Asianet News MalayalamAsianet News Malayalam

ചമ്പും നോമ്പുമുറിക്കാനുള്ള സാധനവും പിന്നെ മതമൈത്രിയുടെ കരോളും; ഒരു കുടിയേറ്റ ക്രിസ്മസ് ഓര്‍മ്മ

മലബാറിന്റെ കുടിയേറ്റ ഭൂമികയില്‍ ക്രിസ്മസ് എങ്ങനെയാണ് എല്ലാ വിഭാഗക്കാരുടെയും ആഘോഷമാവുന്നത്? കണ്ണൂരിന്റെ ഒരു കിഴക്കന്‍ മലയോരത്തെ ക്രിസ്മസ് അനുഭവങ്ങള്‍. ജോമിറ്റ് എഴുതുന്നു 

christmas 2022 Christmas memories from a Malabar migrated Christian village in Kerala by Jomit Jose
Author
First Published Dec 24, 2022, 6:07 PM IST

കാലവും മനുഷ്യരും ഒരുപാട് മാറിയെങ്കിലും. എന്തായാലും ചമ്പ് ഇപ്പോള്‍ അടുപ്പില്‍ കയറിക്കാണും. പാതിരാക്കുര്‍ബാനയ്ക്ക് പോകും മുമ്പ് എല്ലാം സെറ്റാക്കാനുള്ളതാണ്. ഞാന്‍ തിരുവനന്തപുരത്തും സുഹൃത്തുക്കള്‍ പലരും ഗള്‍ഫിലും യുകെയിലും കാനഡയിലുമായി ആ ആഘോഷങ്ങളില്‍, സന്തോഷത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നു. കുറച്ച് ദിവസങ്ങള്‍ മാത്രം മുമ്പ് ഓര്‍മ്മകളിലേക്ക് മറഞ്ഞ കുന്നിലെ കണ്ണേട്ടന്‍ സ്വര്‍ഗത്തിലിരുന്ന് ഇന്നത്തെ കരോള്‍ കാണുന്നുണ്ടാവും.  

 

christmas 2022 Christmas memories from a Malabar migrated Christian village in Kerala by Jomit Jose

 

ചമ്പ് വാങ്ങണ്ടേ? നോമ്പ് മുറിക്കാനുള്ള സാധനവും... ക്രിസ്മസ് ആയാല്‍ ഈ രണ്ട് ചോദ്യങ്ങളെ കാരണവര്‍മാര്‍ക്കുണ്ടായിരുന്നുള്ളൂ. ഇപ്പോ ഞങ്ങളുടെ തലമുറയ്ക്കും. ക്രിസ്മസിന് നാട്ടിലെത്തിയാല്‍ ആദ്യ ചോദ്യം ഇവ രണ്ടുമാണ്. ഇക്കുറി ക്രിസ്മസിന് നാട്ടിലില്ലാത്തത് കൊണ്ടുതന്നെ ഈ രണ്ട് ചോദ്യങ്ങളും ആരോടും നേരില്‍ ചോദിക്കാനായില്ല. എന്താണ് ചമ്പും നോമ്പ് മുറിക്കാനുള്ള സാധനവുമെന്ന് പിന്നാലെ പറയാം...  

 

യഹൂദിയായിലെ...
 'യഹൂദിയായിലെ ഒരു ഗ്രാമത്തില്‍...
ഒരു ധനുമാസത്തിന്‍ കുളിരിന്‍ രാവില്‍'... 

തോടിന് അക്കരെ, മലയെ വരെ മുഴക്കുന്ന ശബ്ദത്തില്‍, അതിന്റെ പ്രതിബിംബത്തെ അപ്രസക്തമാക്കുന്ന ചടുല താളത്തോടെ പയസേട്ടന്‍ ഉറക്കെപ്പാടുന്നത് ദൂരെ നിന്ന് കേള്‍ക്കുമ്പോഴേ കുന്നിലെ കണ്ണേട്ടനും ചന്ദ്രേട്ടനും നാരായണിയേച്ചിയും നല്ല മെനയുള്ള വെള്ള തോര്‍ത്ത് തോളിലിട്ട്, നല്ല കൈലിയൊക്കെ ഉടുത്ത് കൈകൂപ്പി കാത്തുനില്‍ക്കും. ഉറക്കച്ചടവിനിടയിലും കൊച്ചുമക്കള്‍ അത്ഭുതത്തോടെ കണ്ണുതുറിച്ച് നോക്കിനില്‍ക്കും. ഉമ്മറത്തെ മരത്തിന്റെ സ്റ്റൂളില്‍ തൂവെള്ള തുണി വിരിച്ച് അതില്‍ രണ്ട് മെഴുകുതിരി വശങ്ങളിലായി കത്തിച്ച് ചുറ്റിലും പൂവിതറി അലങ്കരിച്ച് അവര്‍ സെറ്റാണ്. ഉണ്ണീശോ ഇങ്ങെത്തിയാല്‍ മാത്രം മതി. 

'ഇതാ നിങ്ങളുടെ വീട്ടിലേക്ക് ഉണ്ണിയേശു വരുന്നു' എന്നതിന്റെ സൂചനയായി കരോളുകാര്‍ വഴിയില്‍ വച്ച് ആദ്യ ഓലപ്പടക്കമങ്ങ് പൊട്ടിക്കും. അപ്പോള്‍ ഉറപ്പായി, ഉറക്കമളച്ച് കാണാന്‍ കാത്തിരുന്ന പൊന്നോമന ഉടനിങ്ങെത്തും.  

