Asianet News MalayalamAsianet News Malayalam

ഒരു സെക്സ് ക്രൈം പോലുമില്ലാതെ ബസ്തറിലെ ഒരു ഗോത്രം, ഇവിടം ലൈംഗികസ്വാതന്ത്ര്യത്തിന്റെ പറുദീസയെന്ന് ഗവേഷകർ

വിവാഹം കഴിയുന്നതുവരെ യുവതികൾ കന്യകാത്വം കാത്തു സൂക്ഷിക്കണം എന്നുള്ള ഒരു നിർബന്ധവും ഇവർക്കിടയിലില്ല.  

Bastar tribe muria without a single sex crime reported
Author
Bastar, First Published Sep 18, 2021, 2:16 PM IST
  • Facebook
  • Twitter
  • Whatsapp

'കാട്ടിക്കൊമ്പ്‌ മറിയ' (Bison Horn Muria) എന്നത്  ദക്ഷിണ ഛത്തിസ്ഗഢിന്റെ തെക്കൻ താഴ്നിലങ്ങളിലെ ഒരു ഗോത്ര വർഗമാണ്. ഗോണ്ട് ഗോത്രത്തിന്റെ ഉപഗോത്രമായ ഇവർ സംസ്ഥാനത്തിലെ വിപ്ലവഭൂമിയായ ബസ്തറിന്റെ അതിർത്തിക്കുള്ളിലാണ് കഴിയുന്നത്. 'തല്ലഗുല്ല' എന്ന് പേരായ കാട്ടിക്കൊമ്പ്‌ കൊണ്ടുള്ള വിശേഷപ്പെട്ട ഒരു ശിരോ അലങ്കാരത്തിൽ നിന്നാണ് ഈ പേര് മറിയ ഗോത്രത്തിന് കിട്ടിയിട്ടുള്ളത്. ഈ മറിയ ഗോത്രത്തിൽ പെട്ടവർക്ക് മറ്റൊരു സവിശേഷത കൂടിയുണ്ട്.  ഈ ഗോത്രത്തിൽ നിന്ന് ഇന്നുവരെ ഒരു സെക്സ് ക്രൈം പരാതി പോലും പൊലീസിന് കിട്ടിയിട്ടില്ല എന്നതാണ് അത്. 

പാർത്ഥ വർഷണി എന്ന ഇരുപത്തേഴുകാരനായ ഒരു ഗ്രാഫിക് ഡിസൈനർ ആണ് ഈ ഗോത്രത്തിലെ ജനങ്ങളുമായി താൻ ഇടപഴകിയതിന്റെ ഓർമ്മകൾ വൈസ് മാസികയിൽ ചിത്രസഹിതം പങ്കുവെച്ചത്.  "എന്റെ അച്ഛൻ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനായിരുന്നു. എട്ടു വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി ഇവരെ കാണുന്നത്." അദ്ദേഹം എഴുതി. മാറുമറയ്ക്കാതെ കഴിയുന്ന സ്ത്രീ പുരുഷന്മാർ, തങ്ങളുടെ ഗോത്ര നൃത്തങ്ങൾ നടക്കുന്നതിനിടെ പരസ്പരം ലൈംഗികമായിപ്പോലും കളിയാക്കും. അവർക്കിടയിൽ ലൈംഗികമായ അപകർഷതയ്ക്ക് സ്ഥാനമില്ല. ഒരു പരിധിയിൽ കവിഞ്ഞ് അവർ സ്വന്തം ലൈംഗികതയെപ്പറ്റി ബോധവാന്മാർ പോലുമല്ല. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള പരാതികൾ ഉയരാറുമില്ല.  


തങ്ങൾ ഭൂമിയുടെ സന്താനങ്ങളാണ് എന്നാണ്  ഇവർ വിശ്വസിച്ചു പോരുന്നത് എന്നാണ് നരവംശ ഗവേഷകയായ റൂഹാനി സാഹ്നി വൈസിനോട് പറഞ്ഞത്. W V ഗ്രിഗ്സൺ എന്ന ലേഖകൻ 1938 -ലെഴുതിയ The Maria Gonds of Bastar എന്ന പുസ്തകത്തിൽ, മാറുമറയ്ക്കാതെ നടക്കാൻ ആഗ്രഹിക്കുന്ന മുറിയ യുവതികളെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. വിവാഹം കഴിയുന്നതിനു മുമ്പ് നിർബാധം ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാൻ ഇവർക്ക് പരിപൂർണ സ്വാതന്ത്ര്യമുണ്ട്. ഇവർ, ഈ വിവാഹപൂർവ രതിയെ കണക്കാക്കുന്നതുതന്നെ, വിവാഹ ശേഷം ലൈംഗികമായ സംതൃപ്തികുറവ് ഉണ്ടാവില്ല എന്നുറപ്പിക്കാനുള്ള ടെസ്റ്റ് ഡോസ് എന്ന നിലയ്ക്കാണ്.   പല ഇണകളോടൊത്തുള്ള സെക്‌സും ഇവർക്കിടയിൽ വെറും സ്വാഭാവികത മാത്രമാണ്. വിവാഹം കഴിയുന്നതുവരെ യുവതികൾ കന്യകാത്വം കാത്തു സൂക്ഷിക്കണം എന്നുള്ള ഒരു നിർബന്ധവും ഇവർക്കിടയിലില്ല.  

 

Bastar tribe muria without a single sex crime reported

വിവാഹം കഴിഞ്ഞാലും, മറ്റൊരാളെ ഇഷ്ടമായാൽ വിശേഷിച്ച് ഒരു അസ്വാഭാവികതയും കൂടാതെ ഈ ഗോത്രത്തിലെ യുവതീയുവാക്കൾക്ക് തങ്ങളുടെ ആകർഷണത്തെ പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്. W V ഗ്രിഗ്സന്റെ പുസ്തകത്തിൽ താൻ നേരിൽ കണ്ട ഒരു അനുഭവം വിവരിക്കുന്നുണ്ട്. ആഴ്ചകൾ നീണ്ടു നിൽക്കുന്നതാണ് മുറിയ ഗോത്രജരുടെ വിവാഹ ചടങ്ങുകൾ. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ വരന്, വധുവിനൊപ്പം വന്ന അതിഥികളിൽ ഒരു യുവതിയോട് കടുത്ത ആകർഷണം തോന്നി. അതുപോലെ വധുവിനും വരന്റെയൊപ്പം വന്നവരിൽ ഒരു യുവാവിനോട് അടുപ്പം തോന്നി. ഒടുവിൽ ഈ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ തന്നെ ഇരു കൂട്ടരും തങ്ങൾക്ക് അടുപ്പം തോന്നിയ കക്ഷികളുമായി ഒന്നിലധികം തവണ ബന്ധപ്പെടുന്നു. ഭാവിയിലും തങ്ങൾക്ക് ലൈംഗികമായി ചേരുന്നവരാണ് അവർ എന്നുറപ്പിക്കുന്നു. ഒടുവിൽ വിവാഹ മുഹൂർത്തത്തിന് മുമ്പ് തന്നെ അവർ തങ്ങളുടെ വിവാഹം വേണ്ടെന്നു വെച്ച് പുതുതായി കണ്ടെത്തിയ ഇണകളെ സ്വീകരിക്കുന്നുണ്ട് എന്നും നേരനുഭവത്തിന്റെ  വെളിച്ചത്തിൽ ഗ്രിഗ്സൺ എഴുതുന്നു. 

1856 -ൽ മാത്രമാണ് വിധവാ വിവാഹം ഇന്ത്യയിൽ നിയമപ്രകാരം അനുവദിക്കപ്പെടുന്നത് എങ്കിലും, അതിനൊക്കെ എത്രയോ മുമ്പുതന്നെ മുറിയ ഗോത്രത്തിൽ അത് പതിവായിരുന്നു എന്ന് മുറിയ ഗോത്രക്കാർ പറയുന്നു. സ്ത്രീയെ ഒരു വസ്തുവായി, ഒരു സ്വത്തായി ഒക്കെ കാണുന്ന സമൂഹങ്ങളിലാണ് അവളുടെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടപ്പെടുന്നത് എന്നും, മുറിയ ഗോത്രജർ ഇക്കാര്യത്തിൽ നമ്മളെക്കാൾ എത്രയോ മുന്നിൽ ആണ് എന്നും ഗവേഷകർ പറയുന്നു. 

സെക്സിൽ ഏർപ്പെടുക എന്നത് ഒട്ടും പ്രയാസമുള്ള കാര്യമല്ല എന്നതുകൊണ്ടും, ലൈംഗികതയെക്കുറിച്ചുള്ള ഇരട്ടത്താപ്പുകൾ ഇവർക്കിടയിൽ ഇല്ല എന്നതുകൊണ്ടും, മുറിയ ഗോത്രക്കാർക്കിടയിൽ സെക്സ് സംബന്ധിയായ ഒരു കേസുപോലും ഇന്നോളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇവർക്കിടയിൽ ഏറെ വിചിത്രമായ ഒരു ആചാരമുണ്ട്. ഇതിൽ അവിവാഹിതരായ യുവാക്കളും യുവതികളും സന്ധ്യക്ക്‌ ശേഷം അവരുടെ രക്ഷിതാക്കളുടെ കൺവെട്ടത്തുനിന്നു ദൂരെ, ഖോട്ടുൽ എന്ന് പേരുള്ള വലിയ ഒരു ഹാളിനുള്ളിൽ ഒത്തുകൂടി പാട്ടും, കുടിയും ഒക്കെയായി സമ്മേളിക്കും. ഇവിടെ ഇത്തരത്തിൽ ഒത്തുകൂടുന്ന മുറിയ യുവതീയുവാക്കൾ തമ്മിൽ സെക്സിൽ ഏർപ്പെടുക പോലും ചെയ്യാറുണ്ട് എന്ന് 1980 കളിൽ ഇത്തരത്തിലൊരു ഖോട്ടുൽ സന്ദർശിച്ചിട്ടുള്ള സവ്യസാചി എന്ന ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ സോഷ്യോളജി പ്രൊഫസർ പറഞ്ഞു. തങ്ങൾ ചെയ്യുന്നതൊക്കെ ഭൂമാതയുടെ കൺവെട്ടത്തു തന്നെയാണ് എന്നും, എന്തെങ്കിലും വിലക്കപ്പെട്ടത് തങ്ങൾ പ്രവർത്തിച്ചാൽ അരുത് എന്ന് വ്യക്തമാക്കുന്ന നിമിത്തങ്ങൾ ഭൂദേവിയിൽ നിന്നുണ്ടാവും എന്നുമാണ് മുറിയ ഗോത്രജരുടെ വിശ്വാസം. അതുതന്നെയാണ് പരിപൂർണ ലൈംഗിക സ്വാതന്ത്ര്യത്തോടെ പരസ്പരം ഇടപെടാനുള്ള അവരുടെ ധൈര്യവും ആത്മവിശ്വാസവും. 

 

Follow Us:
Download App:
  • android
  • ios