Asianet News MalayalamAsianet News Malayalam

'പാഠം ഒന്ന്, സ്വയംഭോഗം' - യുവസന്യാസിമാരെ സെക്സ് എജുക്കേഷൻ ക്‌ളാസിലിരുത്തി ഭൂട്ടാനിലെ ബുദ്ധ മൊണാസ്ട്രികൾ

സെക്സ് എജുക്കേഷൻ ക്‌ളാസുകളിൽ ഇരിക്കുന്നതിന് മുമ്പുവരെ അവരിൽ പലർക്കും സ്വയംഭോഗം കൊടിയപാപമാണ് എന്നൊരു തോന്നലുണ്ടായിരുന്നു. ഇന്ന് അവർക്ക് ആ തെറ്റിദ്ധാരണ ഇല്ല. 

bhutan buddhist monastries giving sex education classes teaching masturbation to monks
Author
Bhutan, First Published Oct 29, 2021, 12:20 PM IST

മൊണാസ്ട്രിയുടെ(Monastry) ചുവരുകൾ തഴുകി സൂര്യരശ്മികൾ ബെഞ്ചുകളിൽ പതിച്ചു തുടങ്ങുമ്പോഴേക്കും കടുംചുവപ്പു നിറമുള്ള കുപ്പായങ്ങൾ ധരിച്ച യുവ സന്യാസിമാർ(Budhist Monks) നിശബ്ദരായി ക്‌ളാസ്മുറിയിലെ ബോർഡിലേക്ക് സാകൂതം മിഴിനട്ടുകൊണ്ടിരിക്കും. ആദ്യത്തെ പിരീഡ് സെക്സ് എജുക്കേഷനാണ്. കുറേക്കൂടി മുതിർന്ന ഒരു സന്യാസിതന്നെയാണ് അധ്യാപകൻ. "കോണ്ടത്തിന്റെ(condom) ഉപയോഗത്തെക്കുറിച്ച് കഴിഞ്ഞ ക്‌ളാസിൽ പഠിപ്പിച്ചത് എല്ലാവരും ഹൃദിസ്ഥമാക്കിയല്ലോ?" എന്ന് സന്യാസി ചോദിക്കുമ്പോൾ, ശിഷ്യഗണങ്ങൾ ഒരേസ്വരത്തിൽ തലയാട്ടി 'ഉവ്വ്' എന്ന് മറുപടി പറയും. 

bhutan buddhist monastries giving sex education classes teaching masturbation to monks

ഇതെന്തു സന്യാസിമാർ എന്നാണോ ചിന്തിച്ചത്? കാലത്തിനൊത്ത് മാറാനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്ന അപൂർവം പരമ്പരാഗത മതാധിഷ്ഠിത സ്ഥാപനങ്ങളിൽ ഒന്നാണ് ഭൂട്ടാനിലെ കിഴക്കൻ ട്രാഷിയാൻഗ്ടെ ജില്ലയിലുള്ള ഈ ബുദ്ധിസ്റ്റ് മൊണാസ്ട്രി. ഇവർ മാത്രമല്ല, ഭൂട്ടാനിലെ നൂറുകണക്കിന് ബുദ്ധ വിഹാരങ്ങൾ ഇന്ന് ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പുരോഗതിയുടെ പാതയിലാണ്. ഇത് ലൈംഗികതയെ നിഷിദ്ധമായി കാണുന്ന, സ്‌കൂൾ കരിക്കുലത്തിൽ സെക്സ് എജുക്കേഷൻ ഉൾപ്പെടുത്തുന്നതിനെ പല്ലും നഖവുമുപയോഗിച്ച് എതിർക്കുന്ന ശ്രീലങ്കയിലെയും  മ്യാന്മാറിലെയും ബുദ്ധസന്യാസികളിൽ നിന്ന് വ്യത്യസ്തമാണ് ഭൂട്ടാനിലെ വിഹാരങ്ങളിലൂടെ വിദ്യാഭ്യാസനയം.

"ഞങ്ങളുടെ മൊണാസ്ട്രികളിലെ യുവസന്യാസികളിൽ മിക്കവർക്കും സെക്സ് എജുക്കേഷനെപ്പറ്റിയോ, സ്വയം ഭോഗത്തെപ്പറ്റിയോ ഒന്നും കാര്യമായ ജ്ഞാനമൊന്നും ഇല്ല എങ്കിലും, അവരിൽ പലരും വിഹാരങ്ങളിലെ താമസത്തിനിടയ്ക്ക് രഹസ്യമായെങ്കിലും അതിലേർപ്പെടുന്നുണ്ട് എന്നാണ് മനസ്സിലാവുന്നത്. അതുകൊണ്ടാണ് അവർക്ക് ഇതേപ്പറ്റി ബോധവൽക്കരണ ക്‌ളാസുകൾ നൽകാൻ വിഹാരം തീരുമാനിക്കുന്നത്. സെക്സ് എജുക്കേഷൻ ക്‌ളാസുകളിൽ ഇരിക്കുന്നതിന് മുമ്പുവരെ അവരിൽ പലർക്കും സ്വയംഭോഗം കൊടിയപാപമാണ് എന്നൊരു തോന്നലുണ്ടായിരുന്നു. ഇന്ന് അവർക്ക് ആ തെറ്റിദ്ധാരണ ഇല്ല. " തിംഫു ഗോൺപ ബുദ്ധവിഹാരത്തിലെ യുവസന്യാസിയായ ചോക്കി ഗൈൽറ്റ്ഷെൻ പറഞ്ഞു.

bhutan buddhist monastries giving sex education classes teaching masturbation to monks

കാലങ്ങളായി നിഷിദ്ധം എന്ന് തന്നെ കരുതിയിരുന്ന സെക്സ് എജുക്കേഷൻ 2014 മുതൽക്കാണ് ഭൂട്ടാനിലെ മൊണാസ്ട്രികളിൽ ഒരു പാഠ്യവിഷയമായത്. അതിന്റെ കരിക്കുലത്തിൽ സ്വയംഭോഗം, ലൈംഗിക ബന്ധത്തിലെ ഉഭയസമ്മതം, ആർത്തവം, ഗർഭനിയന്ത്രണം, ഗുഹ്യരോഗങ്ങൾ എന്നിങ്ങനെ പല വിഷയങ്ങളുമുണ്ട്. ഭൂട്ടാനിലെ വിവിധ ബുദ്ധവിഹാരങ്ങളിലെ 350 സന്യാസി നേതാക്കൾ, 1500 -ൽ പരം ബുദ്ധ സന്യാസിനികൾ എന്നിങ്ങനെ ലൈംഗിക ജീവിതം ത്യജിക്കുമെന്ന് ശപഥമെടുത്തിട്ടുള്ള പലരും ഈ കോഴ്‌സിലെ ആദ്യത്തെ വിദ്യാർത്ഥികൾക്കായിരുന്നു. ആദ്യഘട്ടത്തിലെ വിദ്യാർത്ഥികളാണ് അടുത്ത ഘട്ടത്തിലെ അധ്യാപകരുടെ റോളിൽ മൊണാസ്ട്രികളിൽ തുടർക്ലാസ്സുകൾ എടുക്കുന്നത്. 

"സെക്സ് എന്നത് എന്തോ മോശം കാര്യം എന്ന പോലെയാണ് ഇപ്പോൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. സെക്സിന്റെ സുരക്ഷയെക്കുറിച്ചാണ് നമ്മൾ കുട്ടികൾക്ക് ഇനിയങ്ങോട്ട് പറഞ്ഞുകൊടുക്കേണ്ടത്. അത് നിഷിദ്ധമാണ് എന്ന് പറഞ്ഞാലൊന്നും ഇന്നത്തെ കാലത്ത് നമ്മുടെ കുട്ടികൾ അതൊന്നും ചെവിക്കൊണ്ടെന്നു വരില്ല.  ഇനി ചെയ്യേണ്ടത് അവർക്ക് വേണ്ട വിവരം നൽകി, അഥവാ സെക്സിൽ ഏർപ്പെടാൻ തീരുമാനിച്ചാൽ അത് സുരക്ഷിതമായി എങ്ങനെ ചെയ്യാം എന്നാണ് പഠിപ്പിക്കേണ്ടത്. " ബുദ്ധിസ്റ്റ് ലോങ്ങ്ചെൻപാ സെന്ററിലെ മുതിർന്ന സന്യാസിയായ ലാം ങ്ങോടുപ്പ് ഡോർജിയും വൈസ് വേൾഡ് ന്യൂസിനോട് പറഞ്ഞു. 


 

Follow Us:
Download App:
  • android
  • ios