ഇരു കൈകളും ചേര്‍ത്ത് ഉണ്ണിശോയുടെ കുഞ്ഞ് തിരുസ്വരൂപം സ്വീകരിച്ച് നാരായണിയേച്ചി സ്റ്റൂളിന്റെ മധ്യത്തിലേക്ക് വെക്കും. എന്നിട്ട് ഒപ്പം ചേര്‍ന്ന് കരോളുകാര്‍ക്കൊപ്പം 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ഥന ചൊല്ലും. പള്ളിയില്‍ നിന്നുള്ള ക്രിസ്മസ് ആശംസാ കാര്‍ഡ് കൈപ്പറ്റും. കരോള്‍ സംഘത്തിലെ മുതിര്‍ന്ന എല്ലാവരോടും കുശലം പറയും, വിശേഷങ്ങള്‍ പങ്കുവെക്കും. 

'ഏതാ ഈ പിള്ളേര്...' 

'അവരൊക്കെ ഇന്ന വീടുകളിലേയാ...' 

കുഞ്ഞുകുട്ടിപൈതലുകളെ എല്ലാം പരിചയപ്പെടും. ക്രിസ്മസ് പാപ്പായുടെ നൃത്തം കണ്ടാസ്വദിക്കും. പിള്ളാര്‍ക്ക് പാപ്പായെ പേടിയാണ്. പക്ഷേ, ആ രഹസ്യ കുപ്പായത്തിന്റെ അറയില്‍ നിന്ന് മിഠായികള്‍ തുരുതുരാ ഒഴുകിവരുന്നതോടെ ഭയം മലകടക്കും. ഒടുവില്‍ ആ ഉണ്ണീശോയുടെ നിഷ്‌ക്കളങ്കമായ നറുമുഖത്ത് ഉമ്മവച്ച്, ഉള്ളതു പോലെയൊരു കുഞ്ഞു തുക നേര്‍ച്ചയിട്ട്, എല്ലാവര്‍ക്കും ആശംസകള്‍ പറഞ്ഞ് കരോളുമായി വന്നവരെ വീട്ടുകാര്‍ യാത്രയാക്കും. അവിടുന്ന് ഇറങ്ങും നേരം കണ്ണേട്ടന്‍ ഒരു വാക്ക് പറയും... 

'അടുത്ത കൊല്ലോം വരാന്‍ മറക്കറേ പയസേ...' ചന്ദ്രേട്ടനും നാരായണിയേച്ചിക്കും ഇതേ വാക്കേ ഉണ്ണീശോനെ കൊണ്ട് വീട്ടിന്ന് ഇറങ്ങുമ്പോ പറയാന്‍ ഉണ്ടായിരുന്നുള്ളൂ.

'ഉണ്ണി പിറന്നു, പുല്‍ക്കൂട്ടില്‍ ഉണ്ണിപിറന്നു...' 

അടുത്ത പാട്ടുമായി പയസേട്ടനും സംഘവും അയലത്തെ വീട്ടിലേക്ക് നടന്നുനീങ്ങും. പതിവുപോലെ അവിടെയെത്താനാകുമ്പോള്‍ ഒരു ഓലപ്പടക്കം പൊട്ടിക്കും. കുഞ്ഞുകുട്ടികളുള്ള വീടുകളിലും പശുക്കളും ആടുകളുമുള്ള വീടുകളിലും പടക്കം പൊട്ടിക്കില്ല. പൊട്ടിച്ചാല്‍ വല്യ പൊല്ലാപ്പാണ്, പിള്ളാരുടെ കരച്ചില്‍ കേള്‍ക്കണം, പശുവെങ്ങാനും കയറ് പൊട്ടിച്ച് ഓടിയാല്‍ പറയുകയും വേണ്ട.

കുടിയേറ്റക്കാരുടെ ക്രിസ്മസ്

മുമ്പേ തുടങ്ങിയെങ്കിലും, രണ്ടാം ലോകമഹായുദ്ധാനന്തരം മലബാറിലേക്ക് പൊട്ടിപ്പുറപ്പെട്ട ക്രിസ്ത്യന്‍ കുടിയേറ്റത്തെ ഇരു കൈയും നീട്ടി സ്വീകരിച്ച മലബാറിന്റെ മണ്ണിലെ ക്രിസ്മസ് കരോളുകള്‍ ഇങ്ങനെയാണ്. ഇന്നേറെ മാറ്റം വന്നിരിക്കുന്നു എന്നത് ശരിയാണ്. എങ്കിലും ഒന്നുറപ്പാണ്, തോമസേട്ടനും കണ്ണേട്ടനും മമ്മാലിക്കയ്ക്കും ഒരുപോലെയുള്ള ആഘോഷമാണ് ക്രിസ്മസ്.

