Asianet News MalayalamAsianet News Malayalam

ഇന്ത്യൻ രാജകുമാരിയെ നീല ഫലകം സ്ഥാപിച്ച് ആദരിക്കാൻ ബ്രിട്ടൻ

സ്ത്രീകൾക്ക് വോട്ടവകാശം നടപ്പിലാക്കുന്നതിന് വേണ്ടി ഏറെ പ്രവർത്തിച്ച ആളാണ് സോഫിയ ദുലീപ് സിങ് എന്ന് ഇം​ഗ്ലീഷ് ഹെറിറ്റേജ് പത്രക്കുറിപ്പിൽ പറഞ്ഞു.

Indian Princess Sophia Duleep Singh to get Blue Plaque
Author
First Published Jan 30, 2023, 11:41 AM IST

ബ്രിട്ടീഷ്- ഇന്ത്യൻ രാജകുമാരിക്ക് ബ്രിട്ടന്റെ ആദരം. ആദരസൂചകമായി സോഫിയ ദുലീപ് സിങ്ങിന്റെ വസതിയിൽ നീലഫലകം സ്ഥാപിക്കും. 1900 -കളിൽ ബ്രിട്ടണിൽ സ്ത്രീകളുടെ വോട്ടവകാശത്തിന് വേണ്ടി പോരാടിയവരിൽ മുൻനിരക്കാരിയായി ഉണ്ടായിരുന്നയാളാണ് സോഫിയ രാജകുമാരി. 

സിഖ് സാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന മഹാരാജ ദുലീപ് സിങ്ങിന്റെ മകളാണ് സോഫിയ. വിക്ടോറിയ രാജ്ഞി സോഫിയ രാജകുമാരിയെ ദത്തെടുത്തിരുന്നു. ഇം​ഗ്ലീഷ് ഹെറിറ്റേജ് ചാരിറ്റിയാണ് നീല ഫലക പദ്ധതി നടപ്പിലാക്കി വരുന്നത്. ഏതെങ്കിലും മേഖലയിൽ പ്രശസ്തരായവരുടെ കെട്ടിടങ്ങളുടെ ചരിത്രപരമായ പ്രാധാന്യത്തെ ആദരിക്കുന്നതിന് വേണ്ടിയാണ് നീല ഫലകം സ്ഥാപിക്കുന്നത്. സ്ത്രീകൾക്ക് വോട്ടവകാശം നടപ്പിലാക്കുന്നതിന് വേണ്ടി ഏറെ പ്രവർത്തിച്ച ആളാണ് സോഫിയ ദുലീപ് സിങ് എന്ന് ഇം​ഗ്ലീഷ് ഹെറിറ്റേജ് പത്രക്കുറിപ്പിൽ പറഞ്ഞു.

"വിമൻസ് സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ യൂണിയൻ (WSPU), വിമൻസ് ടാക്സ് റെസിസ്റ്റൻസ് ലീഗ് (WTRL) എന്നിവയുടെ സജീവ അംഗമായിരുന്നു സോഫിയ. 1896 -ൽ വിക്ടോറിയ രാജ്ഞി സോഫിയയ്ക്കും അവളുടെ സഹോദരിമാർക്കുമായി അനുവദിച്ച ഹാംപ്ടൺ കോടതിക്ക് സമീപമുള്ള വീട്ടിലാണ് ഫലകം സ്ഥാപിക്കുക" എന്നും അതിൽ പറയുന്നു. സോഫിയയുടെ ഓർമ്മയ്‍ക്കായി നേരത്തേ തന്നെ ലണ്ടനിലെ ഹോളണ്ട് പാര്‍ക്കില്‍ ഒരു ഫലകം സ്ഥാപിച്ചിരുന്നു. 

ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരിയും ‘Sophia: Princess, Suffragette, Revolutionary’' എന്ന കൃതിയുടെ രചയിതാവുമായ  അനിത ആനന്ദ്, സോഫിയ രാജകുമാരിയെ നീലഫലകം സ്ഥാപിച്ച് ആദരിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. ഒടുവിൽ സോഫിയ രാജകുമാരിക്ക് അവർ അർഹിക്കുന്ന അം​ഗീകാരം ലഭിച്ചിരിക്കുന്നു എന്നാണ് അനിത ആനന്ദ് അഭിപ്രായപ്പെട്ടത്. ഈ വർഷം സോഫിയ രാജകുമാരി അടക്കം ആറ് പേർക്കാണ് നീല ഫലകം നൽകി ആദരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios