Asianet News MalayalamAsianet News Malayalam

'കൊറോണ കവർന്ന ചുംബനങ്ങൾ', ചുംബന ദിനത്തിലോർക്കാം നഷ്‌ടമായ നമ്മുടെ സ്നേഹപ്രകടനങ്ങളെ

പല ഹൃദയങ്ങളെയും തമ്മിൽ വേർപിരിക്കാനാവാത്ത വിധത്തിൽ കൊരുകൊരുക്കുന്നത് ആദ്യചുംബനങ്ങൾ പകരുന്ന വിവരണാതീതമായ വൈദ്യുതീകമ്പനങ്ങളാണ്. 

Kisses stolen by corona, remembering the lost affinity during covid times
Author
Trivandrum, First Published Jul 6, 2020, 10:50 AM IST

ചുംബനം. ചരിത്രാതീത കാലം മുതൽക്കുതന്നെ മനുഷ്യൻ എന്ന സസ്തനി സഹജീവികളോട് നടത്തിവരുന്ന ഒരു വികാരപ്രകടനമാണ് ചുംബനം. നൽകുന്നത് എവിടെയാണ് എന്നതിനെ ആശ്രയിച്ച്, കൈമാറുന്നത് ആരൊക്കെ തമ്മിലാണ് എന്നതിനനുസരിച്ച് ഒരുപാട് അർത്ഥങ്ങൾ കൈവരുന്ന ഒന്നാണ് ചുംബനം. അത് വാത്സല്യത്തിന്റെയും പ്രണയത്തിന്റെയും ആദരവിന്റെയും സൗഹൃദത്തിന്റെയും ഒക്കെ പ്രതീകമായി കൈമാറപ്പെടാറുണ്ട്. ഗന്ധം, രുചി, സ്പർശം തുടങ്ങി ഒട്ടനവധി സംവേദനങ്ങളാണ് ഒരു ചുംബനത്തിലൂടെ കൈമാറപ്പെടുന്നത്. " പൂവിന്റെ ഇതളുകളിൽ മന്ദം പറന്നിറങ്ങുന്ന തേനീച്ച പൂവിലെ തേനുണ്ണുന്ന പോലെ വേണം നിങ്ങൾ പ്രണയിതാവിന്റെ അധരരസം നുകരാൻ" എന്നാണ് 1936 -ൽ പുറത്തിറങ്ങിയ 'ദ ആർട്ട് ഓഫ് കിസ്സിങ്' എന്ന പുസ്തകത്തിൽ ഹ്യൂ മോറിസ് എഴുതിയത്.

 

Kisses stolen by corona, remembering the lost affinity during covid times

ദ കിസ്സ് (ക്ലിംറ്റ്)

ഈ ലോകത്തിൽ ഉടലെടുക്കുന്ന പല പ്രണയങ്ങളുടെയും സാക്ഷാത്കാരം, കണ്ണിൽ കണ്ണിൽ നോക്കി മിണ്ടിക്കൊണ്ടിരിക്കെ, മനസ്സുകൾ തമ്മിലടുത്തവർക്ക് പരസ്പരം ചുംബിക്കാനുണ്ടാകുന്ന അവിചാരിതമായ ഉൾപ്രേരണയാണ്. പല ഹൃദയങ്ങളെയും തമ്മിൽ വേർപിരിക്കാനാവാത്ത വിധത്തിൽ കൊരുകൊരുക്കുന്നത് ആദ്യചുംബനങ്ങൾ പകരുന്ന വിവരണാതീതമായ വൈദ്യുതീകമ്പനങ്ങളാണ്. എന്നാൽ,അക്കാലമൊക്കെ അസ്തമിച്ചോ? ഈ കൊറോണക്കാലത്ത്, അപരിചിതരെ ചുംബിക്കരുത് എന്ന് സർക്കാരും ആരോഗ്യവകുപ്പും ഒരേ സ്വരത്തിൽ പറയുന്ന അടിയന്തരാവസ്ഥയിൽ, നഷ്ടമാകുന്നത് അങ്ങനെ എത്രയോ പ്രണയങ്ങൾ പൂത്തുലയാനുള്ള സാദ്ധ്യതകൾ കൂടിയാണോ?

Kisses stolen by corona, remembering the lost affinity during covid times

 

കൊവിഡ് എന്ന മഹാമാരി നമ്മുടെ സാമൂഹിക വ്യവഹാരങ്ങളെ പാടെ മാറ്റിമറിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇന്ന് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. പൊതു ഇടങ്ങളിൽ വെച്ച് കാണാനുള്ള കാമുകീകാമുകരുടെ സാധ്യതകളെ ലോക്ക് ഡൗണുകൾ ഒറ്റയടിക്ക് റദ്ദാക്കിക്കളഞ്ഞു. ലോക്ക് ഡൌൺ കഴിഞ്ഞ് രാജ്യം അൺലോക്കിലേക്ക് കാലെടുത്തുവച്ചപ്പോൾ ഏറെക്കുറെ നിയന്ത്രണങ്ങളിൽ അയവു വന്നു എങ്കിലും, ഏത് നിമിഷവും പൂട്ടിയിടപ്പെടാം എന്ന ഭീതിയിൽ തന്നെയാണ് ഇന്നും നമ്മുടെ നാട്ടിലെ ഓരോ തെരുവുകളും പുലരുന്നത്. ഈ കാലത്ത് എങ്ങനെയാണ് പ്രണയികൾ പ്രണയിക്കുക? പ്രണയമില്ലാതെ അവർ എങ്ങനെയാണ് ജീവിക്കുക? ഒരു ബാഹ്യ ലക്ഷണങ്ങളും കൂടാതെ തന്നെ കൊവിഡ് വാഹകർ വരുമ്പോൾ, എങ്ങനെയാണ് വിശ്വസിച്ച് സ്വന്തം പ്രണയിതാവിന്റെ കൈകോർത്തുപിടിച്ചു പോലും ഇരിക്കുക? 

 

Kisses stolen by corona, remembering the lost affinity during covid times

 

പ്രണയത്തിന്റെ പല പ്രകടനങ്ങളും ഇന്ന് വളരെ അപകടം നിറഞ്ഞതായി മാറിയിട്ടുണ്ട്. കൈകൾ കോർത്ത് പിടിക്കുന്നത്, കെട്ടിപ്പിടിക്കുന്നത്, കാതിൽ പ്രണയപൂർവ്വം മന്ത്രിക്കുന്നത്, റൊമാന്റിക് ഡ്രൈവിന് പോവുന്നത്, ഒപ്പം പരസ്പരം ചുംബിക്കുന്നതും. പ്രണയിതാക്കൾ തമ്മിൽ മുഖത്തെ ഓരോ പേശികളും പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് നടത്തിയിരുന്ന ആശയ വിനിമയങ്ങൾ മാസ്കിനു മുകളിൽ കാണാൻ സാധിക്കുന്ന കണ്ണുകളുടെ ചലനങ്ങളിലേക്ക് മാത്രമായി ചുരുങ്ങിയതോടെ ഭാവങ്ങൾക്ക് പൊലിമ നഷ്ടപ്പെട്ടു. 

 

Kisses stolen by corona, remembering the lost affinity during covid times

 

എന്നാൽ, കൊവിഡിന്റെ കെടുതികൾ താത്കാലികമാണ് എന്നും, ആജീവനാന്തം പശ്ചാത്തപിക്കാതിരിക്കാൻ തൽക്കാലത്തേക്ക് സ്പർശനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത് എന്നുമാണ് ലോകമെമ്പാടുമുള്ള ബിഹേവിയറൽ സ്പെഷ്യലിസ്റ്റുകൾ പോലും പറയുന്നത്. പരിണാമ ദശയിൽ എപ്പോഴോ മനുഷ്യൻ എന്ന സാമൂഹ്യ ജീവി വികസിപ്പിച്ചെടുത്ത, അടുപ്പം വെളിപ്പെടുത്താനുള്ള ഒരു മാർഗം മാത്രമാണ് ചുംബനം. കൊവിഡ് താത്കാലികമായി അതിനുള്ള സാധ്യത അടയ്ക്കുമ്പോൾ നമുക്ക് മറ്റുമാർഗ്ഗങ്ങൾ അവലംബിക്കാം. നേരിട്ടുള്ള ചുംബനങ്ങൾക്ക് പകരം ഫ്ളയിങ് കിസ്സുകളെ ആശ്രയിക്കാം. പുഞ്ചിരി, പൊട്ടിച്ചിരി, പാട്ട്, കഥ, കൊഞ്ചൽ, ഫോണിലൂടെയും നേരിട്ടുമുള്ള മറ്റു രസകരമായ കുഞ്ഞു കുഞ്ഞ് സ്നേഹപ്രകടനങ്ങൾ ഒക്കെ ഇപ്പോഴുമുണ്ട്.

ചുംബനങ്ങൾ കൊവിഡിനൊപ്പം അസ്തമിച്ചു പോകുന്ന ഒന്നല്ല. ഗ്രഹണ സമയത്ത് സൂര്യൻ അപ്രത്യക്ഷമാകുന്നത് പോലെ താത്കാലികമായ ഒന്നു മാത്രമാകാം ഈ ചുംബനവിലക്കും. കൊവിഡിന്റെ കാർമേഘങ്ങളകന്ന് നമ്മുടെ സാമൂഹികബന്ധങ്ങളുടെ ആകാശം വീണ്ടും തെളിഞ്ഞേക്കും, ആ പുലരിയിൽ ഒരു പക്ഷേ, ഇതിനേക്കാൾ തീവ്രമായി, ഗാഢമായി, ഊഷ്മളമായി ചുംബിക്കാനാകുമെന്ന പ്രതീക്ഷയിൽ നമുക്ക് ജീവിതത്തെ മുറുകെപ്പിടിക്കാം.  

Follow Us:
Download App:
  • android
  • ios