ചേര്‍ത്തല: നാലുകിലോ കഞ്ചാവുമായി ചേര്‍ത്തലയില്‍ രണ്ടു യുവാക്കള്‍ പിടിയില്‍. മണ്ണഞ്ചേരി അമ്പലക്കടവ് പാമ്പുംകാട് മനു(21), കിഴക്കേകടവില്‍ മിഥുന്‍(20)എന്നിവരാണ് പിടിയിലായത്. 

പതിനൊന്നാം മൈലിനു സമീപത്ത് വച്ചാണ് ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്ക്വാഡ് കഞ്ചാവു വേട്ട നടത്തിയത്. ബൈക്കില്‍ കടത്തിയ നാലുകിലോ കഞ്ചാവാണ് ഇവരില്‍ നിന്നു പിടിച്ചെടുത്തത്. ഓണം വിപണി ലക്ഷ്യമിട്ടാണ് കഞ്ചാവ് എത്തിച്ചത്. ചെന്നൈയില്‍ താമസമാക്കിയിട്ടുള്ള മൊത്തകച്ചവടക്കാരാണിരുവരും. ബൈക്കിലാണ് ഇവര്‍ ചെക്‌പോസ്റ്റുകള്‍ ഒഴിവാക്കി കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്നത്. 

ആന്ധ്രയില്‍ നിന്നും ചെന്നൈയില്‍ എത്തിച്ച് അവിടെ നിന്നും ആവശ്യാനുസരണം കേരളത്തിലേക്ക് കടത്തി, ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പന നടത്തുന്നതിനിടയിലാണ് പിടിയിലായത്. ഓണം വിപണി ലക്ഷ്യമിട്ട് കഞ്ചാവെത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. സംഘത്തിന്റെ തലവനായ ആലപ്പുഴ സ്വദേശിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായിട്ടുള്ള തിരച്ചില്‍ നടക്കുകയാണ്. സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ വി റോബര്‍ട്ടിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്‍സ്പക്ടര്‍ അമല്‍രാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.