ബാലന്‍ തളിയില്‍ എഴുതുന്ന ബോംബെ അധോലോകത്തെ കുറിച്ചുള്ള കോളം. ഇത്തവണ ദിലീപ് ബുവയുടെ ജീവിതവും മരണവും. അടുത്ത ആഴ്ച ബാബു ഗോപാല്‍ റഷിം | Underworld| Mumbai Under World | Column |  Dileep Buwa |  

ബുവയും ഡോളസും സ്വന്തമായൊരു ഗ്യാങ് തുടങ്ങാനുള്ള പദ്ധതിയിലായിരുന്നു പിന്നീട്. ബോംബെയിലെ അധോലോകരാജാക്കന്‍മാരായി വാഴുന്നത് അവര്‍ സ്വപ്നം കണ്ടുനടന്നു. എന്നാല്‍ ചോട്ടാ രാജന്‍ വന്‍ പ്രലോഭനത്തില്‍ വീഴ്ത്തി ഇരുവരെയും കൂടെ നിര്‍ത്തി. അത് ദാവൂദിന് വേണ്ടി പ്രവര്‍ത്തിക്കാനായിരുന്നു.

ബോംബെ അധോലോകത്തെ ഏറ്റവും മികച്ച ഷൂട്ടര്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ദിലീപ് ബുവ. ഫിറോസ് കൊങ്കിണി, ബ്രിജേഷ് സിംഗ്, ബാച്ചി പാണ്ഡേ, സുഭാഷ് സിംഗ് താക്കൂര്‍, വിക്കി മല്‍ഹോത്ര, ജാന്‍ ഉസ്മാന്‍ ഖാന്‍, രാംദാസ്, ഡേവിഡ് പരദേശി, സുനില്‍ സാവന്ത്, വിജയ് പ്രധാന്‍ എന്നിങ്ങനെ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ വേറെയുമുണ്ടെങ്കിലും ബുവയെ വെല്ലില്ല മറ്റാരും.

ദിലീപ് കോഹിക് ബുവ എന്നാണ് മുഴുവന്‍ പേര്. ബുവയുടെ ഷൂട്ടിങ് മികവ് അപാരമായിരുന്നു. കണ്ണടച്ച് കാഞ്ചിവലിച്ചാലും ഉന്നം തെറ്റാത്ത ഷൂട്ടര്‍. അതുപോലെ മറ്റൊരാള്‍ അക്കാലത്ത് ബോംബെ അധോലോകത്ത് അപൂര്‍വ്വമായിരുന്നു. അതിനാല്‍ ബുവയെ സ്വന്തമാക്കാന്‍ പല ഗ്രൂപ്പുകളും മത്സരിച്ചുകൊണ്ടിരുന്നു.

ബുവയുടെ ഉറ്റ കൂട്ടുകാരന്‍ മായ ഡോളസ് കോപാകുലനായ ചെറുപ്പക്കാരനായിരുന്നു. ഹിന്ദിയിലും മറാഠിയിലും അവന്‍ എതിരാളികളെ കൂസലില്ലാതെ പുലഭ്യം പറയുമായിരുന്നു. വാക്കും തോക്കും കൊണ്ട് വ്യത്യസ്ത രീതിയില്‍ എതിരാളികളെ ആക്രമിക്കുന്ന രണ്ട് കുറ്റവാളികള്‍ ഒന്നിച്ച് ചേരുമ്പോളുള്ള പൊല്ലാപ്പ് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.

അധോലോകത്തേക്കുള്ള വഴി

1966- ല്‍ കഞ്ചൂര്‍മാര്‍ഗ്ഗിലെ ഒരു പാവപ്പെട്ട കുടുംബത്തിലെ നാലുപേരില്‍ രണ്ടാമനായിട്ടായിരുന്നു ദിലീപ് ജനിക്കുന്നത്. ചൂതുകളിയും കള്ളവാറ്റും കൂട്ടത്തല്ലും നടക്കുന്ന തെരുവില്‍ അതെല്ലാം കണ്ടുകൊണ്ട് അവന്‍ വളര്‍ന്നു. അത്തരം ചുറ്റുപാടുകള്‍ ഒരാളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും എന്ന് നാം നേരത്തെ വായിച്ച അനേകരില്‍ നിന്നും മനസ്സിലാക്കിയതാണല്ലോ.

കുട്ടിക്കാലത്തെ ദിലീപ് പിടിച്ചുപറിയും കളവും അടിപിടിയും തുടങ്ങി. ധൈര്യവും ധിക്കാരവും നാള്‍ക്കുനാള്‍ കുപ്രസിദ്ധി നേടിയതോടെ, ചോരത്തിളപ്പുള്ള ആ യുവത്വത്തെ അധോലോകം കൊണ്ടുപോയി. അനധികൃത തെരുവുവാഴ്ച നടത്തിയിരുന്ന ഡോണ്‍ അശോക് ജോഷിയോടൊപ്പമായിരുന്നു ബുവയും കൂട്ടുകാരന്‍ മായ ഡോളസും. പിന്നീടാണ്് അരുണ്‍ ഗാവ്ലിയുടെയും റമ നായ്ക്കിന്റെയും ഗ്രൂപ്പിലെ അംഗമായി അവര്‍ മാറിയത്.

അരുണ്‍ ഗാവ്‌ലിയുടെ സംഘത്തില്‍

പുതിയ സാധ്യതകള്‍ കണ്ടറിഞ്ഞ ബുവയും കൂട്ടുകാരന്‍ മായ ഡോളസും കഞ്ചൂര്‍മാര്‍ഗ്ഗില്‍ നിന്ന് സയണ്‍ ആശുപത്രിക്ക് സമീപത്തുള്ള തിരക്കിലേക്ക് താമസം മാറ്റി. ഇരുവര്‍ക്കും അന്ന് പ്രായം ഇരുപതു കഴിഞ്ഞിട്ടേയുള്ളൂ. അവിടെ നിന്നാണ് കിരണ്‍ ബാല്‍വാല്‍ക്കര്‍ എന്ന കൂട്ടുകാരന്റെ സഹായത്തോടെ അരുണ്‍ ഗാവ്ലി, റമ നായിക്ക്, ബാബു റഷിം എന്നിവരുടെ BRA ഗ്യാങില്‍ ഇരുവരും എത്തിപ്പെടുന്നത്. താമസിയാതെ ബുവ, റമ നായിക്കിന്റെ അംഗരക്ഷകനായി. പേടിപ്പെടുത്തുന്ന ശരീരഘടനയും ഉന്നം തെറ്റാത്ത വെടിവെപ്പുകാരന്‍ എന്ന യോഗ്യതയും അതിന് കാരണമായി.

ഇക്കാലത്താണ് ശരത് ഷെട്ടി റമ നായിക്കിനെ പോലീസിന് ഒറ്റിക്കൊടുക്കുന്നതും ഏറ്റുമുട്ടലില്‍ അയാള്‍ കൊല്ലപ്പെടുന്നതും. ഇതേകാലത്തു തന്നെയാണ് ദാദറില്‍ അരങ്ങുവാഴുന്ന അമര്‍ നായിക്കും ബൈക്കുളയിലെ അരുണ്‍ ഗാവ്ലിയും തമ്മില്‍ പൊരിഞ്ഞ പോരുണ്ടാവുന്നതും.

ബുവയുടെയും ഡോളസിന്റെയും രംഗപ്രവേശം ഗാവ്ലിക്കു കരുത്തു നല്‍കി. ഗാവ്ലി- അമര്‍ നായിക്ക് ഗ്രൂപ്പുകള്‍ക്കിടയില്‍ ഗ്യാങ് വാറുകളും കൊലവിളികളും നിരന്തരം നടന്നു. പരസ്പരം കൊന്നുതിന്നാന്‍ പാകത്തില്‍ വളരുന്ന ശത്രുതയായി അത് മാറി. ഇരുവരെയും സൗഹൃദത്തിലാക്കാന്‍ പല പ്രമുഖരും ശ്രമിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. തന്റെ പൊതുശത്രുവായ മായ ഡോളസിനെ വിട്ടുതരുമെങ്കില്‍ സന്ധിയാവാം എന്ന നിര്‍ദ്ദേശം അമര്‍ നായിക്ക് മുന്നോട്ടു വെച്ചു. അങ്ങനെയെങ്കില്‍ അത് ഡോളസിന്റെ അന്ത്യം കുറിക്കലാണെന്ന് ഗാവ്ലിക്കറിയാം. അയാള്‍ ആ നിര്‍ദ്ദേശത്തിന് വഴങ്ങിയില്ല.

കഞ്ചൂര്‍ മാര്‍ഗ്ഗിലാവട്ടെ ബുവയുടെ കുടുംബം മകന്‍ കാരണം കടുത്ത അധിക്ഷേപത്തിനും ഒറ്റപ്പെടലിനും വിധേയരായിക്കൊണ്ടിരുന്നു. പൊറുതികേട് സഹിക്കാന്‍ പറ്റാതെ അവര്‍ കുടുംബസമേതം ചെമ്പൂര്‍, തിലക് നഗറിലേക്ക് താമസം മാറ്റി. 1988 -ലാണ് കഞ്ചൂര്‍മാര്‍ഗ്ഗില്‍വെച്ച് അശോക് ജോഷി കൊല്ലപ്പെടുന്നത്. അതിന് കാരണക്കാരായ ഡി- കമ്പനിയിലെ പല പ്രമുഖരും താമസംവിനാ ദുബായിലേക്ക് കടന്നു കളഞ്ഞിരുന്നു.

ചോട്ടാ രാജന്‍ വഴി ഡി കമ്പനിയിലേക്ക്

ബുവയും ഡോളസും സ്വന്തമായൊരു ഗ്യാങ് തുടങ്ങാനുള്ള പദ്ധതിയിലായിരുന്നു പിന്നീട്. ബോംബെയിലെ അധോലോകരാജാക്കന്‍മാരായി വാഴുന്നത് അവര്‍ സ്വപ്നം കണ്ടുനടന്നു. എന്നാല്‍ ചോട്ടാ രാജന്‍ വന്‍ പ്രലോഭനത്തില്‍ വീഴ്ത്തി ഇരുവരെയും കൂടെ നിര്‍ത്തി. അത് ദാവൂദിന് വേണ്ടി പ്രവര്‍ത്തിക്കാനായിരുന്നു.

സ്ഥിരമായി ഒരിടത്തും തങ്ങാത്തവനായിരുന്നു ബുവ. എങ്കിലും ഇടയ്‌ക്കൊക്കെ തിലക്‌നഗറിലെ കുടുംബത്തില്‍ അവന്‍ താമസിക്കാന്‍ ചെന്നു. ഗ്രൂപ്പില്‍നിന്നും വിളിക്കുമ്പോള്‍ കൂടെ ചേര്‍ന്നു. നിത്യവൃത്തിക്കു വേണ്ടി കൊച്ചുകൊച്ചു കുറ്റകൃത്യങ്ങളായിരുന്നു അവന്‍ കണ്ടെത്തിയ മാര്‍ഗ്ഗം.

തിലക് നഗറില്‍ യശ്വന്ത് യാദവ് എന്നയാളായിരുന്നു കേബിള്‍ ഓപ്പറേറ്റിങ് നടത്തിക്കൊണ്ടിരുന്നത്. യാദവ് പലപ്പോഴും ചോട്ടാ രാജന് ഹഫ്ത നല്‍കുന്നതില്‍ വിമുഖത കാണിച്ചു കൊണ്ടിരുന്നു. എന്നാല്‍ ബുവയെ വിട്ട് രാജന്‍ അതിന് പരിഹാരമുണ്ടാക്കി. യാദവിന്റെ കഴുത്തിനു നേരെ കൈത്തോക്ക് നീട്ടി ബുവ അത് എളുപ്പമാക്കി. ആവര്‍ത്തിച്ചാല്‍ കൊന്നുകളയുമെന്ന് ബുവ യാദവിന് താക്കീത് നല്‍കി.

ഇക്കാലത്താണ് തിലക് നഗര്‍ റയില്‍വെ സ്‌റ്റേഷന്റെ പണി നടക്കുന്നത്. കുര്‍ള ടെര്‍മിനലില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് പിടിച്ചുപറിക്കാരായ ടാക്‌സിക്കാരുടെ വലയില്‍ വീഴാതെ സബര്‍ബന്‍ ട്രെയിനില്‍ യാത്ര ചെയ്യാനുള്ള സൗകര്യമായി അതിനെ മാറ്റാമെന്ന ധാരണയാവാം റയില്‍വെയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കത്തിനു കാരണം. നിത്യേന വഞ്ചിക്കപ്പെടുന്ന യാത്രക്കാരുടെ പരാതികള്‍ക്ക് അതുവഴി പരിഹാരമാകുകയും ചെയ്യും.

സ്റ്റേഷന്‍ നിര്‍മ്മാണത്തിനാവശ്യമായ കരിങ്കല്ല് പന്‍വേലില്‍ നിന്നും കൊണ്ടുവരാനുള്ള പെര്‍മിറ്റ് റാം സേട്ട് സിംഗ് താക്കൂര്‍ എന്ന കോണ്‍ട്രാക്ടര്‍ക്കു നല്‍കിയിരുന്നു. പന്‍വേലിലെ മുന്‍ എം.എല്‍.എ ആയിരുന്ന താക്കൂറിന് ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും വലിയ സ്വാധീനമുണ്ട്.

സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി പന്‍വേലില്‍ നിന്നും കരിങ്കല്ല് കയറ്റിയ നൂറുക്കണക്കിന് ലോഡുകള്‍ വന്നുകൊണ്ടിരുന്നു. എന്നാല്‍ വഴിക്കുവെച്ചു ഓരോ ട്രക്കുകളും തടഞ്ഞുവെച്ച് ബുവ അവരോട് പണം ആവശ്യപ്പെട്ടു തുടങ്ങി. ട്രക്കുകാര്‍ക്ക് ബുവയെ വഴങ്ങാതെ നിര്‍വ്വാഹമില്ലായിരുന്നു. തങ്ങള്‍ അറിയാതെ ബുവ നടത്തികൊണ്ടിരുന്ന ഇത്തരം അക്രമങ്ങളെക്കുറിച്ച് ചോട്ടാ രാജന്‍ ദാവൂദിനെ അറിയിച്ചു.

അശോക് ജോഷിയുടെ കൊല

ആയിടക്കാണ് ചോട്ടരാജനും കൂട്ടരും ചേര്‍ന്ന് ദാവൂദിനുവേണ്ടി അശോക് ജോഷിയെ വെടിവെച്ചു കൊല്ലാന്‍ പദ്ധതി തയ്യാറാക്കുന്നത്. അശോക് ജോഷിയെ നന്നായി അറിയാവുന്ന ബുവ ആയിരുന്നു ആ ഉദ്യമത്തിലെ പ്രധാനി. പന്‍വേലില്‍ വെച്ച് ബുവയും കൂട്ടുകാരും ജോഷിയെ വധിച്ചു. ജോഷിയുടെ കൊലപാതകം പോലീസിന് തലവേദനയായി. ബുവ അഴിഞ്ഞാടുന്നതില്‍ അവര്‍ അസ്വസ്ഥരായി. തങ്ങളുടെ നേതാവിനെ കൊന്നതില്‍ അമര്‍ഷം കൊണ്ട ജോഷിയുടെ ഗ്രൂപ്പും ഡോളസിനെ വകവരുത്താനുള്ള പദ്ധതിയിട്ടു. വിവരം ചോര്‍ന്നുകിട്ടിയപ്പോള്‍ ചെറുത്തുനില്‍ക്കാന്‍ ബുവയും കൂട്ടുകാരും ഒരുങ്ങി.

പോലീസ് തിരയുകയാണെന്ന് അറിഞ്ഞിട്ടും ജോഷിയുടെ ഗ്രൂപ്പിനെ പാടെ നശിപ്പിക്കാതെ അടങ്ങിയിരിക്കില്ലെന്നു ഡോളസ് ആണയിട്ടു. ജോഷിയുടെ ഗ്രൂപ്പില്‍നിന്ന് തന്നെ പുറത്താക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ച പലരേയും ഡോളസ് ഓര്‍ത്തുവെച്ചു. ആ പക മനസ്സില്‍ കൊണ്ടു നടന്ന ഡോളസ് അക്രമണത്തിനുള്ള പദ്ധതി ധൃതഗതിയിലാക്കി.

ഭാണ്ഡൂപ്പില്‍ ഗണപതി മഹോത്സവം നടക്കുന്ന സമയം. ജോഷിയുടെ അനുയായികളില്‍ പലരും അവിടെ എത്തും. ആള്‍ക്കൂട്ടം പ്രാര്‍ത്ഥനയിലും ബഹളത്തിലും മുഴുകുന്ന നേരത്ത് ജോഷി ഗ്രൂപ്പിലെ ഒരാളെയും ബാക്കിവെക്കാതെ വകവരുത്താന്‍ അവര്‍് പദ്ധതിയിട്ടു. അങ്ങനെ ബുവയും ഡോളസും കൂട്ടുകാരും തോക്കുമായി എത്തി. അവര്‍ ഉത്സവപ്പന്തലിലേക്ക് കയറി. ആള്‍ക്കൂട്ടത്തിനിടയില്‍ ശത്രുക്കളുണ്ടായിരുന്നു. അവര്‍ തുരുതുരാ വെടിയുതിര്‍ക്കാന്‍ തുടങ്ങി. അഞ്ചോളം പേര്‍ പിടഞ്ഞുവീണു. മരിച്ചവരും പരിക്കേറ്റരുമൊന്നും ജോഷിയുടെ ആള്‍ക്കാര്‍ ആയിരുന്നില്ല. ഉല്‍സവത്തിന് എത്തിയ ഭക്തരായിരുന്നു.

പോലീസ് നഗരം അരിച്ചുപെറുക്കി. ബോംബെ പോലുള്ള ഒരു മഹാനഗരത്തില്‍ ഒരാളെ പിടികൂടുക അത്ര എളുപ്പമല്ല. പ്രതികള്‍ക്കാവട്ടെ ഒളിഞ്ഞിരിക്കാന്‍ എളുപ്പവും. ഏത് നിമിഷവും പിടിക്കപ്പെടുമെന്ന് ബുവയും കൂട്ടരും മനസ്സിലാക്കി. അങ്ങനെ വന്നാല്‍ പുറത്തു കടക്കാന്‍ പ്രയാസമാകും.

ചോട്ടാ രാജന്‍ കൊണ്ടു നടക്കുന്ന ഇരുവരുടെയും നടപടി ദാവൂദിന് വലിയ തലവേദനയായി മാറിക്കൊണ്ടിരുന്നു. ദുബായില്‍നിന്നും ദാവൂദ് അവസാനത്തെ പണി തുടങ്ങി. അന്ധേരി, ലോഖണ്ട് വാല കോംപ്ലക്‌സിലെ തന്റെ ഫ്‌ളാറ്റില്‍ ബുവയും ഡോളസും ഒളിവില്‍ കഴിയുന്ന വിവരം പോലീസിന് കൈമാറാന്‍ ദാവൂദ് ഒരുങ്ങി.

ലോഖണ്ഡ് വാല വെടിവെപ്പ്

1991 നവംബര്‍ പതിനാറിന്, സമ്പന്നര്‍ താമസിക്കുന്ന ലോഖണ്ഡ് വാലയില്‍, ശിവസേന നേതാവ് ഗോപാല്‍ രാജ്വാനിയുടെ ഫ്ലാറ്റില്‍ ദിലീപ് ബുവയും ഡോളസും മറ്റു കൂട്ടുകാരും തങ്ങുന്നതായി പോലീസ് സൂപ്രണ്ട് അഫ്താബ് അഹ്മദ് ഖാന് വിവരം കിട്ടി. അവര്‍ വലിയ സന്നഹത്തോടെ പുറപ്പെട്ടു. ഓഫീസര്‍മാരായ എംഎ ക്വാവി, പ്രമോദ് റാണ, അമ്പഡാസ് പോത്തെ, ജുന്‍ജുറാവ് ഘാറല്‍, സുനില്‍ ദേശ്പാണ്ഡേ, ജാഗ്ദാലെ, ഇഖ്ബാല്‍ ഷെയ്ഖ്, രാജാ മാന്‍ഡ്‌ഗേ, കൂടാതെ എഴോളം പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ വേറെയും.

ലോഖണ്ട് വാല സ്വാമി സമര്‍ത്ഥ് റോഡിലെ അപ്ന ഘര്‍ കോംപ്ലെക്‌സ് നാല് കെട്ടിടങ്ങള്‍ ചേര്‍ന്നതാണ്. സംഘാഗങ്ങള്‍ പലവഴിയിലൂടെ രഹസ്യമായി അവിടെയുള്ള സ്വാതി ബില്‍ഡിങ്ങിന് മുന്നില്‍ എത്തി. പുറത്ത് ബുവയുടെ മാരുതി കാര്‍ കണ്ടതോടെ അയാള്‍ അവിടെ ഉണ്ടെന്ന് അവരുറപ്പിച്ചു. പുറത്തുനിന്നു മറ്റാര്‍ക്കും പ്രവേശിക്കാന്‍ കഴിയാത്ത വിധം അവര്‍ ഗേറ്റ് പൂട്ടി.