മലബാറിലേക്ക് കുടിയേറിയവരുടെ-അവരുടെ പിന്‍തലമുറകളുടെയും- ക്രിസ്മസിനും കരോളിനുമെല്ലാം ഒട്ടേറെ പ്രത്യകതകളുണ്ട്. മിക്കവരും മധ്യതിരുവിതാംകൂറില്‍ നിന്ന് കുടിയേറിയവരാണല്ലോ. 'എന്നാ ഉണ്ടടാ ഉവ്വേ' എന്ന വര്‍ത്തമാനം തലമുറകള്‍ പിന്നിട്ടിട്ടും നാവിന്‍തുമ്പില്‍ വരുന്നവര്‍. അതുകൊണ്ടുതന്നെ കണ്ണൂരിന്റെയൊക്കെ മലയോരങ്ങളില്‍ ചെന്നാല്‍ 'ഓ എന്നാ ഉണ്ട്' എന്ന പറച്ചിലാണ് ആദ്യം കേള്‍ക്കുക. കേട്ട് കേട്ട് തഴമ്പിച്ച കൊണ്ടാവണം നമ്മളെയൊക്കെ കണ്ടാല്‍, ഫോണ്‍ വിളിച്ചാല്‍ 'എന്നാ ഉണ്ട് വിശേഷം' എന്ന് ചോദിക്കുന്ന ഇതര മതസ്ഥരായ സുഹൃത്തുക്കളേറെ. അതാണ് കുടിയേറ്റം സൃഷ്ടിച്ചൊരു സാമൂഹിക പരിണാമം. മനുഷ്യര്‍ ഇടകലരുന്നത്, അവരുടെ സംസ്‌കാരവും ജീവിതവും വേര്‍പിരിക്കാനാവാത്ത വിധം കൂടിച്ചേരുന്നത്.  

മലബാറിലേക്കുള്ള ക്രിസ്ത്യന്‍ കുടിയേറ്റത്തിന് ഏറെ സവിശേഷതകളുണ്ട്. പൊന്ന് വിളയിക്കാന്‍ പോന്ന മണ്ണ് വേണം. അതായിരുന്നു കുടിയേറുന്നവരുടെ ആദ്യ ലക്ഷ്യം. ഒന്നും നോക്കിയില്ല. സകല മലകളും കാടുകളും താണ്ടി അവര്‍ നേരെ കിഴക്കന്‍ ചെരുവുകളിലേക്ക് വച്ചുപിടിച്ചു. കര്‍ണാടക വനം അതിരിടുന്ന, പകല്‍പോലും കാട്ടുപന്നിയും മൃഗങ്ങളും നടക്കാനിറങ്ങുന്ന, കോടമഞ്ഞും തണുപ്പും അരിച്ചിറങ്ങുന്ന ഇടങ്ങളിലേക്ക്. വളപട്ടണത്ത് ട്രെയിന്‍ ഇറങ്ങി പുഴമാര്‍ഗം പലയിടങ്ങളിലേക്ക് എത്തി എന്നൊക്കെയാണ് ചരിത്രം. ആദ്യം വന്നവരുടെ വിജയകഥകള്‍ കേട്ട് അവരുടെ അയല്‍ക്കാരും ബന്ധുക്കാരും പിന്നാലെയെത്തി. അങ്ങനെ ഘട്ടംഘട്ടമായി മലബാറിലേക്ക് വ്യാപകമായി ക്രിസ്ത്യന്‍ കുടിയേറ്റം നടന്നു. കുടിയേറ്റം നടന്നയിടങ്ങളില്ലെല്ലാം പള്ളികളുണ്ടായി. പള്ളിക്കൂടങ്ങളുണ്ടായി. കന്യാസ്ത്രീ മഠങ്ങളുണ്ടായി. കോളേജുകളും മറ്റ് സ്ഥാപനങ്ങളുമുണ്ടായി. അങ്ങനെ ഒട്ടേറെ സാമൂഹിക മാറ്റങ്ങളുണ്ടായി.

 

christmas 2022 Christmas memories from a Malabar migrated Christian village in Kerala by Jomit Jose

 

കുടിയേറ്റക്കാരുടെ ജീവിതം

മലബാറിലെ വളക്കൂറുള്ള മണ്ണ് തേടി മധ്യ തിരുവിതാംകൂറില്‍ നിന്ന് വല്യപ്പച്ചന്‍മാരും വല്യമ്മച്ചിമാരും കൈക്കുഞ്ഞുങ്ങളുമായി മലബാറിന്റെ വിവിധയിടങ്ങളിലേക്ക് കുടിയേറിയിട്ട് ഒരു നൂറ്റാണ്ടോളമായി. അവരുടെ അഞ്ചോ ആറോ തലമുറയുമൊക്കെയായിരിക്കും ഇപ്പോള്‍ ആ മുറ്റത്ത് ഓടിക്കളിക്കുന്നത്. മണ്ണാണ് പ്രധാനം എന്നതിനാല്‍ വന്നവര്‍ വന്നവര്‍ കാടും മലയും കയറി ഏറ്റവും ഉയരത്തിലേക്ക് പോയി. ആ പോക്കാണ് കണ്ണൂരിന്റെയും കാസര്‍കോടിന്റെയും കോഴിക്കോടിന്റെയുമൊക്കെ കീഴ്ക്കാം തൂക്കുകളില്‍ അവരെയെത്തിച്ചത്. കോട്ടയത്ത് നിന്നൊക്കെ കൂടെവന്ന കൈക്കുഞ്ഞുങ്ങള്‍ പലരും മലമ്പനി വന്ന് മരിച്ചു. പുതുതായി ജനിച്ച കുട്ടികളും പലരും മരണമടഞ്ഞു. അടക്കാന്‍ സെമിത്തേരികള്‍ പോലുമുണ്ടായിരുന്നു. ചികില്‍സിക്കാന്‍ ആശുപത്രികളില്ല, യാത്രാ സംവിധാനങ്ങളില്ല. അങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ വിരളമായിരുന്ന കാലം.

അങ്ങനെ വന്നവരുടെ അടുത്ത തലമുറയുടെ ഒരു വലിയ ഭാഗം ആ മണ്ണില്‍ തന്നെ ജീവന്‍ നല്‍കി. അങ്ങനെ വളക്കൂറ് കൂടിയ മണ്ണിലാണ് മലബാറിന്റെ കിഴക്കന്‍ മലയോരങ്ങളില്‍ കുടിയേറ്റ കര്‍ഷകര്‍ പൊന്നുവിളയിച്ചത്.  

എന്റെ നാട്ടില്‍ പള്ളിയുണ്ടായിട്ട് അഞ്ച് പതിറ്റാണ്ട് കഴിഞ്ഞു. കുടിയേറ്റം അതിനും ഏറെ പതിറ്റാണ്ടിന് മുമ്പേ അവിടേക്ക് തുടങ്ങിയതാണ്. ആദ്യമുണ്ടായത് ഓല മേഞ്ഞൊരു പള്ളി. കിലോമീറ്ററുകള്‍ നടന്ന് ദൂരെനിന്ന് അച്ചന്‍മാര്‍ വന്ന് കുര്‍ബാന അര്‍പ്പിച്ചു. പിന്നെ ആ പള്ളി പുതുക്കി പണിതു. ഇപ്പോള്‍ അതൊരു വിശാലമായ ദേവാലയമായി മാറി. പള്ളിക്ക് ചുറ്റിലും മലകളാണ്. അതാണ് മലയോരങ്ങളിലെ ജീവിതത്തിനും ക്രിസ്മസിനും കരോളിനുമെല്ലാം അത്രയേറെ സൗന്ദര്യം നല്‍കുന്നത്. മലകളുടെ മിഴികള്‍ക്ക് കീഴെയാണ് മനുഷ്യവാസം. മനുഷ്യന്‍ ചെങ്കുത്തായ മലകള്‍ കയറിയിറങ്ങി, മഞ്ഞ് ചുണ്ടത്ത് മുത്തംവച്ച് നില്‍ക്കുന്ന അരയ്‌ക്കൊപ്പമുള്ള പുല്ലിനിടയിലൂടെ വഴി ചികഞ്ഞ് പുലരുവോളം തിരുപ്പിറവി അറിയിച്ചുള്ള കരോള്‍. പാട്ടും പടക്കവുമായി ജാതി, മത ഭേദമില്ലാതെ എല്ലാ വീടുകളും താണ്ടിയുള്ള കരോള്‍. ഉണ്ണിയേശുവിന്റെ വരവ് കാത്ത് കുന്നിലെ കണ്ണേട്ടനും അപ്പുറത്തെ ചന്ദ്രേട്ടനും നാരായണിയേച്ചിയും ഉറങ്ങാതെ കാത്തിരുന്ന കാര്യം നേരത്തെ പറഞ്ഞുവല്ലോ. അതും വെളുപ്പിന് രണ്ടുമണി മൂന്ന് മണി നേരം വരെയുള്ള പ്രതീക്ഷയുടെ കാത്തിരിപ്പ്.

മലബാറില്‍, കണ്ണൂരിന്റെ ഒരു കിഴക്കന്‍ മലയോരത്തെ എന്റെ ഗ്രാമത്തില്‍ ചെറുപ്പത്തിലെ ഓര്‍മ്മകളിലുള്ള കരോള്‍ അങ്ങനെയായിരുന്നു. ഇത്തിരിപ്പോന്ന പ്രായത്തിലാണ് ആദ്യമായി കരോള്‍ കൂടാന്‍ പോയത്. രണ്ട് പതിറ്റാണ്ട് മുമ്പ്. അന്ന് അധികം ടോര്‍ച്ചുകളൊന്നുമില്ല, ആകെയുള്ളത് റബ്ബ‍ര്‍ ടാപ്പിംഗിന് തലയില്‍ കെട്ടിവെക്കുന്ന ഹെഡ്‌ലൈറ്റാണ്. മൊബൈല്‍ ഫളാഷൊക്കെ ഈയടുത്തല്ലേ വന്നത്. ആദ്യ ഓര്‍മ്മയിലെ കരോളിന് പെട്രോള്‍മാക്‌സായിരുന്നു വഴികാട്ടി. പെട്രോള്‍ മാക്‌സ് എന്ന് പറഞ്ഞാല്‍ മണ്ണെണ്ണ ഒഴിച്ച് വെളിച്ചം കത്തിക്കുന്ന യന്ത്രം. അത് കയ്യില്‍ തൂക്കിയിട്ടാണ് പയസേട്ടന്‍ നീട്ടിപ്പാടിയത്...

