Asianet News MalayalamAsianet News Malayalam

പുറത്ത് നിന്നും നോക്കിയാൽ അകം മൊത്തം കാണാം, ജപ്പാനിൽ ഒരു അപൂർവ ശുചിമുറി

ഇത് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ വരുന്ന ഒരു ചോദ്യമാണ്, ഇത്തരം ഗ്ലാസ്സ് ടോയ്‌ലെറ്റുകളിൽ ഇരുന്നാൽ അപ്പൊ പുറത്തുള്ള ഒരാൾക്ക് നമ്മെ വ്യക്തമായി കാണാൻ സാധിക്കില്ലേ എന്നത്.

glass toilet in Japan
Author
Japan, First Published Jul 25, 2021, 12:05 PM IST

പലയിടത്തും പൊതുശൗചാലയങ്ങൾ എത്രത്തോളം വൃത്തിഹീനമാണ് എന്നത് നമുക്കറിയാം. പൊട്ടിയൊലിക്കുന്ന പൈപ്പും, പൊട്ടിപ്പൊളിഞ്ഞ സീറ്റും, വൃത്തിഹീനമായ തറയും കണ്ടാൽ സഹിക്കില്ല. പൊതുഇടമായതുകൊണ്ട് അത് വേണ്ടരീതിയിൽ വൃത്തിയാക്കി വയ്ക്കാൻ ആരും മെനക്കെടാറില്ല. എന്നാൽ, ടോക്കിയോ ഇതുവരെ ആരും പരീക്ഷിക്കാൻ ധൈര്യപ്പെടാത്ത രീതിയിലുള്ള ഗ്ലാസ്സ് മോഡൽ ടോയ്‌ലെറ്റുകൾ അടുത്തിടെ പണികഴിപ്പിക്കുകയുണ്ടായി. അതിന്റെ പ്രത്യേകത അതിന് ഗ്ലാസാണ് ചുറ്റിലും എന്നതാണ്. കേൾക്കുമ്പോൾ ഒരുപക്ഷേ 'അയ്യേ, ഇതെന്തു ടോയ്‌ലെറ്റ്' എന്ന് തോന്നുമെങ്കിലും ടോക്കിയോ പാർക്കുകളിലെ ടോയ്‌ലെറ്റുകളെ കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരീക്ഷണം അവർ നടത്തുന്നത്.  
 
പലപ്പോഴും ശുചിമുറി തുറന്നു നോക്കുമ്പോൾ മാത്രമാണ് നമുക്ക് അതിന്റെ വൃത്തി അറിയാൻ കഴിയുന്നത്. എന്നാൽ, ഇത്തരം ടോയ്‍ലെറ്റുകളുടെ യുക്തിയെന്തെന്നാൽ ഉപയോഗിക്കേണ്ടവർക്ക് പുറത്തുനിന്നുതന്നെ അതിന്റെ വൃത്തിയും സുരക്ഷയും പരിശോധിച്ച് ഉറപ്പാക്കാം എന്നതാണ്. പ്രിറ്റ്സ്‌കർ സമ്മാന ജേതാവായ ഷിഗെരു ബാൻ എന്ന ആർക്കിടെക്റ്റാണ് ഇത് രൂപകൽപ്പന ചെയ്‍തിരിക്കുന്നത്.  ടോയ്‌ലെറ്റുകൾ കൂടുതൽ ആകർഷകമാക്കുന്നതിന് ഹൃദ്യമായ നിറങ്ങളും പുതിയ സാങ്കേതികവിദ്യയും ഉപയോഗിച്ചിരിക്കുന്നു. 

“പാർക്ക് പോലുള്ള സ്ഥലങ്ങളിലെ ശുചിമുറികളിൽ പ്രവേശിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കുന്ന രണ്ട് കാര്യങ്ങൾ, ശുചിത്വവും, അകത്ത് ആരെങ്കിലുമുണ്ടോ എന്നതുമാണ്. എന്നാൽ, ഇത്തരം ഗ്ലാസ്സ് ചുമരുകൾ ഈ രണ്ടു പ്രശ്‍നങ്ങൾക്കുമുള്ള ഒറ്റ പരിഹാരമാണ്. ഗ്ലാസ്സുകൾ വഴി അകത്താരെങ്കിലും ഉണ്ടോ എന്ന് നമുക്ക് നോക്കാൻ സാധിക്കും, കൂടാതെ ടോയ്‌ലെറ്റ് വൃത്തിയാണോ എന്നതും അകത്ത് കയറാതെ തന്നെ നമുക്ക് മനസ്സിലാക്കാം" ആർക്കിടെക്റ്റ് ഷിഗെരു ബാൻ പറയുന്നു.   

ഇത് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ വരുന്ന ഒരു ചോദ്യമാണ്, ഇത്തരം ഗ്ലാസ്സ് ടോയ്‌ലെറ്റുകളിൽ ഇരുന്നാൽ അപ്പൊ പുറത്തുള്ള ഒരാൾക്ക് നമ്മെ വ്യക്തമായി കാണാൻ സാധിക്കില്ലേ എന്നത്. എന്നാൽ, അത്തരം ഒരാശങ്കയും വേണ്ടെന്ന് ബാൻ പറയുന്നു. നമ്മൾ അകത്തു കയറുന്നതുവരെ മാത്രമേ ഗ്ലാസ്സ് സുതാര്യമായിരിക്കുകയുള്ളൂ. കയറി വാതിൽ ലോക്ക് ചെയ്‌താൽ ചുമരുകൾ മങ്ങാൻ തുടങ്ങും. പിന്നെ വെളിയിൽ നിൽക്കുന്ന ഒരാൾക്ക് നമ്മെ കാണാൻ സാധിക്കില്ല. പക്ഷേ, അകത്തിരിക്കുന്ന വ്യക്തിയ്ക്ക് ഗ്ലാസ്സ് മങ്ങിയോ എന്നറിയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ കയറിയാൽ ടോയ്‌ലറ്റ് ലോക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് അധികൃതർ പറയുന്നു.  

നിപ്പോൺ ഫൗണ്ടേഷന്റെ കീഴിൽ ടോക്കിയോ ടോയ്‌ലറ്റ് പ്രോജക്റ്റിന്റെ ഭാഗമായാണ് ഈ ടോയ്‍ലെറ്റുകൾ പണിഞ്ഞത്. ഷിഗെരു ബാനിനെ കൂടാതെ 15 ആർക്കിടെക്റ്റുകൾ കൂടി ഇതിന് പിന്നിൽ പ്രവർത്തിച്ചു. പച്ച, നീല, മഞ്ഞ, പിങ്ക് എന്നീ നിറങ്ങളിലുള്ള ഗ്ലാസ്സ് ചുമരുകളാണ് ടോയ്‌ലെറ്റുകളിൽ ഉപയോഗിക്കുന്നത്. പൊതുശൗചാലയങ്ങളിൽ ഇതോടെ മടി കൂടാതെ ആളുകൾക്ക് പോകാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. 

വീഡിയോ കാണാം: 

Follow Us:
Download App:
  • android
  • ios