Asianet News MalayalamAsianet News Malayalam

India @75 : അലി സഹോദരന്‍മാരുടെ ഉമ്മ, സ്വാതന്ത്ര്യ സമരത്തിന്റെയും!

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് ​അബാദി ബാനു ബീഗം

India @75 Abadi Bano Begum mother of Ali brothers
Author
Thiruvananthapuram, First Published Jun 11, 2022, 9:22 PM IST

പഞ്ചാബില്‍ നടന്ന ഒരു യോഗത്തില്‍ ആദ്യമായി അവര്‍ തന്റെ വെളള മുഖാവരണം മാറ്റി പ്രസംഗിച്ചു. അന്ന് അവര്‍ പറഞ്ഞു: ''എന്റെ മക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പം നില്‍ക്കുമ്പോള്‍ എനിക്ക് മുഖപടം ആവശ്യമില്ല.''

 

India @75 Abadi Bano Begum mother of Ali brothers

 

സ്വാതന്ത്ര്യ സമരപോരാളികളും നിസ്സഹകരണ പ്രസ്ഥാനത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും ഗാന്ധിജിയുടെ ഉറ്റസഖാക്കളുമായിരുന്ന അലി സഹോദരന്‍മാരെ അറിയാത്തവര്‍ ചുരുക്കമായിരിക്കും.  എന്നാല്‍, അവരുടെ മാതാവും സ്വാതന്ത്ര്യ സമരത്തിലെ ധീരയായ പോരാളി ആയിരുന്നു എന്ന കാര്യം അധികമാളുകള്‍ക്കും അറിയില്ല. ആ ധീരമാതാവിന്റെ പേര് അബാദി ബാനു ബീഗം. അഥവാ ബീ അമ്മാന്‍. പൊതുരംഗത്തേക്ക് കടന്നുവന്ന ആദ്യകാല മുസ്‌ലിം സ്ത്രീകളില്‍ ഒരാളായ അബാദി ബാനു ബീഗം മുസ്‌ലിം സമുദായത്തിലെ നിരവധി സ്ത്രീകളെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ വഴിത്താരകളിലേക്ക് കൊണ്ടുവരുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്. 

1850-ല്‍ ഉത്തര്‍പ്രദേശില്‍ ജനിച്ച അബാദി ബാനു ചെറുപ്പത്തിലേ വിധവയാവേണ്ടി വന്ന ഒരാളായിരുന്നു. അവര്‍ക്ക് വിദ്യാഭ്യാസമോ സമ്പത്തോ ഉണ്ടായിരുന്നില്ല. മുസ്‌ലിം സമുദായം മതപരമല്ലാത്ത വിദ്യാഭ്യാസത്തില്‍നിന്നും പുറംതിരിഞ്ഞുനിന്ന സമയമായിരുന്നു അത്. ബ്രിട്ടീഷുകാരുടെ ഭാഷയായ ഇംഗ്ലീഷ് പഠിക്കുന്നതായിരുന്നു അതില്‍ കൊടിയ പാപം. എന്നാല്‍ സമുദായത്തിന്റെ വിലക്കുകള്‍ തരിമ്പും വിലകല്‍പ്പിക്കാതെ സ്വന്തം കുട്ടികളെ ഇംഗ്ലഷ് സ്‌കൂളുകളില്‍ അയക്കാന്‍ അവര്‍ ധൈര്യം കാണിച്ചു. ഇതിനൊന്നും ഒരാളുടെയും സഹായമുണ്ടായിരുന്നില്ല. അതിനാല്‍, ആകെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിവിറ്റാണ് മക്കളെ അവര്‍ പഠിപ്പിച്ചത്. അവരില്‍ ഒരാളായ മൗലാന മുഹമ്മദലി പിന്നീട് ബ്രിട്ടനിലെ പ്രശസ്തമായ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ വരെ പഠിക്കുകയുണ്ടായി. 