'യഹൂദിയായിലേ ഒരു ഗ്രാമത്തില്‍...' അതിന് മുമ്പ് ചൂട്ട് (ഉണങ്ങിയ ഓല) കത്തിച്ചുപിടിച്ചും പന്തം തയ്യാറാക്കിയുമായിരുന്നു കരോളിന് പോയിരുന്നത്. പിറവിയുടെ ഗാനത്തിനൊപ്പം കൊട്ടാന്‍ ചെണ്ടയൊന്നുമില്ല, റബര്‍ പാല്‍ ഉറയ്ക്കാന്‍ ഉപയോഗിക്കുന്ന പാത്രമാണ്(ഡിഷ്) നമ്മുടെ ഡ്രം. കരോള്‍ തീരുമ്പോഴേക്ക് തല്ലുകൊണ്ട് ഡിഷ് പൊട്ടിപ്പൊളിഞ്ഞൊരു പരിവമാകും. എല്ലാ വീടുകളും കയറി, മിഠായി വിതരണം ചെയ്ത്, കേക്ക് മുറിച്ച്, കാപ്പി കുടിച്ച്, പാട്ട് പാടി, പ്രാര്‍ഥന (മറ്റ് മതസ്ഥരുടെ വീടുകളിലും) ഒക്കെ കഴിഞ്ഞ്, അവസാന പടക്കവും പൊട്ടിച്ച് പിരിയുമ്പോഴേക്ക് നേരം പുലരാനാവും. അതായിരുന്നു ഓര്‍മ്മകളിലെ ക്രിസ്മസ് കരോള്‍. രാത്രിയിലെ അരിച്ചിറങ്ങുന്ന തണുപ്പില്‍ എല്ലാ വീട്ടിലും കട്ടന്‍ കാപ്പി നിര്‍ബന്ധമാണ്, ചായ പറ്റില്ല. മലബാറിന്റെ മലയോരത്ത് ഇന്നും അങ്ങനെ തന്നെ.

ക്രിസ്മസ് എപ്പോഴേ തുടങ്ങി!

ക്രിസ്മസ് മാസം ഡിസംബര്‍ 1-ന് ആരംഭിക്കും എന്നാണ് പലയാളുകളും കരുതിയിരിക്കുന്നത്. അങ്ങനെയല്ല, നവംബര്‍ 31-ന് ക്രിസ്മസ് ഒരുക്കങ്ങള്‍ തുടങ്ങുകയായി. പേത്തറത്താ എന്നാണ് ആ ദിവസത്തിന്റെ പേര്. അതായത്, ക്രിസ്മത് നോമ്പിന് മുമ്പ് അവസാനമായി മാംസം കഴിക്കുന്ന ദിവസമാണ് പേത്തറത്ത. അതുകഴിഞ്ഞ് പിന്നെയങ്ങോട്ട് 25 നോമ്പ് തുടങ്ങുകയായി. ഇഷ്ടമുള്ളത് വര്‍ജ്ജിക്കുക എന്നതാണ് നോമ്പിലൂടെ ഉദ്ദേശിക്കുന്നത് എന്നതിനാല്‍ പലയാളുകളുടേയും നോമ്പ് സങ്കല്‍പത്തില്‍ മാറ്റങ്ങള്‍ കാണും. എന്തായാലും ഇതേ പേത്തര്‍ത്താ ദിനത്തില്‍ രാത്രി മിക്കയിടങ്ങളിലും ക്രിസ്മസ് നക്ഷത്രം തൂങ്ങും. മിക്കവാറും എല്ലാ പള്ളികളിലും വലിയ നക്ഷത്രങ്ങള്‍ പണിതുയര്‍ത്തും. യൂത്തന്‍മാര്‍ എന്ന് അച്ചന്‍മാര്‍ വിളിക്കുന്ന യുവാക്കള്‍ക്കാണ് ഇതിന്റെ ചുമതല. ഇപ്പോള്‍ യുവതികളും ഇതിനൊപ്പം കൂടിയിരിക്കുന്നു എന്നത് സന്തോഷം. പിന്നെയങ്ങ് തിരുപ്പിറവി തീരും വരെ നോമ്പ്, കുര്‍ബാന, മറ്റ് ചടങ്ങുകള്‍, തിരുപ്പിറവിയുടെ ഒരുക്കങ്ങള്‍ അങ്ങനെയായി പള്ളികള്‍ സജീവമാകും.

ക്രിസ്മസിന് 10 ദിവസം മുന്നേ പുല്‍ക്കൂട് നിര്‍മ്മാണം തുടങ്ങും. ആദ്യപണി വയലുണ്ടാക്കാന്‍ വേണ്ടി തിന പാകുകയാണ്. അത് മുളച്ച് പച്ചില വിരിഞ്ഞ് വരുമ്പോഴേക്കും അടുത്ത ഘട്ടം പണികള്‍ തുടങ്ങുകയായി. ചാക്കുകണക്കിന് തേങ്ങയുടെ തൊണ്ടുകള്‍ ചുമന്ന് എത്തിച്ച് അതിന് മുകളില്‍ ചണച്ചാക്ക് പുതച്ച് മണ്ണും സിമന്റും നിറവും എല്ലാം ചേര്‍ത്ത് മലകള്‍ പണിയും. മലകള്‍ക്കിടയിലൂടെ ഒരു വെള്ളച്ചാട്ടം, പുഴ, പാലം, അതിന്റെ കരയില്‍ കുഞ്ഞുവീടുകള്‍, ആകാശത്തെ നക്ഷത്രങ്ങള്‍- അതൊന്നുമില്ലാതെ എന്ത് പുല്‍ക്കൂട്!

പള്ളീന്ന് 300 മീറ്ററിന് അധികം അപ്പുറത്തുള്ള തോട്ടിനക്കരെ കടന്നുപോയി മുള വെട്ടി കൊണ്ടുവന്നിട്ട് വേണം പാലവും വീടുകളുമൊക്കെ പണിയാന്‍. മരമില്ലില്‍ പോയി ചാക്കുകണക്കിന് മരപ്പൊടികള്‍ കൊണ്ട് വന്ന് കളറടിച്ച് മലയും വയലുമുണ്ടാക്കുന്ന പൊടിക്കൈയുമുണ്ട്. അലങ്കാരം കൂട്ടാന്‍ മാലബള്‍ബുകളും ലൈറ്റുകളും പിടിപ്പിക്കലാണ് അവസാന പണി. 24-ന് രാത്രി കുര്‍ബാനയ്ക്കുള്ള ആദ്യ മണി മുഴങ്ങുമ്പോഴാണ് പണികള്‍ കഴിയുക. പിന്നെ കുളിച്ച് വന്നിട്ട് വേണം ഗരിമയോടെ അതിന്റെ കാര്യക്കാരായി പുല്‍ക്കൂടിന് അടുത്ത് നില്‍ക്കാന്‍.

വേറൊരു പണി കൂടെയുണ്ട്. പ്രധാനമായും ക്രിസ്മസ് ട്രീ തയ്യാറാക്കലാണത്. അതിനും തോട് കടന്നുപോയി ലുക്കും മട്ടുമുള്ള മരം തപ്പി, ഉയരത്തീന്ന് ഒരിലപോലും കൊഴിയാതെ, ഒരു ചില്ലപോലും ഒടിയാതെ വെട്ടിയിറക്കി പള്ളിയിലേക്ക് കൊണ്ടുവരണം. തോട് കടന്നുള്ള കുന്നിലൂടെ തോളില്‍ പത്തിരുപത് പേര്‍ ചുമന്ന് കയറ്റി കൊണ്ടുവന്നിട്ട് വേണം ക്രിസ്മസ് ട്രീ നാട്ടാന്‍. ട്രീയിലേക്കുള്ള സമ്മാനങ്ങള്‍ പൊതിയല്‍, അലങ്കാരം തുടങ്ങിയ പണികളെല്ലാം പെണ്‍കുട്ടികളുടെ ചുമതലയാണ്. അത് അവര്‍ നോക്കിക്കോളും.

ചമ്പല്ലേ മെയിന്‍

അതിരാവിലെ ക്രിസ്മസ് വിരുന്നിനുള്ള പ്രധാന പണികള്‍ ഡിസംബര്‍ 24ന് തുടങ്ങും. രാവിലെ അഞ്ച് മണിക്ക് ചമ്പ് വാങ്ങാന്‍ പോകും. ചമ്പ് എന്ന് പറഞ്ഞാല്‍ ഇറച്ചി. നല്ല ചൊമചൊമാന്നിരിക്കുന്ന മൂത്ത പോത്ത് തന്നെ വേണം ക്രിസ്മസിന്. ഒറ്റനോട്ടത്തില്‍ പോത്തേതാ എന്ന് തിരിച്ചറിയാന്‍ അച്ചായന്‍മാരേക്കാള്‍ വിരുതന്‍മാര്‍ വേറെയില്ല. അതുവാങ്ങി വന്ന് കഴിഞ്ഞാല്‍ കള്ളപ്പത്തിനുള്ള കള്ള് വാങ്ങണം. കേക്കും മറ്റ് സാധനങ്ങളും വാങ്ങണം. കൂട്ടത്തില്‍ നോമ്പ് വീട്ടാനുള്ള പ്രധാന സാധനത്തിന് ബിവറേജില്‍ ക്യൂ നില്‍ക്കുകയും വേണം. അങ്ങനെ 24-ാം തിയതി രാവിലെ മുതല്‍ ഓട്ടത്തോട് ഓട്ടമാണ്. ആ ഓട്ടം അടുത്ത ദിവസമേ നില്‍ക്കൂ. ആഘോഷത്തിന് മേമ്പൊടി പോലെ മലകളുടെ നാലുപാടും നിന്ന് പടക്കങ്ങള്‍ പൊട്ടിച്ചിതറും.

തിരുപ്പിറവി അര്‍ദ്ധരാത്രിയിലാണല്ലോ. മരംകോച്ചുന്ന തണുപ്പില്‍ കിലോമീറ്ററുകള്‍ നടന്ന് വേണം എല്ലാവര്‍ക്കും പള്ളിയിലെത്താന്‍. കുടിയേറ്റത്തിന്റെ ആദ്യ ദശകങ്ങളിലെ കാല്‍നടയില്‍ തുടങ്ങി മലയിറങ്ങുന്ന ജീപ്പും പിന്നിട്ട് ഇപ്പോള്‍ കാറുകളിലെത്തി നില്‍ക്കുന്നു ആ യാത്ര. രാത്രി 12 മണിക്ക് ശേഷം പിറവിയുടെ മണിയും മാലപ്പടക്കവും മുഴങ്ങുന്നതോടെ നോമ്പ് മുറിക്കാനുള്ള സിഗ്‌നലായി. അത്യപൂര്‍വം ചിലര്‍ അപ്പോഴേ നൈസായിട്ട് മുങ്ങും. മിക്കവരും കുര്‍ബാന കഴിയാന്‍ കാത്തിരിക്കും. കുര്‍ബാന കഴിഞ്ഞ് കേക്ക് മുറിയും കാപ്പി കുടിക്കലും ക്രിസ്മസ് ട്രീയിലെ സമ്മാനങ്ങള്‍ എടുക്കലുമുണ്ട്. എല്ലാവരും പുല്‍ക്കൂട് കണ്ട് അഭിപ്രായങ്ങള്‍ പറയും. ഫോട്ടോ എടുക്കലാണ് ഇപ്പോഴത്തെ പ്രധാന പരിപാടി. അതോടെ ക്രിസ്മസ് ആഘോഷങ്ങളുടെ ആദ്യ ഘട്ടം കഴിഞ്ഞു.

