കമ്പ്യൂട്ടര്‍ വാങ്ങാന്‍ പണമില്ലാതിരുന്നത് മുതല്‍ ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നില്‍ ജോലിചെയ്യുന്നത് വരെയുള്ള അവരുടെ ജീവിതം ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്നതാണ്.

മള്‍ട്ടി നാഷണല്‍ കമ്പനിയായ മൈക്രോസോഫ്റ്റിലെ പ്രൊഡക്ട് ഡിസൈന്‍ മാനേജരാണ് ഷഹീന അത്തര്‍വാല. മുംബൈയുടെ ഹൃദയ ഭാഗത്ത് വലിയൊരു വീട്, വാഹനം, ആരും കൊതിച്ചുപോകുന്ന ആഡംബരമായ ജീവിതം. എന്നാല്‍ ഇന്ന് കാണുന്ന ഈ സൗഭാഗ്യങ്ങള്‍ക്കൊക്കെ അപ്പുറം ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കഷ്ടപ്പെട്ടിരുന്നു ഒരു കാലമുണ്ടായിരുന്നു അവര്‍ക്ക്. ഒരു കമ്പ്യൂട്ടര്‍ വാങ്ങാനുള്ള പണം സ്വരൂപിക്കാന്‍ ദിവസങ്ങളോളം പട്ടിണി കിടന്ന കാലം. മുംബൈയിലെ ചേരി പ്രദേശത്ത് വളര്‍ന്ന അവര്‍ പലപ്പോഴും അന്തിയുറങ്ങിയിരുന്നത് തെരുവുകളിലായിരുന്നു. എന്നാല്‍ ജീവിതം അവര്‍ക്ക് മുന്നില്‍ വച്ച എല്ലാ വെല്ലുവിളികളെയും ഷഹീന കരുത്തോടെ തന്നെ നേരിട്ടു. ഇപ്പോള്‍ ചേരിയില്‍ വളര്‍ന്ന തന്റെ അനുഭവത്തെക്കുറിച്ചും, അത് തന്റെ ജീവിതത്തെ രൂപപ്പെടുത്തിയതിനെക്കുറിച്ചും ട്വിറ്ററില്‍ അവര്‍ പങ്കുവച്ചത് ഓണ്‍ലൈനില്‍ വൈറലാവുകയാണ്.

Scroll to load tweet…

കമ്പ്യൂട്ടര്‍ വാങ്ങാന്‍ പണമില്ലാതിരുന്നത് മുതല്‍ ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നില്‍ ജോലിചെയ്യുന്നത് വരെയുള്ള അവരുടെ ജീവിതം ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്നതാണ്. ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപമുള്ള ദര്‍ഗ ഗല്ലി ചേരിയിലാണ് അവര്‍ വളര്‍ന്നത്. ഉത്തര്‍പ്രദേശുകാരനായ അച്ഛന്‍ ജോലി തേടി മുംബൈയിലേക്ക് എത്തുകയായിരുന്നു. അവിടെ എത്തിയ അദ്ദേഹം തെരുവുകള്‍ തോറും എണ്ണ വിറ്റു നടന്നു. പൊരിവെയിലെന്നോ, മഴയെന്നോ നോക്കാതെ അദ്ദേഹം ദിവസം മുഴുവന്‍ തെരുവുകളില്‍ എണ്ണയുമായി അലഞ്ഞ് നടക്കും. എന്നിട്ടും പക്ഷേ തന്റെ മക്കളുടെ പട്ടിണി മാറ്റാന്‍ അദ്ദേഹത്തിനായില്ല. ചേരിയിലെ ജീവിതം കഠിനവും വേദനാജനകവുമായിരുന്നുവെന്ന് ഷഹീന പറയുന്നു.

Scroll to load tweet…

എന്നാല്‍ അറിവാകും തോറും ചുറ്റുമുള്ള ആളുകളെ കുറിച്ചും, സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചും അവള്‍ കൂടുതല്‍ ബോധവതിയായി. എങ്ങനെയെങ്കിലും ഈ നരകത്തില്‍ നിന്ന് രക്ഷപ്പെടണമെന്ന് അവള്‍ മനസ്സില്‍ ഉറച്ചു. അവള്‍ക്ക് ചുറ്റുമുള്ള പല സ്ത്രീകളും നിസ്സഹായരും ദുരുപയോഗം ചെയ്യപ്പെടുന്നവരും ഭര്‍ത്താവിന്റെ പീഡനങ്ങള്‍ സഹിച്ച് ജീവിക്കുന്നവരുമായിരുന്നു. സ്വന്തം തീരുമാനങ്ങള്‍ എടുക്കുന്നതിനോ, സ്വന്തം നിലയില്‍ ജീവിക്കുന്നതിനോട് സ്വാതന്ത്ര്യമില്ലാതവരായിരുന്നു അവരെല്ലാം. തന്റെ ജീവിതവും ഇങ്ങനെ ഒടുങ്ങുമോ എന്നവള്‍ ഭയന്നു. എത്ര ബുദ്ധിമുട്ടിയാലും പഠിപ്പ് തുടരാന്‍ തന്നെ അവള്‍ തീരുമാനിച്ചു. എന്നാല്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ പണമില്ലാതെ, യൂണിഫോമില്ലാതെ, ട്യൂഷന് പോകാനുള്ള പണമില്ലാതെയെല്ലാം അവള്‍ കഷ്ടപ്പെട്ടു. എന്നിട്ടും ഒരുവിധം പരീക്ഷകള്‍ പാസ്സായി അവള്‍ മുന്നോട്ട് പോയി. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം സ്‌കൂളില്‍ വെച്ച് ആദ്യമായി അവള്‍ ഒരു കമ്പ്യൂട്ടര്‍ കാണുന്നത്. 

നന്നായി പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമായിരുന്നു കമ്പ്യൂട്ടര്‍ ക്ലാസ്സുകളില്‍ ഇരിക്കാന്‍ അവസരമുണ്ടായിരുന്നത്. ഇത്രയേറെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ ഇരുന്ന് പഠിച്ച് പരീക്ഷ എഴുതിയിരുന്ന അവള്‍ കഷ്ടിച്ചാണ് പാസ്സായിരുന്നത്. അതുകൊണ്ട് തന്നെ കമ്പ്യൂട്ടര്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനുപകരം തുന്നല്‍ പഠിക്കാനായിരുന്നു അവളെ നിയോഗിച്ചത്. എന്നാല്‍ അതൊന്നും അവളെ പിന്തിരിപ്പിച്ചില്ല. പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിട്ടും, സാങ്കേതികവിദ്യയില്‍ ഒരു കരിയര്‍ കെട്ടിപ്പടുക്കുന്നത് അവള്‍ സ്വപ്നം കണ്ടു. അങ്ങനെ സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ വേണമെന്ന് അവള്‍ ആഗ്രഹിച്ചു. എന്നാല്‍ അതിനുള്ള പണം അവളുടെ പക്കല്‍ ഇല്ലായിരുന്നു. അവള്‍ തന്റെ പിതാവിനെ പണം കടം വാങ്ങാന്‍ നിര്‍ബന്ധിച്ചു. അതിനൊപ്പം തന്നെ ഒരു പ്രാദേശിക കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ അവള്‍ പഠിക്കാന്‍ ചേര്‍ന്നു. സ്വന്തമായി കംപ്യൂട്ടര്‍ വാങ്ങാനാവശ്യമായ പണം സ്വരൂപിക്കാന്‍ അവള്‍ ഉച്ചഭക്ഷണം ഉപേക്ഷിച്ചു. ബസ്സിലും, ട്രെയിനിയിലും കയറാതെ മണിക്കൂറുകളോളം നടന്ന് വീട്ടിലെത്തി.

വര്‍ഷങ്ങളോളം അവള്‍ കഠിനാധ്വാനം ചെയ്തു. പതുക്കെ ജീവിതം പച്ച പിടിക്കാന്‍ തുടങ്ങി. ഒടുവില്‍ ഷഹീനക്കും കുടുംബത്തിനും ചേരി വിട്ട് ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറാനായി. ഇന്ന് അവളുടെ വീട്ടില്‍ ഇരുന്നാല്‍ ആകാശം കാണാം. ചേരിയിലെ ഇരുട്ടുമൂടിയ അടഞ്ഞ മുറികള്‍ക്ക് പകരം നല്ല സൂര്യപ്രകാശവും വായുസഞ്ചാരമുള്ള മുറികളാണ് അവിടെ. പക്ഷികളാലും മരങ്ങളാലും ചുറ്റപ്പെട്ട അതിമനോഹരമായ ഒന്ന്. 'വഴിയോരക്കച്ചവടക്കാരനായ, തെരുവുകളില്‍ അന്തിയുറങ്ങിയിരുന്ന ഒരാളുടെ മകള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഒരു ജീവിതമാണ് ഇത്. ഭാഗ്യം, കഠിനാധ്വാനം, ശരിയായ തീരുമാനങ്ങള്‍ എന്നിവയാണ് പ്രധാനം, ''അവര്‍ ട്വിറ്ററില്‍ എഴുതി. എത്ര കഷ്ടപ്പെട്ടാലും പഠിത്തം ഉപേക്ഷിക്കരുതെന്ന് അവര്‍ പെണ്‍കുട്ടികളോട് പറയുന്നു. പെണ്‍കുട്ടികളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വിദ്യാഭ്യാസത്തിന് കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പിതാവിന്റെ അര്‍പ്പണബോധവും കഠിനാധ്വാനവുമാണ് തന്റെ ഈ വിജയത്തിന് പിന്നിലെന്ന് അവര്‍ പറയുന്നു. 'അച്ഛന് വലിയ പഠിപ്പൊന്നുമില്ല. പതിറ്റാണ്ടുകളോളമുള്ള ചേരിയിലെ ജീവിതത്തിന് ശേഷം, അദ്ദേഹത്തിന്റെ ക്ഷമയും ത്യാഗവുമാണ് ഞങ്ങളെ മെച്ചപ്പെട്ട ഒരു ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്,' അവര്‍ പറഞ്ഞു. അവരുടെ ഈ പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി. നാലായിരത്തിധികം ലൈക്കുകള്‍ ലഭിച്ചു. അവരെ പ്രശംസിച്ചുകൊണ്ട് നൂറുകണക്കിന് ആളുകളാണ് സന്ദേശങ്ങള്‍ അയക്കുന്നത്.