Asianet News MalayalamAsianet News Malayalam

പുതിയ പുസ്തക സംസ്‌കാരത്തിനായി ആത്മബലി നടത്തിയ ഷെല്‍വിയോട് കേരളം കടം വീട്ടേണ്ടേ?

വായിക്കാന്‍ മാത്രമല്ല, കാണാനും വാങ്ങാനും കൂടി ഉള്ളതാണ് പുസ്തകമെന്ന് മലയാളത്തെ പഠിപ്പിച്ച പ്രസാധക പ്രതിഭ ഷെല്‍വി ഇല്ലാതായിട്ട് 18 വര്‍ഷങ്ങള്‍. മലയാള പ്രസാധന രംഗത്തെ അടിമുടി മാറ്റിയ പരീക്ഷണങ്ങളുടെ അമരക്കാരനായിരുന്നു കവി കൂടിയായ ഷെല്‍വി. മികച്ച പുസ്തകങ്ങള്‍ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍, പുസ്തകക്കച്ചവടത്തിന്റെ സാമ്പത്തിക ചതുരംഗത്തില്‍ പരാജയപ്പെടുകയായിരുന്നു ഷെല്‍വി. പുതിയൊരു പുസ്തക സംസ്‌കാരത്തിനായി ആത്മബലി നടത്തിയ ഷെല്‍വിയോട് മലയാള സാഹിത്യ -പ്രസാധന -സാംസ്‌കാരിക രംഗം നീതി കാട്ടിയോ? ഇല്ലെങ്കില്‍, അതിനുള്ള സമയമാണിത്-മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതുന്നു 

Letter to hon minsiter for culture by shihabudheen poythumkadav
Author
Thiruvananthapuram, First Published Aug 21, 2021, 2:57 PM IST
  • Facebook
  • Twitter
  • Whatsapp

ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രിയും കേരള സാഹിത്യ അക്കാദമിയും വിചാരിച്ചാല്‍ എളുപ്പത്തില്‍ ചെയ്യാനാവുന്ന ഒന്നാണത്. ഷെല്‍വിയുടെ പേരില്‍ ഒരു പുരസ്‌കാരം. മലയാളത്തില്‍ ഏറ്റവും മികച്ച രൂപകല്പനയുമായി പുറത്തിറങ്ങുന്ന പുസ്തകത്തിന് ഷെല്‍വിയുടെ പേരില്‍ ഒരു പുരസ്‌കാരം. അത് അക്കാദമിക്ക് ചെയ്യാവുന്നതാണ്, ചെയ്യേണ്ടതാണ്.

 

Letter to hon minsiter for culture by shihabudheen poythumkadav

ഷെല്‍വി കോഴിക്കോട്ടെ മള്‍ബറി ബുക്‌സില്‍

 

മലയാള പ്രസാധന രംഗത്തും പുസ്തക നിര്‍മ്മാണത്തിലും കവിതയിലും നവീനമായ ശൈലിക്ക് തുടക്കം കുറിച്ച ഷെല്‍വി അന്തരിച്ചിട്ട് ഇന്ന് പതിനെട്ട് വര്‍ഷമാകുന്നു. മലയാള പുസ്തക നിര്‍മ്മിതിയിലും രൂപകല്പനയിലും അതു വരെ നിലനിന്ന  പരമ്പരാഗത ശൈലിയെ അടിമുടി മാറ്റുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച ഒരാളാണ് ഷെല്‍വി എന്ന് പറയാന്‍ നാം മടിക്കേണ്ടതില്ല.

