Asianet News MalayalamAsianet News Malayalam

സീവേജ് പൈപ്പുകൾ ഉപയോ​ഗിച്ച് ചെലവ് കുറഞ്ഞ് വീട്, പദ്ധതിയുമായി ഇന്ത്യക്കാരി...

തുടർന്ന് നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കുടിയേറ്റ തൊഴിലാളിയെ ഏഴു ദിവസം അവിടെ താമസിപ്പിക്കാൻ മാനസ തീരുമാനിച്ചു. അദ്ദേഹത്തിന് വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവ നൽകി. 

Homes From Sewage Pipes
Author
Telangana, First Published May 27, 2021, 11:42 AM IST

ഇന്ത്യയിൽ, ഇപ്പോഴും ആറ് കോടിയിലധികം ആളുകൾ അടച്ചുറപ്പില്ലാത്ത വീടുകളിലാണ് കഴിയുന്നതെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. പലരും പൊട്ടിയൊലിക്കുന്ന, വാതിലുകളില്ലാത്ത, ഉറപ്പില്ലാത്ത വീടുകളിലാണ് കഴിയുന്നത്. എന്നാൽ, ഒരു നല്ല വീട് എന്ന സ്വപ്നവുമായി ജീവിക്കുന്ന അത്തരക്കാർക്ക് മുന്നിൽ തെലങ്കാനയിലെ ബോമ്മക്കൽ ഗ്രാമത്തിലെ പെരള മാനസ റെഡ്ഡി എന്ന ഇരുപത്തിമൂന്നുകാരി ഒരു പുതിയ ആശയവുമായി വരികയാണ്.  

ഉപയോഗശൂന്യമായ സീവേജ് പൈപ്പുകൾ ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയിൽ വീടുകൾ പണിയാനാണ് മാനസയുടെ പദ്ധതി. 'ഒപോഡ് ട്യൂബ് ഹൗസ്' എന്നറിയപ്പെടുന്ന ഇത് ആദ്യം രൂപകൽപന ചെയ്തത് ഹോങ്കോങ്ങിലെ ജെയിംസ് ലോ സൈബർ ടെക്ചർ എന്ന കമ്പനിയാണ്. ഒരു സിവിൽ എഞ്ചിനീയർ ബിരുദധാരിയായ മാനസ അത് നമ്മുടെ രാജ്യത്ത് പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. തെലങ്കാനയിലെ ഒരു കമ്പനിയിൽ നിന്നാണ് ഇതിനാവശ്യമായ പൈപ്പുകൾ അവർ ശേഖരിച്ചത്. മാനസയുടെ ആവശ്യമനുസരിച്ച് പല വലിപ്പത്തിലുള്ള പൈപ്പുകൾ കമ്പനി ചെയ്തു കൊടുക്കുന്നു. അവ വൃത്താകൃതിയിലാണെങ്കിലും, മൂന്ന് അംഗങ്ങളുള്ള ഒരു കുടുംബത്തിന് സുഖമായി പെരുമാറാനുള്ള സൗകര്യങ്ങൾ അതിനകത്ത് ഉണ്ടാകും. കൂടാതെ മൂന്ന് കിടപ്പ് മുറികൾ വരെ പണിയാൻ അതിനകത്ത് സൗകര്യമുണ്ട്.    

സിവിൽ എഞ്ചിനീയറിംഗിന് പഠിക്കുമ്പോൾ, തെലങ്കാനയിലെ ചേരിപ്രദേശങ്ങളിൽ മാനസ സന്നദ്ധപ്രവർത്തനങ്ങൾ നടത്താറുണ്ട്. അവിടെ നിരവധി കുടുംബങ്ങൾ ഉരുക്ക് ഷീറ്റുകളും വലിയ പ്ലാസ്റ്റിക് കവറുകളും, മുളകളും കൊണ്ട് നിർമ്മിച്ച താൽക്കാലിക വീടുകളിലുമാണ് കഴിഞ്ഞിരുന്നത്. അവരിൽ കൂടുതലും കുടിയേറ്റ തൊഴിലാളികളായിരുന്നു. ഒരു വർഷത്തിൽ കൂടുതൽ ആ വീടുകളിൽ അവർ താമസിക്കാറില്ല. വേനൽക്കാലത്ത് ചൂട് കൂടുമ്പോഴോ, മഴക്കാലത്ത് വെള്ളപ്പൊക്കം വരുമ്പോഴോ അവർ വീട് ഉപേക്ഷിക്കും. അങ്ങനെയാണ് കുറച്ചുകൂടി ഈട് നിൽക്കുന്ന വീടുകൾ അവർക്കായി നിർമ്മിച്ച് കൊടുക്കാം എന്ന് മാനസയ്ക്ക് തോന്നിയത്. “വീടില്ലാത്തവർ റോഡിന്റെ ഓരത്തുള്ള മലിനജല പൈപ്പുകളിൽ അഭയം തേടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരു കുടുംബത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി ആ പൈപ്പിന്റെ വലുപ്പം കൂട്ടാനാകുമോ എന്ന് ഞാൻ ചിന്തിച്ചു. അങ്ങനെ അവർക്ക് സ്ഥിരമായ ഒരു വീടിന് മതിയായ ഇടം ലഭിക്കാൻ സാധിച്ചെങ്കിലോ എന്ന് ഞാൻ ചിന്തിച്ചു” മാനസ പറയുന്നു.

