Asianet News MalayalamAsianet News Malayalam

150 കിലോ ഭാരമുള്ള ഇരുമ്പുകട്ടകളും കാലിൽ പിടിപ്പിച്ച് നടക്കുന്നൊരു ചൈനക്കാരൻ, കാരണം

ഇങ്ങനെ ഇന്റർനെറ്റിൽ പ്രശസ്തനാകാനായി ഇരുമ്പ് ഷൂസിൽ പരിശീലനം നടത്തുന്ന ആദ്യ വ്യക്തിയല്ല എൻ‌ഷുൻ.

Chinese man walking with 150 kg attached to his feet
Author
China, First Published Feb 18, 2021, 4:12 PM IST

ഒരു ചൈനക്കാരൻ തന്റെ അതുല്യമായ പരിശീലന രീതി കാരണം സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരമായിരിക്കയാണ്.  42 -കാരനായ ഷാങ് എൻ‌ഷുൻ 150 കിലോ ഭാരമുളള ഇരുമ്പുകട്ടകൾ കാലിൽ ഘടിപ്പിച്ചാണ് ഇപ്പോൾ നടക്കുന്നത്. ചൈനയിലെ ഗ്വാങ്‌സി പ്രവിശ്യയിലെ യൂലിൻ സിറ്റിയിൽ നിന്നുള്ള അദ്ദേഹം കഴിഞ്ഞ അഞ്ച് മാസമായി “ഇരുമ്പ് ഷൂസ്” പരിശീലനം നടത്തുകയാണ്. ആളുകൾ കാലിൽ ഭാരം വഹിച്ചുകൊണ്ട് നടക്കുന്ന വാർത്തകൾ കണ്ടതിനുശേഷം, അതൊന്ന് സ്വയം പരീക്ഷിക്കാം എന്നോർത്താണ് അദ്ദേഹം ഇത് ആരംഭിച്ചത്. ആദ്യം 18.75 കിലോഗ്രാം ഭാരമുള്ള ഒരു ഇരുമ്പ് കട്ടയാണ് കാലിൽ ഘടിപ്പിച്ചത്. എന്നാൽ, ഇന്ന് ഓരോ കാലിലും നാല് ഹെവി പ്ലേറ്റുകളുമായിട്ടാണ് അദ്ദേഹം ചുറ്റിക്കറങ്ങുന്നത്. 150 കിലോഗ്രാമാണ് അതിന്റെയെല്ലാം ആകെ ഭാരം.

"ഈ ഷൂസിന്റെ ഭാരം എന്റെ ശരീരഭാരത്തിന്റെ ഇരട്ടിയിലധികമാണ്, പക്ഷേ 20 മിനിറ്റിനുള്ളിൽ എനിക്ക് ഈ ഷൂസുകൾ ഉപയോഗിച്ച് 50 മീറ്ററിലധികം ദൂരം നടക്കാൻ കഴിയും” എൻ‌ഷുൻ പറഞ്ഞു. എല്ലാ ദിവസവും അദ്ദേഹം 200 മുതൽ 300 മീറ്റർ വരെ ഈ ഇരുമ്പ് ഷൂസ് ധരിച്ച്  നടക്കുന്നു. കട്ടിയുള്ള ബെൽറ്റുകൾ ഉപയോഗിച്ച് ഇരുമ്പ് കട്ടകളെ കാലിൽ ഉറപ്പിച്ചതിന് ശേഷമാണ് ഷാങ് പരിശീലനം ആരംഭിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ വലിയ പുരോഗതിയാണ് കൈവരിച്ചതെന്ന് അദ്ദേഹം അടുത്തിടെ പ്രാദേശിക മാധ്യമപ്രവർത്തകരോട് പറയുകയുണ്ടായി. ഓരോ കാലിലും ഭാരം നാലിരട്ടിയാണെങ്കിലും, നിലത്തുനിന്ന് രണ്ട് സെന്റിമീറ്റർ ദൂരത്തിൽ കാൽ ഉയർത്താനും, ഓരോ ഘട്ടത്തിലും 20 സെന്റീമീറ്റർ വരെ നടക്കാനും അദ്ദേഹത്തിന് ഇപ്പോൾ കഴിയും.

എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ഇങ്ങനെ നടക്കുന്നത് എന്ന് പലരും അദ്ദേഹത്തോട് ചോദിക്കാറുണ്ട്. എന്നാൽ, ഈ ഷൂ വ്യായാമം തന്റെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും സന്ധികളെ ശക്തമാക്കുകയും ചെയ്യുന്നുവെന്ന് 42 -കാരൻ അവകാശപ്പെടുന്നു. എന്നിരുന്നാലും, ചൈനയിൽ കുറച്ചുകാലമായി കണ്ടുവരുന്ന ഈ വ്യായാമത്തിന് അപകടസാധ്യതകളുണ്ടെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. എല്ലാവരുടെയും അസ്ഥികൾ വ്യത്യസ്തമാണെന്നും ഒരു വ്യക്തിയുടെ അസ്ഥികൾക്കും സന്ധികൾക്കും നേരിടാൻ കഴിയുന്ന സമ്മർദ്ദം പരിമിതമാണെന്നും അതിനാൽ ഇരുമ്പ് ഷൂസിന്റെ ഭാരം വളരെയധികം വർദ്ധിപ്പിക്കുന്നത് ഗുരുതരമായ പരിക്കുകൾക്ക് കാരണമാകുമെന്നും Yulin Integrated Traditional Chinese and Western Orthopedic Hospital -ലെ ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ ലിയാങ് സൗ മാധ്യമങ്ങളോട് പറഞ്ഞു. വളരെ ശ്രദ്ധയോടെ വേണം ഈ വ്യായാമം ചെയ്യാനെന്നും ഡോ. ലിയാങ് ഉപദേശിച്ചു.

ഇങ്ങനെ ഇന്റർനെറ്റിൽ പ്രശസ്തനാകാനായി ഇരുമ്പ് ഷൂസിൽ പരിശീലനം നടത്തുന്ന ആദ്യ വ്യക്തിയല്ല എൻ‌ഷുൻ. 2012 -ൽ വു കോംഗ് എന്ന വ്യക്തി 400 കിലോഗ്രാം ഭാരമുള്ള ഒരു ജോഡി ഇരുമ്പ് ഷൂസിൽ നടന്ന് ദേശീയ റെക്കോർഡ് സ്ഥാപിക്കുകയുണ്ടായി. കഴിഞ്ഞ വർഷം അയൺ ഷൂ കിംഗ് എന്ന് സ്വയം വിളിക്കുന്ന ഒരാൾ കാലുകളിൽ 140 കിലോഗ്രാം ഭാരം ഘടിപ്പിച്ച് നടന്ന് ലോക ശ്രദ്ധ നേടിയിരുന്നു. 
 

Follow Us:
Download App:
  • android
  • ios