Asianet News MalayalamAsianet News Malayalam

അകലങ്ങളുടെ കാലത്തെ  അടുപ്പത്തിന്റെ ആഘോഷം!

കൊവിഡ് കാലത്തെ പെരുന്നാള്‍. അബ്ദുള്‍ റഷീദ് എഴുതുന്നു

Eid ul fitr in the time of covid  by abdul rasheed
Author
Thiruvananthapuram, First Published May 13, 2021, 12:40 PM IST

പെരുന്നാളിന്റെ ഭാവിയൊക്കെ ഇനി കോവിഡിന്റെ കൈയില്‍ ആയത് കൊണ്ട് നെയ്പത്തിരി തിന്നും ബിരിയാണി കഴിച്ചും ടി വി കണ്ടും ആശംസകള്‍ അയച്ചും വീട്ടില്‍ തന്നെ ഇരിക്കാം. എല്ലാവര്‍ക്കും ഈദ് മുബാറക്.

 

പെരുന്നാള്‍ എന്നാല്‍ ആള്‍ക്കൂട്ടത്തിന്റെയും ഒത്തുചേരലിന്റെയും ആഘോഷമാണ്. ഈ കോവിഡ് കാലത്ത് എല്ലാവരും വീട്ടിലായതു കൊണ്ട് എപ്പോഴും പെരുന്നാള്‍ പോലാണ് വീട്ടില്‍. പള്ളിയില്‍ നിന്ന് തക്ബീര്‍ മുഴങ്ങുന്നില്ല എന്നൊരു വ്യത്യാസമേയുള്ളൂ. ഇന്നും വീട്ടിലാണ് എല്ലാവരും. പള്ളിയില്‍നിന്നുള്ള തക്ബീറും ഒപ്പമുണ്ട്. 
 
ഉത്രാടപാച്ചില്‍ പോലെ പെരുന്നാളിന്റെ തലേന്ന് ആണ് ഞാന്‍ മുടി വെട്ടാനും ഡ്രസ് വാങ്ങാനും പോവുന്നത്. അന്ന് ബാര്‍ബര്‍ ഷോപ്പില്‍ വലിയൊരു ക്യു തന്നെ ഉണ്ടാകും. ടോക്കന്‍ എടുത്തു വച്ചവരൊക്കെ ഉണ്ടാകും. അഴകേട്ടന്റെ കത്രിക അന്ന് രാത്രി പന്ത്രണ്ട് വരെയെങ്കിലും ചലിക്കും. ഇന്ന കട്ട് എന്നൊന്നും ഇല്ല. മുടി ചെറുതാവും, അതാണ് ഗ്യാരണ്ടി. പെരുന്നാളിന് മുടി വെട്ടണം. അത് കിതാബില്‍ ഇല്ലാത്തതാണ്. പെരുന്നാള്‍ കുപ്പായവും അങ്ങനെ തന്നെ. അവസാനം കിട്ടുന്നത് എടുത്തു വരും. ഒരു മാസം ഉണ്ടായിട്ടും ഷോപ്പിങ് നടത്താത്തതിന് ഉമ്മയുടെ വഴക്ക് സ്ഥിരം കേള്‍ക്കാറുമുണ്ട്. ഈ രണ്ടു കാര്യവും ഇത്ര പെട്ടെന്ന് പോയകാല ഓര്‍മകളായി മാറുമെന്ന് ഞാന്‍ കരുതിയില്ല.

നോമ്പ് കാലത്ത് നിഷ്ഠയോടെ ചെയ്യുന്ന കാര്യമാണ് നിസ്‌കാരം. പ്രത്യേകിച്ചും സുബഹി നിസ്‌കാരം. അത്താഴം കഴിക്കാന്‍ എണീക്കുന്നത് കൊണ്ടാണ് അത് കൃത്യമായി ചെയ്യുന്നത്. പെരുന്നാളിന്റെ അന്ന് തന്നെ സുബഹി നിസ്‌കാര സമയം തെറ്റും (ഖളാഅ്). നിസ്‌കാര സമയം കഴിഞ്ഞ് 7 മണി ആകും ചിലപ്പോള്‍ എണീക്കാന്‍. അതാണ് നോമ്പ് കഴിഞ്ഞു എന്നതിന്റെ ലക്ഷണം! ചില സമയത്ത് പെരുന്നാള്‍ നിസ്‌കാരത്തിന് കൈ കെട്ടുമ്പോഴാണ് പള്ളിയില്‍ എത്തുക. പരസ്പരം ആലിംഗനം ചെയ്യുക, ആശംസകള്‍ കൈമാറുക എന്നത് അന്നേ ദിവസം മാത്രം നടക്കുന്ന കാര്യമാണ്. എന്നെക്കാള്‍ നീളവും വണ്ണവും ഉള്ളവരുടെ അടുത്ത് പോകുന്നത് ഞാന്‍ പരമാവധി ഒഴിവാക്കും. സാമൂഹ്യ അകലത്തിന്റെ കാലത്ത്  അതൊക്കെ ഒഴിവാക്കപ്പെടെണ്ട  ജാഗ്രതയായി മാറി.

വൈകുന്നേരം ബീച്ച് കാണാന്‍ പോകുന്നത് ആണ് പെരുന്നാള്‍ ദിവസവുമുള്ള വലിയൊരു ചടങ്ങ്. ഇത് മുന്‍കൂട്ടി അറിയുന്ന ഉസ്താദ്മാര് ഖുതുബ കഴിഞ്ഞു ഒരു അറിയിപ്പ് പോലെ പറയും 'ഇന്ന് ആരും കടപ്പുറത്ത് പോകരുത്, നിങ്ങളുടെ മുപ്പത് നോമ്പും അസ്വീകാര്യമാവും. നിഷിദ്ധമായ ആ കാഴ്ചകള്‍ നമുക്ക് വേണ്ട.' പക്ഷെ പെരുന്നാള്‍ ദിവസം വൈകുന്നേരം പുതിയങ്ങാടി കടപ്പുറത്ത് ആള്‍ക്കാരുടെ ഒരു ഒഴുക്ക് തന്നെയാണ്. പ്ലസ് ടു പഠിക്കുമ്പോള്‍ പ്രിയപ്പെട്ട കൂട്ടുകാരിയെ കാണാന്‍ കിട്ടുന്ന നല്ലൊരു അവസരമായിരുന്നത്. യൂനിഫോം വേഷം മാറി പുതിയ പെരുന്നാള്‍ ഡ്രസ് കാണിക്കുക/കാണുക എന്നത് കൂടി ആ നോട്ടത്തിന് പിറകിലുണ്ട്. കാമുകന്മാരുടെ ഒരു നീണ്ട നിര തന്നെ അന്ന് കടപ്പുറത്തുണ്ടാവും. ആ ദിവസം മഴയോ മറ്റോ പെയ്താല്‍ ഉസ്താദിന്റെ ദുആ ഒന്നു കൊണ്ട് മാത്രമായിരിക്കും. 

ഉമ്മ പറയാറുണ്ട് പണ്ട് പെരുന്നാളിന് മാത്രമേ വീട്ടില്‍ ബിരിയാണി വെക്കാറുള്ളൂ എന്ന്. ഇന്ന് അതും മാറി. അത് കൊണ്ട് മാടായി വീട്ടിലെ സ്പെഷ്യല്‍ എന്നത് നെയ്പത്തിരിയും ബീഫുമാണ്. തേങ്ങയും പെരുംജീരകവും ഉള്ളിയുമൊക്കെയുള്ള ചൂടുള്ള നെയ്പത്തിരി നോമ്പെടുത്തതിന്റെ കൂലി പോലെയാണ് തോന്നാറ്. 

സങ്കടം എന്ന് പറയുന്നത് ഇപ്പോള്‍ പെരുന്നാളിന് ബന്ധുക്കളുടെ വീട്ടില്‍ പോവാന്‍ കഴിയില്ല എന്നതാണ്. അവരെ കാണുന്നതിനേക്കാളും പെരുന്നാള്‍ പൈസ ആയിരുന്നു മെയിന്‍ അജണ്ട. വീട്ടിലെ ഏറ്റവും ഇളയത് ആയത് കൊണ്ട് എനിക്ക് വരവ് നല്ലോണം ഉണ്ടായിരുന്നു!  ഗള്‍ഫിലെ ആരേലും ആ സമയം നാട്ടില്‍ ഉണ്ടെങ്കില്‍ അവര്‍ അധികം പൈസ തരും. ആ വീടുകളിലേക്ക് പോവാന്‍ കൂടുതല്‍ താല്പര്യവുമാണ്.  ഞാന്‍ കുറച്ചു വലുതായപ്പോള്‍ ഈ പരിപാടി നിന്നു. പെട്ടെന്ന് എന്റെ ഇന്‍കം സോഴ്‌സ് നിന്നു. ആ സമയം രണ്ടു അഞ്ഞൂറിന്റെ നോട്ട് വാങ്ങി അഞ്ച് പത്ത് രൂപയുടെ നോട്ടുകള്‍ കൊടുത്തു ഞാന്‍ മരുമക്കളുടെ പെരുന്നാള്‍ പൈസ ഇരട്ടിപ്പിച്ചു കൊടുത്തു! ഇത്താത്തമാരൊന്നും അറിയാതെ ആണ് ഈ പണമിരട്ടിപ്പിക്കല്‍! അളിയന്മാര്‍ ആണ് എന്നെ കയ്യോടെ പിടികൂടിയത്. അതോട് കൂടി ആ പണിയും പോയി. ഇപ്പോള്‍ വരുമാനക്കാരനായി, പെരുന്നാള്‍ പൈസ കൊടുക്കുന്ന ആളായി മാറിയപ്പോള്‍ ഞാനും കുഞ്ഞു പിള്ളേരുടെ വീരപുരുഷനായി മാറി. 

ഉപ്പയുടെ പെരുന്നാള്‍ പൈസ കൊടുപ്പാണ് രസം. പുതിയ പത്തിന്റെയും നൂറിന്റെയും നോട്ടുകള്‍ ബാങ്കില്‍ നിന്ന് തലേ ദിവസം പോയി തന്നെ മാറ്റി വാങ്ങും. പുതുമണം പിള്ളേര്‍ക്ക് ഇഷ്ടമാണ് എന്ന ലൈന്‍ ആണ് ഉപ്പയുടെത്. അതു കിട്ടിയാല്‍, ആ പൈസ പേഴ്‌സിന്റെ പ്രത്യേക അറയില്‍ തന്നെ സൂക്ഷിക്കും. ഇടയ്‌ക്കെടുത്ത് മണപ്പിച്ചും നോക്കും. ആ പൈസ കൊണ്ട് സാധനം വാങ്ങുകയൊന്നും ഇല്ല. ഇന്നലെ എടിഎം ല്‍ നിന്ന് പുതിയ അഞ്ഞൂറു രൂപ കിട്ടിയപ്പോള്‍ ഉപ്പയെ ഓര്‍മ വന്നു.

പെരുന്നാള്‍ എന്നത് ടി വി ഓണാക്കാന്‍ കൂടിയുള്ള ദിവസമാണ്. റമദാനില് സിനിമ കാണുന്നതും പാട്ട് കേള്‍ക്കുന്നതും നിഷിദ്ധമായത് കൊണ്ട് ശവ്വാല്‍ മാസപിറവി ഇതിനൊക്കെയുള്ള ഒരു വാതില്‍ തുറക്കല് കൂടിയാണ്.

പെരുന്നാളിന്റെ ഭാവിയൊക്കെ ഇനി കോവിഡിന്റെ കൈയില്‍ ആയത് കൊണ്ട് നെയ്പത്തിരി തിന്നും ബിരിയാണി കഴിച്ചും ടി വി കണ്ടും ആശംസകള്‍ അയച്ചും വീട്ടില്‍ തന്നെ ഇരിക്കാം. എല്ലാവര്‍ക്കും ഈദ് മുബാറക്.

Follow Us:
Download App:
  • android
  • ios