അങ്ങനെയാണ് 2020 അവസാനത്തോടെ മനസ തെലങ്കാനയിലെ സിദ്ദിപേട്ടിലെ മലിനജല പൈപ്പുകൾ നിർമ്മിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ടത്. അവരുടെ സഹായത്തോടെ, നീളം കൂടിയ പൈപ്പുകൾ മാനസ ശേഖരിക്കാൻ തുടങ്ങി. തുടർന്ന്, ആ വീട് യാഥാർഥ്യമാക്കാനുള്ള ഓട്ടത്തിലായിരുന്നു അവർ. വാതിൽ, വിൻഡോ ഫ്രെയിം, ബാത്ത്റൂം, ഇലക്ട്രിക്കൽ ഫിറ്റിംഗ് എന്നിവയുൾപ്പെടെയുള്ള മറ്റ് അസംസ്കൃത വസ്തുക്കളും വാങ്ങാൻ മാനസ അമ്മയിൽ നിന്ന് അഞ്ച് ലക്ഷം രൂപ കടം വാങ്ങി.

“ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. അതിനുശേഷം എന്റെ അമ്മ എനിക്കും അനുജത്തിക്കും വേണ്ടിയാണ് ജീവിച്ചത്. എനിക്ക് ഈ സംരംഭം തുടങ്ങാനുള്ള എല്ലാ പിന്തുണയും നൽകിയത് അമ്മയായിരുന്നു” അവർ പറയുന്നു. വീട് നിർമ്മിക്കാൻ വേണ്ട വസ്തുക്കൾ റെഡിയായി, എന്നാൽ വീട് നിർമ്മിക്കാൻ ഒരു സ്ഥലം വേണമല്ലോ! ഒടുവിൽ മാനസയുടെ ഒരു ബന്ധു സഹായവുമായി മുന്നോട്ട് വന്നു. 2021 മാർച്ച് രണ്ടിന് വീട് നിർമ്മിക്കാനുള്ള ഭൂമി അവർ നൽകി. അങ്ങനെ മാർച്ച് 28 -ടെ ഒരു കിടപ്പ്മുറിയുള്ള ഓ-പോഡ് വീട് തയ്യാറായി. വീടിന് 16 അടി നീളവും ഏഴടി ഉയരവുമുണ്ട്. ഒരു ചെറിയ സ്വീകരണമുറി, ഒരു കുളിമുറി, അടുക്കള, സിങ്ക്, ഒരു കിടപ്പുമുറി എന്നിവ അടങ്ങിയതാണ് ആ വീട്.  

തുടർന്ന് നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കുടിയേറ്റ തൊഴിലാളിയെ ഏഴു ദിവസം അവിടെ താമസിപ്പിക്കാൻ മാനസ തീരുമാനിച്ചു.  അദ്ദേഹത്തിന് വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവ നൽകി. താമസത്തെ തുടർന്ന്, അദ്ദേഹം ആ വീടിന്റെ ചില പ്രശ്‍നങ്ങൾ ചൂണ്ടിക്കാട്ടി. ഇത് ഭാവിയിൽ വീടുകൾ പണിയുമ്പോൾ അവർക്ക് കൂടുതൽ വ്യക്തതയുണ്ടാകാൻ സഹായിച്ചു. ഒപോഡ് വീടുകൾ നിർമ്മിക്കാൻ കേരളം, തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ ഇരുന്നൂറോളം ഓർഡറുകൾ അവർക്ക് ലഭിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നാൽ ഉടൻ തന്നെ അതിന്റെ പണികൾ ആരംഭിക്കാൻ ഇരിക്കയാണ് മാനസ. ഇതിനായി സാംനവി കൺസ്ട്രക്ഷൻസ് എന്ന പേരിൽ ഒരു സ്റ്റാർട്ടപ്പ് അവർ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തുടനീളം കുറഞ്ഞ ചെലവിൽ കൂടുതൽ വീടുകൾ നിർമ്മിക്കാനാണ് മാനസയുടെ പദ്ധതി.

(വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ) 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios