Asianet News MalayalamAsianet News Malayalam

ഇതാണ് രാജാവും രാജ്ഞിയും വരെ സൈക്കിൾ ചവിട്ടുന്ന നാട്, ഇന്ന് സൈക്കിൾ ദിനം

ഇന്ന് ലോക സൈക്കിള്‍ ദിനം...

bicycle day ginu samuel shares Amsterdam  experience
Author
Thiruvananthapuram, First Published Jun 3, 2021, 3:30 PM IST

പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സ്വന്തമായി സൈക്കിൾ കിട്ടിയത്. എന്നാൽ, പിന്നീട്  ഏതാണ്ട്  25 വർഷം എടുത്തു അടുത്ത സൈക്കിൾ വാങ്ങുവാൻ. അതിനിടക്ക് മോട്ടോർബൈക്കും മോട്ടോർ കാറും ഒക്കെ സ്വന്തമാക്കി.

bicycle day ginu samuel shares Amsterdam  experience

എൺപതുകൾക്ക് മുൻപേ ജനിച്ചവർക്ക് ഒരുപക്ഷേ ഓർമ്മ കാണും ഒരു സൈക്കിളിൽ രണ്ടുപേർ കയറിയാൽ കാറ്റഴിച്ചു വിടുന്ന പൊലീസുകാരുടെ മുഖം. ഇന്ന് സിനിമയിൽ പോലും സൈക്കിൾ അന്യം നിന്നുപോയി. ഒരുകാലത്തു സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു സൈക്കിളിൽ ചുറ്റുന്ന നായകൻ. ഒരു കാലത്തു മലയാള സിനിമയുടെ ഇതിവൃത്തമായിരുന്ന തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ ഇഷ്ടവാഹനവും സൈക്കിൾ ആയിരുന്നു.

ഒരുകാലത്തു പ്രൗഢിയോടെ സൈക്കിൾ ചവിട്ടിയിരുന്ന നമ്മൾ എന്തുകൊണ്ട് നമ്മുടെ ശീലങ്ങളിൽ നിന്നും മാറി മറഞ്ഞു? വാഹനങ്ങളുടെ തള്ളിക്കയറ്റം കാരണം സൈക്കിൾ യാത്രക്ക് സ്ഥലമില്ലാതെ ആയതാണോ? ഇന്ന് ലോക സൈക്കിൾ ദിനം. ചില സൈക്കിൾ കാര്യങ്ങളാണ് ഇനി പറയുന്നത്.

യൂറോപ്യൻ രാജ്യങ്ങളിലെ സൈക്കിൾ ഉപയോഗം പല യാത്രകളിലും ഞാൻ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. സൈക്കിളുകൾ കൂട്ടമായി പാർക്ക് ചെയ്തിരിക്കുന്ന റെയിൽവേ സ്റ്റേഷനുകൾ, പ്രായത്തെ വകവെക്കാതെ സൈക്കിൾ ചവിട്ടി പോകുന്ന വൃദ്ധർ. മറ്റു യാത്രാസൗകര്യം ഉണ്ടായിട്ടും സൈക്കിൾ യാത്ര ചെറുപ്പം മുതൽ ശീലമാക്കിയ ഒരു ജനത. സൈക്കിൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന നാടാണ് കനാലുകളുടെ നാടായ ആംസ്റ്റർഡാം.

bicycle day ginu samuel shares Amsterdam  experience

ഒരുപക്ഷേ, ലോകത്തിൽ ഏറ്റവും അധികം ആളുകൾ സൈക്കിൾ ചവിട്ടുന്ന നാട്. കണക്കുകൾ സൂചിപ്പിക്കുന്നത് ഏതാണ്ട് 58 ശതമാനം ആളുകളും അവിടെ യാത്രയ്ക്കായി സൈക്കിൾ ഉപയോഗിക്കുന്നു എന്നാണ്. എടുത്തുപറയേണ്ട മറ്റൊരു കാര്യം സൈക്കിൾ ചവിട്ടാൻ വേണ്ടി മാത്രമുള്ള വഴികളാണ്. അഞ്ഞൂറിൽ പരം കിലോമീറ്റർ ദൈർഘ്യമുള്ള വഴികൾ ആണ് സൈക്കിൾ യാത്രികർക്കായി ആംസ്റ്റർഡാം പട്ടണത്തിൽ മാത്രം ഒരുക്കിയിരിക്കുന്നത്.

അവിടുത്തുകാർ ഒരുദിവസം സൈക്കിൾ ചവിട്ടി തീർക്കുന്നത് ഏതാണ്ട് ഇരുപതുലക്ഷം കിലോമീറ്ററുകൾ ആണ്. അത്രയും ദൂരം യാത്ര ചെയ്യുവാൻ നമ്മൾ കത്തിക്കേണ്ട പെട്രോളിന്റെയും ഡീസലിന്റെയും ചെലവും അതുമൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണവും ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ഡൽഹി പോലുള്ള നഗരങ്ങൾ അന്തരീക്ഷ മലിനീകരണംകൊണ്ടു വീർപ്പുമുട്ടുന്നത് നമ്മൾ ദിനം പ്രതി കാണുന്നതാണ്.

bicycle day ginu samuel shares Amsterdam  experience

ഏതാണ്ട് ഇരുപത്തി ഒൻപതോളം കമ്പനികൾ ആണ് ആംസ്റ്റർഡാം നഗരത്തിൽ മാത്രം സൈക്കിൾ വാടകയ്ക്ക് കൊടുത്തു പണമുണ്ടാക്കുന്നത്. നമ്മുടെ നാട്ടിൽ തുടങ്ങിയ സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്ന പല സംരംഭങ്ങളും ഒരുപക്ഷേ പൂട്ടിപ്പോയിട്ടുണ്ടാകും ഇന്ന്.

ആംസ്റ്റർഡാമിൽ Rijksmuseum മ്യൂസിയത്തിന്റെ അകത്തുകൂടി സൈക്കിൾ ഓടിച്ചു മ്യൂസിയത്തിലെ കാഴ്ചകൾ കാണുവാൻ കഴിയും എന്നത് ശരിക്കും അത്ഭുതം തന്നെയാണ്. ഇന്ന് ഡെന്മാർക്കിന്റെ തലസ്ഥാനമായ കൊപ്പെൻഹെഗനും ആംസ്റ്റർഡാമും തമ്മിൽ ലോക സൈക്കിൾ ഭൂപടത്തിൽ ഒന്നാം സ്ഥാനത്തു എത്താനുള്ള പൊരിഞ്ഞ പോരാട്ടമാണ്. കൊപ്പെൻഹേഗെനൈസ് ഇൻഡക്സ് ലോകത്തിലെ മികച്ച സൈക്കിൾ സൗഹൃദ പട്ടണത്തിന്റെ റാങ്കിങ് ആണ്. ആദ്യ ഒന്നും രണ്ടും സ്ഥാനം കൊപ്പെൻഹെഗനും ആംസ്റ്റർഡാമും വീതിച്ചെടുക്കുന്നു. മറ്റൊരു കൗതുകകരമായ വിശേഷം ആംസ്റ്റർഡാമിലെ രാജാവും രാജ്ഞിയും വരെ സൈക്കിൾ യാത്ര ശീലമാക്കിയവരാണ് എന്നതാണ്.

bicycle day ginu samuel shares Amsterdam  experience

എല്ലാം വിളിപ്പുറത്തെത്തുന്ന കാലമാണിത്. ടാക്സിയും ഭക്ഷണവും എല്ലാം. എങ്കിലും സൈക്കിൾ ചവിട്ടുന്നത് കൊണ്ട് ഒരുപാട് മെച്ചമുണ്ട്. സൈക്കിളിൽ പോകാനുള്ള ദൂരമാണെങ്കിൽ സൈക്കിളി‍ലിൽ പോകാം. വ്യായാമമാകും, ഇന്ധനം നൽകി കാശ് കളയേണ്ട, പരിസ്ഥിതിസൗഹാർദ്ദപരവുമാണ്. പക്ഷേ, അതിനുള്ള സൗകര്യം കൂടിയുണ്ടാകണം.

bicycle day ginu samuel shares Amsterdam  experience

സൈക്കിൾ സവാരി നമ്മുടെ ശീലമാക്കണമെങ്കിൽ സർക്കാർ തലത്തിൽ ധാരാളം ശ്രദ്ധ ചെലുത്തേണ്ടി ഇരിക്കുന്നു. നല്ല സൈക്കിൾ സൗഹൃദ പാതകളും നഗരങ്ങളിൽ സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്ന കമ്പനികളും, സൈക്കിൾ ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന വമ്പൻ ഓഫറുകളും പാർക്കിങ് സ്റ്റാന്റുകളും എല്ലാം വന്നെങ്കിൽ മാത്രമേ നമ്മുടെ ഇന്നത്തെ ശീലങ്ങൾക്ക് മാറ്റങ്ങൾ ഉണ്ടാകുകയുള്ളൂ.

എല്ലാവർക്കും സൈക്കിൾ ദിന ആശംസകൾ.

Follow Us:
Download App:
  • android
  • ios