ഫളാറ്റിലെ അഞ്ചാം നമ്പര്‍ മുറിയില്‍ അമിതാഭിന്റെ അഖേല എന്ന സിനിമയുടെ ഡയലോഗ് കേട്ടതോടെ അകത്ത് ആളുണ്ടെന്നു ബോധ്യപ്പെട്ടു. മുറി വളഞ്ഞ് ഇരുവര്‍ക്കും കീഴടങ്ങാന്‍ താക്കീത് നല്‍കിയെങ്കിലും ആ കൊടുംക്രിമിനലുകള്‍ അതൊന്നും കൂട്ടാക്കിയില്ല. ഡോളസ് ടെറസില്‍ കയറിനിന്ന് പോലീസുകാരെ തെറിയഭിഷേകം നടത്തിക്കൊണ്ടിരുന്നു. ബുവ നിരന്തരം വെടിവെപ്പ് തുടര്‍ന്നു. വിവരമറിഞ്ഞ് സഹായത്തിനായി നഗരത്തിലെ മറ്റ് സ്റ്റേഷനില്‍ നിന്നും പോലീസുകാരെത്തി. അമ്പതോളം വരുന്ന സംഘം ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ വെടിവെപ്പില്‍ ഇരുവരും കൊല്ലപ്പെട്ടു. അതോടെ ബോംബെ അധോലോകത്ത് നിന്നും രണ്ട് ചെകുത്താന്മാര്‍ അപ്രത്യക്ഷരായി.

വാര്‍ത്താ ചാനലുകള്‍ ഈ ഏറ്റുമുട്ടല്‍ തല്‍സമയം സംപ്രേഷണം നടത്തി. യുദ്ധസമാനമായി നീണ്ടുനിന്ന ആ വെടിവെപ്പ് നാല് മണിക്കൂറോളം തത്സമയം കണ്ടുനിന്ന ബോംബെ ജനത ടെലിവിഷനു മുന്‍പില്‍ വിറങ്ങലിച്ചിരുന്നുപോയി. 1991 നവംബര്‍ 16 നായിരുന്നു ഈ ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെടുമ്പോള്‍ ബുവയ്ക്ക് കേവലം ഇരുപത്തിയഞ്ചു വയസ്സായിരുന്നു പ്രായം. ഡോളസിനും ഏതാണ്ട് അത്രതന്നെ.

തനിക്ക് തലവേദനയായി മാറിയ ഡോളസിനെ നശിപ്പിക്കാതെ തരമില്ലായിരുന്നു ദാവൂദിന്. അഫ്താബ് അഹമദ് ഖാന് പാരിതോഷികം നല്‍കിയാണ് ആ ഏറ്റുമുട്ടല്‍ നടന്നതെന്ന് അന്ന് ആരോപണങ്ങളുണ്ടായിരുന്നു.

ഷൂട്ട് ഔട്ട് അറ്റ് ലോഖണ്ഡ് വാല

ദിലീപ് ബുവയുടെയും മഹേന്ദ്ര മായ ഡോളസിന്റെയും ജീവിതമാണ്' ഷൂട്ട് ഔട്ട് അറ്റ് ലോഖണ്ഡ് വാല' എന്ന സിനിമ. 2007 -ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തില്‍ വിവേക് ഒബ്റോയി ആയിരുന്നു ഡോളസ് ആയി വേഷമിട്ടത്. സിനിമ പുറത്തിറങ്ങിയപ്പോള്‍, വിവാദങ്ങളും പിറന്നു. പറയുന്നത് പോലെ, തന്റെ മകന്‍ ഒന്‍പതാം വയസ്സില്‍ അധോലോകത്ത് എത്തിയില്ല എന്നും അവന്‍ ക്രൂരനല്ലായിരുന്നുവെന്നും കാണിച്ച് ഡോളസിന്റെ അമ്മ കോടതിയെ സമീപിച്ചു. സിനിമയുടെ പ്രദര്‍ശനം തടയണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍, കോടതി ആ ആവശ്യം തള്ളിക്കളഞ്ഞു.

………………………………..

(ബാലന്‍ തളിയില്‍: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര സ്വദേശി. പതിനെട്ടാം വയസ്സില്‍ വീട്ടില്‍നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്‍ 1988 വരെയും 1997 മുതല്‍ 2004 വരെയും ബോംബയില്‍ ജീവിച്ചു. ഇതിനിടയില്‍ 18 വര്‍ഷം ദുബായില്‍. ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസം. ഒരു നോവല്‍ അടക്കം അഞ്ചു പുസ്തകങ്ങള്‍ എഴുതി. തെരുവില്‍ നിന്നൊരാള്‍, ബോംബെ: സ്വപ്നങ്ങള്‍