സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയ ശേഷം കിഴക്കൻ ചൈനയിൽ നിരവധിപ്പേരാണ് ഈ വ്യായാമം ചെയ്യുന്നത്. ഇതിപ്പോൾ ഒരു കൾട്ട് പോലെ ആയി മാറിയിരിക്കുകയാണത്രെ.

ഇന്ന് പലരും ഹെൽത്തി ആയിരിക്കാനും ഫിറ്റ് ആയിരിക്കാനും ഉള്ള പല വഴികളും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ചിലതെല്ലാം വളരെ അധികം സഹായിക്കാറും ഉണ്ട്. ഇങ്ങനെ ടിപ്സും വഴികളും പങ്കു വയ്ക്കുന്ന പല കൂട്ടായ്മകളും ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ ഉണ്ട്. എന്നാൽ, ചൈനയിൽ ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്നത് മുതല നടത്തമാണ്. 

തികച്ചും അപരിചിതമായിരുന്ന ഈ മുതല നടത്തം ഇപ്പോൾ ചൈനയിൽ ട്രെൻഡാണത്രെ. പ്രായമായ മനുഷ്യരടക്കം അനേകരാണ് ഇത് ചെയ്യുന്നത്. ഇത് ആരോ​ഗ്യത്തിന് നല്ലതാണ് എന്നും നടുവേദന ഇല്ലാതാക്കും എന്നുമാണ് ഇത് പ്രചരിപ്പിക്കുന്നവർ പറയുന്നത്. എന്നാൽ, ഇതിന് ഡോക്ടർമാരുടെയോ വിദ​ഗ്ദ്ധരുടെയോ കൃത്യമായ പിന്തുണയൊന്നും ഇല്ല. 

SCMP മീഡിയ ഔട്ട്‍ലെറ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഇത് ചെയ്യുന്ന സംഘത്തിൽ ഏറ്റവും പ്രായം കൂടിയ ആൾ 69 -കാരനാണ്. ലി വെയ് എന്നയാളാണ് ഇവരുടെ എല്ലാം കോച്ച്. ലി വെയ് പറയുന്നത്, "എനിക്ക് മുമ്പ് ഹെർണിയേറ്റഡ് ഡിസ്കിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, എട്ട് മാസത്തോളം ഇത് ചെയ്ത ശേഷം എനിക്ക് വേദനയൊന്നും അനുഭവപ്പെടുന്നില്ല" എന്നാണ്. 

Scroll to load tweet…

സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയ ശേഷം കിഴക്കൻ ചൈനയിൽ നിരവധിപ്പേരാണ് ഈ വ്യായാമം ചെയ്യുന്നത്. ഇതിപ്പോൾ ഒരു കൾട്ട് പോലെ ആയി മാറിയിരിക്കുകയാണത്രെ. മലഞ്ചെരിവിലെ ജോ​ഗിം​ഗ് ട്രാക്കിൽ ഒരുപോലെ ഉള്ള യൂണിഫോം ധരിച്ച് അവരെല്ലാം എത്തിച്ചേരുകയും ഈ മുതല നടത്തം പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്നു. ആ സമയത്ത് അവർ താളത്തിൽ എന്തൊക്കെയോ ചൊല്ലുന്നും ഉണ്ടത്രെ. 

ചൈനയിലെ ഡോക്ടർമാർ പറയുന്നത് ഇതത്ര അപകടകരമല്ല, ഇത് പുഷ് അപ് ചെയ്യുന്നത് പോലെ തന്നെയാണ് എന്നാണ്. എന്നാൽ, ഷോൾഡറിനോ കാലിനോ എന്തെങ്കിലും പ്രശ്നം ഉള്ളവർ ഇത് ചെയ്യരുത് എന്നും വിദ​ഗ്ദ്ധർ പറയുന്നു. എന്നാൽ, ഇന്ത്യൻ ഡോക്ടർമാർ ഈ ആശയത്തെ അം​ഗീകരിക്കുന്നില്ല. ഇത് ആരോ​ഗ്യത്തിന് നല്ലതല്ല എന്നാണ് അവരുടെ അഭിപ്രായം എന്ന് ടൈംസ് നൗ എഴുതുന്നു.