ഇത് ഖദീജ ഒമറിന്റെ കഥ. ലോകസുന്ദരിപ്പട്ടത്തിനുള്ള അന്തിമ പന്ത്രണ്ടില്‍ എത്തിയ സൊമാലിയന്‍ സുന്ദരിയുടെ ജീവിതം. മിസ് സൊമാലിയ കിരീടം ചൂടി ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നിന്ന ഒരു പെണ്‍കുട്ടിയുടെ തളരാത്ത പരിശ്രമങ്ങളുടെ കഥ. റാമ്പിന്റെ വെള്ളിവെളിച്ചത്തില്‍, സൗന്ദര്യ റാണിയുടെ കിരീടം ചൂടി നില്‍ക്കുമ്പോഴും തനിക്ക് കരുത്തായത് അഭയാര്‍ത്ഥി ക്യാമ്പിലെ സ്വന്തം ബാല്യത്തിന്റെ പൊടിപിടിച്ച ഓര്‍മ്മയെന്ന് തുറന്നുപറയാന്‍ മടികാണിക്കാത്ത, യുവത്വത്തിന്റെ വിജയഗാഥ. 

മാറിയത് അവളുടെ ലോകം മാത്രമായിരുന്നില്ല. ലോകവീക്ഷണവും കൂടിയായിരുന്നു. അഭയാര്‍ത്ഥി ക്യാമ്പില്‍ റൊട്ടിക്കായി വരി നിന്ന പെണ്‍കുട്ടിയില്‍ നിന്ന്, അഭയാര്‍ത്ഥിക്യാമ്പുകളില്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി യു എന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരാളിലേക്ക് ഖദീജ ഒമര്‍ എത്തിയത് അങ്ങനെയാണ്. സംഘര്‍ഷവും യുദ്ധവും മാത്രമല്ല അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നത് എന്ന വലിയ തിരിച്ചറിവ് ഇന്ന് അവള്‍ക്കുണ്ട്. 

View post on Instagram

അതിര്‍ത്തികള്‍ കടന്ന്, അഭയകേന്ദ്രങ്ങള്‍ തേടിയുള്ള യാത്ര. അഭയാര്‍ത്ഥി ജീവിതത്തിന്റെ ടാഗ് ലൈന്‍ അതാണ്. ചെന്നെത്തുന്നിടം സ്വന്തമെന്ന് കരുതാന്‍ ഒരൊറ്റ അഭയാര്‍ത്ഥിക്ക് പോലും ഇന്നോളം കഴിഞ്ഞിട്ടില്ല. ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ പിറന്ന നാടിന്റെ ഓര്‍മകളിലേക്ക് അവര്‍ വീണ്ടും വലിച്ചെറിയപ്പെടും. കൈവിട്ടു പോന്ന നാടിന്റെ ഓര്‍മ്മകള്‍ സദാ വന്നു കൊത്തും. 

ഇത് അത്തരമൊരു അഭയാര്‍ത്ഥിയുടെ കഥയാണ്. അഭയാര്‍ത്ഥി ക്യാമ്പില്‍ ഒടുങ്ങുമെന്ന് കരുതിയ ഒരു ജീവിതത്തെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് വഴിതിരിച്ചുവിട്ട ഒരു പെണ്‍കുട്ടിയുടെ അതിജീവനഗാഥ. എന്നാല്‍, പേരും പെരുമയും കൈയിലെത്തിയപ്പോള്‍ വേരുകള്‍ മറക്കുന്നവരുടെ പട്ടികയില്‍ ആയിരുന്നില്ല അവള്‍. കരുണയുടെ കൈകളാല്‍, സ്വന്തം ജനതയെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുകയാണ് അവളിപ്പോള്‍. 

ഇത് ഖദീജ ഒമറിന്റെ കഥ. ലോകസുന്ദരിപ്പട്ടത്തിനുള്ള അന്തിമ പന്ത്രണ്ടില്‍ എത്തിയ സൊമാലിയന്‍ സുന്ദരിയുടെ ജീവിതം. മിസ് സൊമാലിയ കിരീടം ചൂടി ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നിന്ന ഒരു പെണ്‍കുട്ടിയുടെ തളരാത്ത പരിശ്രമങ്ങളുടെ കഥ. റാമ്പിന്റെ വെള്ളിവെളിച്ചത്തില്‍, സൗന്ദര്യ റാണിയുടെ കിരീടം ചൂടി നില്‍ക്കുമ്പോഴും തനിക്ക് കരുത്തായത് അഭയാര്‍ത്ഥി ക്യാമ്പിലെ സ്വന്തം ബാല്യത്തിന്റെ പൊടിപിടിച്ച ഓര്‍മ്മയെന്ന് തുറന്നുപറയാന്‍ മടികാണിക്കാത്ത, യുവത്വത്തിന്റെ വിജയഗാഥ. 

View post on Instagram

അഭയാര്‍ത്ഥി ക്യാമ്പിലെ ജീവിതം

ഗാരിസ കൗണ്ടിയിലെ ദദാബ് എന്ന സൊമാലിയന്‍ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു ഖദീജ ഒമറിന്റെ ജനനം. ഒമ്പത് വയസ്സു വരെ ക്യാമ്പില്‍. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി മണിക്കൂറുകളോളം അവള്‍ വരി നിന്നു. അക്കാലത്തെ ഓര്‍മകളൊക്കെയും പൊടിപിടിച്ചതാണെന്ന് ഖദീജ പറയും. കാരണം അത്രയും വരണ്ടതായിരുന്നു അക്കാലം. 

ഖദീജയ്ക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ അവള്‍ക്കൊപ്പം കാനഡയിലേക്ക് അഭയാര്‍ത്ഥി വീസയില്‍ കുടിയേറുന്നത്. കാനഡയിലെ ജീവിതം, മറ്റൊരു അഭയാര്‍ത്ഥിക്കാലം. ഹിജാബ് ധരിച്ച കറുത്ത പെണ്‍കുട്ടി. അവള്‍ സ്‌കൂളിലും കളിസ്ഥലങ്ങളിലുമെല്ലാം ഒറ്റപ്പെട്ടു. ഒമ്പതാം ക്ലാസ് വരെ അവള്‍ ആ ഒറ്റപ്പെടലിന്റെ നടുവിലായിരുന്നു. 

പിന്നീടൊരിക്കല്‍ ഖദീജ തിരിച്ചറിഞ്ഞു, സ്വന്തം കഴിവുകളും സൗന്ദര്യവും സാധ്യതകളും. അങ്ങനെയാണ് സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കണമെന്ന ആഗ്രഹമുണ്ടായത്. എന്നാല്‍ അതിനുള്ള വക അവള്‍ക്കുണ്ടായിരുന്നില്ല. അതിനാല്‍, അവള്‍ മക്‌ഡോണള്‍ഡ്‌സ് കടയില്‍ പാര്‍ട്ട് ടൈം ജോലിയെടുത്തു. ആ കാശു കൊണ്ട് സൗന്ദര്യ മല്‍സര വേദികളില്‍ ഒരു കൈ നോക്കി. അങ്ങനെ മിസ് ഒന്റാറിയോ കിരീടപ്പോരാട്ടത്തില്‍ ഫൈനലില്‍ എത്തി. കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ആദ്യത്തെ മിസ് സൊമാലിയ മത്സരത്തില്‍ പരമ്പരാഗത ശിരോവസ്ത്രം ധരിച്ച് ഖദീജ വിജയകിരീടം ചൂടിയതോടെ ഒരു ചരിത്രം തുടങ്ങുകയായിരുന്നു.

View post on Instagram


പാരിസ്ഥിതിക അഭയാര്‍ത്ഥികളുടെ വേദന

മാറിയത് അവളുടെ ലോകം മാത്രമായിരുന്നില്ല. ലോകവീക്ഷണവും കൂടിയായിരുന്നു. അഭയാര്‍ത്ഥി ക്യാമ്പില്‍ റൊട്ടിക്കായി വരി നിന്ന പെണ്‍കുട്ടിയില്‍ നിന്ന്, അഭയാര്‍ത്ഥിക്യാമ്പുകളില്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി യു എന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരാളിലേക്ക് ഖദീജ ഒമര്‍ എത്തിയത് അങ്ങനെയാണ്. സംഘര്‍ഷവും യുദ്ധവും മാത്രമല്ല അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നത് എന്ന വലിയ തിരിച്ചറിവ് ഇന്ന് അവള്‍ക്കുണ്ട്. 

സൊമാലിയയിലെ അടിസ്ഥാന പ്രശ്‌നം പട്ടിണിയാണ്. അതിനുള്ള മുഖ്യകാരണം കാലാവസ്ഥാ വ്യതിയാനമാണ്. അതുണ്ടാക്കുന്ന വരള്‍ച്ചയും നിരന്തര പ്രകൃതി ക്ഷോഭങ്ങളുമാണ്. ലോകത്തെ ആദ്യ കാലാവസ്ഥാ അഭയാര്‍ത്ഥികളില്‍ പെട്ട ജനതയാണ് സോമാലിയക്കാര്‍. ഗരിസ്സ, വാജിര്‍, മണ്ടേര കൗണ്ടികളില്‍ വരള്‍ച്ചയ്‌ക്കൊപ്പം പട്ടിണിയും രൂക്ഷമാണ്. പട്ടിണി കാരണം വന്യജീവികളും കന്നുകാലികളും ചത്തൊടുങ്ങി. ആളുകള്‍ ജീവന്‍ തേടി പലായനം തുടങ്ങി. പാരിസ്ഥിതിക അഭയാര്‍ത്ഥികളുടെ ചങ്ങലയിലെ ആദ്യ കണ്ണികള്‍. 

2020 -ല്‍, ചുഴലിക്കാറ്റുകളും വെള്ളപ്പൊക്കവും മൂലം 1.3 ദശലക്ഷത്തിലധികം സൊമാലിയക്കാരെ മാറ്റിപ്പാര്‍പ്പിച്ചതായി യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു എന്‍ എച്ച് സി ആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ജനുവരിക്കും ജൂണിനുമിടയില്‍ 68,000 പേര്‍ വരള്‍ച്ചയും 56,500 പേര്‍ വെള്ളപ്പൊക്കവും മൂലം പലായനം ചെയ്തു. യുഎന്‍ കണക്കുകള്‍ പ്രകാരം 3,59,000 മനുഷ്യര്‍ സംഘര്‍ഷത്തില്‍ നിന്നും അരക്ഷിതാവസ്ഥയില്‍ നിന്നും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. ഈ സാഹചര്യത്തിലാണ് സൗന്ദര്യ മല്‍സരത്തിന്റെ പ്രഭയില്‍ കണ്ണുമഞ്ഞളിക്കാതെ, ഖദീജ, കാലുവെന്തു പായുന്ന സ്വന്തം ജനതയുടെ കണ്ണീരൊപ്പാന്‍ ശ്രമമാരംഭിക്കുന്നത്. 

View post on Instagram


ഈ സൗന്ദര്യം വെറുതെയല്ല

'ബ്യൂട്ടി വിത് എ പര്‍പസ്' എന്ന ക്യാംപയിനുമായി ഖദീജ ഒമര്‍ രംഗത്തെത്തുന്ന സാഹചര്യം അതാണ്. ആഫ്രിക്കയിലെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് സംസാരിക്കുന്ന ആദ്യത്തെ മോഡല്‍ അല്ല ഖദീജ ഒമര്‍. 2004 -ലെ മിസ് ആഫ്രിക്ക ജേതാവുമായ ജോര്‍ജി ബദിയല്‍ ലിബര്‍ട്ടിയുണ്ട് ഖദീജയുടെ മുന്‍ഗാമിയായി. ജോര്‍ജി ബദിയേല്‍ ഫൗണ്ടേഷനിലൂടെ, ബുര്‍ക്കിന ഫാസോയില്‍ കിണറുകള്‍ നിര്‍മിച്ച് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് ശുദ്ധജലം എത്തിച്ച ജോര്‍ജി പറയുന്നത് ഇങ്ങനെയാണ്: 'ശുദ്ധജലമില്ലാതെ നിങ്ങള്‍ക്ക് ഒരു സ്ത്രീയെ ശാക്തീകരിക്കാന്‍ കഴിയില്ല. ശുദ്ധജലമില്ലാതെ നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയെ പഠിപ്പിക്കാന്‍ കഴിയില്ല.'

ഖദീജ ഒമറിനുമുണ്ട് ഒരു സംഘടന-കെ അമാനി. 'നിങ്ങളുടെ സ്വന്തം തരത്തിലുള്ള സൗന്ദര്യം' (Be your own kind of beauty) എന്ന ടാഗ് ലൈനുള്ള ഒരു സൗന്ദര്യ ബ്രാന്‍ഡാണ് കെ അമാനി. പാഡ് മാഡ് കെനിയ എന്ന സംഘടനയുമായി സഹകരിച്ച് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന സൊമാലിയന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കാലാവസ്ഥാ സൗഹൃദവും പുനരുപയോഗക്ഷമവുമായ സാനിറ്ററി പാഡുകള്‍ എത്തിക്കുകയാണ് ഈ സംഘടന. ഒപ്പം, ശുചിത്വ സമ്പ്രദായങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ബോധവത്കരണവും.

ഐക്യരാഷ്ട്ര സഭയുമായുള്ള പങ്കാളിത്തത്തോടെ, വെള്ളപ്പൊക്ക സാധ്യതയുള്ള ഇടങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് അഭയകേന്ദ്രങ്ങളും എമര്‍ജന്‍സി റിലീഫ് കിറ്റുകളും നല്‍കാനും ഇന്ന് ഖദീജ മുന്‍പന്തിയിലാണ്.

View post on Instagram

വേറിട്ട സൗന്ദര്യം

ലിയനാര്‍ഡോ ഡികാപ്രിയോ, ജെയ്ന്‍ ഫോണ്ട, എമ്മ തോംസണ്‍, ഫാരെല്‍ വില്യംസ് എന്നിവരൊക്കെ കാലാവസ്ഥാ വ്യതിയാനത്തിന് എതിരെ പൊരുതുന്ന സെലിബ്രിറ്റികളാണ്. കാലാവസ്ഥാ വ്യതിയാനത്തിനായി വാദിക്കുമ്പോള്‍ തന്നെ ലോകമെമ്പാടും സ്വകാര്യ ജെറ്റുകള്‍ പറത്തുന്ന ഇരട്ടത്താപ്പിന്റെ പേരില്‍ വിവാദത്തിലായ ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജ്, വില്യം രാജകുമാരനും ആ പട്ടികയിലുണ്ട്.

എന്നാല്‍, ഡി കാപ്രിയോയെ പോലെയോ വില്യം രാജകുമാരനെ പോലെയോ അല്ല ഖദീജ. അവള്‍ക്ക് ദശലക്ഷക്കണക്കിന് ആരാധകരില്ല. കോടികളുടെ സാമ്പത്തിക പിന്‍ബലമില്ല. അവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, പേരിലും പെരുമയിലും ഒന്നുമല്ല അവള്‍. എങ്കിലും, അവരേക്കാളെല്ലാം പ്രധാനപ്പെട്ട ഒന്ന് അവള്‍ക്കുണ്ട്. സ്വന്തം ജനതയുടെ വേദനയുടെ ഭാഷ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാനുള്ള കഴിവ്. കൈയിലൊന്നുമില്ലെങ്കിലും സഹജീവികള്‍ക്കായി സര്‍വ്വതും സമര്‍പ്പിക്കാനുള്ള സന്നദ്ധത. അതിനാല്‍ തന്നെയാണ്, അവളുടെ സൗന്ദര്യം വ്യത്യസ്തമാകുന്നത്. അവളുടെ വഴികളും യാത്രയും വ്യത്യസ്തമാകുന്നത്. ആ സൗന്ദര്യത്തിന് ഒരു ലക്ഷ്യമുണ്ട്. മഹത്തായ ഒരു ലക്ഷ്യം.