സില്‍ കയറ്റില്ലെന്നും ഏല്‍ മൂറിനോട് ഇവര്‍ പറയുന്ന ദൃശ്യങ്ങളും പൊലീസ് പുറത്ത് വിട്ടിരുന്നു. സംഭവ സ്ഥലത്ത് പൊലീസെത്തിയതിന് ശേഷമാണ് യുവാവിനെ ആംബുലന്‍സില്‍ കയറ്റിയത്.
യുവാവിനെ അപകടകരമായ രീതിയിലാണ് സ്ട്രക്ചറില്‍ കയറ്റി കിടത്തിയ ശേഷമാണ് സ്ട്രാപ്പ് ചെയ്തതെന്നും പൊലീസ് റിപ്പോര്‍ട്ട് വിശദമാക്കുന്നു. ആംബുലന്‍സ് ജീവനക്കാര്‍ സഹകരിക്കാന്‍ തയ്യാറാവാതെ വന്നതോടെ ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയമില്ലാതിരുന്ന പൊലീസുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഇതിന് പിന്നാലെ പൊലീസാണ് ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയത്.
പൊലീസുകാര്‍ യുവാവിനെ വീടിന് മുന്‍പില്‍ നിന്ന് ആംബുലന്‍സിലേക്ക് കയറ്റാന്‍ ശ്രമിക്കുമ്പോള്‍ ആരോപണ വിധേയര്‍ വെറുതെ നില്‍ക്കുന്നതും ബോഡി ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ യുവാവ് മരിച്ചിരുന്നു. യുവാവിനോട് ഒരു തരത്തിലുള്ള സഹാനുഭൂതിയും ആംബുലന്‍സ് ജീവനക്കാര്‍ കാണിച്ചില്ലെന്നും സംഭവം ജോര്‍ജ്ജ് ഫ്ലോയിഡിന് സംഭവിച്ച ദുരന്തത്തിന് സമാനതകള്‍ തോന്നിയെന്നുമുള്ള നിരീക്ഷണത്തോടെയാണ് കോടതിയുടെ നടപടി.