Asianet News MalayalamAsianet News Malayalam

വാടകയ്ക്ക് ഒരു കാമുകൻ, പ്രേമിക്കാനാളില്ലാതായപ്പോൾ ശകുൽ ഗുപ്ത കണ്ടെത്തിയ വഴി...

എന്നാൽ, അതൊരു തുടക്കം മാത്രമായിരുന്നു. 2018 -ലെ സംഭവത്തിന് ശേഷം അദ്ദേഹം പിന്നീട് പലപ്രാവശ്യം ഇങ്ങനെ പെൺകുട്ടികൾക്ക് വാടകയ്ക്ക് ഒരു കാമുകനായി അവരോടൊപ്പം പോയി. 

boy friend for rent
Author
Bombay, First Published Jul 5, 2021, 4:11 PM IST

പണ്ടൊക്കെ പരസ്യമായി പ്രേമിക്കാൻ ഭയക്കുന്ന ഒരു തലമുറയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഒളിഞ്ഞും മറിഞ്ഞും കത്തുകൾ കൈമാറിയും, ഒരുനോക്ക് കാണാൻ വഴിയരികിൽ മണിക്കൂറുകൾ കാത്തുനിന്നും അവർ ആരുടേയും കണ്ണിൽ പെടാതെ പ്രണയിച്ചു കൊണ്ടിരുന്നു. എന്നാൽ, ഇന്ന് ബീച്ചിലും, മാളിലും പരസ്യമായി കൈകോർത്ത് പിടിച്ച് നടക്കുന്ന പ്രണയിതാക്കളെയാണ് നമുക്ക് കാണാൻ കഴിയുക. പിറന്നാളും, വാലന്റൈൻസ് ഡേയും എല്ലാം അവർ ആഘോഷിക്കുന്നു. അതുകൊണ്ട് തന്നെ അങ്ങനെ പ്രണയിച്ച് നടക്കുന്ന ചങ്കുകളെ കാണുമ്പോൾ തനിച്ചായവർക്ക് വല്ലാത്ത നിരാശയായിരിക്കും. തനിക്ക് പ്രേമിക്കാൻ ഒരു പെണ്ണ് പോലുമില്ലലോ എന്നോർത്ത് അവർ സങ്കടപ്പെടും.

വർഷങ്ങൾക്ക് മുമ്പ് ഗുഡ്ഗാവിലെ സ്വദേശി ശകുൽ ഗുപ്തയും അത്തരത്തിൽ ഒരാളായിരുന്നു. പെൺകുട്ടികളുടെ പിന്നാലെ നടന്ന് കാലിലെ ചെരുപ്പ് തേഞ്ഞത് മാത്രം മിച്ചം. ആരും അദ്ദേഹത്തെ തിരിഞ്ഞ് നോക്കിയില്ല. ഇത് അദ്ദേഹത്തെ വല്ലാതെ സങ്കടപ്പെടുത്തി. "എന്റെ ജീവിതത്തിൽ എനിക്ക് ഒരിക്കലും ഒരു കാമുകി ഉണ്ടായിരുന്നില്ല. ആരെങ്കിലും എന്നെ ഒന്ന് പ്രേമിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ ചങ്ങാതിമാർ പ്രണയിക്കുന്നത് കാണുമ്പോൾ എനിക്ക് വല്ലാത്ത നിരാശ തോന്നി. എന്നെ പോലെ സിംഗിൾ ആയ ആളുകൾ എത്രത്തോളം സങ്കടപ്പെടുന്നുണ്ടാകുമെന്ന് ഞാൻ ഓർത്തു" അദ്ദേഹം പറഞ്ഞു. അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് അദ്ദേഹത്തിനൊരു ആശയം തോന്നിയത്.    

ബിസിനസുകാരനായ ശകുൽ ഗുപ്ത 2018 -ൽ വാലന്റൈൻസ് ഡേ സമയത്ത് തന്റെ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. അദ്ദേഹവുമായി കറങ്ങാൻ താല്പര്യമുള്ള പെൺകുട്ടിക്ക് ഒരു ഐഫോൺ 7 സമ്മാനമായി നൽകുമെന്നതായിരുന്നു ആ പോസ്റ്റ്. മാത്രമല്ല, പെൺകുട്ടിയെ തന്റെ ഓഡി എ 4 കാറിൽ ഗുഡ്ഗാവിലെ ഹോട്ടൽ ഒബറോയിയിൽ കൊണ്ടുപോയി ഒന്നിച്ചിരുന്നു ഒരു അത്താഴവും അദ്ദേഹം വാഗ്ദാനം ചെയ്തു. പോസ്റ്റിനുപിന്നാലെ ശകുൽ ഗുപ്തയ്‌ക്കൊപ്പം വാലന്റൈൻസ് ഡേ ആഘോഷിക്കാനായി രണ്ടായിരത്തോളം പെൺകുട്ടികൾ താല്പര്യം പ്രകടിപ്പിച്ചു. തന്റെ പോസ്റ്റിന് ഇത്രയധികം പ്രതികരണം ലഭിക്കുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല. എന്നിരുന്നാലും എല്ലാവരെയും അദ്ദേഹത്തിന് കൊണ്ടുപോകാനായില്ല. ഒടുവിൽ വ്യവസ്ഥ അനുസരിച്ച്, ശകുൽ അഞ്ച് പെൺകുട്ടികളെ ആ തീയതിൽ അദ്ദേഹത്തോടൊപ്പം വാലൻന്റൈൻ ദിനം ആഘോഷിക്കാൻ ക്ഷണിച്ചു. അഞ്ചുപേർക്കും ഐഫോൺ 7 സമ്മാനിച്ചു. ഇതോടൊപ്പം, ഓഡി എ 4 കാറിൽ ഗുഡ്ഗാവിലെ ഹോട്ടൽ ഒബറോയിയിലേക്ക് കൊണ്ടുപോയി, ഒരുമിച്ചിരുന്ന് അത്താഴവും കഴിച്ചു.

