നോയിഡ: യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ നോയിഡയിൽ യുട്യൂബെറെ പൊലീസ് അറസ്റ്റ് ചെയ്തു. രാജീവ് കുമാർ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 

നോയിഡ സെക്ടർ 76 ലെ താമസക്കാരി സെക്ടർ 39 ലെ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. തനിക്ക് മയക്കുമരുന്ന് നൽകി ലൈം​ഗികമായി പീഡിപ്പിച്ച ഇയാൾ കൃത്യം മൊബൈലിൽ പകർത്തുകയും ഇത് ഉപയോ​ഗിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.  സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്യുമെന്നാണ് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിയത്. ഇയാൾ പിന്നീട് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. 

സ്ത്രീയുടെ പരാതി രെജിസറ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ​ഗൗതം ബുദ്ധ ന​ഗർ ഡിസിപി വൃന്ദ ശുക്ല പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് സ്ത്രീ രാജീവ് കുമാറിനെ പരിചയപ്പെട്ടത്. ഇയാൾ ക്ഷണിച്ചതുപ്രകാരം നോയിഡ സെക്ടർ 39 ലെ ഒരു ഫ്ലാറ്റിൽ ചെന്നപ്പോഴാണ് സംഭവം നടന്നത്. കുടിക്കാൻ നൽകിയ വെള്ളത്തിൽ ഇയാൾ മയക്കുമരുന്ന് കലർത്തി. 

ഇത് കുടിച്ച് ബോധരഹിതയായ സ്ത്രീയെ ഇയാൽ ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാതിരിക്കാൻ 13 ലക്ഷം രൂപ നൽകണമെന്നാണ് രാജീവ് കുമാർ ആവശ്യപ്പെട്ടത്. പണം നൽകിയിട്ടും ഇയാൾ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.