ഈ വസ്തുവില്‍, വലിയ വൈൻ ശേഖരങ്ങൾ, ആർട്ട് ശേഖരങ്ങൾ, ഒന്നിലധികം കാറുകൾ ഒക്കെയുണ്ട്. അതുപോലെ തന്നെ ഏറ്റവും സുരക്ഷിതമായ വീടാണ് എന്നിങ്ങനെയെല്ലാം വിശദീകരണങ്ങളുമുണ്ട്. 

ഏഴുകോടിയുടെ ഒരു വീടെന്ന് കേട്ടാല്‍ നമ്മുടെ മനസില്‍ വരുന്നത് വലിയ വിശാലമായ കിടപ്പുമുറികളും ജനാലകളും ഒക്കെയുള്ള നല്ല കാറ്റും വെളിച്ചവും കിട്ടുന്ന വീടായിരിക്കും അല്ലേ? എന്നാല്‍, ഇവിടെ ടെക്സാസിലെ ദല്ലാസിലുള്ള വീട് ഒരുകോടിയുടേതാണ്. പക്ഷേ, കിടപ്പുമുറികളും ജനാലകളും ഇല്ലാ പോലും. ഇത് ആളുകൾ വൻ ചർച്ചയാക്കിയിരിക്കുകയാണ്.

പുറത്ത് നിന്ന് നോക്കുമ്പോള്‍ ഗ്ലാസ് ജനാലകള്‍ പോലെ കാണാമെങ്കിലും അകത്തുകയറിയാലാണ് സംഗതി വെളിവാവുക. അത് വെറും സ്റ്റൈലിന് വച്ചിരിക്കുന്നതാണ് എന്ന്. തുറക്കാനോ അടയ്ക്കാനോ ഒന്നും പറ്റാത്ത കപടമായ ജനലുകൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായം ഉയർന്ന് കഴിഞ്ഞു. രണ്ടായിരത്തിലാണ് ഈ ബംഗ്ലാവ് പണിതിരിക്കുന്നത്. സാധാരണയായി പൊലീസ് സ്റ്റേഷനിലും തടങ്കല്‍ പാളയങ്ങളിലും ഒക്കെയാണ് ഇങ്ങനെ കാണാറ് എന്ന് ആളുകള്‍ അഭിപ്രായവും പറഞ്ഞു തുടങ്ങി. 

ഡെയ്‌ലി മെയിൽ പറയുന്നതനുസരിച്ച്, പ്രോപ്പർട്ടിയെ ബന്ധിപ്പിക്കുന്ന രണ്ട് ഇലക്ട്രിക്കൽ ഗ്രിഡുകളും രണ്ട് ഡീസൽ ഇന്ധന ടാങ്കുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്രകൃതിവാതക ജനറേറ്ററും ഇതിനകത്ത് ഉണ്ടത്രെ. മെയ് മാസത്തിൽ സിലോവിൽ ലിസ്റ്റുചെയ്തിരുന്ന ഈ വസ്തുവില്‍, വലിയ വൈൻ ശേഖരങ്ങൾ, ആർട്ട് ശേഖരങ്ങൾ, ഒന്നിലധികം കാറുകൾ ഒക്കെയുണ്ട്. അതുപോലെ തന്നെ ഏറ്റവും സുരക്ഷിതമായ വീടാണ് എന്നിങ്ങനെയെല്ലാം വിശദീകരണങ്ങളുമുണ്ട്. 

ഏതായാലും വീടിന്‍റെ ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ബംഗ്ലാവിന്‍റെ വിലയും കിടപ്പുമുറിയുടേയും ജനാലകളുടേയും അഭാവവും ആളുകളില്‍ ചിരി പടര്‍ത്തിയിട്ടുണ്ട്.