മാരകമായ മിസൈലുകളും ബോംബുകളുമാണ് ഇസ്രായേലും അമേരിക്കയും ഇറാനും പങ്കാളികളായ യുദ്ധത്തില്‍ നിര്‍ണായകമാവുന്നതെങ്കില്‍, കാട്ടിലെ യുദ്ധത്തില്‍ ആയുധങ്ങളില്ലായിരുന്നു. ചിമ്പാന്‍സികള്‍ ആയുധമേന്താതെ, കൂട്ടം ചേര്‍ന്ന് പരസ്പരം കൊല്ലുകയായിരുന്നു.
ഇറാന്‍ യുദ്ധത്തിനിടെ, ഏപ്രില്‍ ഒമ്പതിനാണ് 'സയന്‍സ്' ജേണലില്‍ ആ പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്. മനുഷ്യര്‍ യുദ്ധം ചെയ്യുന്നതിന് സമാനമായി ഉഗാണ്ടയിലെ കൊടുംകാട്ടില്‍ ചിമ്പാന്‍സികള്‍ പരസ്പരം യുദ്ധം ചെയ്യുന്നതിനെക്കുറിച്ചായിരുന്നു ആ പഠനം. മാരകമായ മിസൈലുകളും ബോംബുകളുമാണ് ഇസ്രായേലും അമേരിക്കയും ഇറാനും പങ്കാളികളായ യുദ്ധത്തില്‍ നിര്‍ണായകമാവുന്നതെങ്കില്‍, കാട്ടിലെ യുദ്ധത്തില്‍ ആയുധങ്ങളില്ലായിരുന്നു. ചിമ്പാന്‍സികള്‍ ആയുധമേന്താതെ, കൂട്ടം ചേര്‍ന്ന് പരസ്പരം കൊല്ലുകയായിരുന്നു. രണ്ട് പ്രദേശങ്ങളിലുള്ള ചിമ്പാന്‍സിക്കൂട്ടം രണ്ടായി തിരിഞ്ഞ് നടത്തുന്ന ആ യുദ്ധത്തെക്കുറിച്ച് എഴുതിയ ഗവേഷകര്‍ അതിനെ വിളിച്ചത് ആഭ്യന്തര യുദ്ധം (Civil War) എന്നായിരുന്നു. മൃഗങ്ങള്‍ക്കിടയില്‍ അത്ര സാധാരണമല്ലാത്ത അവസ്ഥ. കാട്ടിലെ ആഭ്യന്തര യുദ്ധം!
ഉഗാണ്ടയിലെ കിബാലെ നാഷണല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഗോഗോ ചിമ്പാന്‍സി പ്രോജക്റ്റിന്റെ' (Ngogo Chimpanzee Project) കോ ഡയറക്ടറും ടെക്‌സസ് സര്‍വകലാശാലയിലെ നരവംശശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ആരോണ്‍ സാന്‍ഡലും മിഷിഗണ്‍ സര്‍വകലാശാലയിലെ പ്രൊഫസറായ ജോണ്‍ മിറ്റാനിയുമാണ് ആ പഠനം എഴുതി 'സയന്‍സ്' ജേണലില്‍ പ്രസിദ്ധീകരിച്ചത്. മൃഗങ്ങള്‍ക്കിടയിലെ മാറുന്ന സാമൂഹിക ബന്ധങ്ങള്‍ എങ്ങനെ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് വ്യക്തമാക്കുന്നതാണ് ആ പഠനം. മനുഷ്യര്‍ക്കിടയിലെ സംഘര്‍ഷങ്ങളില്‍ വ്യക്തിബന്ധങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് മനസ്സിലാക്കാന്‍ ഇത് സഹായിക്കുമെന്ന് പനഠം ഊന്നിപ്പറയുന്നു.
1995-ലാണ് ജോണ്‍ മിറ്റാനിയുടെ മുന്‍കൈയില്‍ എന്‍ഗോഗോയില്‍ ചിമ്പാന്‍സി പ്രോജക്റ്റ്' തുടങ്ങുന്നത്. അതിനു ശേഷം, ഈ രണ്ട് ഗവേഷകരുടെയും നേതൃത്വത്തില്‍ ശാസ്ത്രജ്ഞര്‍ ഇവിടത്തെ ചിമ്പാന്‍സികളെ കുറിച്ച് പഠിക്കുകയായിരുന്നു. അതിനിടയിലാണ്, ചിമ്പാന്‍സികള്‍ക്കിടയില്‍ നടക്കുന്ന അസാധാരണമായ ആഭ്യന്തര യുദ്ധം ഇവരുടെ ശ്രദ്ധയില്‍ പെട്ടത്.
യുദ്ധത്തിന്റെ തുടക്കം, വിഭാഗീയതയുടെയും
2015 ജൂണ്‍ 24-നാണ് ചിമ്പാന്‍സികള്‍ക്കിടയില്‍ ഈ ആഭ്യന്തര യുദ്ധം തുടങ്ങിയതെന്നാണ്, പഠനസംഘത്തിലെ ആരോണ്‍ സാന്‍ഡല്‍ സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: ഞങ്ങള്‍ അവിടെയുള്ള ഒരു കൂട്ടം ആള്‍ക്കുരങ്ങുകളെ നിരീക്ഷിക്കുകയായിരുന്നു. പെട്ടെന്ന് ആ ചിമ്പാന്‍സികള്‍ നിശബ്ദരായി. പലരും മുഖം ചുളിക്കാന്‍ തുടങ്ങി. അവരാകെ പരിഭ്രാന്തരാണെന്ന് തോന്നി. മറ്റു ചിലര്‍ ആശ്വാസത്തിനായി പരസ്പരം സ്പര്‍ശിക്കാന്‍ തുടങ്ങി.
പെട്ടെന്ന്, അകലെ നിന്ന് മറ്റൊരു സംഘം ചിമ്പാന്‍സികളുടെ ശബ്ദം കേട്ടു. അതില്‍ അസാധാരണമായ ഒന്നുമുണ്ടായിരുന്നില്ല. രണ്ട് പതിറ്റാണ്ടുകളായി, എന്‍ഗോഗോ ചിമ്പാന്‍സികള്‍ വലിയ സമൂഹമായി മാറിയിരുന്നു. ഇരുന്നൂറിലധികം അംഗങ്ങള്‍ വളരെ ഐക്യത്തോടെയാണ് അവിടെ ഒരുമിച്ച് ജീവിച്ചിരുന്നത്.
എന്നാല്‍ ഇത്തവണ അവസ്ഥയ്ക്ക് മാറ്റമുണ്ടായിരുന്നു. പുതിയതായി വന്ന ചിമ്പാന്‍സികള്‍ പതിവ് രീതിയില്‍ ഉച്ചത്തിലുള്ള നിലവിളികളോടും പുറത്തുതട്ടലുകളോടും കൈകോര്‍ക്കലുകളോടും കൂടി ഒത്തുചേര്‍ന്നില്ല. പകരം, പെട്ടെന്നുതന്നെ ആദ്യ കൂട്ടം ചിമ്പാന്‍സികള്‍ അവിടെനിന്ന് ഓടിപ്പോയി.
ഇത് ഞങ്ങളെ ആശയക്കുഴപ്പത്തിലാക്കി. പരസ്പരം അടുപ്പമുണ്ടായിരുന്ന ആ ചിമ്പാന്‍സികള്‍ പെട്ടെന്ന് അപരിചിതരെപ്പോലെ പെരുമാറാന്‍ തുടങ്ങുന്നു.
'എന്താണീ നടക്കുന്നത്?' ഞാന്‍ ചോദിച്ചു. 'എനിക്കറിയില്ല' എന്നായിരുന്നു ജോണ്‍ മിറ്റാനിയുടെ മറുപടി. എനിക്കത് അമ്പരപ്പുണ്ടാക്കി. കാരണം, ലോകത്തിലെ മികച്ച ചിമ്പാന്‍സി വിദഗ്ധരില്‍ ഒരാളായിരുന്നു മിറ്റാനി. രണ്ട് പതിറ്റാണ്ടായി ചിമ്പാന്‍സികളെ പഠിക്കുന്ന ഗവേഷകന്‍. എന്തോ അസാധാരണമായത് സംഭവിക്കുകയാണ് എന്നു മാത്രം ഞങ്ങള്‍ മനസ്സിലാക്കി. അത് സത്യവുമായിരുന്നു. ഞങ്ങള്‍ അന്ന് കണ്ടത് പുതിയൊരു കാര്യമായിരുന്നു.
