ഏഷ്യന്‍ ആര്‍ട്ട് മ്യൂസിയം ഡയറക്ടറായ റോബർട്ട് മിന്റ്സും തായ്ലാന്‍ഡിന്‍റേതായ ഈ വസ്തുക്കള്‍ തിരികെ നൽകുന്നതിൽ സന്തോഷം തന്നെയെന്ന് പ്രതികരിച്ചു. 

അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തായ്ലന്‍ഡില്‍ നിന്നും നിയമവിരുദ്ധമായി കടത്തിയതെന്ന് കരുതപ്പെടുന്ന മതപരമായ പ്രാധാന്യമുള്ള രണ്ട് ജനൽപ്പടികൾ ഇപ്പോള്‍ ഏഷ്യൻ ആർട്ട് മ്യൂസിയം തിരികെ നല്‍കിയിരിക്കുകയാണ്. ആയിരം വര്‍ഷം പഴക്കമുള്ളതാണ് ഇവയെന്ന് യുഎസ് അന്വേഷകര്‍ പറയുന്നു. 1960 മുതൽ സാൻ ഫ്രാൻസിസ്കോയിലെ ഏഷ്യൻ ആർട്ട് മ്യൂസിയത്തിൽ കല്ല് കൊണ്ടുള്ള ഈ ജനല്‍പ്പടി സ്ഥാപിച്ചിരുന്നു. ചൊവ്വാഴ്ച ലോസ് ഏഞ്ചൽസിൽ നടന്ന ചടങ്ങിൽ നഗരം ഔപചാരികമായി തായ് ഉദ്യോഗസ്ഥർക്ക് ഇത് കൈമാറി. 

ഓരോന്നും 1500 പൗണ്ട് തൂക്കം (680 കിലോ) വരുന്നതാണ്. ഏഷ്യന്‍ ആര്‍ട്ട് മ്യൂസിയം പറയുന്നതനുസരിച്ച് ഇത് 10-11 നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഉള്ളതാണ് എന്നാണ് കരുതപ്പെടുന്നത്. വടക്കുകിഴക്കൻ തായ്‌ലൻഡിലെ പുരാതന ക്ഷേത്രങ്ങളിലായിരിക്കണം ഇവ ഉണ്ടായത്. 1960 -കളിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും ഏഷ്യൻ ആര്‍ട്ടുകള്‍ ശേഖരിക്കുന്നതില്‍ തല്‍പരനുമായ അവേരി ബ്രണ്ടേജ് വഴിയാണ് ഇവ മ്യൂസിയത്തിലേക്ക് എത്തിയത്. മ്യൂസിയം ഇത് ഏറ്റെടുക്കുകയും ചെയ്‍തു. 

ഏതായാലും, 2017 -ല്‍ ഈ വസ്തുക്കള്‍ അനധികൃതമായിട്ടാണ് തായ്ലന്‍ഡില്‍ നിന്നും എടുത്തതെന്ന് ഡിപാര്‍ട്മെന്‍റ് ഓഫ് ജസ്റ്റിസ് കണ്ടെത്തി. ചരിത്രപ്രാധാന്യമുള്ള കരകൗശല വസ്തുക്കളുടെ അനധികൃതമായ കയറ്റുമതി നിരോധിക്കുന്ന നിയമത്തിനെതിരായിരുന്നു ഇത്. 1960 -കളിൽ വിയറ്റ്നാം യുദ്ധസമയത്ത് ഈ വസ്തുക്കള്‍ അനധികൃതമായി കയറ്റുമതി ചെയ്തുവെന്ന് വിശ്വസിക്കുന്നതായി വാഷിംഗ്ടണ്‍ ഡി.സിയിലെ തായ് എംബസി അറിയിച്ചു.

2020 സെപ്റ്റംബറിൽ ഈ ഇനങ്ങൾ മനപൂർവ്വം ഇല്ലാതാക്കുമെന്ന് മ്യൂസിയം സൂചിപ്പിച്ചു. എന്നിരുന്നാലും അടുത്ത മാസം തന്നെ ഇവ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് ഉദ്യോഗസ്ഥർ സിവിൽ പരാതി നൽകി. ഈ വർഷം ഫെബ്രുവരിയിൽ സാൻ ഫ്രാൻസിസ്കോ നഗരവുമായി ഒരു ഒത്തുതീർപ്പില്‍ എത്തുകയായിരുന്നു. എന്തുതന്നെയായാലും ഒരു പ്രസ്താവനയില്‍ തായ് എംബസി പറഞ്ഞത്, ഈ വസ്തുക്കള്‍ക്ക് തായ് ചരിത്രത്തിലും, ആര്‍ക്കിയോളജിയിലും, സംസ്കാരത്തിലും വളരെയധികം പ്രാധാന്യമുണ്ട്. അവ തിരിച്ചെത്തുന്നത് തായ് സര്‍ക്കാരിനെയും ജനങ്ങളെയും സംബന്ധിച്ച് വലിയ കാര്യം തന്നെയാണ് എന്നാണ്. 

ഏഷ്യന്‍ ആര്‍ട്ട് മ്യൂസിയം ഡയറക്ടറായ റോബർട്ട് മിന്റ്സും തായ്ലാന്‍ഡിന്‍റേതായ ഈ വസ്തുക്കള്‍ തിരികെ നൽകുന്നതിൽ സന്തോഷം തന്നെയെന്ന് പ്രതികരിച്ചു. എന്തിരുന്നാലും ഈ വസ്തുക്കളെങ്ങനെ എത്തി, നിയമവിരുദ്ധമായിട്ടാണോ ഇവ ബ്രണ്ടേജ് വഴി മ്യൂസിയത്തിലേക്ക് എത്തിയത് എന്ന് തെളിയിക്കപ്പെടുന്ന രേഖകളൊന്നും തന്നെ കണ്ടെടുക്കപ്പെടുക ഉണ്ടായിട്ടില്ല. ബ്രണ്ടേജിന് അവ നൽകിയ ആളും ജീവിച്ചിരിപ്പില്ല. എന്നാൽ, രേഖകളൊന്നും തന്നെ ഇല്ലെങ്കിലും എവിടെ നിന്നാണോ, ഏത് സമൂഹത്തിൽ നിന്നാണോ അവ എത്തിയിരിക്കുന്നത് അതിന്റെ ചരിത്രവും സാംസ്കാരികവുമായ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് അതേ സമൂഹത്തിലേക്ക് അവ തിരികെ പോകുന്നതിൽ സന്തോഷം തന്നെ എന്ന് മിന്റ്സ് പ്രതികരിച്ചതായി സിഎൻഎൻ എഴുതുന്നു. 

ഇതുപോലെ അനധികൃതമായി എത്തിയത് എന്ന് കരുതപ്പെടുന്ന വസ്‍തുക്കൾ മ്യൂസിയത്തിൽ ഇനിയും ഉണ്ടോ എന്ന് കണ്ടെത്താനുള്ള അന്വേഷണവും പരിശോധനയും ശക്തമാക്കും. അത്തരം വസ്‍തുക്കൾ ഉണ്ടെങ്കിൽ അവ തിരികെ നൽകാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും എന്നും മിന്റ്സ് പറഞ്ഞു.