Asianet News MalayalamAsianet News Malayalam

ജോണ്‍സണ്‍ സ്മൃതി: ജോൺസൺ മാസ്റ്ററുടെ പ്രിയപ്പെട്ട ഗാനങ്ങൾ

ഒരിക്കൽ ഒരു അഭിമുഖ സംഭാഷണത്തിൽ അദ്ദേഹം തന്നെ, താൻ ഈണം നൽകിയ ഗാനങ്ങളിൽ നിന്ന് തനിക്ക് പ്രിയപ്പെട്ട 13 എണ്ണം തെരഞ്ഞെടുത്തിട്ടുണ്ട്. ജയശ്രീ ജോൺ എഴുതുന്നു.

Johnson Master's 13 favorite songs
Author
First Published Aug 18, 2024, 5:19 PM IST | Last Updated Aug 18, 2024, 5:34 PM IST

ജോൺസൺ മാസ്റ്ററുടെ പ്രിയപ്പെട്ട ഗാനങ്ങൾ ഏതൊക്കെ എന്ന് ചോദിച്ചാൽ ഓരോ മലയാളിയും തെരഞ്ഞെടുക്കുക, വ്യത്യസ്തമായ ഗാനങ്ങളുടെ ഒരു പട്ടികകൾ തന്നെയായിരിക്കും. ഇത്രയധികം മനോഹര ഗാനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് സാരം. അദ്ദേഹത്തിന്‍റെ ഗാനങ്ങളുടെ ജനപ്രീതിയും വ്യത്യസ്തതയും മേന്മയും തന്നെയാണ് ഇതിലൂടെ വ്യക്തമാവുന്നത്. 

ഒരിക്കൽ ഒരു അഭിമുഖ സംഭാഷണത്തിൽ അദ്ദേഹം തന്നെ, താൻ ഈണം നൽകിയ ഗാനങ്ങളിൽ നിന്ന് തനിക്ക് പ്രിയപ്പെട്ട 13 എണ്ണം തെരഞ്ഞെടുത്തിട്ടുണ്ട്. 
 

1. 
ആടി വാ കാറ്റേ.. പാടി വാ കാറ്റേ..
ആയിരം പൂക്കൾ നുള്ളി വാ... 


പത്മരാജൻ ചിത്രങ്ങൾക്ക് ജോൺസൺ മാസ്റ്റർ സംഗീതം നൽകി തുടങ്ങുന്നത് കൂടെവിടെ എന്ന ചിത്രം മുതൽക്കാണ്. ഈ ചിത്രത്തിന് വേണ്ടി ഒഎൻവി കുറുപ്പ് രചിച്ച്  എസ് ജാനകി ആലപിച്ച ഒരു മനോഹര ഗാനമാണ് ഇത്. ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്, പിൽക്കാലത്ത് മലയാളികളുടെ പ്രിയ നായികയായി മാറിയ സുഹാസിനിയും അക്കാലത്തെ യുവത്വത്തിന്‍റെ പ്രതീകമായി മാറിയ റഹ്മാനും ആണ്. കൂടെവിടെ റഹ്മാന്‍റെ ആദ്യ സിനിമയും സുഹാസിനിയുടെ ആദ്യ മലയാള സിനിമയും ആയിരുന്നു.

 


2. 
നീ നിറയൂ
ജീവനിൽ പുളകമായ്
ഞാൻ പാടിടാം
ഗാനമായ് ഓർമ്മകൾ


പ്രേമ ഗീതങ്ങൾ എന്ന ചിത്രത്തിന് വേണ്ടി ദേവദാസ് ഗാനരചന നടത്തി യേശുദാസ് പാടിയ ഗാനമാണ് “നീ നിറയു”. യമുനാ കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം ജോൺസൺ മാസ്റ്ററുടെ ആദ്യകാല ഹിറ്റുകളിൽ ഒന്നാണ്. ജോൺസൺ മാസ്റ്റർ ആദ്യമായി ഈണം നൽകിയ ‘ഇണയെ തേടി’ എന്ന ചിത്രത്തിലെ ഗാനങ്ങൾ അത്രയധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് വന്ന ജയിൽ, പാർവതി, പ്രേമഗീതങ്ങൾ എന്നീ ചിത്രങ്ങളോടുകൂടിയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. യേശുദാസ്, ജോൺസൺ മാസ്റ്റർക്ക് വേണ്ടി ആദ്യമായി പാടുന്നതും ഈ ചിത്രത്തിലാണ്.

 


3. 
സ്വപ്നം വെറുമൊരു സ്വപ്നം 
സ്വപ്നം സ്വപ്നം സ്വപ്നം


പ്രേമ ഗീതങ്ങൾ എന്ന സിനിമയിലെ തന്നെ മറ്റൊരു പ്രസിദ്ധ ഗാനമാണിത്. പീലു രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം എഴുതിയിരിക്കുന്നത് ദേവദാസും ആലപിച്ചിരിക്കുന്നത് യേശുദാസും ജാനകിയും ചേർന്നുമാണ്. സ്വപ്നം എന്ന വാക്കിൽ തുടങ്ങുന്ന പല്ലവിയുള്ള പാട്ട്  ഉണ്ടാക്കാമോ എന്ന സംവിധായകൻ ബാലചന്ദ്രമേനോന്‍റെ ചോദ്യത്തിന് ഉത്തരമായി ജോൺസനും ദേവദാസും  കൂടി സൃഷ്ടിച്ച സൂപ്പർ ഹിറ്റ് ഗാനമായിരുന്നു ഇത്. പ്രേം നസീറിന്‍റെ മകനായ ഷാനവാസും ഒപ്പം അംബികയും ആണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

 


4. 
പൂവേണം പൂപ്പടവേണം... പൂവിളിവേണം


ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം എന്ന ഭരതൻ ചിത്രത്തിലേതാണ്  ഈ ഗാനം. യേശുദാസും ലതികയും ചേർന്ന് മനോഹരമാക്കിയ ഈ ഗാനത്തിന്‍റെ വരികൾ ഒ എൻ വി കുറുപ്പിന്‍റെതാണ്. ജോൺസൺ മാസ്റ്ററിന്‍റെ ആദ്യ ഹിറ്റായ ‘പാർവതി’യുടെ സംവിധായകനും ഭരതൻ ആയിരുന്നു. ആ ചിത്രത്തിലെ 'കുറുനിരയോ' എന്ന ഗാനം റിക്കോഡിങ്ങിന് ശേഷം ആദ്യമായി കേട്ടപ്പോൾ ഭരതൻ  ഓടിച്ചെന്ന് ജോൺസനെ കെട്ടിപ്പിടിച്ചു മൂർധാവിൽ ഉമ്മവച്ച് ``എടാ, നീയാണ് മന്നൻ. ഇനിയങ്ങോട്ട് നിന്‍റെ സംഗീതകാലം.'' എന്ന് പറഞ്ഞത്രേ. എന്തായാലും ഭരതന്‍റെ വാക്കുകൾ യാഥാർഥ്യമായി എന്നതിന് നമ്മളെല്ലാം സാക്ഷികൾ.

 


5. 
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ
അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തീ


ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിലേത് തന്നെയാണ് ഈ ഗാനവും. എഴുതിയിരിക്കുന്നത് ഒഎൻവിയും പാടിയിരിക്കുന്നത് യേശുദാസും. 

"ഒരു കുടന്ന നിലാവിന്‍റെ കുളിരു കോരി
നെറുകയിൽ അരുമയായ് കുടഞ്ഞതാരോ"

എന്ന് കേൾക്കുമ്പോൾ, ഒരു പ്രണയമഴ നനഞ്ഞ ഫീൽ നിങ്ങൾക്ക്  തോന്നുന്നെങ്കിൽ അതിന്‍റെ പേരാണ് ജോൺസൺ മാജിക്.

