Asianet News MalayalamAsianet News Malayalam

'ഭീഷണിയുണ്ട്, എന്നാലും ജോലി വിടാനാവില്ല'; കാബൂളിലെ ആദ്യ വനിതാ ടാറ്റൂ ആര്‍ട്ടിസ്റ്റ് പറയുന്നത്...

അവളുടെ വീട്ടുകാര്‍ തന്നെയാണ് ടാറ്റൂ ആര്‍ട്ടിസ്റ്റായി പരിശീലനം നേടുന്നതിന് അവളെ സാമ്പത്തികമായി സഹായിച്ചതും. തുര്‍ക്കിയില്‍ നിന്നാണ് അവള്‍ പരിശീലനം നേടിയത്. ഇറാനില്‍ നിന്നും പരിശീലനം നേടി. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് ടാറ്റൂ ചെയ്‍തു നല്‍കുന്നതിനെ എന്തോ അപരാധമായിട്ടാണ് ചുറ്റുമുള്ളവര്‍ കാണുന്നതെന്ന് ഷഹീദി പറയുന്നു.

first female tattoo artist in kabul
Author
Kabul, First Published Aug 21, 2020, 12:17 PM IST

ടാറ്റൂ ചെയ്യുന്നത് ഇപ്പോള്‍ ഫാഷന്‍റെ ഭാഗമായി കണക്കാക്കുന്നുണ്ടെങ്കിലും സത്യത്തില്‍ അങ്ങനെയൊരു സംസ്‍കാരം വളരെ നേരത്തെ തന്നെ ലോകത്തിന്‍റെ പല ഭാഗങ്ങളിലുമുണ്ടായിരുന്നു. പക്ഷേ, ടാറ്റൂ എന്ന പേരിലല്ല പച്ചകുത്തല്‍ എന്ന പേരിലും മറ്റുമാണെന്ന് മാത്രം. എന്നാല്‍, ടാറ്റൂയിംഗ് സംസ്‍കാരം ഇപ്പോള്‍ ലോകത്തിന്‍റെ പല ഭാഗത്തും വീണ്ടും ഉയര്‍ന്നു വന്നിരിക്കുന്നു. എന്നാല്‍, അഫ്‍ഗാനിസ്ഥാനില്‍ ടാറ്റൂ ചെയ്യുന്നതിനെ അത്ര എളുപ്പം സ്വീകരിക്കുന്ന ഒരവസ്ഥയല്ല ഉള്ളത്. അപ്പോള്‍ പിന്നെ ടാറ്റൂ ആര്‍ട്ടിസ്റ്റ് ഒരു സ്ത്രീ കൂടിയാണെങ്കിലോ? കാബൂളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ടാറ്റൂ സ്റ്റുഡിയോ നടത്തുകയും ടാറ്റൂ ആര്‍ട്ടിസ്റ്റായി ജോലി നോക്കുകയും ചെയ്യുകയാണ് അഹൂ ഷഹീദി. 

ടാറ്റൂയിംഗ് തന്നെ സംബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ തരുന്നുണ്ട്. ഒന്നാമത്, തനിക്കത് വളരെ ഇഷ്‍ടമാണ്, മറ്റൊന്ന് ഇത് തന്‍റെ വരുമാന മാര്‍ഗമാണ് ഷഹീദി പറയുന്നു. അഫ്‍ഗാനിസ്ഥാനിലെ ജനങ്ങളിലേറെപ്പേരും ടാറ്റൂ ചെയ്യുന്നതിനെ അംഗീകരിക്കുന്നവരല്ല. അവര്‍ ആദ്യം ഷഹീദിയെ അപമാനിക്കാനും ശല്യപ്പെടുത്താനും ഭീഷണിപ്പെടുത്താനും എല്ലാം ശ്രമിച്ചിരുന്നു. 'അവര്‍ പറയുന്നത് ഞാന്‍ അംഗീകരിക്കുന്നില്ല എന്നതിന്‍റെ പേരില്‍ മാത്രമാണത്. നമ്മുടെ നാട് പുരോഗമിക്കേണ്ടതുണ്ട്. അതിനായി ആരെങ്കിലും എന്തെങ്കിലും ചെയ്‍ത് തുടങ്ങിയേ തീരൂ. അങ്ങനെ ഞാനത് തുടങ്ങി. ഇരുപത്തിയേഴുകാരിയായ ഷഹീദി പറയുന്നു. ഒരുപക്ഷേ, അഫ്‍ഗാനിസ്ഥാനിലെ തന്നെ ആദ്യത്തെ വനിതാ ടാറ്റൂ ആര്‍ട്ടിസ്റ്റാണ് ഷഹീദി. ഇപ്പോഴും അഫ്‍ഗാനിസ്ഥാനില്‍ അത്രയൊന്നും വനിതാ ടാറ്റൂ ആര്‍ട്ടിസ്റ്റുമാരില്ല. 