അന്ന് മുതലാണ് ആ വലിയ സംഘം ചിമ്പാന്‍സികള്‍ രണ്ട് വിഭാഗങ്ങളായി മാറിയത്. ഞങ്ങള്‍ അവയെ പടിഞ്ഞാറന്‍ ചിമ്പാന്‍സികള്‍ എന്നും മധ്യ ചിമ്പാന്‍സികള്‍ എന്നും അവര്‍ ജീവിക്കുന്ന പ്രദേശത്തെ അടിസ്ഥാനമാക്കി വിളിച്ചു. കാര്യമെന്തായാലും, ആ ചിമ്പാന്‍സി സമൂഹത്തില്‍ ധ്രുവീകരണത്തിന്റെ വിത്തുകള്‍ പാകിക്കഴിഞ്ഞിരുന്നു. ആ വലിയ കൂട്ടായ്മയുടെ തകര്‍ച്ചയിലാണ് അത് കലാശിച്ചത്.
അന്ന് മുതല്‍ ഈ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള അക്രമം വര്‍ദ്ധിച്ചു. വര്‍ഷത്തില്‍ പലതവണ ആക്രമണങ്ങള്‍ ഉണ്ടായി. മുതിര്‍ന്ന ചിമ്പാന്‍സികള്‍ മാത്രമല്ല കുഞ്ഞുങ്ങളും മാരകമായി ആക്രമിക്കപ്പെട്ടു. ഞങ്ങളിതിനെ 'ചിമ്പാന്‍സി ആഭ്യന്തരയുദ്ധം' എന്നാണ് വിളിക്കുന്നത്. 500 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുമെന്ന് കരുതപ്പെടുന്ന അതിശയിപ്പിക്കുന്ന ഒരു പ്രതിഭാസം. മുമ്പ് ഒരു തവണ മാത്രമാണ് ഇങ്ങനെയൊന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.''
ചിമ്പാന്‍സികള്‍ക്കിടയിലെ 'ആഭ്യന്തരയുദ്ധം'
ചിമ്പാന്‍സികള്‍ പ്രകൃത്യാ തന്നെ സ്വന്തം അതിര്‍ത്തി കാത്തുസൂക്ഷിക്കുന്നവരാണ്. സാധാരണയായി, ഒരു സംഘം ചിമ്പാന്‍സികള്‍ ഒത്തുചേരുകയും തങ്ങളുടെ അതിര്‍ത്തി കാക്കുകയും ചെയ്യാറുണ്ട്. അതിര്‍ത്തി കടന്ന് ശത്രുക്കള്‍ വരുന്നുണ്ടോ എന്നറിയാന്‍ ആണ്‍കുരങ്ങുകള്‍ പട്രോളിംഗ് നടത്താറുമുണ്ട്. തങ്ങള്‍ക്കു പുറത്തുള്ള ചിമ്പാന്‍സിയെ കണ്ണില്‍പ്പെട്ടാല്‍ അവര്‍ ആക്രമിക്കുകയും ചിലപ്പോള്‍ കൊല്ലുകയും ചെയ്യും.
1995-ലാണ് എന്‍ഗോഗോ പ്രൊജക്റ്റ് തുടങ്ങിയത്. ഉഗാണ്ടയിലെ ഒരു സംരക്ഷിത മേഖല ആയിരുന്നു അത്. ധാരാളം ഭക്ഷണവും മരങ്ങളും ഉണ്ടായിരുന്നു. അത്ര വലിയൊരു ചിമ്പാന്‍സി ഗ്രൂപ്പിനെ ഉള്‍ക്കൊള്ളാന്‍ ആ വനത്തിന് കഴിയുമായിരുന്നു.
എന്നാല്‍ 2015-ലെ ആ ദിവസത്തിന് ശേഷം, ചിമ്പാന്‍സികള്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞു. പടിഞ്ഞാറന്‍ ഭാഗത്തുള്ളവരും മധ്യ ഭാഗത്തുള്ളവരും. അവരിപ്പോള്‍ സ്വന്തം മേഖലയ്ക്ക് ഒരതിര്‍ത്തി ഉണ്ടാക്കിയിരിക്കുന്നു. പരസ്പരം അകറ്റി നിര്‍ത്താനായി അതിര്‍ത്തികളില്‍ പട്രോളിംഗ് നടത്തുന്നു.
മധ്യവിഭാഗത്തെ അപേക്ഷിച്ച് പടിഞ്ഞാറന്‍ ചിമ്പാന്‍സികള്‍ കൂടുതല്‍ ആക്രമണകാരികളാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. 2018-നും 2024-നും ഇടയില്‍, പടിഞ്ഞാറന്‍ വിഭാഗം ഓരോ നാല് മാസത്തിലും 15 തവണ വരെ പട്രോളിംഗ് നടത്തി. മധ്യവിഭാഗത്തില്‍പ്പെട്ട ശരാശരി ഒരു മുതിര്‍ന്ന ചിമ്പാന്‍സിയെയും രണ്ട് കുഞ്ഞുങ്ങളെയും വീതം ഓരോ വര്‍ഷവും കൊലപ്പെടുത്തി. പടിഞ്ഞാറന്‍ വിഭാഗത്തിന് തുടക്കം മുതലേ ഉണ്ടായിരുന്ന ഐക്യമായിരിക്കാം മധ്യവിഭാഗത്തിന് മേല്‍ അവര്‍ക്ക് മേല്‍ക്കൈ നല്‍കുന്നതെന്ന് സാന്‍ഡല്‍ പറയുന്നു.
വിഭജനത്തിന് മുമ്പ് ചിമ്പാന്‍സികള്‍ക്ക് ആ പ്രദേശം മുഴുവന്‍ ചുറ്റിക്കറങ്ങാന്‍ കഴിയുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ പ്രദേശം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതിര്‍ത്തി എപ്പോഴും മാറിക്കൊണ്ടിരിന്നു. കരുത്തരായ പടിഞ്ഞാറന്‍ ചിമ്പാന്‍സികള്‍ അതിര്‍ത്തി കിഴക്കോട്ട് തള്ളിനീക്കുന്നതില്‍ വിജയിക്കുകയാണെന്നും സാന്‍ഡല്‍ പറയുന്നു.
ആദ്യത്തെ ആക്രമണങ്ങള്‍
2018-ല്‍ 'എറോള്‍' എന്ന് ഗവേഷകര്‍ പേരിട്ട ചെറുപ്പക്കാരനായ ആണ്‍ ചിമ്പാന്‍സിക്ക് നേരെയാണ് ആദ്യത്തെ മാരക ആക്രമണം ഉണ്ടായത്. എന്‍ഗോഗോ പ്രദേശത്തിന്റെ മധ്യഭാഗത്തുള്ള ഒരു അത്തിമരത്തില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അഞ്ച് പടിഞ്ഞാറന്‍ ആണ്‍ ചിമ്പാന്‍സികള്‍ ചേര്‍ന്നാണ് അവനെ ആക്രമിച്ചത്. 2012-ല്‍ സാന്‍ഡല്‍ ഈ പ്രോജക്റ്റില്‍ ചേരുമ്പോള്‍ എറോളിന് 10 വയസ്സായിരുന്നു. സാന്‍ഡലിന്റെ ഗവേഷണ പ്രബന്ധത്തിലെ പ്രധാന വിഷയവും അവനായിരുന്നു.
2019-ലായിരുന്നു രണ്ടാമത്തെ കൊലപാതകം. സാന്‍ഡലും മറ്റ് ഗവേഷകരും ഒരു വലിയ മരത്തിലിരുന്ന് ചിമ്പാന്‍സികള്‍ ഭക്ഷണം കഴിക്കുന്നത് നിരീക്ഷിക്കുകയായിരുന്നു. പെട്ടെന്ന് അവിടേക്ക് പടിഞ്ഞാറന്‍ ചിമ്പാന്‍സികളുടെ ഒരു സംഘം ഇരച്ചുകയറി. അവര്‍ ആക്രമണം അഴിച്ചുവിട്ടു. പടിഞ്ഞാറന്‍ ചിമ്പാന്‍സികള്‍ മരത്തിലേക്ക് കയറിയതോടെ മധ്യവിഭാഗം ചിമ്പാന്‍സികള്‍ ചിതറിയോടി. മൂന്ന് മുതിര്‍ന്ന ആണ്‍ ചിമ്പാന്‍സികള്‍ ചേര്‍ന്ന് മധ്യവിഭാഗത്തിലെ ഒരു ചിമ്പാന്‍സിയെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ഗവേഷകര്‍ കണ്ടു. ബാസി എന്ന് ഗവേഷകര്‍ പേരിട്ട 33 വയസ്സുകാരനായിരുന്നു ഇരയെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു.
ബാസിയെ ആക്രമിക്കുമ്പോള്‍, ഒപ്പമുണ്ടായിരുന്ന അരീത്ത എന്നറിയപ്പെടുന്ന പെണ്‍ ചിമ്പാന്‍സി അവനെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവളെ പടിഞ്ഞാറന്‍ സംഘം ഓടിച്ചുവിട്ടു. ആക്രമണം അവസാനിപ്പിച്ചപ്പോള്‍ ബാസി അവശനായി. ബാസിയുമായി വര്‍ഷങ്ങളായി അടുത്ത സൗഹൃദമുണ്ടായിരുന്ന ബി.എഫ് എന്ന് ഗവേഷകര്‍ പേരിട്ട 50 വയസ്സിന് മുകളില്‍ പ്രായമുള്ള ആണ്‍ ചിമ്പാന്‍സി ബാസിയെ തിരികെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ പിറ്റേദിവസം അവന്‍ മരണപ്പെട്ടു.
പഠനമനുസരിച്ച്, ഇതുവരെ മധ്യവിഭാഗത്തിലെ 7 മുതിര്‍ന്ന ചിമ്പാന്‍സികളും 17 കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു. കാണാതായ 14 ചിമ്പാന്‍സികളും സമാനമായ മാരകമായ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടാകാമെന്ന് ഗവേഷകര്‍ കരുതുന്നു.
'ചിമ്പാന്‍സികള്‍ പരസ്പരം കൊല്ലുന്നത് കാണുന്നത് സങ്കടകരമാണ്, പ്രത്യേകിച്ച് നന്നായി അറിയാവുന്ന ചിമ്പാന്‍സികള്‍ കൊല്ലപ്പെടുന്നത് കാണുമ്പോള്‍. ചിലപ്പോഴൊക്കെ എനിക്ക് ഒരു ഞാനൊരു യുദ്ധ റിപ്പോര്‍ട്ടര്‍ ആണെന്ന് തോന്നാറുണ്ട്'-സാന്‍ഡല്‍ അഭിമുഖത്തില്‍ പറഞ്ഞു. അക്രമങ്ങളെക്കുറിച്ചാണ് പഠിക്കുന്നതെങ്കിലും, സഹാനുഭൂതി, വീരകൃത്യങ്ങള്‍, സൗഹൃദം തുടങ്ങിയ മറ്റ് ചിമ്പാന്‍സി വികാരങ്ങളെക്കുറിച്ച് പഠിക്കാനും അവസരം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധത്തെക്കുറിച്ച് ചിമ്പാന്‍സികള്‍ നമ്മോട് പറയുന്നത്
പ്രശസ്ത ആള്‍ക്കുരങ്ങ് വിദഗ്ധന്‍ ജെയ്ന്‍ ഗുഡാല്‍ (Jane Goodall) ആണ് 1970-കളില്‍ ടാന്‍സാനിയയിലെ ഗോംബെ നാഷണല്‍ പാര്‍ക്കില്‍ ആദ്യമായി ഒരു ചിമ്പാന്‍സി 'ആഭ്യന്തരയുദ്ധം' കണ്ടെത്തിയത്. ഒരുമിച്ച് വളര്‍ന്ന ചിമ്പാന്‍സികള്‍ പെട്ടെന്ന് പിരിഞ്ഞ് പരസ്പരം കൊല്ലാന്‍ തുടങ്ങിയ ആ കാലഘട്ടത്തെ ഗുഡാലും സഹപ്രവര്‍ത്തകരും 'നാല് വര്‍ഷത്തെ യുദ്ധം' (Four Year War) എന്നാണ് വിശേഷിപ്പിച്ചത്.
എന്‍ഗോഗോയിലെ ചിമ്പാന്‍സികളുടെ യുദ്ധത്തെ ഇതുമായി താരതമ്യപ്പെടുത്തിയാണ് സാന്‍ഡലും സംഘവും പഠിച്ചത്. ഗോംബെയിലുള്ളത് പോലെ ഇവിടെയും ചിമ്പാന്‍സികളുടെ ആധിപത്യ ശ്രേണിയില്‍ വന്ന മാറ്റമാണ് യുദ്ധത്തിലേക്ക് എത്തിച്ചതെന്നാണ് സാന്‍ഡല്‍ പറയുന്നത്. 2014-ല്‍ അജ്ഞാത കാരണങ്ങളാല്‍ നിരവധി ചിമ്പാന്‍സികള്‍ ചത്തതും, 2015-ല്‍ നേതൃനിരയിലുള്ള ആല്‍ഫ മെയില്‍ മാറിയതും, 2017-ല്‍ ഉണ്ടായ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധിയുമാണ് സാമൂഹിക ബന്ധങ്ങള്‍ ദുര്‍ബലമാകാനും സംഘം പിളരാനും കാരണമായതെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്.
ചിമ്പാന്‍സി ആഭ്യന്തര യുദ്ധത്തെക്കുറിച്ചുള്ള ഈ പുതിയ വിവരങ്ങള്‍, വ്യക്തിബന്ധങ്ങളും മറ്റ് പാരിസ്ഥിതിക ഘടകങ്ങളും മനുഷ്യര്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ക്ക് എങ്ങനെ കാരണമാകുന്നു എന്നതിനെക്കുറിച്ചുള്ള നമ്മുടെ ധാരണ വര്‍ദ്ധിപ്പിന്നതാണെന്ന് ഗവേഷകര്‍ കരുതുന്നു. മനുഷ്യയുദ്ധങ്ങള്‍ക്ക് കാരണമാകുന്ന മതം, വംശീയത തുടങ്ങിയ സാംസ്‌കാരിക അടയാളങ്ങള്‍ ചിമ്പാന്‍സികള്‍ക്കില്ലാത്തതിനാല്‍, നമ്മുടെ സ്വന്തം വര്‍ഗ്ഗത്തെക്കുറിച്ചും മനുഷ്യ യുദ്ധങ്ങളില്‍ ബന്ധങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ചും കൂടുതല്‍ പഠിക്കാന്‍ ഈ നിരീക്ഷണങ്ങള്‍ ഗുണകരമാകുമെന്ന് സാന്‍ഡല്‍ പറയുന്നു.
ഈ യുദ്ധം എങ്ങനെ അവസാനിക്കും?
ഈ യുദ്ധം എങ്ങനെ അവസാനിക്കും? രണ്ട് സാധ്യതകളാണ് സാന്‍ഡല്‍ മുന്നോട്ടുവെക്കുന്നത്. ഒന്ന്, പടിഞ്ഞാറന്‍ ഗ്രൂപ്പിനെ പ്രതിരോധിക്കാന്‍ കഴിയുന്ന വിധത്തില്‍ മധ്യവിഭാഗം സംഘടിക്കുകയും ആക്രമണങ്ങളുടെ എണ്ണം കുറയുകയും ചെയ്യുക. രണ്ട്, ഗോംബെയില്‍ ജെയ്ന്‍ ഗുഡാല്‍ നിരീക്ഷിച്ചത പോലെ, ശക്തരായ ഗ്രൂപ്പ് ദുര്‍ബലരായ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും കൊന്നൊടുക്കുക.
'മൂന്നാമതൊരു സാധ്യത കൂടിയുണ്ട്, എന്നാല്‍ അത് സംഭവിക്കാന്‍ തീരെ സാധ്യതയില്ല; ഗ്രൂപ്പുകള്‍ തമ്മിലുള്ള പുനഃസമാഗമം ആണത്,' സാന്‍ഡല്‍ പറയുന്നു. 'ചിമ്പാന്‍സികളുടെ പെരുമാറ്റത്തെക്കുറിച്ച് അറിയാവുന്ന കാര്യങ്ങള്‍ വെച്ച് നോക്കിയാല്‍ അത് സാധ്യമാകുമെന്ന് തോന്നുന്നില്ല. എങ്കിലും അത്ഭുതപ്പെടാതിരിക്കാന്‍ കഴിയാത്തവിധം അസാധാരണത്വമുണ്ട് ചിമ്പാന്‍സികള്‍ക്ക്...'


