Asianet News MalayalamAsianet News Malayalam

ഭാഷാ പഠനം: മനസും തലച്ചോറും ഒരു ശാസ്ത്രീയ പഠനം

മനസും തലച്ചോറുമായി മനുഷ്യന്‍റെ ഭാഷയുമായി എങ്ങനെയൊക്കെ ബന്ധപ്പെട്ട് കിടക്കുന്നുവെന്ന അന്വേഷണമാണ് ഈ ആഴ്ച

article on malayalam language study and research fourth part by arun ashokan bkg
Author
First Published Mar 3, 2023, 11:19 AM IST


നുഷ്യരുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ചില രഹസ്യങ്ങൾ മനസ്സിലാക്കുന്നതിൽ പ്രശ്നമായി നിൽക്കുന്നത് മനസ്സ് ആണെന്ന് കണ്ടുകഴിഞ്ഞു. ഇതിൽ എന്താണ് ഇത്ര പ്രശ്നം? മനസ്സെന്നാൽ തലച്ചോറല്ലെ? എന്ന് വളരെ എളുപ്പത്തിൽ ചിന്തിക്കാവുന്നതാണ്. എന്നാൽ ഈ ചിന്തയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. എന്തൊക്കെയാണ്  ഈ പ്രശ്നങ്ങൾ എന്നാണ് ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത്. 

മനസ്സെന്നാൽ തലച്ചോറാണോ ? 

ഒരു കല്ല് മറ്റൊരു കല്ലിൽ ചെന്നിടിച്ചാൽ, രണ്ടാമത്തെ കല്ല് എങ്ങനെ പ്രതികരിക്കുമെന്ന് ശാസ്ത്രത്തിന് പറയാൻ കഴിയും. പക്ഷേ, ഒരാളിന്‍റെ കൈയിലിരിക്കുന്ന കല്ല് മറ്റൊരാളിന്‍റെ കൈയിലിരിക്കുന്ന കല്ലിൽ ഇടിക്കുമ്പോൾ  പിന്നെ ഉണ്ടാകുന്നത് എന്തെന്ന് പ്രവചിക്കാൻ കഴിയുമോ? പ്രവചിക്കുന്നത് പ്രയാസമാണ്. കല്ലുകൾ വെറും ശരീരങ്ങളിലായിരുന്നുവെങ്കിൽ  പ്രവചിക്കാം. പക്ഷേ, ശരീരത്തിനുള്ളിൽ മറ്റൊരു സാധനം പ്രവർത്തിക്കുന്നുണ്ട്. അത് മനസ്സാണ്. കല്ലും ശരീരവും ഒക്കെ ഉണ്ടാക്കിയിരിക്കുന്ന അതേ വസ്തുക്കൾ കൊണ്ടാണ് മനസ്സും ഉണ്ടാക്കിയതെങ്കിൽ  പ്രവചിക്കാൻ കഴിയേണ്ടതല്ലേ? ശരീരം നിർമ്മിച്ചിരിക്കുന്ന തരം വസ്തുക്കൾ കൊണ്ടല്ല, മറ്റൊരു തരം വസ്തുക്കൾ കൊണ്ടാണ് മനസ്സ് നിർമ്മിച്ചിരിക്കുന്നതെന്നായിരുന്നു ദെക്കാർത്ത് ഇതിന് നൽകിയ ഉത്തരം. ഈ പ്രത്യേകതരത്തിലുള്ള 'ചിന്തിക്കുന്ന വസ്തുക്കൾ' കൊജിറ്റോൺ എന്ന പേരിൽ അറിയപ്പെട്ടു. അങ്ങനെയെങ്കിൽ ഈ വസ്തുക്കൾ എങ്ങനെയാണ് ശരീരത്തെ പ്രവർത്തനക്ഷമമാക്കുന്നത്. ഇതാണ് തത്വചിന്തയിലെ ഏറ്റവും പ്രശസ്തമായ 'മൈൻഡ് ബോഡി ഡ്യുവാലിറ്റി പ്രോബ്ലം'(). ഒരുകാലം വരെ പ്രബലമായിരുന്ന ശാസ്ത്രത്തിന്‍റെ മെക്കാനിക്കൽ തത്വചിന്ത പ്രകാരം ശരീരം ഒരു സങ്കീർണ മെഷീൻ ആയിരുന്നു. ഈ മെഷീനിന് ഉള്ളിലേക്ക് ഒരു ഗോസ്റ്റിനെ കടത്തിവിടുകയാണ് ദെക്കാർത്ത് ചെയ്തതെന്ന് പിൽക്കാല തത്വചിന്തകർ പറഞ്ഞിട്ടുണ്ട്. 'ഗോസ്റ്റ് ഇൻ മെഷീൻ' (Gost in mechine) എന്നാണ് ഇത് അറിയപ്പെടുന്നത്. തത്വചിന്തകർക്കിടയിലെ മനുഷ്യമനസ്സ് സംബന്ധിച്ച അതിസങ്കീർണ പ്രതിസന്ധിയാണ് ഇത്. ഈ പ്രതിസന്ധിയെ ഐറിഷ് തത്വചിന്തകനായിരുന്ന ജോർജ് ബെർക്ക്ലി രണ്ട് വരിയിൽ ഇങ്ങനെ ഒതുക്കിയിരിക്കുന്നു. 