ഷെല്‍വിയുടെ ഉടമസ്ഥതയിലുള്ള മള്‍ബെറി പുറത്തിറക്കിക്കൊണ്ടിരുന്ന പുസ്തകങ്ങളുടെ നിര്‍മ്മാണശൈലി കണ്ട് അത് പ്രിന്റ് ചെയ്ത പ്രസ്സിനെപ്പറ്റി പോലും ആളുകള്‍ അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു. ഒരു ട്രെഡില്‍ പ്രസ്സില്‍ ചെറിയൊരു മൂലയില്‍ കഴിഞ്ഞ അവരുടെ ജാതകം തന്നെ മാറിമറിഞ്ഞു. അത് വന്‍ സ്ഥാപനമായി,  വന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്തിയ പ്രസ്സായി. ഇന്ന് മാതൃഭൂമി ബുക്‌സിന്റെ ചുമതല വഹിക്കുന്ന നൗഷാദ് അടക്കമുള്ള പ്രസാധക രംഗത്തെ പ്രതിഭകളെ മള്‍ബെറി വാര്‍ത്തെടുത്തു. ഭാഷയ്ക്കകത്തും പുറത്തുമുള്ള മികച്ച എഴുത്തുകാര്‍ മലയാള മണ്ണില്‍ അസ്തിവാരമിട്ടു. അനേകം ചിത്രകാര•ാരും ഗ്രാഫിക് ലേ-ഔട്ട് വിദഗ്ദരും ആളുകള്‍ക്ക് സുപരിചിതരായി. പുസ്തകം വിറ്റ് ഒട്ടേറെ പേര്‍ ജീവിച്ചു. സാമാന്യ മനുഷ്യരുടെ ചിത്രകലാഭിമുഖ്യത്തെ ഉണര്‍ത്താന്‍ പോലും ഷെല്‍വി ചെയ്ത പുസ്തക പുറംചട്ടകള്‍ക്ക് കഴിഞ്ഞു. അന്നത്തെ വലിയ പ്രസിദ്ധീകരണശാലകളൊക്കെ മള്‍ബെറി പുസ്തകം വിറ്റ്  ഉയര്‍ന്ന കമ്മീഷന്‍ നേടി. പ്രസാധനശാലക്കാരുടെ ചില്ല് കൂട്ടില്‍ നിന്ന് പുസ്തകങ്ങള്‍  വില്പനയ്ക്കായി പുറത്തിറങ്ങി. ഷെല്‍വി മറ്റ് പുസ്തക പ്രസാധകരുടെ അന്തസ്സ് വര്‍ദ്ധിപ്പിച്ചു. ഉള്ളടക്കങ്ങള്‍ക്ക് അന്തര്‍ദ്ദേശീയ കാഴ്ചപ്പാട് നല്‍കി. ആ ശൈലി വലിയ തോതില്‍ പ്രചാരണം നേടി. പക്ഷേ, സാമ്പത്തിക യുദ്ധത്തില്‍ മുറിവേറ്റുവീണ പടത്തലവനായി മാറിയ അദ്ദേഹത്തിന്റെ മരണത്തിനു തന്നെ അത്  ഹേതുവായിത്തീര്‍ന്നു. 

പുതിയൊരു പുസ്തക സംസ്‌കാരത്തിനായി നടന്ന ആത്മബലിയായി ആ ജീവിതം പര്യവസാനിച്ചു. കച്ചവട വൈദഗ്ദ്യമുള്ള, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധയുള്ള ഒരു മനസ്സ് ഉണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ അനേകം ബ്രാഞ്ചുകള്‍ സ്ഥാപിച്ച് കൊണ്ട് പ്രസാധാന രംഗത്തെ മുടിചൂടാമന്നനായി തീരാമായിരുന്നു ഷെല്‍വിക്ക്. അത്തരമൊരു സാഹചര്യത്തോളം എത്തിയിരുന്ന ഒരു  ഷെല്‍വിയെ ഞാനോര്‍ക്കുന്നു. പക്ഷേ, കച്ചവടമായിരുന്നില്ല, ആത്മാവ് കൊണ്ടും പുറംചട്ട കൊണ്ടും മലയാളികളാല്‍ ലാളിക്കപ്പെട്ട പുസ്തകങ്ങളായിരുന്നു ഷെല്‍വിയുടെ ലക്ഷ്യം. അതിനാല്‍ കോഴിക്കോട് ആര്യഭവനിലെ രണ്ട് ചെറിയ മുറികളില്‍ അത് അവസാനിച്ചു. പുസ്തക പ്രസാധനത്തിനായി അടക്കി വെച്ച ഒരു കവിയുടെ ഉന്‍മാദത്തിന്റെ ആത്മവസ്ത്രവും തനിക്ക് ചേരാത്ത കച്ചവടത്തിന്റെ മേല്‍വസ്ത്രവും അയാള്‍  2003 ആഗസ്റ്റ് 21 ന് അവിടെത്തന്നെ ഉപേക്ഷിച്ചു.

 

Letter to hon minsiter for culture by shihabudheen poythumkadav

ഷെല്‍വി

 

ഷെല്‍വിയുടെ കൈയൊപ്പ് 
മലയാള പ്രസാധനത്തിന് പുതിയൊരു ശൈലി സമ്മാനിച്ച ഷെല്‍വിയുടെ ഇടപെടലുകളെ സൂക്ഷിച്ചു നോക്കിയാല്‍ ഇന്നത്തെ വലുതും ചെറുതുമായ പുസ്തകങ്ങളുടെ നിര്‍മ്മാണ ശൈലിയില്‍ പതിഞ്ഞുകിടക്കുന്ന ഷെല്‍വിയുടെ കൈയൊപ്പ് കാണാം. എന്റെ അറിവില്‍,  ഇന്ത്യന്‍ പ്രാദേശിക ഭാഷയിലെ ഒരു പ്രസാധകനും പുറംചട്ടയുടെ പുതുമയിലും ആവിഷ്‌ക്കരണത്തിലും ഷെല്‍വിയോളം എത്താന്‍ കഴിഞ്ഞിട്ടില്ല. അത്തരമൊരു മാതൃക തന്നെയായിരുന്നു 'ശിഖ',  മള്‍ബെറി പ്രസാധക കൂട്ടായ്മകള്‍ തുടങ്ങി വെച്ചു. 

പഴയകാല പുസ്തകങ്ങളുടെ ക്രൗണ്‍സൈസില്‍ നിന്ന് ഇന്ന് കാണുന്ന വണ്‍ എയ്റ്റ്  രൂപം  മലയാള പ്രസാധന രംഗത്ത് കൊണ്ടുവരുന്നത് ഷെല്‍വിയുടെ മള്‍ബെറിയാണെന്ന കാര്യവും ഓര്‍ക്കേണ്ടതാണ്. മള്‍ബെറിയുടെ ആദ്യ പുസ്തകമായ 'ലോക കഥ'കള്‍ ക്രൗണ്‍സൈസില്‍ ആയിരുന്നെങ്കിലും തുടര്‍ന്നുള്ളതെല്ലാം വണ്‍ എയ്റ്റിലാക്കി മാറ്റി. പിന്നീട് പ്രധാന പ്രസാധകരെല്ലാം ആ ശൈലി പിന്തുടരുകയും അത് സാര്‍വ്വത്രിമാവുകയും ചെയ്തു. ക്രൗണ്‍സൈസിനെക്കാള്‍ പുസ്തകം പിടിക്കാനും വായിക്കാനും നല്ലത് വണ്‍ എയ്റ്റാണെന്ന് മലയാളി വായനക്കാരെ ബോധ്യപ്പെടുത്തുന്നതില്‍ ഷെല്‍വി ചരിത്രപരമായ പങ്ക് വഹിച്ചു. 

ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. സാഹിത്യ കൃതികളെ ലോകം മുഴുവന്‍ എത്തിക്കുന്നതിനായി അതാതു സര്‍ക്കാറുകള്‍ ശതകോടികള്‍ തന്നെ ചിലവഴിക്കുന്ന കാലം അപ്പോഴും നമുക്ക് ചുറ്റുമുണ്ടായിരുന്നു. ഉദാഹരണം: സോവിയറ്റ് യൂണിയന്‍.  അന്താരാഷ്ട്ര പുസ്തക മേളകള്‍ക്ക് തന്നെ മുന്‍കൈ എടുത്ത്, അവര്‍ സ്വന്തം ഭാഷയിലെ പുസ്തകങ്ങള്‍ ലോകത്തിലെ  പ്രധാന ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. ഒട്ടുമിക്ക രാജ്യങ്ങളിലേക്കും തങ്ങളുടെ സാഹിത്യത്തെ അഭിമാനപൂര്‍വ്വം പരിചയപ്പെടുത്തി. 

അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിച്ച് കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഷെല്‍വിയെ പോലൊരാള്‍ പ്രസാധനരംഗത്തെ സാമ്പത്തിക വശങ്ങളുടെ രക്തസാക്ഷിയാവുന്നത്. ഇക്കാര്യം നാം ശ്രദ്ധിക്കാതിരുന്നു കൂടാ. ഷെല്‍വി പുറത്തിറക്കിയ വിദേശപുസ്തകങ്ങള്‍ക്കൊന്നും അത്തരമൊരു ഫണ്ടും കിട്ടിയിട്ടില്ല. അതിനുള്ള സാമര്‍ത്ഥ്യം അയാള്‍ക്കുണ്ടായിരുന്നില്ല എന്നത് തന്നെയാണ് സത്യം!

 

..........................................

പ്രസില്‍ നിന്ന് അയച്ച പുസ്തക പാക്കറ്റ് പൊളിച്ചു നോക്കുന്നത് പോലും അതീവ ഭക്തനായ ഒരാളുടെ അനുഷ്ഠാന കര്‍മ്മമായിരുന്നെന്ന്  മള്‍ബറിയില്‍ സഹപ്രവര്‍ത്തകനായിരുന്ന നൗഷാദടക്കം പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

Letter to hon minsiter for culture by shihabudheen poythumkadav

നൗഷാദ്

 

പുസ്തകത്തിന്റെ മണം 
പ്രസ്സില്‍ നിന്ന് പുതിയ പുസ്തകം വന്നാല്‍ ഷെല്‍വിക്ക് വിചിത്രമായ  ഒരു ശീലമുണ്ടായിരുന്നു.  അത് മറ്റാര്‍ക്കും നല്‍കാതെ, കുറച്ച് കോപ്പികള്‍ മാത്രം പ്രസ്സില്‍ നിന്നെടുപ്പിച്ച് മേശപ്പുറത്ത് വെച്ച് സസൂക്ഷ്മം പരിശോധിക്കുകയും ധ്യാനാത്മകമായി മണത്ത് നോക്കുകയും ചെയ്യും. പ്രസില്‍ നിന്ന് അയച്ച പുസ്തക പാക്കറ്റ് പൊളിച്ചു നോക്കുന്നത് പോലും അതീവ ഭക്തനായ ഒരാളുടെ അനുഷ്ഠാന കര്‍മ്മമായിരുന്നെന്ന്  മള്‍ബറിയില്‍ സഹപ്രവര്‍ത്തകനായിരുന്ന നൗഷാദടക്കം പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പുസ്തകത്തില്‍ വല്ല തെറ്റും കണ്ടാല്‍ കോപാകുലനായി ശരവേഗത്തില്‍ ലാന്റ് ഫോണിനടുത്തേക്ക് ഭ്രാന്തമായി കുതിക്കുന്ന ഷെല്‍വിയെയും, പുസ്തകം നന്നായാല്‍ ഒരു കുഞ്ഞിന്റെ സന്തോഷ പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന ഷെല്‍വിയേയും ആളുകള്‍ കണ്ടിട്ടുണ്ട്. 

പുസ്തകങ്ങള്‍ അയാള്‍ക്ക് ഒരു ജീവനോപാധിയെക്കാള്‍ ജീവശ്വാസമായിരുന്നു. ജീവിതം കൊണ്ട് പരാജയപ്പെട്ടു പോവുകയും കര്‍മ്മം കൊണ്ട് വലിയ വിജയങ്ങള്‍ ലോകത്തിന് സംഭാവന നല്‍കുകയും ചെയ്ത ഒരാള്‍. സത്യത്തില്‍ നാം വീട്ടേണ്ടിയിരുന്ന വലിയ കടം. അത്  വാങ്ങാതെയാണ് ഷെല്‍വി ഈ ലോകത്ത് നിന്ന് പോയ്ക്കളഞ്ഞത്.

 

Letter to hon minsiter for culture by shihabudheen poythumkadav

ഷെല്‍വി ഫോട്ടോ. പുനലൂര്‍ രാജന്‍
 

ഇനി നമുക്ക് ചെയ്യാനുള്ളതെന്താണ്?

സാഹിത്യ സാംസ്‌ക്കാരിക രംഗത്തിന് ഷെല്‍വിയോടുള്ള കടം എങ്ങനെ വീട്ടാം? 

പല വഴികളുണ്ട്. അതിലൊന്ന് പറയാം: 

ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രിയും കേരള സാഹിത്യ അക്കാദമിയും വിചാരിച്ചാല്‍ എളുപ്പത്തില്‍ ചെയ്യാനാവുന്ന ഒന്നാണത്. ഷെല്‍വിയുടെ പേരില്‍ ഒരു പുരസ്‌കാരം. മലയാളത്തില്‍ ഏറ്റവും മികച്ച രൂപകല്പനയുമായി പുറത്തിറങ്ങുന്ന പുസ്തകത്തിന് ഷെല്‍വിയുടെ പേരില്‍ ഒരു പുരസ്‌കാരം. 

അത് അക്കാദമിക്ക് ചെയ്യാവുന്നതാണ്, ചെയ്യേണ്ടതാണ്.  ചെയ്യാനാവുന്നത് ഇങ്ങനെ പലതുമുണ്ട്.

Follow Us:
Download App:
  • android
  • ios