 

 

കുടുംബം മുന്നോട്ടുപോവാന്‍ സ്വയം അടരാടിക്കൊണ്ടിരിക്കുന്നതിനിടയിലും, സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളില്‍ സജീവമാവാന്‍ അവര്‍ക്ക് കഴിഞ്ഞത് അത്ഭുതമല്ലാതെ മറ്റൊന്നുമായിരുന്നില്ല. ഖിലാഫത്ത് പ്രസ്ഥാനമാണ് അവരെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. വ്യാപകമായി സഞ്ചരിക്കാനും മുസ്‌ലിം സ്ത്രീകെള പോര്‍മുഖത്തേക്ക് കൊണ്ടുവരാനും ഗാന്ധിജി തന്നെ അവരോട് അഭ്യര്‍ത്ഥിച്ചു. പര്‍ദ്ദ ധരിച്ച്, മഹാത്മാ ഗാന്ധിക്കൊപ്പം അവര്‍ അനേകം യോഗങ്ങളില്‍ സംസാരിച്ചു. മുസ്‌ലിം സ്ത്രീകളെ പ്രക്ഷോഭത്തിലേക്ക് എത്തിച്ചു.  67-ാം വയസ്സിലാണ് ആനി ബസന്റിന്റെയും തന്റെ മക്കളായ അലി സഹോദരന്‍മാരുടെയും അറസ്റ്റില്‍ പ്രതിഷേധിച്ച് അവര്‍ രാജ്യമാകെ സഞ്ചരിച്ച്  പ്രസംഗിച്ചത്. 

കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും പരിപാടികളില്‍ ഒരുപോലെ അവര്‍ പതിവായി സംസാരിച്ചു. സരോജിനി നായിഡു, സരളദേവി ചൗധാറാണി, ബാസന്തി ദേവി, ബീഗം ഹസ്‌റത്ത് മൊഹാനി എന്നിവര്‍ക്കൊപ്പം ദേശീയ പ്രസ്ഥാനത്തിലെ പ്രമുഖയായ വനിതാ നേതാവായി അവര്‍ ഉയര്‍ന്നുവന്നു. 1921-ല്‍ അലഹബാദില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലെ ഓള്‍ ഇന്ത്യാ ലേഡീസ് കോണ്‍ഫ്രന്‍സിന്റെ പ്രസിഡന്റായും അവര്‍ തെരഞ്ഞെടുക്കപ്പെട്ടു. വിദേശ വസ്ത്ര ബഹിഷ്‌കരണത്തിനും തിലക് ഫണ്ട് സമാഹരണം അടക്കം സ്വാതന്ത്ര്യ പ്രസ്ഥാനത്തിനു വേണ്ടിയുള്ള ധനസമാഹരണ പരിപാടികള്‍ക്കും അവര്‍ നേതൃപരമായ പങ്കുവഹിച്ചു. 1922-ല്‍ ഗാന്ധിജി അറസ്റ്റിലായപ്പോള്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനാവശുപ്പെട്ട് ഗാന്ധിജി അവര്‍ക്ക് ടെലഗ്രാം അയച്ചിരുന്നു. 

പഞ്ചാബില്‍ നടന്ന ഒരു യോഗത്തില്‍ ആദ്യമായി അവര്‍ തന്റെ വെളള മുഖാവരണം മാറ്റി പ്രസംഗിച്ചു. അന്ന് അവര്‍ പറഞ്ഞു: ''എന്റെ മക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പം നില്‍ക്കുമ്പോള്‍ എനിക്ക് മുഖപടം ആവശ്യമില്ല.'' 1924-ല്‍ തന്റെ എഴുപത്തിനാലാമത്തെ വയസ്സില്‍ വിടപറയുന്നതുവരെ അവര്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ സജീവമായിരുന്നു.  1990-ല്‍ അവരെ ആദരിക്കുന്നതിനായി പാക്കിസ്താന്‍ ഒരു സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. ദില്ലിയിലെ ജാമി മില്ലിയാ സര്‍വകലാശാലയിലെ ഒരു ഹോസ്റ്റലിന് ഇപ്പോഴും അവരുടെ പേരാണ്.
 

Follow Us:
Download App:
  • android
  • ios