തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ ജയം പോലെ തന്നെ കാത്തിരിക്കുന്ന ഒന്നാണ് പരാജയവും. ഏത് കൊടികെട്ടിയ രാഷ്ട്രീയ താരത്തെയും, ഏതെങ്കിലുമൊക്കെ തെരഞ്ഞെടുപ്പുകളിൽ പരാജയം എന്ന കയ്പുനീർ കാത്തിരിപ്പുണ്ടാകും. അത് ചിലപ്പോൾ എട്ടുനിലയിലാകാം, ഒന്നോ രണ്ടോ ആയിരം വോട്ടിനാകാം, അമ്പതോ നൂറോ വോട്ടിനാകാം, എന്തിന് വെറും ഒരു വോട്ടിനു വരെ തോറ്റ ചരിത്രമുണ്ട് തെരഞ്ഞെടുപ്പുകളിൽ. തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ തോൽക്കുന്ന സ്ഥാനാർത്ഥികൾക്ക് സ്ഥിരം രക്ഷകനായി അവതരിക്കുന്ന ഒരു കഥാപാത്രമുണ്ട്, അതാണ് ഫീനിക്സ് പക്ഷി. "ഈ തോൽവിയുടെ ചാരത്തിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അടുത്ത തെരഞ്ഞെടുപ്പിൽ ഞാൻ ഉയിർത്തെഴുന്നേൽക്കും" എന്ന പരാമർശം ഫലം വന്ന ശേഷമുള്ള അവരുടെ പ്രതികരണങ്ങളിൽ നമ്മൾ എത്രവട്ടം കേട്ടിരിക്കുന്നു. 

ആരാണ് ഈ ഫീനിക്സ് പക്ഷി ?

ഈ ഫീനിക്സ് പക്ഷി പരാമർശം വരുമ്പോഴൊക്കെ, എന്താണീ പക്ഷി എന്ന്  ആലോചിക്കാറുണ്ട് പലരും. ഫീനിക്സ് എന്നത് ഗ്രീക്ക് മിഥോളജിയിൽ പരാമർശിക്കപ്പെടുന്ന ഒരു പക്ഷിയാണ്. ഇത് കാഴ്ചയിൽ മയിലിനെയോ, പരുന്തിനെയോ  ഒക്കെ അനുസ്മരിപ്പിക്കുന്ന അകാരത്തോടുകൂടിയ ഒരു പക്ഷിയാണ്. ചുവപ്പും, പർപ്പിളും, മഞ്ഞയും നിറങ്ങളാണ് അതിന്റെ ഉടലിൽ. കണ്ണുകൾക്ക് ഇന്ദ്രനീലത്തിന്റെ നീലിമയാണ്. ചിറകുകൾ പർപ്പിൾ നിറത്തിലാണതിന്റെ. സ്വന്തം ചിത സ്വയം തീർത്ത്, ചിറകുകൊണ്ട് ആഞ്ഞടിച്ച് അതിനു തീകൊളുത്തി, അതിൽ വെന്തമർന്ന് ഒടുവിൽ ആ ചാരത്തിൽ നിന്ന് വീണ്ടും ഉയിർത്തെഴുന്നേറ്റ് ചക്രവാളത്തിലേക്ക് പറന്നു പോകും ഫീനിക്സ് എന്നാണ് കഥ. 

സൂര്യനുമായുള്ള ബന്ധം 

ഗ്രീക്ക് ഇതിഹാസങ്ങളിൽ ഈ പക്ഷി സൂര്യനുമായി ബന്ധിപ്പിക്കുന്ന ഒരു കഥയുമുണ്ട്. സ്വർഗ്ഗവാസിയാണ് ഈ പക്ഷി. ആയിരം വർഷത്തെ പറുദീസാ ജീവിതത്തിനു ശേഷം, ആരോഗ്യം ക്ഷയിച്ചു തുടങ്ങുമ്പോൾ അത് താഴെ ഭൂമിയിലേക്ക്, അറേബ്യയിലെ ഈജിപ്തിന്റെ പരിസരങ്ങളിലെവിടെക്കോ മരിക്കാൻ വേണ്ടി പറന്നിറങ്ങുന്നു. അവിടെയും സ്വാഭാവിക മൃത്യു ഈ പക്ഷിയെ തേടിയെത്തുന്നില്ല. അതുകൊണ്ട് അത്, ചുള്ളിക്കമ്പുകൾകൊണ്ടും, ഉണക്കയിലകൾ കൊണ്ടും ഒരു കൂടുകൂട്ടി, അതിൽ സൂര്യോദയം കാത്തിരിക്കുന്നു. സൂര്യദേവൻ തന്റെ രഥവും തെളിച്ചുകൊണ്ട് ആകാശത്തുകൂടി സഞ്ചരിക്കുമ്പോൾ, ഈ രഥം ഫീനിക്സിന്റെ കൂടിനു നേരെ മുകളിലെത്തുമ്പോൾ അത് അതീവ ഹൃദ്യമായൊരു പാട്ടുപാടി സൂര്യദേവനെ ശ്രദ്ധ തന്നിലേക്ക് ക്ഷണിക്കുന്നു. ആരാണ് വിളിച്ചതെന്നറിയാൻ സൂര്യദേവൻ ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ ഒരു തീപ്പൊരി ഫീനിക്സ് പക്ഷിയുടെ കൂട്ടിലേക്ക്‌ ചിതറുന്നു. നിമിഷനേരം കൊണ്ട് കൂടിനൊപ്പം ഫീനിക്സ് പക്ഷിയും എരിഞ്ഞമരുന്നു. എന്നാൽ, ഈ സംഭവം നടന്നു കൃത്യം മൂന്നാം ദിവസം തന്നെ ഈ വെണ്ണീറിൽ നിന്നും ഫീനിക്സ് പക്ഷി തന്റെ അടുത്ത ആയിരം വർഷത്തെ സ്വർഗീയ ജീവിതത്തിലേക്ക് ഉയിർത്തെഴുന്നേൽക്കുന്നു  എന്നാണ് ഇതിഹാസം പറയുന്നത്.

അങ്ങനെ മരണത്തിന്റെ ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷിക്ക് ഉയിർത്തെഴുന്നേൽക്കാമെങ്കിൽ വെറുമൊരു തെരഞ്ഞെടുപ്പ് തോൽവിയുടെ ഇച്ഛാഭംഗത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുക എത്ര നിസ്സാരമായ ഒരു കാര്യമാണ് എന്ന ആശ്വാസമാണ് 'ഫീനിക്സ് പക്ഷിയെപ്പോലെ' എന്ന പ്രയോഗത്തിലൂടെ തോറ്റുപോയവർ മനസ്സിലേക്ക് ആവേശിക്കാൻ ശ്രമിക്കുന്നത്.