Asianet News MalayalamAsianet News Malayalam

'കടക്കെണിയില്‍ കുടുംബം ആത്മഹത്യ ചെയ്തു' എന്ന വാര്‍ത്ത കാണുമ്പോഴൊക്കെ ഞാന്‍ ഞെട്ടി...

ഇല്ലായ്മ ഒരു ചെറിയ കാര്യമല്ല. അതിന് നമ്മളുടെ ജീവിതത്തെത്തന്നെ വിഴുങ്ങാനുള്ള ശക്തിയുണ്ട്. ഇല്ലായ്മ എന്ന വാക്കിനേക്കാള്‍ കഠിനമായ മൂര്‍ച്ചയുള്ള വാക്കാണ് ദാരിദ്ര്യം എന്ന വാക്ക്.

Experience Poverty is not a word by Vidya poovanchery
Author
First Published Nov 10, 2022, 6:22 PM IST

ഫോണിന്റെ കവറിനുള്ളില്‍ മാറ്റിവെച്ചിരുന്ന നൂറുരൂപയെടുത്തു ഞാന്‍ കോഴിക്കടയിലേക്ക് പോയി. പോവുന്ന വഴിയത്രയും ഞാന്‍ ഉള്ളില്‍ കരയുകയായിരുന്നു. ഇപ്പോള്‍ ഇത് എഴുതുമ്പോഴും. നടക്കുമ്പോള്‍, പലകാരണങ്ങളാല്‍ കണ്ണീരുകൊണ്ട് വഴി കാണാതെയായ എത്രയോ ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഞാന്‍ മുന്നോട്ടുപോയിട്ടുണ്ട്. പക്ഷെ മക്കളുടെ ചെറിയ ആവശ്യങ്ങള്‍പോലും എനിക്ക് താങ്ങാന്‍ പറ്റാതാവുകയാണല്ലോ എന്ന ചിന്ത കുറച്ചൊന്നുമല്ല തളര്‍ത്തിയത്.

 

Experience Poverty is not a word by Vidya poovanchery

 

വല്ലാതെ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വാക്കാണ് ദാരിദ്ര്യം. ആത്മാര്‍ത്ഥമായ സ്‌നേഹം പോലെത്തന്നെ. പക്ഷെ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന് വിളിച്ചുപറയാനാഗ്രഹിക്കുന്ന അത്രയും ഉറക്കെ ഒരുവള്‍ ഞാനിപ്പോള്‍ ദരിദ്രയാണ് എന്ന് ലോകത്തോട് വിളിച്ചുപറയാന്‍ ആഗ്രഹിക്കുന്നില്ല. വെറുപ്പ്, സഹതാപം, കുറ്റപ്പെടുത്തല്‍, കൂട്ടത്തോടെയുള്ള അവഗണന, ഉപദേശങ്ങള്‍, കപടസ്‌നേഹം കാണിക്കല്‍, ഉള്ളതുംകൂടി ഊറ്റിയെടുത്തുകൊണ്ടുള്ള ഉപേക്ഷിക്കല്‍ തുടങ്ങിയവയെല്ലാം ദാരിദ്ര്യം എന്ന വാക്കിനെ പിന്‍പറ്റി വന്നുചേരുന്നവയാണ്.അതുകൊണ്ടാവും ഇല്ലെങ്കിലും ഉണ്ടെന്ന് പറയാന്‍ ഒരു പെണ്ണ് ശീലിക്കുന്നത്.

ദാരിദ്ര്യം എന്ന വാക്ക് ലോകത്തിലെ ഓരോ വീട്ടിലേക്കും സമയം നോക്കാതെ കടന്നുചെന്ന് അധികാരം സ്ഥാപിക്കാന്‍ കഴിയുന്നത്രയും ശക്തിയുള്ളതാണെന്ന് വലിയ മോശമല്ലാത്ത സാമ്പത്തികചുറ്റുപാടുകളില്‍ ജീവിച്ചുപോരുന്ന ഒരാള്‍ക്ക് എപ്പോഴാണ് ചിന്തിക്കേണ്ടിവരുന്നത്? പഴമക്കാര്‍ പറയാറുണ്ട്, എത്ര സമ്പത്തുള്ളവനായാലും ശരി ഒരു മനുഷ്യന്‍ തന്റെ ആയുസ്സില്‍ ഒരിക്കലെങ്കിലും ദാരിദ്ര്യം അനുഭവിക്കേണ്ടിവരുമെന്ന്. പണവും അധികാരവും പരിശ്രമിച്ചോ അല്ലാതെയോ ഉണ്ടാക്കാനറിയാവുന്നവന് എങ്ങനെ ദാരിദ്ര്യം വരാനാണെന്ന് സുരക്ഷിതമായ സ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് നമ്മളതിനെ പുച്ഛിക്കും. പക്ഷെ എന്നെ തിരഞ്ഞുവന്ന അനുഭവങ്ങള്‍ വേറെയാണ്. സമ്പത്താണ് എല്ലാത്തിന്റെയും അടിസ്ഥാനം എന്ന ചിന്തയുടെ പുറത്തല്ല ഈ പറച്ചില്‍. പക്ഷെ മനുഷ്യനനുഭവിക്കുന്ന പല അവസ്ഥകള്‍ക്കും അടിസ്ഥാനം സമ്പത്തും കൂടിയാണ്.

ടി ടി സി ക്ക് പഠിക്കുന്ന സമയത്താണ് ഒക്‌ടോബര്‍ 17 ലോകദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനദിനമാണെന്ന് അറിയുന്നത്. അത്രക്കുള്ള പുറംലോകപരിചയമേ ഉണ്ടായിരുന്നുള്ളൂ. അന്ന് അവതരിപ്പിക്കാനുള്ള സെമിനാര്‍ വിഷയം മാത്രമാണ് ലോകത്തിന്റെ ദാരിദ്ര്യം. അതിനുള്ള ഒരുക്കങ്ങള്‍ ചെയ്യുമ്പോള്‍, ലോകത്തിന്റെ അവസ്ഥകളെ കുറിച്ച് ഓടിച്ചു പഠിക്കുമ്പോള്‍ അനുഭവിച്ചത് ആശയദാരിദ്ര്യമായിരുന്നു. യുദ്ധം കൊണ്ടോ മറ്റു കാരണങ്ങള്‍ കൊണ്ടോ അഭയാര്‍ത്ഥികളായതിന്റെ പേരിലോ രോഗം കൊണ്ടോ ജാതിയിലോ തൊഴിലിലോ ഉള്ള വ്യത്യാസങ്ങള്‍ കൊണ്ടോ തൊഴിലില്ലായ്മ കൊണ്ടോ ഉണ്ടായിവന്ന, എവിടെയോ കിടക്കുന്ന കുറേ ആളുകളുടെ ദയനീയാവസ്ഥ എന്ന തരത്തിലുള്ള കരുണയോടെയൊരു നോക്കിക്കാണല്‍. 

എന്തൊക്കെയായാലും സ്വന്തം വീട്ടില്‍ എപ്പോഴെങ്കിലും ഇല്ലായ്മ കയറിവരുമെന്ന് ചിന്തിക്കാനുള്ള പാകത അന്നൊന്നും ഉണ്ടായിരുന്നില്ല. ധാരാളിത്തത്തോടെ പണം കണ്ടിട്ടല്ല വളര്‍ന്നത്. വളരെവളരെ അത്യാവശ്യമായ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള പണം മാത്രമേ അച്ഛന്റെ കൈയില്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ചുരുങ്ങിയ ചെലവുകളില്‍ ജീവിക്കുന്നവര്‍ക്കും ഇല്ലായ്മകള്‍ക്കിടയില്‍ സമ്പന്നരാകാം എന്ന് അറിഞ്ഞുവളര്‍ന്ന കുട്ടിക്കാലമായിരുന്നു. ഒറ്റയ്ക്ക് ജീവിതത്തില്‍ യുദ്ധം ചെയ്യാനിറങ്ങുവോളം ഒരു പെണ്ണിനെ സംബന്ധിച്ച് ഒന്നും പ്രശ്‌നമായി വരുന്നില്ല. എനിക്കും വന്നില്ല. പക്ഷെ ഇറങ്ങേണ്ടിവന്നാല്‍ എതിരെ വരുന്നതെന്തും പ്രശ്‌നമാണ്. അതില്‍ ഏറ്റവും പ്രധാനമാണ് പണവും അതിന്റെ ഇല്ലായ്മയെത്തുടര്‍ന്ന് വരുന്ന ദാരിദ്ര്യവും.

വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുഗമമായി മുന്നോട്ടുപോയിരുന്ന ജീവിതം തകിടം മറിഞ്ഞത്. ഭര്‍ത്താവിന് പെട്ടെന്നുണ്ടായ, കുറച്ചധികം സംഖ്യയുടെ സാമ്പത്തിക ഇടപാടുകളിലുള്ള തിരിച്ചടി രണ്ടു ചെറിയ കുട്ടികളടങ്ങുന്ന ഞങ്ങളുടെ കുടുംബത്തെ പാടെ തകര്‍ത്തു. എനിക്കന്ന് ഇരുപത്തിയാറു വയസായിരുന്നു. ആഗ്രഹിച്ചുണ്ടാക്കിയ പുതിയ വീട്ടിലേക്ക് താമസം മാറിയ സമയം. പിടിച്ചാല്‍ ഒതുങ്ങുന്ന ബാധ്യതയല്ല വന്നുചേര്‍ന്നത്. പുതിയ വീടു വിറ്റ്, അതുവരെ കണ്ട സ്വപ്നങ്ങളില്‍ നിന്നെല്ലാം ഇറങ്ങേണ്ടിവന്നപ്പോള്‍ നഷ്ടപ്പെട്ടത് വലുതാണെങ്കിലും അത്ര ബാധ്യതയെങ്കിലും തീര്‍ന്നല്ലോ എന്ന് ആശ്വാസം ഉണ്ടായിരുന്നു. ഓരോ മൂലയും പ്ലാന്‍ ചെയ്ത് ഉണ്ടാക്കിയ ഒരു സ്വപ്നം ഉപേക്ഷിക്കേണ്ടിവരുന്നത് ജീവിതത്തിലെ ചെറിയ ചെറിയ അശ്രദ്ധകള്‍ മൂലമാവുമ്പോള്‍ സ്വാഭാവികമായും വിഷമമുണ്ടാകും. ഞങ്ങള്‍ക്കത് ഉണ്ടായിരുന്നുതാനും. കുട്ടികള്‍ എപ്പോഴും വീടിനെക്കുറിച്ച് പറയുമായിരുന്നു. നമുക്കിനി അങ്ങനെ ഒരു വീട് ഉണ്ടാവുമോ എന്ന ചോദ്യം വലിയ മോന്‍ ഇടയ്ക്കിടെ ചോദിക്കും. അതിലും ഭംഗിയുള്ള വീടു വെക്കാമെന്ന് അവനെ സമാധാനിപ്പിക്കും. എത്ര പ്ലാന്‍ ചെയ്തു നീങ്ങിയാലും ജീവിതമിങ്ങനെ പെട്ടന്ന് തകിടം മറിയുമെന്ന് പറഞ്ഞാല്‍ മനസ്സിലാക്കാനുള്ള ബുദ്ധി അവനില്ല. ഉണ്ടെങ്കില്‍ ഞാനത് അങ്ങനെതന്നെ പറഞ്ഞുമനസ്സിലാക്കിയേനെ.

എല്ലാ വിഷമങ്ങള്‍ക്കും പുറമെ ഏറ്റവും കൂടുതലായി അനുഭവിച്ചത് മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളാണ്. അപമാനങ്ങള്‍ സഹിച്ചുസഹിച്ച് ആളുകളില്‍ നിന്നെല്ലാം പരമാവധി മാറിപ്പോവുന്നത് ശീലമായി. വീട്ടിലെ ഒറ്റപ്പെടലും വിഷാദവും കുട്ടികളോടുള്ള ഉത്തരവാദിത്വവും ജോലിയില്‍ നിന്നുള്ള വളരെ ചെറിയ വരുമാനവും, അതില്‍നിന്നുള്ള വിറ്റുപോയ വീടിന്റെ ലോണും എല്ലാം എന്റെ കണക്കുകൂട്ടലുകള്‍ എപ്പോഴും തെറ്റിച്ചു. അച്ഛനും അമ്മയും അനിയന്മാരും ആവശ്യങ്ങളുണ്ടെങ്കില്‍ പറയണമെന്ന് ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു. അവരെ ബുദ്ധിമുട്ടിക്കേണ്ട എന്നോര്‍ത്ത് പലപ്പോഴും ഒന്നും പറഞ്ഞില്ല. ഭര്‍ത്താവിന് പലവിധ പ്രയാസങ്ങള്‍ കാരണം ജോലിക്ക് പോവാന്‍ പറ്റാതെയായി. പോയ പണത്തിനു പിറകെ അലഞ്ഞു. ഒറ്റയ്ക്ക്, മാസങ്ങളോളം എന്തുചെയ്യണമെന്ന് ഒരു രൂപവുമില്ലാതെ മക്കളെ കൂട്ടിപ്പിടിച്ചുകൊണ്ട് എനിക്ക് കഴിയേണ്ടിവന്നു. ഇതൊന്നുമറിയാതെ 'സുഖമല്ലേ വിദ്യേ' എന്ന് ചോദിക്കുന്നവരുടെ മുന്നിലെല്ലാം എന്റെ കണ്ണുകള്‍ നിറഞ്ഞുവന്നു. ആണെന്നാണോ അല്ലെന്നാണോ പറയേണ്ടതെന്ന് ആ അവസ്ഥയില്‍ എനിക്കറിയില്ലായിരുന്നു. പത്രം തുറക്കുമ്പോള്‍ കടക്കെണിയില്‍ പെട്ട് കുടുംബം ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത പലപ്പോഴായി വായിച്ച് ഞാന്‍ ഞെട്ടി. എനിക്കാ അവസ്ഥ വരുന്നതുവരെ അത്തരം കാഴ്ച്ചകള്‍ കരളലിയിക്കുന്ന കാഴ്ച മാത്രമായിരുന്നു. പക്ഷെ എന്തുവന്നാലും മരിക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു അപ്പോഴേക്കും.

കുട്ടികള്‍ക്ക് ചിക്കന്‍കറി നല്ല ഇഷ്ടമാണ്. അതിന്റെ മണം കിട്ടിയാല്‍ മതി ചോറുണ്ണാനെന്ന് ഞാനവരെ കളിയാക്കാറുണ്ട്. വേണമെന്ന് പറയുമ്പോള്‍ ഉണ്ടാക്കിക്കൊടുക്കാറുമുണ്ട്. ഇഷ്ടഭക്ഷണമായ പൊറോട്ടയും കോഴിക്കറിയും കഴിക്കാന്‍ കുട്ടിക്കാലത്ത് വളരെ അപൂര്‍വ്വം അവസരങ്ങളേ എനിക്ക് കിട്ടിയിരുന്നുള്ളൂ. ഇപ്പോഴത്തെ കുഞ്ഞുങ്ങള്‍ക്ക് എന്തെല്ലാം ഭാഗ്യങ്ങളാണെന്ന് അവര്‍ക്കിഷ്ടമുള്ളതെല്ലാം ഉണ്ടാക്കിക്കൊടുക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്. ഒന്നും കഴിക്കാനില്ലാത്ത കുഞ്ഞുങ്ങളെപ്പറ്റി ഓര്‍ക്കാറുണ്ട്. നല്ല ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍പോലും കഴിയാത്ത അമ്മമാരുള്ള ഇടമാണിതെന്ന് മനസ്സിലാക്കാന്‍ നമുക്ക് അധികദൂരമൊന്നും പോവേണ്ട കാര്യമില്ല. ജീവിതം അങ്ങനെ ഒരു അവസ്ഥയിലൂടെ നമ്മളെ ഒരിക്കല്‍ നടത്തിക്കും.

പണമായി മിച്ചമൊന്നും ഇല്ലല്ലോ എന്നോര്‍ത്ത ഒരു വൈകുന്നേരത്താണ് മക്കള്‍ ചോദിച്ചത്, ചിക്കന്‍ വാങ്ങിത്തരുമോ അമ്മാ, കുറേ ദിവസമായില്ലേ വാങ്ങീട്ട് എന്ന്. ദിവസങ്ങളായി അവരുടെ സന്തോഷങ്ങളെപ്പോലും ഞാന്‍ നിഷേധിക്കുകയാണ്. മനഃപൂര്‍വ്വമല്ല. ഞാനൊരു എക്‌സ്ട്രാ ഓര്‍ഡിനറി സ്ത്രീയല്ലാത്തതിനാല്‍ ഉള്ള വരുമാനം കൊണ്ട് അത്രയേ സാധിക്കുമായിരുന്നുള്ളൂ. എന്തെങ്കിലും അത്യാവശ്യം വന്നാലോ എന്നു പേടിച്ച് (ആവശ്യങ്ങളെ പേടി തന്നെയായിരുന്നു അന്ന്) ഫോണിന്റെ കവറിനുള്ളില്‍ മാറ്റിവെച്ചിരുന്ന നൂറുരൂപയെടുത്തു ഞാന്‍ കോഴിക്കടയിലേക്ക് പോയി. പോവുന്ന വഴിയത്രയും ഞാന്‍ ഉള്ളില്‍ കരയുകയായിരുന്നു. ഇപ്പോള്‍ ഇത് എഴുതുമ്പോഴും. നടക്കുമ്പോള്‍, പലകാരണങ്ങളാല്‍ കണ്ണീരുകൊണ്ട് വഴി കാണാതെയായ എത്രയോ ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഞാന്‍ മുന്നോട്ടുപോയിട്ടുണ്ട്. പക്ഷെ മക്കളുടെ ചെറിയ ആവശ്യങ്ങള്‍പോലും എനിക്ക് താങ്ങാന്‍ പറ്റാതാവുകയാണല്ലോ എന്ന ചിന്ത കുറച്ചൊന്നുമല്ല തളര്‍ത്തിയത്.

കോഴിവാങ്ങി ആരോടും ഒന്നും സംസാരിക്കാതെ തിരിച്ചുനടക്കാന്‍ തുടങ്ങുകയായിരുന്നു. അങ്ങാടിയാണ്. മുഴുവന്‍ അറിയുന്ന ആളുകളായിരിക്കും. എല്ലാവരില്‍ നിന്നും ഒന്നും മിണ്ടാതെ ഒളിച്ചോടുകയാണ്. വേണമെന്ന് വെച്ചിട്ടില്ല. മിണ്ടിയാല്‍ കരഞ്ഞുപോകുന്നത്രയും തളര്‍ച്ചയും സങ്കടവും എനിക്കപ്പോള്‍ ഉണ്ട്. പണമുണ്ടായിരുന്നപ്പോള്‍ സ്ഥിരമായി കണ്ടിരുന്നവരെ അപ്പോഴേക്കും കാണാതായിരുന്നു. ബന്ധങ്ങളുടെ മാനദണ്ഡം പണമായിരുന്നു എന്ന് പല സുഹൃത്തുക്കളുടെയും കുടുംബാഗങ്ങളുടെയും അകല്‍ച്ചകള്‍ ഓര്‍മ്മിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ കൈയില്‍ കവറുമായി തിരിച്ചുനടക്കുമ്പോള്‍ ആരോടും മിണ്ടാന്‍ തോന്നിയില്ല. രുചിയോടെ ചോറുണ്ണുന്ന കുട്ടികളുടെ സന്തോഷം മാത്രമായിരുന്നു ഉള്ളില്‍. അപ്പോഴാണ് പിന്നില്‍ നിന്ന് ആ പറച്ചില്‍ കേട്ടത്.

'നക്കുപ്പിന് ഗതിയില്ല. ന്നാലും ചിക്കനേ തിന്നൂ.'

കേള്‍ക്കേണ്ടിയിരുന്നില്ല. ഓര്‍ക്കാപ്പുറത്തു കേട്ടപ്പോള്‍ എന്റെ ചങ്കു വേദനിച്ചു. തകര്‍ന്നു. നിയന്ത്രിച്ചിട്ടും കണ്ണുനീര്‍ പുറത്തുചാടി. എന്നെയാണ് പറഞ്ഞതെന്ന് മനസ്സിലായിരുന്നു. ആരാണ് പറഞ്ഞതെന്നറിയാന്‍ തിരിഞ്ഞുനോക്കണമെന്നുണ്ടായിരുന്നു.പക്ഷെ പറഞ്ഞത് സുഹൃത്തുക്കളില്‍ ആരെങ്കിലും ആണെങ്കിലോ എന്ന് തോന്നിയതിനാല്‍ നോക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല. ഒരുവിധത്തിലാണ് ഞാനന്ന് കോഴിക്കറി ഉണ്ടാക്കിയത്. അനങ്ങാന്‍ പറ്റാത്ത അത്രയും ഭാരം തോന്നി മനസ്സിന്. നിന്നനില്‍പ്പില്‍ താഴ്ന്നുപോയിരുന്നെങ്കിലെന്ന് തോന്നി. ജോലിയുള്ള ഒരാളുടെ കൈയില്‍ പണമില്ലെന്ന് പറഞ്ഞാല്‍ ആരു വിശ്വസിക്കാനാണ്!

ഒരാള്‍ പലപല കാരണങ്ങളാല്‍ തളര്‍ന്നും തകര്‍ന്നും ഇരുന്നുപോകുമ്പോള്‍ അയാളോടുള്ള സമൂഹത്തിന്റെ അവഗണനയോടെയുള്ള മനോഭാവം ഒരുകാലത്തും മാറില്ല. അതിപ്പോള്‍ ഇല്ലായ്മയായാലും പകരുന്ന അസുഖമായാലും. ഞാനനുഭവിച്ചത് ജീവിതം മുഴുവന്‍ ഇല്ലായ്മ അനുഭവിക്കുന്നവരുടെതുമായി തട്ടിച്ചുനോക്കുമ്പോള്‍ എത്രയോ ചെറുതാണ്. ഒന്നുമില്ലാത്തവര്‍ ഇഷ്ടപ്പെട്ട പുതിയ വസ്ത്രം ധരിക്കുമ്പോഴോ നല്ല ഭക്ഷണം വാങ്ങിക്കഴിക്കുമ്പോഴോ മറ്റുള്ളവരുടെ പരിഹാസത്തോടെയുള്ള നോട്ടം എത്രയോ തവണ കണ്ടിട്ടുണ്ട്. മനുഷ്യര്‍ക്ക് എല്ലാം എപ്പോഴും തമാശയാണ്. തനിക്കൊന്നും വരില്ലെന്ന അമിതമായ വിശ്വാസവും.

ഏഴു വര്‍ഷം മുന്‍പ് തുടങ്ങിയ സാമ്പത്തികപ്രശ്‌നങ്ങളില്‍ നിന്നും കരകേറി വരുന്നതേയുള്ളൂ. പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ അകറ്റി നിര്‍ത്തിയവരെയും തീരുന്നു എന്ന് തോന്നിയപ്പോള്‍ അടുത്തുവരുന്നവരെയും ഇപ്പോള്‍ വ്യക്തമായി തിരിച്ചറിയാന്‍ പറ്റുന്നുണ്ട്. ഇല്ലായ്മ മനുഷ്യനെ പലതും പഠിപ്പിക്കും. പൊടിയരിക്കഞ്ഞി മാത്രം കുടിച്ച ദിവസങ്ങളെക്കുറിച്ച് മക്കള്‍ ഇടയ്ക്കിടെ പറയുമ്പോള്‍ ഞാനതോര്‍ക്കാറുണ്ട്. പക്ഷെ എന്റെ വീട്ടില്‍ ഒന്നുമില്ലെന്ന് ഒരാള്‍ തുറന്നുപറഞ്ഞാല്‍ അയാള്‍ ഇല്ലാതായി എന്ന് തീര്‍പ്പു കല്‍പിക്കുന്ന ആളുകളാണ് ഇന്നത്തെ സമൂഹത്തില്‍. ഇന്ന് സഹായിക്കുന്നവര്‍ നാളെ തക്കം പാര്‍ത്ത് കണക്ക് പറയും. അവകാശങ്ങള്‍ നിഷേധിക്കും. നമ്മള്‍ മനുഷ്യനാണെന്ന പരിഗണന പോലും തരാതെയാകും. കുട്ടികള്‍ രണ്ടാംതരക്കാരാകും. ഇല്ലാത്തവര്‍ എന്നും ഇല്ലാത്തവരായി കഴിഞ്ഞാല്‍ മതിയെന്നത് സമൂഹത്തിന്റെ രഹസ്യമായ നിയമങ്ങളിലൊന്നാണ്. ജാതിയുടെയോ മതത്തിന്റെയോ സമ്പത്തിന്റെയോ കൂട്ടുപിടിച്ച് അവരത് നടപ്പില്‍ വരുത്തുന്നു. അസാമാന്യമായ മനഃശക്തി ഉള്ളവര്‍ക്കുമാത്രമേ എന്തിന്റെ മുന്നിലും പിടിച്ചുനില്‍ക്കാന്‍ പറ്റുന്നുള്ളൂ.

ഇല്ലായ്മ ഒരു ചെറിയ കാര്യമല്ല. അതിന് നമ്മളുടെ ജീവിതത്തെത്തന്നെ വിഴുങ്ങാനുള്ള ശക്തിയുണ്ട്. ഇല്ലായ്മ എന്ന വാക്കിനേക്കാള്‍ കഠിനമായ മൂര്‍ച്ചയുള്ള വാക്കാണ് ദാരിദ്ര്യം എന്ന വാക്ക്. അത് അനുഭവിക്കുന്നത് എന്തിന്റെ പേരിലായാലും ഒരാളെ മറ്റൊരാളാക്കാന്‍ വേറൊന്നും ജീവിതത്തില്‍ വേണ്ട. അനുഭവങ്ങള്‍ തന്നെയാണ് എക്കാലത്തെയും ഗുരുക്കന്മാര്‍. ക്ലാസ്സ്മുറികളില്‍ പഠിപ്പിക്കുന്ന ടീച്ചേഴ്‌സ് അല്ല. സമ്പത്തിന്റെ പേരിലുള്ള ഒരാളുടെ വീഴ്ചകള്‍ അറിയുമ്പോള്‍ സമൂഹത്തിനു പൊതുവെയുള്ള സംസാരമാണ് മര്യാദക്ക് ചെലവാക്കാഞ്ഞിട്ടല്ലേ, അനുഭവിക്കട്ടെ എന്നത്. പക്ഷെ ഏത് സമ്പന്നനും ജീവിതത്തില്‍ ഒരിക്കല്‍ അടിതെറ്റും. അറിഞ്ഞിടത്തോളം ജീവിതങ്ങള്‍ അങ്ങനെയാണ്.

ഒന്നും സ്ഥിരമായി എവിടെയും ആരുടെ ജീവിതത്തിലും നിലനില്‍ക്കുന്നില്ല എന്നതു മാത്രമാണ് പ്രകൃതിയെയും മനുഷ്യനെയും സംബന്ധിച്ച് സത്യം. 
 

Latest Videos
Follow Us:
Download App:
  • android
  • ios