Asianet News MalayalamAsianet News Malayalam

ലോകത്തിൽ നിന്നും ഒറ്റപ്പെട്ട് ജീവിക്കുന്ന നാല് ​ഗോത്രങ്ങൾ, ഇവരുടെ ഭാഷയും സംസ്കാരവും ഇവർക്ക് മാത്രം സ്വന്തം

ഈ കമ്മ്യൂണിറ്റികൾ വളരെ ഒറ്റപ്പെട്ടവരാണ്, അവരുടെ ഭൂമി, സംസ്കാരം, ജീവിതം എന്നിവയെല്ലാം അവർക്ക് മാത്രം സ്വന്തമാണ്. 

four isolated tribes in the world rlp
Author
First Published Feb 25, 2024, 4:25 PM IST

ടെക്നോളജി കൊണ്ടും വികസനം കൊണ്ടും ലോകം വളരെ അടുത്തായിട്ടാണ് കഴിയുന്നതെങ്കിലും ഇന്നും ലോകത്ത് ഒറ്റപ്പെട്ട് കഴിയുന്ന ചില മനുഷ്യരുണ്ട്. റിപ്പോർട്ടുകൾ പ്രകാരം മറ്റ് സമൂഹങ്ങളുമായി സമ്പർക്കമില്ലാത്ത 100 -ലധികം ഗോത്രങ്ങൾ ഇപ്പോഴും നിലവിലുണ്ട്, യഥാർത്ഥ എണ്ണം ഇതിലും കൂടുതലായിരിക്കാം. ഈ കമ്മ്യൂണിറ്റികൾ വളരെ ഒറ്റപ്പെട്ടവരാണ്, അവരുടെ ഭൂമി, സംസ്കാരം, ജീവിതം എന്നിവയെല്ലാം അവർക്ക് മാത്രം സ്വന്തമാണ്. അവയിൽ ചിലത് ഇതാ:

സെൻ്റിനൽസ്, ഇന്ത്യ

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സമൂഹം എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന സെൻ്റിനൽസ് പുറത്തുനിന്നുള്ളവരോട് വളരെ അക്രമാസക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. സെൻ്റിനലീസ് അല്ലെങ്കിൽ നോർത്ത് സെൻ്റിനൽ ദ്വീപ് നിവാസികൾ എന്ന് സാധാരണയായി വിളിക്കപ്പെടുന്ന ഇവരു‌‌ടെ ഭാഷ മറ്റുള്ളവർക്ക് ഇന്നും അജ്ഞാതമാണ്. കണക്കുകൾ പ്രകാരം, അവരുടെ ജനസംഖ്യ ഇന്ന് 50 മുതൽ 200 വരെ ആയിരിക്കാം, വേട്ടയാടിയും  മത്സ്യബന്ധനത്തിലൂടെയുമാണ് ഭക്ഷ്യവസ്തുക്കൾ കണ്ടെത്തുന്നത്. 2018-ൽ നിയമവിരുദ്ധമായി ഇവി‌ടെ സന്ദർശിച്ച ഒരു അമേരിക്കൻ മിഷനറിയെ ഗോത്രക്കാർ കൊലപ്പെടുത്തിയതോടെയാണ് ദ്വീപ് ആഗോള ശ്രദ്ധ നേടിയത്.

യാഫോയു, പാപുവ ന്യൂ ഗിനിയ

രേഖകൾ പ്രകാരം, പപ്പുവ ന്യൂ ഗിനിയയിൽ സമ്പർക്കമില്ലാത്ത 40 ഗോത്രങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് യഫോയു. ഈ ഗോത്രങ്ങൾ കൂടുതലും വേട്ടയാടുന്നവരുടെ ജീവിതശൈലി പിന്തുടരുന്നു. പുറം ലോകവുമായുള്ള അവരുടെ സമ്പർക്കം പൂജ്യമാണ്. 

കവാഹിവ, ബ്രസീൽ

'ചെറിയ മനുഷ്യർ' അല്ലെങ്കിൽ 'ചുവന്ന തലയുള്ള ആളുകൾ' എന്നാണ് ഈ ​ഗോത്രവാസികൾ അറിയപ്പെടുന്നത്.  കവാഹിവ ആളുകൾ ബ്രസീലിലെ ആമസോൺ മഴക്കാടുകളിലെ വനനശീകരണം കാരണം സമീപ ദശകങ്ങളിൽ ഒരു നാടോടി ജീവിതരീതി സ്വീകരിക്കാൻ നിർബന്ധിതരായിട്ടുണ്ട്. ഇതുകൂടാതെ, അവരെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമാകൂ, കാരണം അവർ ഒരിക്കലും പുറത്തുനിന്നുള്ളവരുമായി സമാധാനപരമായ ഇടപെടലുകൾ നടത്തിയിട്ടില്ല. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, കവാഹിവയിൽ 30 -ൽ കൂടുതൽ ജനസംഖ്യയുണ്ടാകാൻ സാധ്യതയില്ല.

മാഷ്‌കോ പിറോ, പെറു

റിപ്പോർട്ടുകൾ പ്രകാരം, മാഷ്‌കോ പിറോ ഉൾപ്പെടെ പെറുവിൽ പുറംലോകവുമായി ബന്ധപ്പെടാത്ത 15 ഓളം ഗോത്രങ്ങളുണ്ട്, വനനശീകരണം  കാരണം സമീപകാലത്ത് ഇവരിൽ പല ​ഗോത്രസമൂഹങ്ങളും കൂടുതൽ ദൃശ്യമാണ്. ആമമുട്ടകളെ വേട്ടയാടുന്നതും ശേഖരിക്കുന്നതുമാണ് പരമ്പരാഗതമായി, മാഷ്‌കോ പിറോ ​ഗ്രോത്രക്കാരു‌‌ടെ  ഉപജീവന മാർ​ഗം, അവരുടെ ജനസംഖ്യ 800 ൽ താഴെ ആണെന്നാണ് സർക്കാർ കണക്കാക്കുന്നത്.

Follow Us:
Download App:
  • android
  • ios