പ്രശ്‌നപരിഹാരത്തിനും മുന്നോട്ട് നീങ്ങുന്നതിനുമുള്ള തന്‍റെ ഊര്‍ജ്ജസ്വലതയും കരുത്തും മെച്ചപ്പെട്ടു. എല്ലായ്പ്പോഴും ചിരിച്ചു തുടങ്ങി. എല്ലാ രാത്രിയും ഇരുവരും ആ ദിവസങ്ങളെ കുറിച്ച് സംസാരിക്കുന്നു. 

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതിയാണിന്ന് ലോകത്തിന്. ഓരോ കാലത്തും സാംസ്‍കാരികമായ മാറ്റത്തിന് സമൂഹം വിധേയമായിട്ടുണ്ട്. അങ്ങനെ ഇപ്പോഴുണ്ടായ പുതിയൊരു മാറ്റമാണ് 'കോ-മദറിംഗ്'. അതായത്, രണ്ട് സ്ത്രീകള്‍ അല്ലെങ്കില്‍ അമ്മമാര്‍ ഒരുമിച്ച് ഒരുവീട് പങ്കിടുകയും വീട്ടുകാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളുമെല്ലാം പരസ്‍പരം ഷെയര്‍ ചെയ്യുകയും ചെയ്യുന്ന രീതിയാണിത്. അത്തരത്തില്‍ ജീവിതരീതി പിന്തുടര്‍ന്ന് വിജയം കണ്ടെത്തിയ ഒരാളാണ് കനേഡിയന്‍ എലമെന്‍ററി സ്‍കൂള്‍ അഡ്‍മിനിസ്ട്രേറ്ററായ മിലിസ ഗാവേല്‍. മിലിസയും സുഹൃത്ത് ക്രിസ്റ്റിയും കൂടി തങ്ങളുടെ കുട്ടികളും വളര്‍ത്തുമൃഗങ്ങളുമൊക്കെയായി ഒരു വലിയ വീട്ടിലേക്ക് താമസം മാറിയതങ്ങനെയാണ്. എലിഫെന്‍റ് ജേണലില്‍ അവരെഴുതിയ രസകരമായ ഒരു അനുഭവക്കുറിപ്പില്‍ അവരുടെ ആ അനുഭവം പറയുന്നത് ഇങ്ങനെയാണ്. 

സാമ്പത്തികമായ പരാധീനതകളും വീടെടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും ഒക്കെ കൂട്ടുകാരുമായി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് മിലിസയും സുഹൃത്ത് ക്രിസ്റ്റിയും തങ്ങളുടെ ഇരുവരുടെയും ആവശ്യങ്ങള്‍ ഏകദേശം സമാനമാണ് എന്ന് മനസിലാക്കുന്നത്. അങ്ങനെ അവരിരുവരും ചേര്‍ന്ന് ഒരു വാടകവീട് തിരഞ്ഞു. രണ്ടുപേര്‍ക്കും മക്കളും അവരുടെ വളര്‍ത്തുമൃഗങ്ങളും ഒക്കെയായി താമസിക്കാന്‍ പറ്റുന്ന വിശാലമായ ഒരു വീട്. എന്നാല്‍, അങ്ങനെ അവരുടെ ആഗ്രഹത്തിനൊത്ത ഒരു വീട് അവര്‍ കണ്ടെത്തുക തന്നെ ചെയ്‍തു. അവര്‍ രണ്ടുപേരും ചേര്‍ന്ന് വാടക കൊടുക്കും എന്നതിനാല്‍ത്തന്നെ നിലവില്‍ അവര്‍ തനിച്ച് നല്‍കുന്ന വാടകയേക്കാള്‍ കുറവായിരുന്നു ഈ പുതിയ വീടിന് ഒരാള്‍ നല്‍കേണ്ടുന്ന തുക. ഇതൊരു അഞ്ച് കിടപ്പുമുറികളുള്ള വീടായിരുന്നു. ഡബിള്‍ കാര്‍ ഗാരേജുകളാണ് വീടിന്. ഒപ്പം മുറ്റം, ഏസി ഒക്കെയുണ്ടായിരുന്നു. ഇതിനെല്ലാം പുറമെ ഇരുവരുടെയും മക്കളുടെ സ്‍കൂളിന് സമീപവും ആയിരുന്നു വീട്. 