ഇനിയാണ് നോമ്പ് വീട്ടല്‍/മുറിക്കല്‍

കുര്‍ബാന കഴിഞ്ഞാല്‍ പിന്നെ ഒരോട്ടമാണ്, നോമ്പ് മുറിക്കണം അഥവാ നോമ്പ് വീട്ടണം. പെണ്ണുമ്പിള്ളേനേം പിള്ളേരേയും പെട്ടെന്ന് വീട്ടിലാക്കീട്ട് നോമ്പ് മുറിക്കണം അച്ചായന്‍മാര്‍ക്ക്. നോമ്പ് മുറിക്കല്‍ എന്ന് പറഞ്ഞാല്‍ പ്രധാനമായും കുപ്പി പൊട്ടിക്കലാണ്. 25 ദിവസം നിരന്തരം ബലപരീക്ഷണങ്ങളിലൂടെ കടന്നുപോയ അച്ചായന്‍മാര്‍ക്ക് ഇരിക്കപ്പൊറുതി കിട്ടുന്നത് ആദ്യ പെഗ് ഉള്ളില്‍ ചെല്ലുമ്പോഴാണ്. പിന്നെയങ്ങ് തോടുപോലെ ഒഴുക്കാണ്. മദ്യത്തിന് തൊട്ടുനക്കാന്‍ ചമ്പ് വേണം. എത്ര വേവിച്ചാലും പല്ലിന്റെ ബലമളക്കുന്ന പരുവത്തിലുള്ള പോത്തിറച്ചി കവിളില്‍ ഒന്ന് അങ്ങോട്ടും ഒന്ന് ഇങ്ങോട്ടും മാറ്റി മാറ്റിയിട്ട് കടിച്ച് ഒരു വിഴുങ്ങലാണ്. വേറെ വഴിയില്ല. അല്ലേലേ 25 ദിവസം കാത്തുനിന്നുള്ള ഇറച്ചി തീറ്റയല്ലേ. എളുപ്പം വല്ലതും കടിച്ചുകീറാന്‍ കിട്ടാന്‍ വയറിനും ആക്രാന്തം കാണും. വീട്ടിലിരുന്ന് കുപ്പി പൊട്ടിക്കുന്നവര്‍ ഒരു വിഭാഗം. പിന്നെ, തൊഴുത്ത്, വിറകുപുര, മെഷീന്‍പുര (റബ്ബര്‍ ഷീറ്റ് അടിക്കുന്ന സ്ഥലം), റബ്ബര്‍ തോട്ടം, വാഴത്തോട്ടം, കമുകിന്‍ തോട്ടം... തോട്ടിന്‍കര അങ്ങനെയങ്ങനെ ഓരോയിടങ്ങളില്‍ ഓരോ ടീമുകള്‍ ഇടംപിടിക്കും. പിന്നെ നേരെ പുലര്‍ന്നിട്ടാണ് വീട്ടില്‍ കയറുക. കാലങ്ങളായി ചില സംഘങ്ങള്‍ നോമ്പ് മുറിക്കാന്‍ ബുക്ക് ചെയ്ത് വച്ചിരിക്കുന്ന ഇടങ്ങളുണ്ട്. ആയിടങ്ങള്‍ രഹസ്യമായി തന്നെ നില്‍ക്കട്ടെ.

ചമ്പില്‍ ഒതുങ്ങില്ല, പൂവന്‍കോഴിയെ ക്രിസ്മസ് നോക്കിവച്ച് റെഡിയാക്കി നിര്‍ത്തിയവര്‍ അതും സെറ്റാക്കാം. പന്നിയില്ലാണ്ട് പരിപാടിയില്ല എന്നൊരു പാരമ്പര്യം കൂടിയുള്ളോണ്ട് അതും നിര്‍ബന്ധം. രാവിലെ കള്ളപ്പത്തോടൊപ്പം പോത്ത് കറിയും കൂട്ടി അങ്ങ് കഴിപ്പ് തുടങ്ങും. ഉച്ചയ്ക്ക് പ്രധാനമായും വിവിധ ഇറച്ചികള്‍ കൂട്ടിയുള്ള ഊണാണ് പതിവ്. ഇപ്പോള്‍ ബിരിയാണിയൊക്കെ വന്നുതുടങ്ങി. മിക്കവരും അയല്‍ക്കാരെയും അടുപ്പക്കാരെയും ക്ഷണിക്കും. തീന്‍മേശപ്പുറത്ത് വൈനുള്ളവരും ഇല്ലാത്തവരും ഒക്കെ കാണും. എങ്കിലും കേക്ക് നിര്‍ബന്ധമാ. വീട്ടിലും ഏത് വീട്ടിലേക്ക് പോയാലും ആര് വീട്ടിലേക്ക് വന്നാലും. ക്രിസ്മസിന് കേക്കല്ലാതെ മറ്റെന്ത് സമ്മാനം കൊടുക്കാന്‍.