                'What is mind   : No Matter
                 What is matter : Never Mind'

മനസ്സ് തലച്ചോറിലാണ്. തലച്ചോർ ശരീരം നിർമ്മിച്ചിരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ, അല്ലെങ്കിൽ പ്രപഞ്ചം നിർമ്മിച്ചിരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ കണങ്ങളോ കണികകളോ കൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത്. ശരീരവും തലച്ചോറും ഒരേ വസ്തുക്കൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെങ്കിൽ, ദെക്കാർത്ത് അടക്കമുള്ള തത്വചിന്തകർ ഉയർത്തിയ മൈൻഡ് ബോഡി പ്രോബ്ലം (Mind Body Problem) ഇതിനോടകം ശാസ്ത്രം പരിഹരിച്ചു കഴിഞ്ഞതല്ലേ? ദൗർഭാഗ്യകരമെന്ന് പറയട്ടേ, ഇല്ല.ഇല്ലെന്ന് മാത്രമല്ല, ശാസ്ത്രം തന്നെ മുന്നോട്ടുവയ്ക്കുന്ന തത്വങ്ങളുടെ അടിസ്ഥാനത്തിൽ മറ്റൊരു പ്രശ്നമായി ഇത് ഉയർന്നുവരികയാണ് ചെയ്തത്. ഇതിന്‍റെ പേരാണ് 'മൈൻഡ് ബ്രെയിൻ പ്രോബ്ലം'. 