പുരുഷന്മാരുടെ കൂടെ താമസിച്ചപ്പോഴുള്ള അനുഭവങ്ങളൊന്നും അത്ര നല്ലതല്ലാത്തതിനാല്‍ ഇനി ആര്‍ക്കൊപ്പവും വീട് പങ്കിടേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു മിലിസ. എന്നാല്‍, അടുത്ത സുഹൃത്തിനൊപ്പം ഇങ്ങനെയൊരു വീട് വാടകക്കെടുത്ത് താമസിച്ചുനോക്കാം എന്ന ഒരു പരീക്ഷണത്തിനുകൂടി മുതിരുകയായിരുന്നു അവര്‍. അങ്ങനെ ഇരുവരും ഒരുമിച്ച് വാടകക്കെടുത്ത വീട്ടിലേക്ക് താമസം മാറി. സാമ്പത്തികമായും വൈകാരികമായും അതവര്‍ക്ക് ഏറെ ഗുണം ചെയ്‍തുവെന്നാണ് മിലിസ പറയുന്നത്. 

കോ-മദറിംഗ് എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് സാമ്പത്തികമായും വൈകാരികമായും പരസ്‍പരം സഹായമാവുക, പിന്തുണക്കുക എന്നതാണ്. കുട്ടികളെ സ്‍കൂളിലാക്കുന്നതിനും കൊണ്ടുവരുന്നതിനും അവരുടെ മറ്റ് കാര്യങ്ങള്‍ നോക്കുന്നതിനും ഭക്ഷണമുണ്ടാക്കുന്നതും വീട് വൃത്തിയാക്കുന്നതും വളര്‍ത്തുമൃഗങ്ങളെ നോക്കുന്നതും ഷോപ്പിംഗ് നടത്തുന്നതുമെല്ലാം അവരിരുവരും പരസ്‍പരം ചേര്‍ന്നാണ്. മിലിസ ഇതേക്കുറിച്ച് പറയുന്നത് നീണ്ടകാലത്തിനുശേഷം താനെടുത്ത ഏറ്റവും നല്ല തീരുമാനം എന്നാണ്. മറ്റൊരു മുതിര്‍ന്ന വ്യക്തിയുടെ, അടുത്ത സുഹൃത്തിന്‍റെ സാന്നിധ്യം തന്‍റെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നും മിലിസ പറയുന്നു. പണ്ടായിരുന്നുവെങ്കില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ദിവസങ്ങള്‍ക്ക് ശേഷമാവും മിലിസ അത് തുറന്നു പറയുന്നത്. എന്നാല്‍, ഇവിടെ കൂട്ടുകാരി ആയതിനാല്‍ത്തന്നെ എന്തെങ്കിലും തോന്നിയാല്‍ അത് അപ്പോള്‍ തന്നെ പറയാറുണ്ടെന്നും അതും തന്‍റെ മാനസികാവസ്ഥ മെച്ചപ്പെടാന്‍ സഹായിച്ചിട്ടുണ്ടെന്നും മിലിസ പറയുന്നു. 