എന്തുകൊണ്ടായിരിക്കും മലബാറിന്റെ മലയോരങ്ങളില്‍ കരോളുകള്‍ ഇത്ര ജനകീയമായത്, മതമൈത്രിയായത്. അതിന് കാരണം അവര്‍ ഒരു കുടുംബം പോലെ ജീവിച്ചു, അതിജീവിച്ചു, വളര്‍ന്നു എന്നതാണ്. നേരത്തെ പറഞ്ഞപോലെ, കുടിയേറ്റ ജനതയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മണ്ണും മനുഷ്യരുമാണ്. പിന്നീട് ഇപ്പോള്‍ യൂറോപ്യന്‍ കുടിയേറ്റത്തിലേക്ക് എത്തിനില്‍ക്കുന്ന മലയോരത്തിന്റെ വളര്‍ച്ച വരെ അവര്‍ നേരില്‍ക്കണ്ടതാണ്. കുടിയേറ്റ ജനതയുടെ എല്ലാ വീറും പോരാട്ടവും അതിജീവനവും വളര്‍ച്ചയും അനുഭവിച്ചറിഞ്ഞവര്‍. പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന കാഴ്ചപ്പാട് മാറ്റിയ മാറ്റം വലുതാണല്ലോ. നാട്ടിലെ ആദ്യ ദേവാലയത്തിന് മുതല്‍ ഇപ്പോഴത്തെ പുതിയ ദേവാലയത്തിന് വരെ മറ്റ് മതസ്ഥരുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളുണ്ട്. ഇപ്പോഴും അത് സ്‌നേഹപൂര്‍വം തുടരുന്നു. നാട്ടിലേക്ക് ആദ്യമായി റോഡ് വരുന്നത് എല്ലാ മതസ്ഥരുടെയും സഹകരണത്തോടെ പള്ളിയുടെ നേതൃത്വത്തില്‍ പ്രയത്‌നം നടത്തിയാണ്. കിലോമീറ്ററുകള്‍ ദൂരം മണ്‍വെട്ടിയാണ്. നാട്ടിലെ ആദ്യ ഫോണ്‍, ആദ്യ ഇലക്ട്രിക് കണക്ഷന്‍, ആദ്യ ക്ലബ്... അങ്ങനെ നാടിന്റെ മുഖച്ഛായ മാറ്റിയതിന് കുടിയേറ്റത്തിന് വലിയ പങ്കുണ്ട്.

പണ്ടത്തെയൊരു കഥയുണ്ട്. കോട്ടയത്ത് നിന്ന് വന്നവര്‍ കപ്പ നട്ടത് കണ്ട് പലരും പൊട്ടിച്ചിരിച്ചു... ചിരിക്കുന്നവര്‍ക്ക് അറിയില്ലല്ലോ, അതിന്റെ മൂട്ടിലാണ് തിന്നണ സാധനമെന്ന്. പിന്നീട് റബ്ബറ് കണ്ടപ്പോഴും ഇതേ ചിരി കണ്ടു. അന്ന് ചിരിച്ചവര്‍ക്ക് അറിയില്ലല്ലോ അത് വെട്ടി പാലെടുത്ത് ഉറയൊഴിച്ച് ഷീറ്റാക്കുന്ന ഒരു പരിപാടിയുണ്ടെന്ന്... ഇങ്ങനെയൊരു കഥയുണ്ട് കുടിയേറ്റത്തെ കുറിച്ച്. സത്യമായാലും അല്ലെങ്കിലും മലമടക്കുകളില്‍ കൃഷിയിറക്കിയുള്ള ആ പോരാട്ടം ഒരു നീണ്ട കഥ തന്നെയാണ്. 

അവരുടെ ക്രിസ്മസിനും പ്രത്യേക ചന്തമുണ്ട്. കാലവും മനുഷ്യരും ഒരുപാട് മാറിയെങ്കിലും. എന്തായാലും ചമ്പ് ഇപ്പോള്‍ അടുപ്പില്‍ കയറിക്കാണും. പാതിരാക്കുര്‍ബാനയ്ക്ക് പോകും മുമ്പ് എല്ലാം സെറ്റാക്കാനുള്ളതാണ്. ഞാന്‍ തിരുവനന്തപുരത്തും സുഹൃത്തുക്കള്‍ പലരും ഗള്‍ഫിലും യുകെയിലും കാനഡയിലുമായി ആ ആഘോഷങ്ങളില്‍, സന്തോഷത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നു. കുറച്ച് ദിവസങ്ങള്‍ മാത്രം മുമ്പ് ഓര്‍മ്മകളിലേക്ക് മറഞ്ഞ കുന്നിലെ കണ്ണേട്ടന്‍ സ്വര്‍ഗത്തിലിരുന്ന് ഇന്നത്തെ കരോള്‍ കാണുന്നുണ്ടാവും.  
 

Follow Us:
Download App:
  • android
  • ios