 


6. 
ഗോപികേ നിൻ വിരൽ തുമ്പുരുമ്മി വിതുമ്പി
വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി


കാറ്റത്തെ കിളിക്കൂട് എന്ന ഭരതൻ ചിത്രത്തിലേതാണ് ഈ ഗാനം. കാവാലം നാരായണപ്പണിക്കരുടെ  വരികൾക്ക് ജോൺസൺ മാസ്റ്റർ ഈണം പകർന്നപ്പോൾ തന്നെ, ‘അസാധ്യമായിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ വീണ മാത്രം മതി’ എന്ന് ഭരതൻ പറഞ്ഞത്രേ.. ഉടൻതന്നെ വീണ പാർത്ഥസാരഥിയെ വിളിച്ചു വരുത്തുകയും ചെയ്തു. വീണപാർത്ഥസാരഥി എന്ന പാച്ച, വൃന്ദാവനസാരംഗ രാഗത്തിൽ ഒരു ചെറിയ ബിറ്റ് വായിച്ച് കേൾപ്പിക്കുന്നതിൽ നിന്നാണ് സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ ഈ ഗാനം പിറന്നത്. ജാനകിയമ്മയുടെ മധുരമായ സ്വരവും വീണാനാദവും ഇഴകലർന്ന ഈ ഗാനം മാസ്മരികമായ ഒരനുഭൂതിയാണ് പകരുന്നത്. വീണയെ ഇത്രയധികം ആവാഹിച്ച ആ മറ്റൊരു ചലച്ചിത്രഗാനം മലയാളത്തിൽ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇതോടൊപ്പം തന്നെ എടുത്ത് പറയേണ്ട മറ്റൊരു സംഗതിയാണ്, വീണയെ നാമൊരിക്കലും ചിന്തിക്കാത്ത രീതിയിൽ ഉപയോഗിച്ച ജോൺസൺ  മാസ്റ്ററുടെ വൈഭവം. മണിച്ചിത്രത്താഴിലെ ഭീതിജനകമായ സീനുകളിൽ നാം കേൾക്കുന്ന പശ്ചാത്തലസംഗീതത്തിൽ വീണയാണ് മുന്നിട്ടു നിൽക്കുന്നത്. മറ്റൊരു ജോൺസൺ മാജിക്. വീണാനാദത്തിന് ഭയപ്പെടുത്താൻ കഴിയുമെന്ന് ആര് കരുതി!

 


7. 
ദേവാങ്കണങ്ങളിൽ കൈയ്യൊഴിഞ്ഞ താരകം
സായാഹ്ന സാനുവിൽ വിലോല മേഘമായ്


പത്മരാജന്‍റെ ‘ഞാൻ ഗന്ധർവ്വൻ’ എന്ന സിനിമയിലെ  ഈ ഹിറ്റ് ക്ലാസിക് ഗാനം ജോൺസൺ മാസ്റ്ററുടെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി പറയപ്പെടുന്ന ഒന്നാണ്. കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം കേൾവിക്കാരനെ സംഗീതത്തിന്‍റെ ദേവാങ്കണങ്ങളിൽ എത്തിക്കുന്നുണ്ട്. ഈ ഗാനത്തിന്‍റെ വരികൾ കൈതപ്രത്തിന്‍റെതാണ്. യേശുദാസിന്‍റെ ശബ്ദഗാംഭീര്യം ഈ ഗാനത്തിന് ഒരു പ്രത്യക ഭാവം നൽകുന്നു.


ഈ പാട്ടിന്‍റെ ഉത്ഭവ സമയത്തെ ഒരു കഥ, കൈതപ്രം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഗാനം ചിട്ടപ്പെടുത്തി കഴിഞ്ഞ സമയത്ത് ഞാൻ ഗന്ധർവന്‍റെ പ്രൊഡ്യൂസർ ആയ ഗുഡ് നൈറ്റ് മോഹന്‍റെ ചില സുഹൃത്തുക്കൾക്ക്  പാട്ട് വേണ്ടത്ര ക്ലാസിക്കലായില്ല എന്നൊരു തോന്നൽ ഉണ്ടായി. പാട്ട് മാറ്റണം എന്നായി അവസാനം.. ഈ ഘട്ടത്തിൽ 'ഈ പാട്ട് പടത്തിലില്ലെങ്കില്‍ ഏറ്റവും നഷ്ടം നിങ്ങള്‍ക്കായിരിക്കും. അതല്ല, മാറ്റിയേ പറ്റൂ എന്നാണെങ്കില്‍ എന്നെ മാറ്റിയേക്ക് മോഹന്‍. പപ്പേട്ടന്‍ പറഞ്ഞ ആ സിറ്റ്വേഷനില്‍ ഇതിലും നല്ലൊരു ട്യൂണ്‍ ഈ ഹാര്‍മോണിയത്തില്‍ വരില്ല.' എന്ന് ജോൺസൺ മാസ്റ്റർ പറഞ്ഞുവെന്നും അതോടെ ഈ ഗാനം തന്നെ ചിത്രത്തിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു എന്നാണ് കഥ. ഇന്ന്, ദേവാങ്കണങ്ങൾ ഇല്ലാത്ത  ‘ഞാൻ ഗന്ധർവ്വൻ’ എന്ന സിനിമ ചിന്തിക്കാൻ നമുക്ക് കഴിയുമോ? അത്രയ്ക്കും ഈ ഗാനം മലയാളികളുടെ സിരകളിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്.

 

ജോണ്‍സണ്‍ സ്മൃതി; ഏതോ ജന്മ കൽപ്പനയിൽ പോയ് മറഞ്ഞ താരകം

Johnson Master's 13 favorite songs

നാദം നിലയ്ക്കാത്ത മന്ദാരച്ചെപ്പ്; ജോണ്‍സണ്‍ ഇല്ലാത്ത 13 വര്‍ഷങ്ങള്‍

8. 
സ്വർ‌ണ്ണമുകിലേ സ്വർ‌ണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ

ഇത് ഞങ്ങളുടെ കഥ എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്കരൻ  രചിച്ച് ജാനകിയമ്മ പാടിയ ഒരു മനോഹര ഗാനമാണ് ഇത്. 


“കരഞ്ഞോളൂ; പക്ഷെ ശബ്ദം പുറത്തുകേൾക്കരുത്. നേർത്ത മഴയായി അകത്ത് പെയ്തുകൊള്ളട്ടെ കണ്ണീർ”' എന്നാണ് ഈ ഗാനം റെക്കോർഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് ജാനകിയമ്മയോട് ജോൺസൺ മാസ്റ്റർ പറഞ്ഞത്. ഒരു തേങ്ങൽ പോലെ ആസ്വാദക മനസ്സിലേക്ക് അരിച്ചുകയറാൻ ഈ ഗാനത്തിന് കഴിഞ്ഞതിന് കാരണം ഈ പ്രതിഭകളുടെ സാന്നിധ്യമാണ് എന്നുറപ്പിക്കാം.

 


9. 
തങ്കത്തോണി തെൻമലയോരം കണ്ടേ
പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ


ആഹ്ലാദം തുള്ളി തുളുമ്പുന്ന ഈ ഗാനം മഴവിൽക്കാവടി ചിത്രത്തിന് വേണ്ടി കൈതപ്രം രചിച്ച്  കെ എസ് ചിത്ര പാടിയതാണ്. 1989 ലെ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് ചിത്രയ്ക്ക് നേടിക്കൊടുത്തതും ഈ  ഗാനം തന്നെ. ജോൺസൺ മാസ്റ്റർക്ക് ഈ ചിത്രത്തിലൂടെ  മികച്ച സംഗീതസംവിധായകനുള്ള അവാർഡും ലഭിച്ചിരുന്നു.

 


10. 
സുന്ദരിപ്പൂവിനു നാണം
സുന്ദരിപ്പൂവിനു നാണം എന്തോ
മിണ്ടുവാൻ കാറ്റിന് മോഹം


എന്‍റെ ഉപാസന എന്ന ചിത്രത്തിന് വേണ്ടി പൂവച്ചൽ ഖാദർ രചിച്ച് എസ് ജാനകി പാടിയതാണ് ഈ ഗാനം. ഭരതന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിലെ ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് നവസ് ഷായും സുഹാസിനിയുമാണ്.

 


11. 
ശ്യാമാംബരം നീളേ 
മണിമുകിലിൻ ഉള്ളിൽ
തുടിയുണരും നേരം


ഈ ഗാനം അർഥം എന്ന മമ്മൂട്ടി ചിത്രത്തിലേതാണ്. കൈതപ്രം രചിച്ച് യേശുദാസ് പാടിയ ഈ ഗാനം ഭീംപ്ലാസി രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സത്യൻ അന്തിക്കാടാണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ.

 


12. 
എന്തേ കണ്ണന് കറുപ്പ് നിറം.... 
കാളിന്ദിയിൽ കുളിച്ചതിനാലോ...


പല കാരണങ്ങൾ കൊണ്ടും ജോൺസൺ മാസ്റ്റർ സംഗീത സംവിധാനത്തിൽ നിന്നും മാറി നിന്ന കാലഘട്ടമായിരുന്നു 2002 - 2006. നാല് വർഷത്തെ ഈ ഇടവേളയ്ക്ക് ശേഷം ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ സൂപ്പർ ഹിറ്റ് ഗാനമായിരുന്നു ഇത്. ‘ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലെ പാട്ടുകൾക്ക് ജോൺസൺ മാസ്റ്റർ തന്നെ ഈണം പകരണം’ എന്ന രഞ്ജൻ പ്രമോദിന്‍റെ സ്നേഹ നിർബന്ധമാണ് ഈ മനോഹരമായ പാട്ട് മലയാളികൾക്ക് ലഭിക്കാൻ കാരണമായത്. ‘എന്തേ കണ്ണന് കറുപ്പ് നിറം’ എന്ന് കൈതപ്രം എഴുതിയപ്പോൾ ജോൺസൺ മാസ്റ്ററുടെ നൽകിയ മനോഹരമായ ഈണത്തിൽ പാടി യേശുദാസ് ഈ ഗാനത്തെ അവിസ്മരണീയമാക്കി. 

 


13. 
ഒരുനാൾ ശുഭരാത്രി നേർന്നു പോയി നീ 
ഇതിലേ ഒരു പൂക്കിനാവായ് വന്ന നീ


ജയരാജ് സംവിധാനം ചെയ്തു സംവിധായകൻ രഞ്ജിത്ത് നായകനായി അഭിനയിച്ച ഗുൽമോഹർ എന്ന ചിത്രത്തിലെതാണ് ഈ ഗാനം. വിജയ് യേശുദാസും ശ്വേതാ മോഹനനും ചേർന്ന് പാടിയിരിക്കുന്ന ഈ ഗാനത്തിന്‍റെ വരികൾ ഒഎൻവി കുറുപ്പിന്‍റെതാണ്.

 


2011 ഓഗസ്റ്റ് 18ന് ജോൺസൺ മാസ്റ്റർ നമ്മെ വിട്ടുപോയി. പക്ഷെ, മലയാളികൾക്ക് നൽകിയ അനശ്വരഗാനങ്ങളിലൂടെ അദ്ദേഹം എന്നും ഇവിടെയുണ്ടാവും.


“എതോ ജന്മകൽപ്പനയിൽ 
ഏതോ ജന്മവീഥികളിൽ
ഇന്നും നീ വന്നു”

 

Latest Videos
Follow Us:
Download App:
  • android
  • ios