എട്ട് വര്‍ഷമായി ഷഹീദി കാബൂളിലാണ് താമസിക്കുന്നത്. താന്‍ ചെയ്യുന്ന ജോലിയോ തന്‍റെ വേഷവിധാനങ്ങളോ ഒന്നും പലരും ഇവിടെ അംഗീകരിക്കാറില്ലെന്ന് ഷഹീദി പറയുന്നു. ചുണ്ടില്‍ പിയേഴ്‍സിംഗ് ചെയ്‍തതുപോലും പലര്‍ക്കും അംഗീകരിക്കാനായിട്ടില്ലെന്നും അവള്‍ പറയുന്നു. ടാറ്റൂ ആര്‍ട്ടിസ്റ്റായി ജോലി തുടങ്ങി ആദ്യ കുറച്ച് വര്‍ഷങ്ങളില്‍ ആളുകളെന്ത് പറയുന്നുവെന്നത് ഷഹീദിയെയും അലട്ടിയിരുന്നു. എന്നാല്‍, തന്‍റെ ഇഷ്‍ടം പോലെയാണ് താന്‍ ജീവിക്കേണ്ടത് എന്ന ബോധ്യം വന്നപ്പോള്‍ അത് അവഗണിക്കുകയായിരുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷഹീദി പറഞ്ഞിരുന്നു. 

അവളുടെ വീട്ടുകാര്‍ തന്നെയാണ് ടാറ്റൂ ആര്‍ട്ടിസ്റ്റായി പരിശീലനം നേടുന്നതിന് അവളെ സാമ്പത്തികമായി സഹായിച്ചതും. തുര്‍ക്കിയില്‍ നിന്നാണ് അവള്‍ പരിശീലനം നേടിയത്. ഇറാനില്‍ നിന്നും പരിശീലനം നേടി. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് ടാറ്റൂ ചെയ്‍തു നല്‍കുന്നതിനെ എന്തോ അപരാധമായിട്ടാണ് ചുറ്റുമുള്ളവര്‍ കാണുന്നതെന്ന് ഷഹീദി പറയുന്നു. എന്നാല്‍, വളരെക്കാലം മുമ്പ് തന്നെ ഇവിടെ സ്ത്രീകള്‍ പച്ച കുത്തിയിരുന്നുവെന്നും അത് നെറ്റിയിലും മറ്റുമായിരുന്നുവെന്നും ഷഹീദി പറയുന്നു. അന്ന് ഉപയോഗിച്ചിരുന്നത് പ്രകൃതിദത്തമായ വഴികളാണ്. ഇന്ന് ആധുനിക മെഷീനുകളും മറ്റും ഉപയോഗിച്ചാണ് ടാറ്റൂ ചെയ്യുന്നത്. തന്‍റെ അമ്മയുടെ നെറ്റിയിലും നേരത്തെ പച്ചകുത്തിയിരുന്നത് കാണാമെന്നും ഷഹീദി പറയുന്നു. 

അഫ്‍ഗാനിസ്ഥാനില്‍ പുരുഷന്മാര്‍ സ്വതവേ ചെന്നായ്ക്കള്‍, തോക്കുകള്‍, സിംഹം തുടങ്ങിയവയൊക്കെയാണ് ടാറ്റൂ ചെയ്യാനായി തെരഞ്ഞെടുക്കുന്നത്. സ്ത്രീകള്‍ പൂക്കള്‍, ശലഭങ്ങള്‍ എന്നിവയൊക്കെയാണ് തെരഞ്ഞെടുക്കുന്നത്. ചിലര്‍ അവരുടെ അമ്മയുടെയോ, മക്കളുടെയോ, പങ്കാളികളുടെയോ അങ്ങനെ പ്രിയപ്പെട്ടവരുടെയൊക്കെ പേര് ചാറ്റൂ ചെയ്യുന്നു. ഒരാള്‍ക്ക് ടാറ്റൂ ചെയ്‍ത് നല്‍കിയശേഷം അത് കാണുന്നത് തനിക്കേറെ സന്തോഷം തരുന്ന കാര്യമാണെന്നും ഷഹീദി പറയുന്നുണ്ട്. 

ഷാഹിദിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒരുപാട് ഫോളോവേഴ്‍സുണ്ട്. അപ്പോയിന്‍മെന്‍റെടുക്കാനും മറ്റുമായി ഒരുപാടുപേര്‍ മെസേജ് അയക്കുന്നു. എന്നാല്‍, ചിലര്‍ ഭീഷണിപ്പെടുത്താറുമുണ്ട്. ഇങ്ങനെ മെസേജയക്കുന്നവര്‍ ആരാണെന്നോ, താലിബാനില്‍ പെട്ടവരാണോ എന്നോ തനിക്കറിയില്ലെന്നും അവര്‍ തന്‍റെ ജോലിക്കും വേഷവിധാനത്തിനും എതിരായിട്ടാണ് സംസാരിക്കാറെന്നും ഷഹീദി പറയുന്നു. തന്‍റെ ജോലി തുടങ്ങിയശേഷം ഒരുപാട് സ്ത്രീകള്‍ തന്‍റെ അടുത്ത് വന്ന് അവരുടെ ജോലിയെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും മറ്റും സംസാരിക്കാറുണ്ട് എന്നും അവര്‍ പറയുന്നു. അഫ്‍ഗാനിസ്ഥാനിലെ മാറ്റമാഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഒരു മാതൃകയാവാനാണ് താനാഗ്രഹിക്കുന്നതെന്നും ഷഹീദി പറയുന്നു. അഫ്‍ഗാനിസ്ഥാന്‍ മാറേണ്ടതുണ്ട് എന്നും അങ്ങനെയൊരു തുടക്കത്തിനായാണ് താന്‍ ടാറ്റൂയിംഗ് തുടങ്ങിയതെന്നും അവള്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios