Asianet News MalayalamAsianet News Malayalam

പട്ടിണി, വിഷച്ചായ, ദശലക്ഷക്കണക്കിന് വർഷങ്ങൾക്കുശേഷം ഉണരുമെന്ന വിശ്വാസം; സ്വയം 'മമ്മി'യായി മാറുന്ന സന്യാസിമാർ

അവസാനകാലത്ത് വളരെ വളരെ കഠിനമാണ് ഇവരുടെ ജീവിതം. ആദ്യത്തെ മൂന്ന് വർഷം, ശരീരത്തിൽ നിന്നും കൊഴുപ്പിനെ പുറന്തള്ളുകയാണ് ഇവർ ചെയ്യുന്നത്. അതിന് കഠിനമായ ജോലികൾ ചെയ്യുന്നു. ഒപ്പം അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുക വനത്തിൽ തന്നെ കിട്ടുന്ന വിത്തുകളും കായ്കളും ആയിരിക്കും.

Japanese monks mummifying themselves Sokushinbutsu rlp
Author
First Published Jan 8, 2024, 3:02 PM IST

9 -ാം നൂറ്റാണ്ടിലെ ജാപ്പനീസ് സന്യാസിമാരുടെ ഇടയിലുണ്ടായിരുന്ന ഒരു ആചാരത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ഏറെക്കാലം ധ്യാനമിരുന്ന ശേഷം സ്വയം അടക്കം ചെയ്യുന്നവരാണ് ഈ സന്യാസിമാർ. അങ്ങനെ സ്വയമൊരു മമ്മിയായി മാറുന്നവരും. അവസാന നാളുകളിലെ ഇവരുടെ ഭക്ഷണരീതിവരെ വളരെ വിചിത്രം എന്ന് തോന്നുന്നതാണ്. എന്തിന്, മരണത്തെ പുൽകുന്നതിന് വേണ്ടി വിഷച്ചായ വരെ ഇവർ കുടിക്കുമെന്ന് പറയുന്നു. 

സാംസ്കാരികപരമായി ഒരുപാട് വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളും ഒക്കെ നിലനിൽക്കുന്ന ഒരു സമൂഹമാണ് ജപ്പാനിലേത്. വളരെ കാലം മുമ്പ് തന്നെ ഇത് ദൃശ്യവുമാണ്. സോകുഷിൻബുത്സു എന്നാണ് സ്വയം അടക്കം ചെയ്യുന്ന ഈ സന്യാസിമാർ അറിയപ്പെടുന്നത്. ഫുജി പർവതത്തിന് അടുത്തുള്ള ഒരു പ്രദേശത്ത് ഇതുപോലെയുള്ള സന്യാസിമാരുടെ ശവകുടീരങ്ങൾ കാണാൻ സാധിക്കും. ഇവർ തങ്ങളുടെ അവസാനകാലമാകുമ്പോൾ ഒന്നുകിൽ ഭക്ഷണവും വെള്ളവുമെല്ലാം വർജ്ജിച്ച്, പട്ടിണി കിടന്ന് മരിക്കുകയാണ് ചെയ്യുന്നത്. ബുദ്ധമതത്തിന്റെ പുരാതന രൂപമായ ഷുഗെൻഡോയിൽ വിശ്വസിക്കുന്നവരാണ് ഇവർ. വളരെ കർശനമായ ജീവിതരീതികളാണ് ഈ സന്യാസിമാർ പിന്തുടരുന്നത്. 

അവസാനകാലത്ത് വളരെ വളരെ കഠിനമാണ് ഇവരുടെ ജീവിതം. ആദ്യത്തെ മൂന്ന് വർഷം, ശരീരത്തിൽ നിന്നും കൊഴുപ്പിനെ പുറന്തള്ളുകയാണ് ഇവർ ചെയ്യുന്നത്. അതിന് കഠിനമായ ജോലികൾ ചെയ്യുന്നു. ഒപ്പം അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുക വനത്തിൽ തന്നെ കിട്ടുന്ന വിത്തുകളും കായ്കളും ആയിരിക്കും. തുടർന്നുള്ള മൂന്ന് വർഷം അവർ കിഴങ്ങുവർഗങ്ങളാണ് മിക്കവാറും കഴിക്കുക. പിന്നെ പിന്നെ അതും കുറയാൻ തുടങ്ങും. മരണത്തിലേക്കുള്ള ധ്യാനത്തിന് സമയമായി എന്ന് തോന്നിക്കഴിഞ്ഞാൽ ഉറുഷി എന്ന മരത്തിന്റെ ഇല പിഴിഞ്ഞുണ്ടാക്കുന്ന വിഷച്ചായയും ഇവർ കുടിക്കുമത്രെ. അതോടെ നിർജ്ജലീകരണം സംഭവിക്കും. മരണമടുക്കാറായി എന്ന് മനസിലായിക്കഴിഞ്ഞാൽ ഇവർ ഒരു മരത്തിന്റെ പെട്ടിക്കകത്ത് സ്വയം കയറിയിരിക്കുന്നു. ശേഷം അതിൽ സ്വയം അടക്കം ചെയ്യുന്നു. 

ധ്യാനമായിത്തന്നെയാണ് ഇവർ ഇതിനെ കണക്കാക്കുന്നത്. ഈ ധ്യാനത്തിൽ നിന്നും ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് ശേഷം തങ്ങൾ ഉണരും എന്നാണ് ഈ സന്യാസിമാരുടെ വിശ്വാസം. 

ചൈനയിലും ഇതേ ജീവിതരീതി പിന്തുടർന്നിരുന്ന സന്യാസിമാരുണ്ട്. നേരത്തെ പുരാവസ്തു ​ഗവേഷകർക്ക് പത്മാസനത്തിൽ ഇരിക്കുന്ന നിലയിൽ മരിച്ചുപോയ ഒരു ബുദ്ധസന്യാസിയുടെ അസ്ഥികൂടമടങ്ങിയ ബുദ്ധപ്രതിമ ലഭിച്ചിരുന്നു. ബുദ്ധപ്രതിമയിൽ നടത്തിയ സ്കാനിം​ഗിലാണ് പല വിവരങ്ങളും വെളിപ്പെട്ടത്. 1100 എഡിയിൽ ജീവിച്ചിരുന്ന സാങ് എന്ന ബുദ്ധസന്യാസിയുടെ മമ്മിയാണ് ഇതെന്നാണ് ​ഗവേഷകർ പറയുന്നത്. പരമകാഷ്ഠ എന്ന കഠിനമായ ധ്യാനത്തിലൂടെയാണ് അദ്ദേഹം മമ്മിയായി മാറിയത് എന്ന് പറയുന്നു. 

വായിക്കാം: 23 കപ്പലുകളുടെ തകർച്ചയ്ക്ക് കാരണമായ വിളക്കുമാടം; സ്ഥാപിച്ചത് വഴികാട്ടാൻ, സംഭവിച്ചത് വൻദുരന്തം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios