നീലഗിരി മലനിരകളുടെ താഴ്‌വരയിലുള്ള മേട്ടുപ്പാളയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് തമിഴ്‌നാട്ടിലെ ഊട്ടി സ്റ്റേഷനിൽ അവസാനിക്കുന്നതാണ് ട്രെയിൻ. നീലയും ക്രീമും ആണ് കോച്ചുകളുടെ നിറം.

ഓരോ ദിവസവും മില്ല്യൺ കണക്കിന് ആളുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഇന്ത്യൻ റെയിൽവേ രാജ്യത്തിന്റെ ജീവനാഡിയാണ്. വന്ദേ ഭാരത് പോലുള്ള ട്രെയിനുകൾ ദീർഘദൂര യാത്രകളിലെ വേഗതയ്ക്കും കാര്യക്ഷമതയ്ക്കും പേരുകേട്ടതാണ്. എന്നാൽ, വേഗത വളരെ കുറഞ്ഞ ട്രെയിനുകളും ഇന്ത്യൻ റെയിൽവേയിലുണ്ട്. 46 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഏകദേശം 5 മണിക്കൂർ വരെ എടുക്കും ഈ ട്രെയിൻ സർവീസ്. വേഗതയുടെ കാര്യത്തിൽ മെല്ലെപ്പോക്ക് തുടരുന്ന ഈ ട്രെയിൻ സർവീസ് ഏതാണെന്ന് അറിയാമോ?

നീലഗിരി മൗണ്ടൻ റെയിൽ‌വേ ആണ് ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിൻ സർവീസ്. മേട്ടുപ്പാളയം-ഊട്ടി പാസഞ്ചർ ട്രെയിൻ എന്നും ഈ ട്രെയിൻ സർവീസ് അറിയപ്പെടാറുണ്ട്. ഊട്ടിയിലെ മേട്ടുപ്പാളയം റെയിൽ‌വേ സ്റ്റേഷനും ഉദഗമണ്ഡലം റെയിൽ‌വേ സ്റ്റേഷനും ഇടയിലാണ് ഇത് ഓടുന്നത്. അതുകൊണ്ടുതന്നെ ഇതിനെ ഊട്ടി ടോയ് ട്രെയിൻ എന്നും വിളിക്കാറുണ്ട്.

മണിക്കൂറിൽ ഏകദേശം 9 കിലോമീറ്റർ വേഗതയിലാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്, അതായത് 46 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഏകദേശം 5 മണിക്കൂർ എടുക്കും. രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനുകളേക്കാൾ 16 മടങ്ങ് വേഗത കുറവാണ് ഈ ട്രെയിനിന്. കെല്ലർ, കൂനൂർ, വെല്ലിംഗ്ടൺ, ലവ്ഡെയ്ൽ, ഫേൺ ഹിൽ തുടങ്ങിയ മനോഹരമായ ഹിൽ സ്റ്റേഷനുകളിലൂടെയാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത് . വേഗതയുടെ കാര്യം മാറ്റി നിർത്തിയാൽ, ശാന്തസുന്ദരമായ ഒരു യാത്രാനുഭവമാണ് ഈ ട്രെയിൻ യാത്രക്കാർക്ക് നൽകുന്നത്. പ്രകൃതി ദൃശ്യങ്ങൾ ആവോളം ആസ്വദിച്ച് വിശ്രമിച്ചുള്ള സുഖകരമായ ഒരു യാത്ര.

നീലഗിരി മൗണ്ടൻ റെയിൽവേ ഒരു മീറ്റർ ഗേജ് ട്രാക്കിലൂടെയാണ് ഓടുന്നത്, മിക്ക ട്രെയിനുകളും ഉപയോഗിക്കുന്ന ബ്രോഡ് ഗേജിനേക്കാൾ ഇടുങ്ങിയതാണ് ഇത്. ഈ പാതയിൽ 16-ലധികം തുരങ്കങ്ങളും 250 പാലങ്ങളും 200-ലധികം കൂർത്ത വളവുകളും ഉണ്ട്. ഈ പ്രത്യേകതകൾ യാത്രയെ വെല്ലുവിളി നിറഞ്ഞതാകുന്നതിനാൽ ട്രെയിൻ വളരെ സാവധാനത്തിലും വേ​ഗം കുറച്ചുമേ സഞ്ചരിക്കുകയുള്ളൂ.

നീലഗിരി മൗണ്ടൻ റെയിൽ‌വേ എന്ന ആശയം ആദ്യമായി നിർദ്ദേശിക്കപ്പെട്ടത് 1854-ലാണ്. പർവതപ്രദേശങ്ങളിലെ ദുഷ്‌കരമായ സാഹചര്യങ്ങൾ കാരണം 1891-ൽ മാത്രമാണ് നിർമ്മാണം ആരംഭിച്ചത്. 1908 -ൽ പൂർത്തീകരിച്ച ഈ റെയിൽ‌വേ ഇന്ന് ഇന്ത്യയിലെ ഒരേയൊരു പ്രവർത്തനക്ഷമമായ റാക്ക് റെയിൽ‌വേയാണ്.

പഴയകാല ആവി എഞ്ചിനുകളാണ് ഈ ട്രെയിനിന്റെ മറ്റൊരു പ്രത്യേകത. ദക്ഷിണ റെയിൽവേയാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. നീലഗിരി മലനിരകളുടെ താഴ്‌വരയിലുള്ള മേട്ടുപ്പാളയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് തമിഴ്‌നാട്ടിലെ ഊട്ടി സ്റ്റേഷനിൽ അവസാനിക്കുന്നതാണ് ട്രെയിൻ. നീലയും ക്രീമും ആണ് കോച്ചുകളുടെ നിറം. കോച്ചുകളിൽ കൂടുതലും മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, യാത്രക്കാർക്ക് കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ വലിയ ജനാലകളും ഉണ്ട്.

രണ്ട് തരം കോച്ചുകളുണ്ട്: 72 സീറ്റുകളുള്ള ഫസ്റ്റ് ക്ലാസ്, 100 സീറ്റുകളുള്ള ജനറൽ വിഭാഗം. വിനോദസഞ്ചാരികളുടെ എണ്ണം കൂടി വരുന്നതിനാൽ കോച്ചുകളുടെ എണ്ണം അടുത്ത കാലത്ത് വർദ്ധിപ്പിച്ചിരുന്നു. രാവിലെ 7:10 ന് മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട് ഏകദേശം ഉച്ചയ്ക്ക് 12 മണിയോടെ ഊട്ടിയിൽ എത്തുന്നു. ഊട്ടിയിൽ നിന്ന് ഉച്ചയ്ക്ക് 2 മണിക്ക് തിരിച്ച് പുറപ്പെട്ട് വൈകുന്നേരം 5:30 ന് മേട്ടുപ്പാളയത്ത് എത്തും. ഐആർസിടിസി വെബ്സൈറ്റ് വഴി ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.