കംപ്ല്യൂട്ടേഷനും തലച്ചോറും

മനുഷ്യ മനസ്സെന്നാൽ തലച്ചോറാണെന്ന് പറയുന്നതിലെ പ്രശ്നമെന്താണ് എന്ന് നോക്കാം. കംപ്യൂട്ടേഷൻ എന്താണെന്ന് ചോദിക്കുമ്പോൾ, ഒരു ആപ്പിളിന്‍റെ ലാപ്പ്ടോപ്പെടുത്ത് കൈയിൽ തന്നിട്ട്, ഇതാണ് 'കംപ്യൂട്ടേഷൻ' (Computation) എന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ. അങ്ങനെ പറഞ്ഞാൽ കംപ്യൂട്ടേഷൻ എന്ന തിയറി വ്യക്തമായിക്കഴിഞ്ഞോ എന്നതാണ് ചോദ്യം. മനുഷ്യന്‍റെ തലച്ചോറിന് ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന കോടിക്കണക്കിന് ന്യൂറോണുകൾ ചേർന്ന് രൂപപ്പെടുത്തിയെടുക്കുന്നതാണ് മനസ്സ് എന്ന് പറഞ്ഞൊഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിന്‍റെ ശാസ്ത്രീയമായ സിദ്ധാന്തം ലഭിക്കില്ല. (മനുഷ്യ ശരീരം തലച്ചോറിന്‍റെ അടിമയല്ലെന്നും തലച്ചോർ ശരീരത്തിന്‍റെ അടിമയാണെന്നും പറയുന്ന അന്‍റോണിയോ ഡമാസിയോയെ പോലുള്ള ശാസ്ത്രജ്ഞരും ഉണ്ട്). നിങ്ങളുടെ കൈയിൽ ഒരു കംപ്യൂട്ടർ  ഉണ്ടെന്ന് കരുതുക. ആ കംപ്യൂട്ടർ ചെയ്തു തരുന്ന പ്രവർത്തികളാണ് കംപ്യൂട്ടേഷൻ. അത് കംപ്യൂട്ടർ എന്ന ഭൗതികവസതു അല്ല. എളുപ്പത്തിൽ മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ നിങ്ങളുടെ കൈയിൽ തന്ന ആപ്പിളിന്‍റെ കംപ്യൂട്ടർ വെറും ഹാർഡ് വെയർ ആണ്. ഹാർഡ് വെയറിനെ പ്രവർത്തനക്ഷമമാക്കുന്നത് സോഫ്റ്റ് വെയറുകളാണ്.  കംപ്യൂട്ടേഷൻ സാധ്യമാകുന്നത് നടപടിക്രമങ്ങളിലൂടെയാണ്. അതായത് അൽഗോരിതങ്ങളിലൂടെ.

 

article on malayalam language study and research fourth part by arun ashokan bkg
  

ഒന്നാം ഭാഗം :   ഭാഷാ പഠനം; മലയാളത്തിൽ ഇത്ര പഠിക്കാൻ എന്തിരിക്കുന്നു?
 

അൽഗോരിതങ്ങളെന്നാൽ സാധാരണക്കാർക്കൊന്നും മനസ്സിലാകാത്ത ടെക്നിക്കൽ കാര്യങ്ങളാണെന്ന്  കരുതേണ്ടതില്ല. 15 എന്ന സംഖ്യയെയും 12 എന്ന സംഖ്യയെയും കൂട്ടണം എന്ന് കരുതുക. ഇതിന്  ചെറിയ ക്ലാസിൽ തന്നെ നമ്മളെല്ലാം ഒരു നടപടി ക്രമം പഠിച്ചിട്ടുണ്ട്. ആദ്യം ഈ സംഖ്യകളെ രണ്ട് വരികളിലായി എഴുതി, താഴെ ഒരു വരയിടുക. എന്നിട്ട് വലത് വശത്തുള്ള അഞ്ചും രണ്ടും കൂട്ടി താഴെ എഴുതണം. പത്തിൽ കൂടുതലുള്ള സംഖ്യയാണ് കിട്ടുന്നതെങ്കിൽ ശിഷ്ടം മാറ്റിവയ്ക്കണം. അടുത്തതായി  ഇടതുവശത്തുള്ള സംഖ്യകൾ തമ്മിൽ കൂട്ടിഎഴുതണം. ശിഷ്ടം ഉണ്ടെങ്കിൽ അതും കൂടി കൂട്ടുക. അപ്പോൾ കിട്ടുന്ന സംഖ്യയാണല്ലോ ഉത്തരം. രണ്ട് സംഖ്യകൾ തമ്മിൽ കൂട്ടാനുള്ള ഒരു അൽഗോരിതം ആണ് ഇത്. ഇതിനേക്കാൾ നല്ല മറ്റൊരു അൽഗോരിതം ഉണ്ടെങ്കിൽ നമ്മുക്ക് അതും ഉപയോഗിക്കാം. ഇതു തന്നെയാണ് കംപ്യൂട്ടേഷന്‍റെ കാര്യത്തിലും നടക്കുന്നത്.

മനസ്സിന്‍റെ കാര്യത്തിലും, തലച്ചോർ കംപ്യൂട്ടേഷന് സാഹചര്യം ഒരുക്കിക്കൊടുക്കുന്ന ഹാർഡ് വെയറാണ്. മനസ്സിന്‍റെ എന്നല്ല തലച്ചോറിൽ നടക്കുന്ന ഏതൊരു പ്രവർത്തനത്തിന്‍റെയും സിദ്ധാന്തം രൂപീകരിക്കാൻ ഈ പ്രവർത്തന തത്വം കണ്ടെത്തുകയാണ് വേണ്ടത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തലച്ചോറിനെ മനസ്സിലാക്കാൻ, മൂന്ന് തലത്തിലുള്ള ലെവലുകൾ സാധ്യമാകേണ്ടതുണ്ടെന്ന് ഡേവിഡ് മാറെന്ന ശാസ്ത്രജ്ഞൻ പറഞ്ഞത്. ഇത് ട്രൈലെവൽ 'ഹൈപ്പോത്തിസിസ്' (Hypothesis) എന്ന പേരിലാണ് അറിയപ്പെടുന്നത്. തലച്ചോറിനെ ഹാർഡ് വെയർ ലെവലിൽ മനസ്സിലാക്കുന്നത് ഏറ്റവും താഴത്തെ ലെവലാണ്. രണ്ടാമത്തെ ലെവൽ നടപടി ക്രമം എന്ന ലെവലിൽ മനസ്സിലാക്കുകയാണ്. ഇതിന് 'അൽഗോരിതമിക് ലെവൽ' (Algorithmic level) എന്ന് പറയാം. ഈ നടപടിക്രമം കൊണ്ട് എന്ത് തരം കംപ്യൂട്ടേഷനാണ് നടക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞാൽ തലച്ചോറിന്‍റെ ഏറ്റവും ഉയർന്ന തലത്തിലുള്ള സിദ്ധാന്തം കിട്ടും. ഈ ലെവൽ 'കംപ്യൂട്ടേഷൻ ലെവൽ'(Computation level) എന്നാണ് അറിയപ്പെടുന്നത്. ഇത് മനസ്സിലാകാതെ പൊതിക്കാ തേങ്ങ പോലെ  എല്ലാത്തിനും തലച്ചോറും തലച്ചോറിനുള്ളിലെ ന്യൂറോണും ഉണ്ടെന്ന് പറയുന്നത് സിദ്ധാന്തമാകില്ല.

രണ്ടാം ഭാഗം :   ഭാഷാ പഠനം; മലയാളത്തിൽ എന്താണ് ഗവേഷിക്കാൻ ഉള്ളത് ?

തലച്ചോറിനെ കീഴടക്കാന്‍ ശാസ്ത്രം  

അങ്ങനെയെങ്കിൽ തലച്ചോറിന്‍റെ പ്രവർത്തനതത്വം ഇന്ന് ശാസ്ത്രത്തിന് എത്രമാത്രം അറിയാം എന്നാണ് നോക്കേണ്ടത്. തലച്ചോറിന്‍റെ പ്രവർത്തന തത്വം ശാസ്ത്രീയമായി മനസ്സിലാക്കാൻ സഹായിക്കുന്നതായി സ്കാനിംഗ് ടെക്നിക്കുകളാണ് ഇന്നുള്ളത്. പക്ഷേ ഈ സ്കാനിംഗ് ടെക്നിക്കുകൾ പരിമിതമായ വിവരം മാത്രമേ നമുക്ക് നൽകുന്നുള്ളൂ. ഉദാഹരണമായി സംസാരിക്കൽ എന്ന ഒരു പ്രവർത്തി ഒരാൾ ചെയ്യുമ്പോൾ, അയാളുടെ തലച്ചോറിലെ ഏത് ഭാഗത്തേക്കാണ് കൂടുതൽ ഓക്സിജൻ പോകുന്നത് എന്ന് കണ്ടുപിടിക്കാൻ സ്കാനിംഗ് ടെക്നിക്കുകൾ സഹായിക്കും.  അങ്ങനെ സെറിബ്രൽ കോർട്ടെക്സിലെ 'വെന്‍റിക്കസ് ഏര്യ' സംസാരവുമായി ബന്ധപ്പെട്ടതാണെന്ന് ഒരു സിദ്ധാന്തം നമ്മുക്ക് ഉണ്ടാക്കാം. പക്ഷേ ഈ പറയുന്ന വെന്‍റിക്കസ് ഏരിയയിൽ കോടിക്കണക്കിന് ന്യൂറോണുകൾ ഉണ്ട്.  അവയിൽ ഏതെല്ലാം ന്യൂറോണുകൾ എന്താണ് ചെയ്തത് എന്ന് എങ്ങനെ മനസ്സിലാക്കാൻ കഴിയും. അതായത്  ഈ വിവരം ഡേവിഡ് മാർ പറഞ്ഞ ഹാർഡ് വെയർ ലെവലിലുള്ള ഉത്തരം പോലും നൽകുന്നില്ല. അങ്ങനെയെങ്കിൽ ഈ സിദ്ധാന്തം സംസാരത്തെക്കുറിച്ചുള്ള ശാസ്ത്രീയ സിദ്ധാന്തമായി മാറുമോ. തലച്ചോറിലെ വെന്‍റിക്കസ് ഏര്യയിൽ അടികിട്ടിയാൽ സംസാരത്തിന് പ്രശ്നം ഉണ്ടാകാം എന്ന പ്രവചനമാണ് നമുക്ക് ഇതിൽ നിന്ന് നടത്താൻ കഴിയുക (സംസാരത്തെയും വെന്‍റിക്കസ് ഏരിയയും ബന്ധിപ്പിച്ചത് ഒരു ഉദാഹരണം മാത്രം, വിവരം കൃത്യമല്ല) മനുഷ്യന്‍റെ തലച്ചോറിലെ അൽഗോരിതവും കംപ്യൂട്ടേഷനും മനസ്സിലാക്കണമെങ്കിൽ  ഓരോ ന്യൂറോണുകളും എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും ഈ ന്യൂറോണുകൾ പരസ്പരം നടത്തുന്ന കൊടുക്കൽ വാങ്ങലുകളെ കുറിച്ചും അറിയണം. തലച്ചോറിലെ ഓരോ ന്യൂറോണുകളും വൈദ്യുത ചാർജിന്‍റെയും  അതിന് അനുസരിച്ച് സിനാപ്സുകളിൽ നിന്ന് പുറപ്പെടുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളുടെയും അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് ശാസ്ത്രത്തിന് ഇന്ന് അറിയാം.ഇതിന്‍റെ അടിസ്ഥാനത്തിൽ കാഴ്ച എന്ന പെർസെപ്ഷനെ സിദ്ധാന്തവത്കരിക്കുന്നതിലെ പഠനങ്ങൾ കുറേ മുന്നോട്ടുപോയിട്ടുള്ളതാണ്. നേരത്തെ പറഞ്ഞ ഡേവിഡ് മാർ ഈ മേഖലയിൽ പഠനം നടത്തിയിരുന്ന ശാസ്ത്രജ്ഞനാണ്.

 

article on malayalam language study and research fourth part by arun ashokan bkg

മൂന്നാം ഭാഗം :   ഭാഷാ പഠനം; എങ്ങനെയാണ് മനുഷ്യൻ അറിവ് സ്വന്തമാക്കുന്നത്?
 

കാഴ്ചയെന്ന ഒരു പ്രവർത്തനത്തെ പോലും ഇതുവരെ കൃത്യമായി വിശദീകരിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഇതിനെല്ലാം അപ്പുറം നിൽക്കുന്ന മനസ്സിനെ വിശദീകരിക്കാൻ കഴിയുക. ഇപ്പറഞ്ഞതിനെല്ലാം അർത്ഥം ഇതൊന്നും വിശദീകരിക്കാൻ കഴിയില്ല എന്നല്ല. ന്യൂറോണുകളും അവ തമ്മിലുള്ള ബന്ധങ്ങളുമാണ് ഇതെല്ലാം സാധ്യമാക്കുന്നതെങ്കിൽ മനുഷ്യന്‍റെ തലച്ചോറിലെ മുഴുവൻ  ബന്ധനങ്ങളെയും കണ്ടെത്താവുന്നത് അല്ലേ. ഇങ്ങനെ കണ്ടെത്താൻ ശ്രമിക്കുന്ന ശാസ്ത്ര ശാഖയാണ് 'കണക്ടോമിക്സ്' (Connectomics). 300 ന്യൂറോണുകൾ മാത്രമുള്ളൊരു ചെറുവിരയുടെ (Caenohabditis elegans) മുഴുവൻ ന്യൂറൽ സിസ്റ്റവും മനസ്സിലാക്കാൻ മനുഷ്യന് കഴിഞ്ഞിട്ടുണ്ട്.
   
ഇങ്ങനെ നോക്കിയാൽ മനുഷ്യന്‍റെ തലച്ചോറിലെ എല്ലാ കണക്ഷനുകളും കണ്ടെത്തിയാൽ തലച്ചോറിന്‍റെ ഒരു സിദ്ധാന്തം രൂപീകരിക്കാൻ കഴിഞ്ഞേക്കും. പക്ഷേ, ഈ പ്രപഞ്ചത്തിലുള്ള അത്രയും കണങ്ങളെയും എടുത്ത് പഠനവിധേയമാക്കുന്നതിന് സമാനമാണ് മനുഷ്യന്‍റെ തലച്ചോറിന് ഉള്ളിലുള്ള ന്യൂറോണുകളെയും അവ തമ്മിലുള്ള ബന്ധങ്ങളും പഠനവിധേയമാക്കൽ. 
 
അലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിൻ സയൻസസ്, ഗൂഗിൾ അങ്ങനെ ഒരുപാട് വലിയ സ്ഥാപനങ്ങൾ തലച്ചോറിന്‍റെ സിദ്ധാന്തം രൂപീകരിക്കാനുള്ള ശ്രമവുമായി മുന്നോട്ടുപോകുന്നുണ്ട്. ഭൂമിയിലുള്ള എല്ലാ ജീവികളെയും, അതായത് ബാക്ടീരിയ മുതൽ മനുഷ്യൻ വരെയുള്ള എല്ലാത്തിനെയും ACTG എന്നിങ്ങനെ നാലക്ഷരങ്ങൾ കൊണ്ട് സിദ്ധാന്തവത്കരിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ അൻപത് വർഷം മുമ്പ് വിശ്വസിക്കാൻ കഴിയുമായിരുന്നോ. പക്ഷേ, ഇന്ന് എല്ലാപേരും വിശ്വസിക്കുന്നില്ലെ. അതുപോലെ ഒരുകാലത്ത് ഈ കോടിക്കണക്കിന് ന്യൂറോണുകളെയും അവയുടെ സിദ്ധാന്തവും മാർ പറഞ്ഞ ട്രൈലെവൽ ഹൈപ്പോത്തിസിസിൽ തന്നെ വിശദീകരിക്കാൻ കഴിഞ്ഞേക്കാം. അപ്പോഴും ചിലപ്പോൾ പ്രശ്നം ബാക്കി നിൽക്കും. ഒന്ന് ചിന്തിച്ചുനോക്കൂ, കംപ്യൂട്ടറിലെ ഓരോ അൽഗോരിതവും  ഒരു മനസ്സിന്‍റെ ചിന്തയാണ്. അങ്ങനെയെങ്കിൽ മനസ്സിന്‍റെ അൽഗോരിതം ആരുടെ ചിന്തയാണ്? അവിടെ അടുത്ത ചോദ്യം ഉയരുന്നു.എന്താണ് കോൺഷ്യസ്നസ് (Consciousness)?.

 

(കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് മലയാള വിഭാഗത്തിൽ " ചോംസ്കിയൻ മിനിമലിസ്റ്റ് പ്രോഗ്രാം മലയാളത്തിൽ - സിദ്ധാന്തവും പ്രയോഗവും " എന്ന വിഷയത്തിൽ ഗവേഷകനാണ് ലേഖകന്‍. )
 

Follow Us:
Download App:
  • android
  • ios