Asianet News MalayalamAsianet News Malayalam

ദാരിദ്ര്യം, വിവാഹാഘോഷങ്ങൾക്കും സൽക്കാരത്തിനും പണമില്ല, ഇന്നും തുടരുന്ന ലിവ് ഇൻ റിലേഷനുകൾ, അഥവാ ധുക്കു വിവാഹം

ലിവ്-ഇൻ ബന്ധങ്ങളിലെ ദമ്പതികൾക്ക് സമൂഹം ഒരിക്കലും അർഹമായ ബഹുമാനം നൽകുന്നില്ല. സ്ത്രീകളാണ് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്. ദുക്‌നികളായ സ്ത്രീകൾക്ക് ഭാര്യയുടെ അവകാശമില്ല. അവർക്ക് സിന്ദൂരം തൊടാനോ, ഭർത്താവ് മരിച്ചാൽ സ്വത്ത് അവകാശപ്പെടാനോ സാധിക്കില്ല.

dhuku marriage in Jharkhand
Author
Jharkhand, First Published Nov 4, 2021, 1:05 PM IST

പാശ്ചാത്യമെന്ന് കരുതിയിരുന്ന ലിവ്-ഇൻ റിലേഷൻഷിപ്പ്(live-in relationships) ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെയും ഭാഗമാവുകയാണ്. മുൻപ് അതിനോട് മുഖം ചുളിച്ചിരുന്ന സമൂഹം ഇപ്പോൾ അത് അംഗീകരിച്ച് തുടങ്ങിയിരിക്കുന്നു. എന്നാൽ, വാസ്തവത്തിൽ ലിവ്-ഇൻ റിലേഷൻഷിപ്പ് എന്ന ആശയം ഇന്ത്യക്കാർക്ക് പുതിയതല്ല. പുരാതന കാലത്ത്, മൈത്രി-കരാർ(maitri-karar) എന്നാണ് ഇതറിയപ്പെട്ടിരുന്നത്. ഒരു ആണും പെണ്ണും തമ്മിൽ സുഹൃത്തുക്കളായി ഒരുമിച്ച് ജീവിക്കുമെന്നും പരസ്പരം നോക്കാമെന്നും രേഖാമൂലമുള്ള കരാറാണ് ഇത്.  

ഇന്നും പലയിടത്തും അത് മാറ്റമില്ലാതെ നിലനിൽക്കുന്നു. ജാർഖണ്ഡിലെ 'ധുക്കു വിവാഹം'(dhuku marriage) എന്നറിയപ്പെടുന്ന ആദിവാസി ആചാരം ഇതിനൊരു ഉദാഹരണമാണ്. അവിടെ വിവാഹം ചെയ്യാതെ തന്നെ ഒരു സ്ത്രീക്ക് പുരുഷനോടൊപ്പം കഴിയാം, കുട്ടികളെ പ്രസവിക്കാം. എന്നാൽ, ഈ ബന്ധത്തിന് സാമൂഹികമായ സ്വീകാര്യതയോ, നിയമപരമായ അവകാശങ്ങളോ ഇല്ല എന്നതാണ് പ്രശ്‌നം. ആദിവാസി സമൂഹത്തിന്റെ മാനദണ്ഡമനുസരിച്ച് അത്തരം സ്ത്രീയെ ‘ദുക്നി’ എന്നും പുരുഷനെ ‘ധുകുവ’ എന്നുമാണ് വിളിക്കുന്നത്. ഝാർഖണ്ഡിലെ ഗോത്രവർഗക്കാരെ സംബന്ധിച്ചിടത്തോളം ധുക്കു വിവാഹങ്ങൾ ഒരു സാമൂഹിക നിരോധനമാണ്.

പലരും മനസ്സുണ്ടായിട്ടല്ല ഇത്തരം ബന്ധങ്ങൾക്ക് മുതിരുന്നത്. നൂറ്റാണ്ടുകളായുള്ള ദാരിദ്ര്യവും നിരക്ഷരതയുമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. ജാർഖണ്ഡിലെ ആദിവാസി ഗ്രാമങ്ങളിലെ ആയിരക്കണക്കിന് ദമ്പതികളാണ് വിവാഹം നടത്താൻ പണമില്ലാത്തതിന്റെ പേരിൽ ലിവ്-ഇൻ ബന്ധങ്ങളിൽ തുടരുന്നത്. വിവാഹം കഴിക്കാനും ഗ്രാമത്തിന് വിരുന്നൊരുക്കാനും പണമില്ലാത്തതിനാൽ ഒരു കുടുംബത്തിലെ മൂന്ന് തലമുറകൾ ഈ രീതിയിൽ ലിവ്-ഇൻ ബന്ധങ്ങളിൽ തുടർന്നുവെന്ന് ലിവ്-ഇൻ ദമ്പതികളുടെ നിയമപരമായ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന നികിത സിൻഹ ഇന്ത്യാ ടൈംസിനോട് പറയുന്നു.

ലിവ്-ഇൻ ബന്ധങ്ങളിലെ ദമ്പതികൾക്ക് സമൂഹം ഒരിക്കലും അർഹമായ ബഹുമാനം നൽകുന്നില്ല. സ്ത്രീകളാണ് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്. ദുക്‌നികളായ സ്ത്രീകൾക്ക് ഭാര്യയുടെ അവകാശമില്ല. അവർക്ക് സിന്ദൂരം തൊടാനോ, ഭർത്താവ് മരിച്ചാൽ സ്വത്ത് അവകാശപ്പെടാനോ സാധിക്കില്ല. ഈ ബന്ധത്തിൽ ജനിക്കുന്ന കുട്ടികളെയും സമൂഹം അംഗീകരിക്കുന്നില്ല. കുട്ടികളുടെ മൂക്കും ചെവിയും കുത്തുന്നത് ആ സമൂഹത്തിലെ ഒരു ആചാരമാണ്. പക്ഷേ ധുക്കു വിവാഹത്തിൽ ജനിക്കുന്ന കുട്ടികൾക്ക് ഇത് ചെയ്യാൻ അനുവാദമില്ല. തൽഫലമായി, അവർ സമൂഹത്തിൽ എപ്പോഴും ഒറ്റപ്പെടുന്നു.    

ആളുകൾ ധുക്കു വിവാഹം ചെയ്യുന്നത് ഗതികേടുകൊണ്ടാണ്, അവിടെ അതൊരു തെരഞ്ഞെടുപ്പല്ല. ദാരിദ്ര്യം കാരണം അവർക്ക് സാമൂഹിക അംഗീകാരവും ആദരവും നഷ്ടമാകുന്നു. ഒരിക്കൽ 70 വയസ്സുള്ള ഒരാൾക്ക് തന്റെ സമാന പ്രായത്തിലുള്ള പങ്കാളിയെ വിവാഹം ചെയ്യാൻ സഹായിച്ചതായി നികിത പറയുന്നു. സമൂഹ വിവാഹങ്ങൾ സംഘടിപ്പിച്ച് ധുക്കു വിവാഹങ്ങളിലെ നൂറുകണക്കിന് ആദിവാസികളെ നിയമപരമായി വിവാഹം കഴിക്കാൻ അവൾ ഇപ്പോൾ സഹായിക്കുന്നു. "ഈ ദമ്പതികൾക്ക് സാധാരണയായി അഞ്ച് മുതൽ എട്ട് വരെ കുട്ടികളുണ്ടാകും. ഇത്രയധികം കുട്ടികളുള്ളപ്പോൾ, വിവാഹത്തേക്കാൾ മൂന്ന് നേരം ഭക്ഷണം അവർക്ക് നൽകുക എന്നതിനായിരിക്കും അവർക്ക് മുൻഗണന" നികിത പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios