Asianet News MalayalamAsianet News Malayalam

ദേവീവി​ഗ്രഹത്തിൽ സ്വർണമാസ്ക്, കൈകളിൽ ആയുധങ്ങൾക്ക് പകരം സാനിറ്റൈസറും, മാസ്കും, തെർമൽ സ്കാനറും

എന്നാല്‍, ദേവിയെ സ്വര്‍ണമാസ്കണിയിച്ചതുകൊണ്ട് മാത്രം രോഗത്തെ ചെറുക്കാനാവുമെന്ന് പ്രതീക്ഷിക്കരുത് എന്ന് തൃണമൂല്‍ എംഎല്‍എയും ബംഗാളി ഗായികയുമായ അദിതി മുന്‍ഷി അഭിപ്രായപ്പെട്ടു

golden mask for goddess Durga
Author
Kolkata, First Published Aug 9, 2021, 11:26 AM IST

മാസ്കും സൈനിറ്റൈസറുമെല്ലാം ഇന്ന് 'ന്യൂനോര്‍മ്മല്‍' ആയിരിക്കുകയാണ്. ഉത്സവങ്ങളും കൂടിച്ചേരലുകളുമെല്ലാം ഓര്‍മ്മകള്‍ മാത്രവും. രാജ്യത്തിനകത്തും പുറത്തും മിക്ക പരിപാടികളും കടുത്ത നിയന്ത്രണങ്ങളോടെയാണ് നടക്കുന്നത്. ഇപ്പോഴിതാ പശ്ചിമബംഗാള്‍ ദുര്‍ഗാപൂജയ്ക്കുള്ള തയ്യാറെടുപ്പിലാണ്. അതിലെ പ്രത്യേകത ദുര്‍ഗാദേവിയുടെ വിഗ്രഹത്തിന് വേണ്ടി ഒരുങ്ങുന്ന സ്വര്‍ണമാസ്കാണ്. 

ദുര്‍ഗാപൂജയ്ക്ക് വേണ്ടി ഒരുങ്ങുന്ന വിഗ്രഹത്തിന് വേറെയും പ്രത്യേകതകളുണ്ട്. 20 ഗ്രാം സ്വര്‍ണം കൊണ്ടുണ്ടാക്കുന്ന മാസ്കിന് പുറമെ ദേവിയുടെ കൈകളിലുണ്ടാവുക രോഗപ്രതിരോധം ഉറപ്പിക്കുന്ന വസ്തുക്കളായിരിക്കുമത്രെ. അതായത് ആയുധങ്ങള്‍ക്ക് പകരം സാനിറ്റൈസര്‍, തെര്‍മല്‍ സ്കാനര്‍, സിറിഞ്ച് തുടങ്ങിയവയെല്ലാമാണ് ഉണ്ടാവുക. 

വിഗ്രഹം പൂര്‍ത്തിയാവാന്‍ ഇനിയും സമയമെടുക്കുമെങ്കിലും വിഗ്രഹത്തിന്‍റെ രൂപം ഞായറാഴ്ച കല്‍ക്കത്തയിലെ ബഗുയാട്ടിയില്‍ പൂജാ പന്തലില്‍ അനാച്ഛാദനം ചെയ്ത് കഴിഞ്ഞു. ജനങ്ങളെ കൊവിഡ് പ്രതിരോധത്തെ കുറിച്ച് ബോധവല്‍ക്കരിക്കുക എന്നതാണ് ഈ വ്യത്യസ്തമായ ദുര്‍ഗാവിഗ്രഹത്തിന്‍റെ ലക്ഷ്യം എന്നാണ് സംഘാടകര്‍ പറയുന്നത്. 

എന്നാല്‍, ദേവിയെ സ്വര്‍ണമാസ്കണിയിച്ചതുകൊണ്ട് മാത്രം രോഗത്തെ ചെറുക്കാനാവുമെന്ന് പ്രതീക്ഷിക്കരുത് എന്ന് തൃണമൂല്‍ എംഎല്‍എയും ബംഗാളി ഗായികയുമായ അദിതി മുന്‍ഷി അഭിപ്രായപ്പെട്ടു. 'ബംഗാളിലെ പെണ്‍മക്കളെല്ലാം പ്രധാനപ്പെട്ടവരാണ്. സ്വന്തം പെണ്‍മക്കളെ സ്വര്‍ണത്തില്‍ പൊതിഞ്ഞുകാണാനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. ദേവിയെ സ്വര്‍ണ മാസ്കണിയിക്കുന്നതിന് പിന്നിലെ കാരണവും അതു തന്നെ. ഒപ്പം മാസ്ക് ധരിക്കുന്നതിനെ കുറിച്ച് ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. കൊവിഡിനെ ചെറുക്കാന്‍ ഡോക്ടര്‍മാര്‍ തരുന്ന നിര്‍ദ്ദേശം പാലിക്കുക തന്നെ ചെയ്യണം' എന്നും അവര്‍ പറഞ്ഞു. 

കല്‍ക്കത്ത ഹൈക്കോടതി സമൂഹപൂജകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, രോഗവ്യാപനം കുറയുന്നതോടെ ദുര്‍ഗാപൂജയില്‍ പങ്കെടുക്കാം എന്ന വിശ്വാസത്തിലാണ് ജനങ്ങള്‍. 

Follow Us:
Download App:
  • android
  • ios