എന്നാൽ, അതൊരു തുടക്കം മാത്രമായിരുന്നു. 2018 -ലെ സംഭവത്തിന് ശേഷം അദ്ദേഹം പിന്നീട് പലപ്രാവശ്യം ഇങ്ങനെ പെൺകുട്ടികൾക്ക് വാടകയ്ക്ക് ഒരു കാമുകനായി അവരോടൊപ്പം പോയി. അതായത്, ‘ബോയ്ഫ്രണ്ട് ഫോർ റെന്റ്'. "ഇന്ന് ആളുകൾ എന്നെ പോലെയാകാൻ ആഗ്രഹിക്കുന്നു. എല്ലാ കാര്യത്തിലും എന്നോടാണ് ഉപദേശം തേടുന്നത്," അദ്ദേഹം പറഞ്ഞു. ശകുൽ ഇതിനോടകം പെൺകുട്ടികളുമായി 45 -ലധികം ഡേറ്റുകൾ നടത്തി കഴിഞ്ഞു. “ഞങ്ങൾ പുറത്തു പോകുന്നു. കോഫിയോ ലഘുഭക്ഷണമോ കഴിക്കുന്നു, സംസാരിക്കുന്നു. സത്യസന്ധമായി സംസാരിക്കുന്നതാണ് അവർക്ക് ഇഷ്ടം. പല പെൺകുട്ടികൾക്കും അവരുടെ പ്രശ്‍നങ്ങൾ കേൾക്കാൻ മനസ്സ് കാണിക്കുന്ന ഒരാളെയാണ് ആവശ്യം" അദ്ദേഹം പറഞ്ഞു.

അദ്ദേഹം പെൺകുട്ടികളുമായി ഫാൻസി റെസ്റ്റോറന്റുകളിൽ പോകും, അവർക്കായി പാട്ടുകൾ പാടും, അവരുടെ വിഷമങ്ങൾ കേൾക്കും, ട്രെക്കിംഗിന് പോകും അങ്ങനെ രസകരമായ രീതിയിൽ സമയം പങ്കിടും. ഇതിന്റെ പേരിൽ നിരവധിപേർ അദ്ദേഹത്തെ ഓൺ‌ലൈനിൽ  പരിഹസിച്ചിക്കുന്നുവെങ്കിലും, ഇതിൽ നിന്ന് പിന്മാറാനൊന്നും അദ്ദേഹം ഒരുക്കമല്ല. വാടകയ്‌ക്കെടുക്കാവുന്ന ഒരു കാമുകനാണ് താൻ എന്ന് പറയാൻ തനിക്ക് ഒട്ടും ലജ്ജയില്ലെന്നും, പല പെൺകുട്ടികളും കരഞ്ഞുകൊണ്ട് തങ്ങളുടെ അരക്ഷിതാവസ്ഥയെ കുറിച്ച് പറയുമെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ വണ്ണം കാരണം ആൺകുട്ടികൾ എന്റെ കൂടെ കറങ്ങാൻ മടിക്കുന്നു.' 'ഈയിടെ ജോലിസ്ഥലത്ത് എനിക്ക് വല്ലാത്ത ഒരു പ്രഷറാണ്, എന്നെ ഒന്ന് കെട്ടിപ്പിടിക്കാമോ?' തുടങ്ങി നിരവധി മനസ്സലിയിപ്പിക്കുന്ന അഭ്യർത്ഥനകൾ അദ്ദേഹത്തിന് ലഭിച്ചതായി അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് പറയുന്നു. 

എന്നാൽ, ഇതിലെ രസകരമായ കാര്യം അദ്ദേഹം ഇതിനെ തൊഴിലായല്ല കാണുന്നത്. ഡേറ്റിംഗ് പോകുമ്പോഴുളള എല്ലാ ചെലവും അദ്ദേഹം തന്നെയാണ് വഹിക്കുന്നത്. "ഞാൻ ഇത് പണത്തിന് വേണ്ടിയല്ല ചെയ്യുന്നത്, മറിച്ച് എന്റെ കൂടെ ജീവിതം പങ്കിടാൻ സാധിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടെത്താവുമെന്ന പ്രതീക്ഷയിലാണ്" ശകുൽ പറയുന്നു.

Follow Us:
Download App:
  • android
  • ios