'താന്‍ വളര്‍ന്നതിവിടെയാണ്. അതുകൊണ്ട് തന്നെ തനിക്ക് അതിനെന്തെങ്കിലും പ്രത്യേകഭംഗിയുള്ളതായി മറന്നുപോകാറുണ്ട്' എന്ന് ലുഡോവിക്ക പറയുന്നു. 

മധ്യകാലഘട്ടത്തിലെ ഒരു കൊട്ടാരത്തില്‍ താമസിക്കുന്ന അവസ്ഥ എങ്ങനെയുണ്ടാവും? ആഹാ, അടിപൊളി എന്ന് പറയാന്‍ വരട്ടെ. അതത്ര അടിപൊളിയൊന്നുമല്ല എന്നാണ് അതിനകത്ത് താമസിക്കുന്ന ഒരു അനുഭവസ്ഥ പറയുന്നത്. ഇറ്റലിയിലെ ഈ കൊട്ടാരം പോലെയുള്ള വീട്ടില്‍ നിന്നുമുള്ള വീഡിയോ ഇപ്പോള്‍ ടിക്ടോക്കില്‍ വൈറലാണ്. നെറ്റ് കിട്ടാത്തതും തണുപ്പും എല്ലാം അവിടുത്തെ പ്രശ്നങ്ങളാണ് എന്നാണ് പറയുന്നത്. 

ലുഡോവിക സന്നസാരോ എന്ന പത്തൊമ്പതുകാരി വളര്‍ന്നത് വടക്കൻ ഇറ്റലിയിലെ പീദ്‌മോണ്ട് മേഖലയിലെ മോൺഫെറാറ്റോയ്ക്ക് സമീപത്തുള്ള കാസ്റ്റെല്ലോ സന്നസാരോ എന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു കൊട്ടാരത്തിലാണ്. എന്നാല്‍, ന്യൂയോര്‍ക്ക് സിറ്റിയില്‍ ആര്‍ട്ട് പഠിക്കാന്‍ പോയി അവള്‍. പക്ഷേ, കൊവിഡ് ലോക്ക്ഡൌണ്‍ കാലത്ത് ലുഡോവിക്കയ്ക്ക് തിരികെ കൊട്ടാരത്തിലേക്ക് തന്നെ വരേണ്ടി വന്നു. ആ സമയത്താണ് ടിക്ടോക്കില്‍ 'കാസ്റ്റില്‍ ഡയറി' എന്ന പേരില്‍ അവിടുത്തെ ദൈനംദിന ജീവിതം വീഡിയോ പകര്‍ത്തി പങ്കുവച്ച് തുടങ്ങിയത്. 

900 വര്‍ഷങ്ങളെങ്കിലും പഴക്കമുണ്ട് ഈ കൊട്ടാരത്തിന്. 28 തലമുറകളായി സന്നസാരോ കുടുംബം ഈ കൊട്ടാരത്തിലാണ് താമസിക്കുന്നത്. 1986 -ലാണ് അവകാശം ലുഡോവിക്കയുടെ അച്ഛനിലേക്ക് വന്നത്. 2006 -ല്‍ കുടുംബം ഇങ്ങോട്ട് താമസം മാറ്റി. ഇപ്പോഴത് അതിഥികള്‍ക്ക് ഭക്ഷണവും ബെഡ്ഡും വാഗ്ദ്ധാനം ചെയ്യുന്നു. ഇതിനകത്ത് 45 മുറികളും 15 ബെഡ്റൂമുകളും ഉണ്ട്. 107,639 സ്ക്വയര്‍ ഫീറ്റുണ്ട് ഇത്. 18-19 -ാം നൂറ്റാണ്ടിലെ സ്റ്റൈലിലാണ് ഇതിനകത്തെ ഫര്‍ണിച്ചറുകളുള്ളത്. 

'താന്‍ വളര്‍ന്നതിവിടെയാണ്. അതുകൊണ്ട് തന്നെ തനിക്ക് അതിനെന്തെങ്കിലും പ്രത്യേകഭംഗിയുള്ളതായി മറന്നുപോകാറുണ്ട്' എന്ന് ലുഡോവിക്ക പറയുന്നു. കൊട്ടാരത്തില്‍ ജീവിക്കുന്നതിന്‍റെ നല്ലവശവും ചീത്തവശവും അവള്‍ വീഡിയോയിലൂടെ കാണിക്കുന്നു. ഒരു വീഡിയോയില്‍ പോസ്റ്റുമാനില്‍ നിന്നും പാക്കേജ് വാങ്ങാനുള്ള ഓട്ടമാണ് കാണിച്ചിരിക്കുന്നത്. ഓടിയോടി എത്തുമ്പോഴേക്കും പോസ്റ്റുമാന്‍ പോകും. 

ഏകദേശം ഒമ്പത് മില്ല്യണ്‍ ആളുകള്‍ കണ്ട മറ്റൊരു വീഡിയോയില്‍ എല്ലാവരും സ്വപ്നതുല്ല്യം എന്ന് കരുതുന്ന ആ വീട്ടിലെ മറ്റ് പ്രശ്നങ്ങളായി അവള്‍ ചൂണ്ടിക്കാണിച്ചത് നെറ്റ് കിട്ടാത്ത ബുദ്ധിമുട്ട്, തണുപ്പ്, അതിന്‍റെ വലിപ്പം, വൃത്തിയാക്കാനുള്ള പ്രയാസം എന്നിവയൊക്കെയാണ്. ഏതെങ്കിലും ഒരു ബന്ധുവിനെ കണ്ടെത്തണമെങ്കില്‍ ഇത്രയധികം മുറികളില്‍ നോക്കണം, ഒരുദിവസം തന്നെ ചിലപ്പോള്‍ തെരഞ്ഞ് തീര്‍ന്നുപോകും എന്നാണ് അവള്‍ പറയുന്നത്. 

എന്നിരുന്നാൽ പോലും ലുഡോവിക്കയുടെ കൊട്ടാരവും അതിനകത്തുനിന്നുമുള്ള രസകരമായ ദൃശ്യങ്ങളും ആളുകൾ വളരെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona