ആദ്യത്തെ ചുംബനം എങ്ങനെയാവണം? എങ്ങനെ ആയിരിക്കും? എങ്ങനെ ആയിരുന്നാലും ആദ്യത്തെ ചുംബനം എല്ലാവരും ഓര്‍ത്തിരിക്കുന്നതും ചിലപ്പോള്‍ കുറച്ചൊക്കെ വെപ്രാളപ്പെട്ട് നല്‍കിയതുമൊക്കെ ആയിരിക്കും. എന്തായാലും ഇങ്ങനെ ഉമ്മ വെക്കണമെന്ന് വല്ല നിയമവുമുണ്ടോ അല്ലേ? മാത്രവുമല്ല, പലപ്പോഴും ഏറെ ഇഷ്‍ടമുള്ള ഒരാളെ ഉമ്മ വെക്കുന്നത് ആലോചിച്ചുറപ്പിച്ചതിന്‍റെ ഭാഗമാവണമെന്നുമില്ല. 

പക്ഷേ, 1940 -കളില്‍, കൃത്യമായിപ്പറഞ്ഞാല്‍ 1942 -ലിറങ്ങിയ ലൈഫ് മാഗസിനിലെ ഈ കിസ്സിംഗ് ഗൈഡ് എങ്ങനെ ശരിയായ രീതിയില്‍ ഉമ്മ വെക്കാം എന്നുള്ളതിനെ കുറിച്ചാണ് വിശദീകരിക്കുന്നത്. ഈ ഗൈഡില്‍ എങ്ങനെയെല്ലാം ഉമ്മവെക്കാം, എങ്ങനെ വയ്ക്കരുത് എന്നാണ് പറയുന്നത്. ചുംബിക്കലുകളിലെ ശരിയേത് തെറ്റേത് എന്ന് വിവരിക്കുന്ന ഗൈഡായിട്ടാണ് ഇത് നല്‍കിയിരിക്കുന്നത്. ചുംബിക്കുമ്പോള്‍ പങ്കാളിയുമായി എത്ര അകലം വേണം, എങ്ങനെയാവണം നില്‍ക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഗൈഡില്‍ വിശദീകരിക്കുന്നത്. അന്നത്തെ മാഗസിനുകളിലും ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്‍തിരുന്നുവെന്നുവേണം ലൈഫ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ട ഈ ചിത്രങ്ങളില്‍ നിന്നും മനസിലാക്കാന്‍.

ആദ്യം തന്നെ പുറത്തുവന്ന ചിത്രങ്ങളില്‍ നിന്നും മനസിലാവുന്നത് ചുംബിക്കുമ്പോള്‍ എത്ര അകലത്തില്‍ നില്‍ക്കണം, എങ്ങനെ നില്‍ക്കണം എന്നതിനെ കുറിച്ച് പുസ്‍തകത്തില്‍ എഴുതിയിട്ടുണ്ട് എന്നാണ്. എങ്ങനെ ചുംബിക്കരുത് എന്ന് നോക്കാം, വളരെ അകലെനിന്ന് ഏന്തിവലിഞ്ഞു ചുംബിക്കരുത് എന്നാണ് ഈ ചുംബനം പഠിപ്പിക്കുന്ന ഗൈഡില്‍ പറയുന്നത്. അങ്ങനെ ചുംബിക്കുന്നത് തികച്ചും അപക്വമായിരിക്കുമെന്നും അതില്‍ പറയുന്നു. പകരം ചെയ്യേണ്ടത് വളരെ അടുത്ത് ചേര്‍ന്നുനിന്ന് ചുംബിക്കുകയാണ്. ഇതാണ് ശരിയായ രീതിയെന്നും ഗൈഡില്‍ പറയുന്നു. 

അടുത്തതായി എവിടെയെങ്കിലും ഇരുന്നുകൊണ്ടുള്ള ചുംബനമാണ്. അങ്ങനെ നോക്കുമ്പോള്‍, മുഴുവനായും കസേരയില്‍ കിടത്തി ചുംബിക്കുന്നത് തെറ്റാണ് എന്ന് ഗൈഡില്‍ എഴുതിയിരിക്കുന്നു. പകരം സ്ത്രീ കസേരയുടെ കയ്യിലിരിക്കുകയും പുരുഷന്‍ അവളെ മൃദുവായി താങ്ങിപ്പിടിച്ച് ചുംബിക്കുകയും ചെയ്യുന്നതാണ് ശരിയായ രീതിയെന്നാണ് ലൈഫ് മാഗസിനില്‍ പ്രസിദ്ധീകരിച്ച ഗൈഡ് പറയുന്നത്.

ലൈഫ് മാഗസിനിലെ ഈ ഭാഗത്തില്‍ നിന്നും മനസിലാക്കേണ്ടത് അന്നത്തെ കാലത്തും ഇത്തരം ലൈഫ് സ്റ്റൈല്‍ വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യാന്‍ മാഗസിന്‍ ശ്രമിച്ചിരുന്നുവെന്നാണ്. ഏതായാലും ഗൈഡ് നോക്കിപ്പഠിച്ച് ചുംബിക്കുക എന്നതൊക്കെ എത്രത്തോളം പ്രാവര്‍ത്തികമായിരുന്നു അന്നെന്ന് പറയുക സാധ്യമല്ല.