തുലാപ്പത്ത് പിറന്നതോടെ അത്യുത്തര കേരളത്തിൽ കളിയാട്ടക്കാലത്തിന് തുടക്കമായി. ഇനി ദൈവങ്ങൾ മനുഷ്യരൂപത്തിൽ മണ്ണിലിറങ്ങും. ഗ്രാമങ്ങൾ ഒത്തുചേരുന്ന ഈ തെയ്യക്കാലം കോലത്തുനാട്ടിലെ മറ്റൊരു ഓണക്കാലം കൂടിയാണ്.

ത്യുത്തര കേരളത്തിന്‍റെ മണ്ണും മനസുമുണര്‍ത്തി തുലാപ്പത്ത് പിറന്നു. വെളിപാടുറങ്ങുന്ന മതിലകങ്ങളിൽ ചെണ്ടയുടെയും ചേങ്ങിലയുടെയും താളം മുഴങ്ങിത്തുടങ്ങി. ഇത്രനാളും കല്ലിൽ ലയിച്ചിരുന്ന ദൈവങ്ങൾ മണ്ണിലിറങ്ങിത്തുടങ്ങി. ചതിയിൽ ജീവൻ പൊലിഞ്ഞ പെണ്ണും പുരുഷനുമൊക്കെ കത്തിജ്വലിക്കുന്ന മിഴിയും മുഖവുമുള്ള മനുഷ്യരായും ചീറുന്ന പുലിയായും ഇഴഞ്ഞെത്തുന്ന മുതലായായും പാമ്പായുമൊക്കെ ആടിത്തിമർക്കും.

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് പുലർച്ചെ തളിപ്പറമ്പ കൊളച്ചേരി ചാത്തമ്പള്ളിക്കാവിലെ വിഷകണ്ടൻ തെയ്യത്തിന്‍റെ പുറപ്പാടോടെ കോരപ്പുഴയ്ക്ക് വടക്കും ചന്ദ്രഗിരിപ്പുഴയ്ക്ക് തെക്കുമായി പരന്നുകിടക്കുന്ന കോലത്തുനാട്ടില്‍ ഇത്തവണയും കളിയാട്ടക്കാലത്തിന് തുടക്കമായി. ഒക്ടോബർ 26, 27 തീയ്യതികളിലാണ് ഇത്തവണ ചാത്തമ്പള്ളിക്കാവിലെ പുത്തരി അടിയന്തിരം. ചിങ്ങമാസത്തിലും തുലാം ഒന്നുമുതലുമൊക്കെ വടക്കൻ കേരളത്തിലെ ചിലയിടങ്ങളിലും തെയ്യംകെട്ട് നടക്കുന്നുണ്ടെങ്കിലും തുലാപ്പത്താണ് കളിയാട്ടക്കാലത്തെ ഏറ്റവും വിശേഷ ദിവസം. അന്നേദിവസം തന്നെയാണ് ചാത്തമ്പള്ളിക്കാവിൽ വിഷകണ്ഠൻ ഉറഞ്ഞാടുന്നതും.

പത്താമുദയം

സൂര്യന്‍ സവ്വൈശ്വര്യങ്ങളും ഭക്തര്‍ക്ക് നല്‍കുന്ന ദിവസമാണ് തുലാമാസത്തിലെ പത്താമുദയം എന്നാണ് വിശ്വാസം. മേടം തുലാം മാസങ്ങളിലെ പത്താമത്തെ ദിവസത്തെയാണ് പത്താമുദയം എന്നും പത്താത എന്നുമൊക്കെ പറയാറുള്ളത്. മേടവിഷു തുലാവിഷു എന്ന് വിഷു രണ്ടുള്ളതു പോലെ പത്താമുദയവും രണ്ടുണ്ട്. പക്ഷേ, തുലാത്തിലെ പത്താമുദയം തുലാപ്പത്ത് എന്ന പേരിലാണ് പ്രസിദ്ധം. ശുഭകാരകമായ, കാര്‍ഷിക പ്രാധാന്യമുള്ള ദിവസമാണ് പത്താമുദയം. നല്ല മുഹൂര്‍ത്തം ഇല്ലാത്തതുകൊണ്ടു നടക്കാതെ പോയ കാര്യങ്ങളും മാറ്റിവെച്ച കാര്യങ്ങളും മുഹൂര്‍ത്തം നോക്കാതെ പത്താമുദയം നാളില്‍ നടത്താറുണ്ട്.

