'എനിക്കെന്റെ കാഴ്ച നഷ്ടപ്പെട്ടു. പക്ഷേ, ഉള്‍ക്കാഴ്ച കിട്ടി' -പറയുന്നത് പഞ്ചാബിലുള്ള 51 -കാരനായ രവീന്ദര്‍ സിങ്. കടുത്ത മദ്യപാനത്തെ തുടര്‍ന്നാണ് രവീന്ദര്‍ സിങ്ങിന് തന്റെ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടത്. 'എന്നെ നോക്കൂ, വിഷമുള്ള മദ്യം നിങ്ങളുടെ ജീവിതത്തെ നരകമാക്കിമാറ്റും...' മദ്യത്തിന് അടിമകളായവരടക്കമുള്ള കര്‍ഷകരെ നോക്കി അദ്ദേഹം പറയുന്നു.

രവീന്ദറും ഇളയ സഹോദരനായ ഹര്‍പാല്‍ സിങ്ങും അടുത്തുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ചെന്ന് മദ്യത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയാണ്. 'ചിലര്‍ ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറാവും. എന്നാല്‍, ചിലര്‍ ഞങ്ങള്‍ക്ക് കാത് തരില്ല. എന്നാല്‍, ഞങ്ങളതുകൊണ്ടൊന്നും പറയുന്നത് നിര്‍ത്തില്ല. വ്യാജമദ്യം എന്റെ സഹോദരന്റെ കാഴ്ച എന്നേക്കുമായി നഷ്ടപ്പെടുത്തി. ഇത്തരം മദ്യം ഇല്ലാതാക്കിയ കുടുംബനാഥന്മാരുടെ അനുഭവങ്ങള്‍ നമ്മളവരോട് പങ്കുവെക്കും' -ഹര്‍പാല്‍ വൈസ് ന്യൂസിനോട് പറഞ്ഞു. 

നിയമവിരുദ്ധമായ ഇത്തരം മദ്യം ഇവിടങ്ങളില്‍ സുലഭമാണ്. ഇവ എത്രത്തോളമുണ്ട് എന്നതിന് കണക്കുകളില്ലെങ്കിലും കൂടുതലാളുകളും ഇത്തരം വ്യാജന്മാരെയാണ് ഉപയോഗിക്കുന്നതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2019 -ല്‍ മാത്രം വ്യാജമദ്യം കഴിച്ചതിലൂടെ മരിച്ചത് 1296 പേരാണ്. കഴിഞ്ഞ 10 വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓരോ ദിവസവും രാജ്യത്ത് മൂന്ന് പേരെങ്കിലും ഇങ്ങനെ മരിക്കുന്നുണ്ടെന്നും പറയുന്നു. 

ആ ജൂലൈ വൈകുന്നേരം 150 രൂപ കൊടുത്താണ് രവീന്ദര്‍ ഒരു കുപ്പി മദ്യം വാങ്ങിയത്. രണ്ട് ദിവസമായപ്പോഴേക്കും അദ്ദേഹത്തിന് തന്റെ ജീവന്‍ നിലനിര്‍ത്താന്‍ പോരാട്ടം തന്നെ നടത്തേണ്ടി വന്നു. വ്യാജമദ്യം അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കി. ജൂലൈ 18 -ന് ഡോക്ടര്‍മാര്‍ രവീന്ദറിനോട് രക്ഷപ്പെടാന്‍ സാധ്യത കുറവാണ് എന്ന സത്യം പറഞ്ഞു. പിറ്റേന്ന് രാവിലെ അയാള്‍ കണ്ണ് തുറന്നു. ആദ്യം ചില മങ്ങിയ കാഴ്ചകള്‍. പയ്യെപ്പയ്യെ മൊത്തം ഇരുട്ടായി മാറി. മദ്യത്തിലടങ്ങിയിരുന്ന മെഥനോള്‍ അയാളുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നതിന് കാരണമാവുകയായിരുന്നു. 

ഹര്‍പാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ചെന്ന് മദ്യം വിറ്റ പ്രകാശ് സിങ്ങിനെതിരെ കേസ് കൊടുത്തു. എന്നാല്‍, നാട്ടുകാര്‍ അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. രവീന്ദര്‍ ആശുപത്രിയില്‍ കഴിഞ്ഞ അതേ ആഴ്ച തന്നെ ഗ്രാമത്തിലെ മൂന്നുപേര്‍ വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് മരിക്കുകയുണ്ടായി. രവീന്ദറിന് കാഴ്ച നഷ്ടപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില്‍ പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കി. ആ ആഴ്ച തന്നെയാണ് പഞ്ചാബിൽ വ്യാജമദ്യ ദുരന്തമുണ്ടാകുന്നതും. 123 പേരാണ് വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത്. 

ഞങ്ങള്‍ പൊലീസില്‍ സമ്മര്‍ദ്ദം ചെലുത്തുകയും പൊലീസ് അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഈ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്ന് ഹര്‍പാല്‍ പറയുന്നു. പിന്നീട് പൊലീസ് എഫ്‌ഐആറില്‍ കൊലപാതകക്കുറ്റം ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് ചില പൊലീസുകാര്‍ സസ്‌പെന്‍ഷനിലായി. 

1990 -കളില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ ചേര്‍ന്നപ്പോഴാണ് രവീന്ദര്‍ ആദ്യമായി മദ്യപിച്ചു തുടങ്ങിയത്. പിന്നീട് അത് വിട്ട ശേഷവും മദ്യപാനം തുടര്‍ന്നു. പണമില്ലാതായപ്പോള്‍ വ്യാജന്മാരെ ആശ്രയിച്ചു തുടങ്ങി. അങ്ങനെയാണ് കണ്ണിന് കാഴ്ച നഷ്ടപ്പെടുന്നതും. അതിനുശേഷം രവീന്ദറും സഹോദരന്‍ ഹര്‍പാലും ചേര്‍ന്ന് വ്യാജമദ്യത്തിനെതിരെ ബോധവല്‍ക്കരണം തുടങ്ങി. അമൃത്സറിലാണ് ഹര്‍പാല്‍ ജോലി നോക്കുന്നതെങ്കിലും പറ്റുമ്പോഴെല്ലാം നാട്ടില്‍ വരികയും സഹോദരനൊപ്പം ബോധവല്‍ക്കരണത്തില്‍ പങ്കാളിയാവുകയും ചെയ്യുന്നു. സഹോദരന്മാരുടെ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ട് എന്ന് നാട്ടുകാരും സമ്മതിക്കുന്നുണ്ട്. പലരും മദ്യം ഉപയോ​ഗിക്കുന്നത് നിർത്തി. ഇങ്ങനെ അനധികൃതമായി പ്രവർത്തിക്കുന്ന വ്യാജമദ്യകേന്ദ്രങ്ങൾ പലതും പൂട്ടുകയുമുണ്ടായിട്ടുണ്ട്. 

(ചിത്രങ്ങൾ പ്രതീകാത്മകം)