പ്രശ്‌നപരിഹാരത്തിനും മുന്നോട്ട് നീങ്ങുന്നതിനുമുള്ള തന്‍റെ ഊര്‍ജ്ജസ്വലതയും കരുത്തും മെച്ചപ്പെട്ടു. എല്ലായ്പ്പോഴും ചിരിച്ചു തുടങ്ങി. എല്ലാ രാത്രിയും ഇരുവരും ആ ദിവസങ്ങളെ കുറിച്ച് സംസാരിക്കുന്നു. ഭാവിയെ കുറിച്ച് ആസൂത്രണം ചെയ്യുന്നു. കുട്ടികളുടെ കാര്യങ്ങള്‍, ഭക്ഷണം, പലചരക്ക് സാധനങ്ങൾ, സ്‌കൂൾ പ്രോജക്ടുകൾ തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്യുകയും വേണ്ടതിനെല്ലാം പ്രത്യേകം ഷെഡ്യൂള്‍ തയ്യാറാക്കുകയും ചെയ്യുന്നു. കുട്ടികളും ഇതുവരെയില്ലാത്തവിധം സന്തോഷത്തിലാണ് എന്നും ഇരുവരും സമ്മതിക്കുന്നു. അവര്‍ക്ക് അമ്മമാരല്ലാതെ കളിക്കാനും ചിരിക്കാനും കൂടുതല്‍ സമപ്രായത്തിലുള്ള കൂട്ടുകാരെ കിട്ടി. വലിയ കുട്ടികള്‍ ചെറിയ കുട്ടികളെ സ്‍കൂളില്‍ കൊണ്ടുപോകും. അവര്‍ കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നത് മിലിസക്കും ക്രിസ്റ്റിക്കും ആശ്വാസമായി. 

അതുപോലെ ഒരാള്‍ക്ക് പുറത്തുപോകേണ്ടി വന്നാല്‍ മറ്റൊരാള്‍ വീട്ടില്‍ കൂട്ടിരിക്കും. ഒരാള്‍ക്ക് കുട്ടികളെ അവരുടെ പഠനങ്ങളില്‍ സഹായിക്കാനാവാത്ത അവസ്ഥയുണ്ടായാല്‍ മറ്റൊരാള്‍ അത് ശ്രദ്ധിക്കും. അതുപോലെ തന്നെ പുറത്തുപോവാനോ മറ്റോ ഒരു കൂട്ടുവേണമെന്ന് തോന്നിയാല്‍ എപ്പോഴും ഒരാള്‍ക്ക് മറ്റൊരാള്‍ കൂട്ടുണ്ടാവും. സത്യത്തില്‍ എല്ലാത്തരത്തിലും ഇത് സൗഹൃദത്തിന്‍റെ ഒരു കൂടിച്ചേരലാണെന്നും ഒരു കുടുംബമായിച്ചേരലാണെന്നും മിലിസ പറയുന്നു. രണ്ടുപേരെയും കുട്ടികളെല്ലാം 'അമ്മമാര്‍' എന്ന് തന്നെയാണ് പറയുത്. അമ്മ ഒന്നും അമ്മ രണ്ടും. 

പരമ്പരാഗതരീതിയില്‍ നിന്നും മാറി പുതിയൊരു രീതിയില്‍ ഇങ്ങനെയൊരു ജീവിതം കണ്ടെത്താനായതില്‍ വളരെയധികം ഹാപ്പിയാണെന്ന് ഇരുവരും സമ്മതിക്കുന്നു. ലോകത്തോടുള്ള തന്‍റെ സ്നേഹവും വിശ്വാസവും ആത്മവിശ്വാസവുമെല്ലാം വര്‍ധിച്ചുവെന്നും ധൈര്യത്തോടെയും വിജയകരമായും മുന്നോട്ടു പോവാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും മിലിസ പറയുന്നു. 

തനിച്ച് മക്കളെയും കൊണ്ട് താമസിക്കുന്ന അമ്മമാര്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം പരീക്ഷിക്കാവുന്നതാണ് അല്ലേ. അടുത്ത സുഹൃത്തുക്കളോടൊപ്പം ഒരുവീടുപോലെ ഒരു ജീവിതം. 

(ചിത്രങ്ങളെല്ലാം പ്രതീകാത്മകം)