ഓരോ പത്താമുദയവും കന്നുകാലികളും ആലയും വയലും വിതപ്പാട്ടുമൊക്കെയുള്ള നാട്ടുപഴമയെ ഓർമിപ്പിക്കുന്നു. വിളയിറക്കാനുള്ള ശുഭദിനമായും ഈ ദിവസത്തെ കാണുന്നു. കാലിച്ചേകവൻ ദൈവത്തെ പ്രത്യേക പൂജകളാൽ ഈ ദിവസം പ്രീതിപ്പെടുത്തും. ഇടവപ്പാതിയോടെ അടച്ച കാവുകള്‍ തുറന്ന് വിളക്ക് തെളിച്ച് അടിയന്തിരം നടക്കുന്ന ദിവസവും ഇതാണ്. എല്ലാ മാസവും സംക്രമദിവസം കാവുകളിൽ നടക്കുന്ന അനുഷ്ഠാനങ്ങൾ പത്താമുദയദിനത്തിലും നടക്കും. വെളിച്ചപ്പാടന്മാർ ദൈവമൊഴികൾ ചൊല്ലും. കോലധാരികൾ, ആചാരസ്ഥാനികർ എന്നിവർക്ക്‌ കൊടിയിലയിൽ അവിലും മലരും ഇളനീരും പഴവും നൽകും. തറവാട്ടിലെ പൂജാമുറിയിൽനിന്ന് കൊളുത്തിയെടുത്ത തീയെടുത്ത് കന്നിമൂലയിൽ അടുപ്പുകൂട്ടും. വെള്ളോട്ടുരുളിയിൽ ഉണക്കലരിപ്പായസം വേവിച്ച് കാലിച്ചാൻ അഥവാ കാലിച്ചേകവൻ ദൈവത്തിന് നിവേദിക്കും.

പണ്ടുകാലത്ത്, പത്താമുദയനാളില്‍ പുലരും മുന്‍പേ എഴുന്നേറ്റ് കണികാണുകയും , കന്നുകാലികളെ ദീപം കാണിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. വയനാട്ടിലെ കുറിച്യര്‍ പത്താമുദയത്തിനാണ് ആയോധന കലകളുടെ പ്രദര്‍ശനം നടത്താറുള്ളത്. പത്താമുദയം നാളില്‍ ചിലയിടങ്ങളില്‍ വെള്ളിമുറം കാണിക്കുക എന്നൊരു ചടങ്ങ് നടത്താറുണ്ട്. ഉണക്കലരി പൊടിച്ച് തെള്ളി പൊടിയാക്കിയത് മുറത്തിലാക്കി സ്ത്രീകള്‍ ഉദയ സൂര്യനെ ലക്ഷ്യമാക്കി കിഴക്കോട്ട് തിരിഞ്ഞ് വിളക്ക് കൊളുത്തി മുറ്റത്ത് വെക്കുന്നു. ഉദയം കഴിഞ്ഞാല്‍ ഈ അരിപ്പൊടി എടുത്ത് പലഹാരമുണ്ടക്കി പ്രസാദമായി കഴിക്കുകയായിരുന്നു പതിവ്.

വീണ്ടുമൊരു തെയ്യക്കാലം തിരികെയെത്തിയരിക്കുന്നു. സാധാരണക്കാരന്‍റെ സങ്കടങ്ങളും പ്രതീക്ഷകളും സന്തോഷങ്ങളുമൊക്കെ പങ്കിടാൻ ദൈവങ്ങൾ എത്തിത്തുടങ്ങിയിരിക്കുന്നു. പുത്തനുടുപ്പും ബന്ധുമിത്രാദികളുമൊക്കെയായി ഗ്രാമങ്ങളായ ഗ്രാമങ്ങളൊക്കെ ഒത്തുചേരുന്ന മറ്റൊരു ഓണക്കാലമാണിത്. ഒരിക്കൽ മണ്ണും മനുഷ്യനും ഒന്നായിരുന്ന പ്രാക്തനായുഗത്തിന്‍റെ തിരുശേഷിപ്പ്.