ഏറ്റവും ഒടുവിലായി സ്ത്രീ പ്രതിമകളുടെ മുഖങ്ങള്‍ പോലും മറയ്ക്കണമെന്നാണ് താലിബാന്‍റെ പുതിയ നിയമമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 


വ്യക്തികളെ പോലെ തന്നെ സമൂഹവും അതിന്‍റെതായ സ്വാതന്ത്ര്യം അര്‍ഹിക്കുന്നു. വ്യക്തി സ്വാതന്ത്ര്യത്തിന് ഏത്രമാത്രം തടസം സൃഷ്ടിക്കുന്നുവോ അത്രത്തോളം സമൂഹത്തിന്‍റെ സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നു. ഇവ രണ്ടും പരസ്പപൂരകങ്ങളാണെന്നത് തന്നെ കാരണം. പുതിയ കാലത്ത് അസ്വാതന്ത്ര്യത്തിന്‍റെ കഥകള്‍ കൂടുതലായും പുറത്ത് വരുന്നത് ഏകാധിപത്യ / സൈനിക ഭരണമുളള രാജ്യങ്ങളില്‍ നിന്നാണ്. ഏകാധിപത്യ / സൈനിക ഭരണാധികാരികള്‍ എന്നതും തങ്ങളുടെ അധികാരം സുരക്ഷിതമാക്കാന്‍ സ്വന്തം പൗരന്മാരില്‍ ഭയം ജനിപ്പിച്ച് കൊണ്ടേയിരിക്കും. ഇത്തരത്തില്‍ മറ്റൊരു കഥയാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്ത് വരുന്നത്. 

2021 ഓഗസ്റ്റ് 15 ന് രണ്ടാം തവണയും അധികാരത്തിലേറുമ്പോള്‍ സ്ത്രീ സ്വാതന്ത്ര്യം അനുവദിക്കുമെന്നും തങ്ങളുടെ ആദ്യ ഭരണത്തില്‍ നിന്നും വ്യത്യസ്തമാകും രണ്ടാമത്തെ ഭരണമെന്നുമായിരുന്നു താലിബാന്‍ അവകാശപ്പെട്ടത്. എന്നാല്‍, അഫ്ഗാനില്‍ നിന്നും പുറത്ത് വന്നുകൊണ്ടിരുന്ന വാര്‍ത്തകളെല്ലാം ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. സ്ത്രീകള്‍ക്ക് സര്‍വ്വകലാശാല വിദ്യാഭ്യാസം നിഷേധിച്ചതും ഹൈസ്കൂള്‍ - യുപി വിദ്യാഭ്യാസം നിഷേധിച്ചതും അവയില്‍ ചിലത് മാത്രം. സ്ത്രീകള്‍ക്ക് ഒരു കായിക വിനോദത്തിലും പങ്കെടുക്കാന്‍ അനുവാദമില്ല. എന്തിന് സ്ത്രീകള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ കണ്ണൊഴികെ ശരീരം മുഴുവനും മൂടുന്ന വസ്ത്രം ധരിക്കണം. ഇങ്ങനെ പുറങ്ങാമെന്ന് കരുതിയാല്‍ അതും പറ്റില്ല. ഒപ്പം ബന്ധുവായ ഒരു പുരുഷന്‍ കൂടി വേണം. ഒരു ആഘോഷവും അവര്‍ക്ക് വേണ്ടിയുള്ളതല്ലെന്ന് കൂടി കൂട്ടി വായിക്കേണ്ടതുണ്ട്. 

ഏറ്റവും ഒടുവിലായി സ്ത്രീ പ്രതിമകളുടെ മുഖങ്ങള്‍ പോലും മറയ്ക്കണമെന്നാണ് താലിബാന്‍റെ പുതിയ നിയമമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കാബൂളിലും മറ്റ് പ്രധാന നഗരങ്ങളിലും സ്ത്രീ വസ്ത്രങ്ങള്‍ വില്പന ചെയ്യുന്ന കടകളില്‍ വച്ചിരിക്കുന്ന സ്ത്രീ പ്രതിമകളുടെ മുഖങ്ങളാണ് താലിബാന്‍ ഏറ്റവും ഒടുവിലായി മറയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ അഫ്ഗാന്‍ സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുന്ന സാറ വഹേദിയാണ് പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. അതോടൊപ്പം അവര്‍ ഇങ്ങനെ എഴുതി: 

"സ്ത്രീകളോടുള്ള താലിബാന്‍റെ വിദ്വേഷം ജീവനുള്ളവയ്ക്കും അപ്പുറത്തേക്ക് വ്യാപിക്കുന്നു. സ്റ്റോർ ഉടമകൾ പ്രതിമകളുടെ മുഖം മറയ്ക്കേണ്ടത് ഇപ്പോൾ നിർബന്ധമാണ്. ലോകം അവർക്കൊപ്പം നിന്നില്ലെങ്കിൽ അഫ്ഗാൻ സ്ത്രീകളുടെ ജീവിതം എത്രത്തോളം മോശമാകുമെന്നതിന്‍റെ സൂചനയാണ് ഈ അരാജകത്വം തുളുമ്പുന്ന ചിത്രങ്ങൾ."

അതിമനോഹരമായ ഗൗണുകള്‍ ധരിച്ച്, പോളിത്തീൻ ബാഗുകളും സ്കാർഫുകളും അലുമിനിയം ഫോയിലുകളും കൊണ്ട് മുഖം മറച്ച സ്ത്രീ പ്രതിമകളാണ് ഇപ്പോള്‍ അഫ്ഗാനിലെ തുണിക്കടകളിലുള്ളത്. സാറ വഹേദിയുടെ ട്വീറ്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. 'ദയനീയം' എന്നതായിരുന്നു ഒരാള്‍ എഴുതിയത്. മറ്റൊരാള്‍ എഴുതിയത്, ' ഇത് അവരുടെ ബലഹീനതയെ പ്രതിഫലിപ്പിക്കുന്നു. ശക്തരായ പുരുഷന്മാര്‍ ഒരിക്കലും മറ്റുള്ളവരെ നിയന്ത്രിക്കില്ല. പകരം അവര്‍ ആത്മനിയന്ത്രണത്തില്‍ വിശ്വസിക്കുന്നു.' എന്നതായിരുന്നു. താലിബാന്‍ തീവ്രവാദികള്‍ രാജ്യഭരണം ഏറ്റെടുത്തതിന് പിന്നാലെ ഇത്തരം സ്ത്രീ പ്രതിമകളുടെ തലവെട്ടിമാറ്റാനോ പ്രദര്‍ശനത്തില്‍ നിന്ന് മാറ്റാനോ ആവശ്യപ്പെട്ടിരുന്നു. ഇത് വച്ച് നോക്കുമ്പോള്‍ പുതിയ നിയന്ത്രണം അല്പം ആശ്വാസം തരുന്നുവെന്നാണ് കടയുടമകളുടെ മറുപടി. 

Scroll to load tweet…